Friday, December 31, 2010

ഒരു പുതുവര്‍ഷ ഓര്‍മ

മൊയ്തീനും ജോണും കുമാരനും ബാക്കി എല്ലാവരും വല്യ ഉത്സാഹത്തിലാണ്. അടയാടിക്കുട്ടന്‍ എത്തിയിട്ടില്ല. ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അവനാണ്. ഇന്നലെ മൂന്ന് മുശുമന്‍ കൊഴിനെ മസാല പുരട്ടി അവന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കിടത്തിയതാണ്. പോരാത്തതിനു ബീഫ് കറിയും ചിക്കന്‍ പൊരിച്ചതും പൊറോട്ടയും. അവസാനം നാലു മണിയോടെ എല്ലാം ജീപ്പില്‍ കയറ്റി അടയാടി എത്തി. ഞങ്ങള്‍ ഏഴ്വര്‍ സംഘം അങ്ങനെ ഡിസംബര്‍ മുപ്പത്തി ഒന്ന് വൈകുന്നേരം യാത്ര തിരിച്ചു.

കുലുക്കി കുത്തിയാല്‍ നുര പൊന്തുന്ന വെള്ളം വാങ്ങാന്‍ വേണ്ടി കേരളത്തിലെ കള്ളന്മാര്‍ക്ക് നികുതി എന്ന പേരില്‍ പൈസ കൊടുക്കാതിരിക്കാന്‍, കേരളത്തിലുള്ള, കേരളത്തിന്റെ ഭാഗമല്ലാത്ത സ്ഥലത്ത് പോയി, കുടിക്കാന്‍ വേണ്ടതിലും അതികം വെള്ളം വാങ്ങി കൂട്ടി ജീപ്പ് മുന്നോട്ടു കുതിച്ചു. അടുത്ത സ്റ്റോപ്പ്‌ വയനാട് ചുരം കയറുന്നതിനു മുന്‍പ് അടിവാരത്തില്‍ ആയിരുന്നു. കുമാരന്‍ മുളങ്കുയലില്‍ അവിടെ മാത്രം കിട്ടുന്ന എന്തോ ഒരു സാധനം തേടി പോയി. ഞങ്ങള്‍ പകുതി പേരും വിങ്ങി പൊട്ടാറായി നില്ക്കുന്ന അവരവരുടെ സ്വന്തം ടാങ്ക് വഴിയരികില്‍ ഒയിച്ച്‌ തീര്‍ത്തു.

സൊറ പറഞ്ഞും, അന്യോനം വാരിയും യാത്ര തുടര്‍ന്നു. ഇന്നും കണ്ടാല്‍ കൊതി തീരാത്ത വയനാടന്‍ ചുരം. നിലാ വെട്ടത് അവളുടെ സൌന്ദര്യം നുകര്‍ന്ന് ഏകദേശം രാത്രി പത്തു മണിയോടെ ഞങ്ങള്‍ മാനന്തവാടിയിലെത്തി. സ്റ്റാര്‍ ഹോട്ടലോന്നും ബുക്ക്‌ ചെയ്യാത്തത് കൊണ്ടു റോഡ്‌ സൈഡില്‍ കണ്ട സ്കൂള്‍ ഗ്രൌണ്ടിലേക്ക് ജീപ്പ് കയറ്റി.

നല്ല വിശാലമായ സ്ഥലം, പോരാത്തതിനു ഒരു സിമന്റു തറ കുറച്ചു ഉയരത്തില്‍ കെട്ടിയിട്ടുണ്ട്. സ്റ്റേജ് ആണെന്ന് തോന്നുന്നു. എല്ലാവരും ചേര്‍ന്നു കത്തിക്കാനുള്ള വിറകും മാറ്റും ശേഖരിച്ചു തീ കൂട്ടി. മരക്കഷണം രണ്ടു സൈഡിലും വച്ചു കെട്ടി, മസാല പുരട്ടിയ മുശുമന്‍ കോഴിയെ കമ്പിക്കുള്ളില്‍ കുത്തി തിരുകി ചുടലും തുടങ്ങി, കോഴി വേവുന്നതിനു മുമ്പ് തന്നെ എല്ലാവരും അതിനെ വയറ്റിലാക്കി...

സമയം പതിനൊന്നര കഴിഞ്ഞപ്പോള്‍ റോഡില്‍ നിന്നും ഉച്ചത്തില്‍ ടപ്പാം കുത്ത് പാട്ട് കേട്ടു. എല്ലാവരും അങ്ങോട്ട്‌ തിരിച്ചു... അവിടെയുള്ളവര്‍ വലിയ സ്പീക്കരൊക്കെ വച്ചു പാട്ടും ഡാന്‍സും കളിച്ചു പുതു വര്‍ഷത്തെ വരവേല്‍ക്കുന്നു... അവരുടെ കൂടെ പുതു വര്‍ഷത്തെ വരവേറ്റു പതിരാവോളം അവരുടെ കൂടെ കൂടി...

പിറ്റേന്ന് സൂര്യനുദിച്ചപ്പോള്‍ തന്നെ എഴുന്നേറ്റു. പല്ല്, കുളി, പിന്നെ നമ്പര്‍ ടു! മൈതാനത്തോട് ചേര്‍ന്നു തിങ്ങി നിറഞ്ഞിരിക്കുന്ന മരക്കൂട്ടതിനപ്പുറം നദിയാണ്‌. അത് കബിനി നദിയാണെന്ന് ഇന്നാണ് അറിയുന്നത്. ഒരുവന്റെ രണ്ടാം നമ്പര്‍ മരത്തിനു മുകളില്‍ ഇരുന്നായിരുന്നു. നാട്ടില്‍ അവന്റെ ശീലം അങ്ങനെയത്രെ! താല്കാലിക പരിപാടിയൊക്കെ കഴിഞ്ഞു തിരുനെല്ലിയിലേക്ക് പുറപ്പെട്ടു. കുറച്ചു ദൂരം ഓടിയപ്പോള്‍ തന്നെ കാടു തുടങ്ങി, മാനുകളേയും കുരങ്ങന്‍സിനെയും കണ്ടു തുടങ്ങിയപ്പോള്‍ ഞാനും ജോണും ജീപിനു മുകളില്‍ ഇരുന്നായി യാത്ര.

വണ്ടി നിര്‍ത്തിയത് തിരുനെല്ലി ക്ഷേത്രത്തിലായിരുന്നു. ഞങ്ങള്‍ നേരെ പാപനാശിനി ലക്ഷ്യമാക്കി നടന്നു. ഒരു വലിയ മലയുടെ മുകളില്‍ നിന്നും ഒഴുകി വരുന്ന നീരരുവിയാണ് പാപനാശിനി. അവിടെ ബലിയര്‍പ്പണം, പിന്നെ ചെയ്തു പോയ പാപങ്ങള്‍ കഴുകാന്‍ ഒന്ന് വെള്ളത്തില്‍ മുങ്ങുക തുടങ്ങിയ ചടങ്ങുകള്‍ നടക്കാറുണ്ട്. ഞങ്ങള്‍ മല മുകളിലേക്ക് വച്ചു പിടിച്ചു. ബ്രഹ്മഗിരി മലമുകളില്‍ നിന്നാണ് പാപനാശിനിയുടെ ഉത്ഭവം. അത് പല ഔഷദ ഗുണങ്ങളും അടങ്ങിയ മരങ്ങളുടെ വേരുകളിലൂടെയും, വള്ളികളുടെയും, മറ്റു പല ഔഷദ ചെടികളുടെ ഇലകളില്‍ കൂടിയും ഒഴുകി വരുന്ന പ്രകൃതിയുടെ മരുന്നാണ്.

പറ്റാവുന്നിടത്തോളം നടന്നു കയറി. തരക്കേടില്ലാതെ വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്ത് തന്നെ തമ്പടിച്ചു. എല്ലാവരും പാപനാശിനിയില്‍ കുളിച്ചു. നല്ല ശുദ്ധ വെള്ളം, കുറെ കോരി കുടിച്ചു. ഞാന്‍ കുറച്ചു മുകളിലായി ജലധാര പോലെ കുറച്ചു ശക്തിയായി വരുന്ന വെള്ളത്തിന്‌ കീഴെ തലവച്ചിരുന്നു. കുറെ സമയം അങ്ങനെ കണ്ണുമടച്ചു ഇരുന്നു. തല മൂര്‍ത്തി മുതല്‍ കാലിന്റെ പെരുവിരല്‍ വരെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം. നല്ല തണുത്ത പരിശുദ്ധമായ ആ തെളിനീരിലെ ഇരിപ്പ് ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു. ഈ ഒരു പുതു വര്‍ഷത്തിലും അങ്ങനെ ഒരു യാത്രയും അവിടെ പോയിരിക്കാനും ഉള്ളിന്റെ ഉള്ളില്‍ വെറുതെ ഒരു മോഹം... തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചു "ഇങ്ങനെ ഒരു നാള്‍ ഇനി ജീവിതത്തില്‍ വരുമോ?" പുതുവത്സരാശംസകള്‍...


സമീര്‍ | Sameer

Tuesday, December 14, 2010

പൊറോട്ട... മൈദ... പിന്നെ മസിലും...

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉമ്മാന്റെ കുടുംബത്തിലുള്ള ഒരേ ക്ലാസ്സില്‍ പഠിക്കുന്നതും, പത്താം തരം പഠിക്കുന്നതും, പത്താം തരത്തിന് (തൊട്ടിട്ടു) മേലെ വേറെ പഠിക്കാന്‍ ഒന്നുമില്ല എന്നുള്ളവരും, അതിനു മേലെ പഠിക്കുന്നതുമായ വലിയ ഒരു കുടുംബ ചങ്ങാതിക്കൂട്ടം ആയിരുന്നു ആ സമയത്ത്. അതില്‍ എന്റെയും സമപ്രായക്കാരനായവനും  ബോഡി ബില്‍ഡിംഗ്‌ ഒരു ഹരമായിരുന്നു. ഹോളിവുഡ് സ്വാധീനം. ബോളിവുഡില്‍ ആ സമയത്ത് ഇതൊന്നും അറിയില്ല. നമ്മുടെ ജയനും ഭീമന്‍ രഘുവും എത്രയോ ഭേദം! ഞങ്ങള്‍ എല്ലാവരും ടൌണില്‍ ഉള്ള ഒരു കുടുംബ വീട്ടിലാണ്‌ ഒരുമിച്ചു കൂടാര്. അവര്‍ക്ക് ടൌണ്‍ സെന്റെറില്‍ തന്നെ ഹോട്ടല്‍ ഉണ്ടായിരുന്നു. മിക്കവാറും സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അങ്ങോട്ട്‌ വച്ചു പിടിക്കും. അതുപോലെ വേനലവധി കാലത്തും എല്ലാവരും അവിടെയാണ് കൂടാര്. ഒട്ടു മിക്ക സമയവും ഞങ്ങള്‍ മൂന്ന് നാലു പേര്‍ ഹോട്ടലില്‍ ഉണ്ടാവും. അതാണ് മീറ്റിംഗ് പോയിന്റ്‌. ഇന്നത്തെ പോലെ മൊബൈലില്‍ ഞെക്കിയാല്‍ എവിടെ ആണെന്ന് അറിയാന്‍ അന്ന് പറ്റിലല്ലോ!

ഞങ്ങള്‍ പലതും പരീക്ഷിക്കുമായിരുന്നു, ബോഡി ബില്‍ഡ് ചെയ്യാന്‍. അത് തലക്ക് പിടിച്ചു നടക്കുമ്പോള്‍ ആണ് ഹോട്ടലിലെ പൊരോട്ടക്കാരനെ കൂടുതല്‍ ശ്രദ്ധിച്ചത്. നല്ല ശരീരം, കയ്യൊക്കെ കട്ടക്ക് കട്ട. ഞങ്ങള്‍ മൂപ്പരോട് അതിന്റെ രഹസ്യം ചോദിച്ചു. ആറു മണിക്ക് വരാന്‍ പറഞ്ഞു. വൈകുന്നേരം ആര് മണിക്ക് ഞങ്ങള്‍ ഹാജരായി, മൂപ്പര് പൊറോട്ട പരത്തി കല്ലിലിട്ടു, നല്ല ചൂടുള്ള കല്ല്‌, ഒരടിക്ക് ആറും എട്ടും പൊറോട്ട ചുടാം. തീ നോക്കി മൂപ്പര് കുറച്ചു മടലും ചിരട്ടയും അടുപ്പിലേക്കിട്ടു. ആകെ പുക മയം. ഞങ്ങളുടെ കണ്ണില്‍ വെള്ള ചാട്ടം, ശ്വാസംമുട്ടി കുരച്ചു.

ഫോര്‍ആംസ് ആന്‍ഡ്‌ ട്രൈസെപ്സ്

"ഇതാ നോക്കിക്കോ" എന്ന് പറഞ്ഞു മൂപ്പര് ചൂടുള്ള വെന്ത ആറ് പൊറോട്ട അട്ടി അട്ടിയായി ചട്ടകം കൊണ്ട് തൂക്കി പൊറോട്ട അടിക്കുന്ന മേശമേല്‍ ഇട്ടു. പട്ടേ... പട്ടേ... ഒന്ന് കറക്കി വീണ്ടും പട്ടേ... പട്ടേ..., രണ്ടു കയ്യും കൊണ്ട് ആറ് പൊറോട്ടയും വട്ടത്തില്‍ ചുറ്റിച്ചു കൊണ്ട് ശക്തിയായി അടിച്ചു. പിന്നെ അതെടുത്തു കുത്തനെ വച്ചു രണ്ടടി. അതാ റബ്ബര്‍ ഷീറ്റ് പോലത്തെ പൊറോട്ട നല്ല ചീള് ചീളായി അടര്‍ത്തി എടുക്കാന്‍ പറ്റുന്ന രൂപത്തില്‍ ഉടഞ്ഞു നുറുങ്ങിയിരിക്കുന്നു. ഇതെല്ലാം പത്തു നിമിഷത്തില്‍ കഴിഞ്ഞു. "പാഠം ഒന്ന്, തുടങ്ങിക്കോ" മൂപ്പര് പറഞ്ഞു.

അടുത്ത സെറ്റ് പൊറോട്ട വെന്തപ്പോള്‍ നാലെണ്ണം വീതം അട്ടിയിട്ടു തന്നു... "ഞാന്‍ അടിച്ച പോലെ അടിച്ചോ!"... നെഞ്ച് വിരിച്ചു ശ്വാസം ഉള്ളിലെക്കെടുത്തു അടിച്ചു. "ആ.....", കൈ വെള്ള രണ്ടും ചുവന്നു തുടുത്തു, പൊള്ളി, നല്ല ചൂട്. "വെള്ളത്തില്‍ കൈ മുക്കിക്കോ", മൂപ്പര് തന്നെ അതും അടിച്ചിട്ടു. "ചൂട് പോയാല്‍ അടിച്ചാ ശരിയാവൂല..." ഉസ്താദ് മൊഴിഞ്ഞു. ദിവസങ്ങള്‍ വേണ്ടി വന്നു. പതുക്കെ പതുക്കെ അടിയുടെ റിതം വന്നു തുടങ്ങി. ഒരടി, ഒരു തിരി, പിന്നെ അടി, തിരി... രസമായിരുന്നു. കൈ വെള്ള മുതല്‍ ഷോല്ഡറിന് വരെയുള്ള പ്രയോഗം. കൂടാതെ മസിലില്‍ അടുക്കുകള്‍ വരാന്‍ പൊറോട്ട ബോള്‍ നെയ്‌ പുരട്ടി വീശി ചുരുട്ടി കെട്ടലും തുടങ്ങി. ഇരുന്നൂറും മുന്നുരും പൊറോട്ട അടിച്ചു കഴിയുമ്പോള്‍ മസിലുകള്‍ ചോദിക്കാന്‍ തുടങ്ങി... ഇന്നത്തേക്ക് പോരെ മോനെ...

ഷോല്ഡര്‍, ചെസ്റ്റ്, ആന്‍ഡ്‌ ബൈസെപ്സ്....

"നാളെ സ്കൂള്‍ ഇല്ലല്ലോ... പണ്ട്രണ്ടു മണിക്ക് വാ... പുതിയ നമ്പര്‍ കാണിച്ചു തരാം..." മസിലുണ്ടാക്കുന്ന കാര്യമല്ലേ, ഞങ്ങള്‍ പറഞ്ഞ സമയത്ത് തന്നെ എത്തി. പൊറോട്ട മേശയില്‍ മൈദ കൂട്ടിയിരിക്കുന്നു. അതിന്റെ നടുക്ക് ചോറില്‍ സാംബാര്‍ ഒയിക്കാനെന്ന പോലെ കുഴി കുത്തിയിരിക്കുന്നു. അതില്‍ ഉപ്പു വെള്ളം കുറെ ഒഴിച്ചു. "കണ്ടു പഠിച്ചോ" എന്ന് പറഞ്ഞു മൂപ്പരുടെ കൈ കണ്ടം കിളക്കുന്ന പടന്ന പോലെ മൈദയ്ക്കുള്ളില്‍ കുത്തി മറിഞ്ഞു. പത്തിരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈദയും വെള്ളവും ചേര്‍ന്നു ഒരു നാലഞ്ചു ഫുട്ബോള്‍ ചേര്‍ത്ത് വച്ചലുള്ള വലിപ്പത്തില്‍ വലിയൊരു ഗോളം. "ഇനി ഇതിനെ വലിച്ചു നീട്ടി കീറി ചുരുട്ടി മടക്കി കുത്തി.... ടയിട്ടാക്കി കൊണ്ടുവരണം" ഒരു ബോക്സരുടെ ലാഘവത്തോടെ അതിനെ തിരിച്ചും മറിച്ചും മുഷ്ടി ചുരുട്ടി കുത്തിക്കൊണ്ടു മൂപ്പര് പറഞ്ഞു.

പിന്നെടങ്ങോട്ടു ശരിക്കും വിയര്‍ക്കേണ്ടി വന്നു. പത്തു മുതല്‍ പതിനഞ്ചു കിലോ വരെ ഉള്ള മൈദ ചുരുട്ടി കൂട്ടല്‍ ചില്ലറ പണി ഒന്നും അല്ല. പക്ഷെ ഫലം കണ്ടു. ചുമലും പുറവും വയറും കൈയും ശരിക്കും വിവരമറിഞ്ഞു. എന്തായാലും രണ്ടു കാര്യം, പൊറോട്ട ചുടലും പഠിച്ചു, ബോഡി ബില്ടിങ്ങും ആയി.

എന്നോട് പലരും ചോദിച്ചു "ഏതു ജിമ്മിലാണ് പോകുന്നത് എന്ന്", ഞാന്‍ പുഞ്ചിരിയോടെ മറുപടി കൊടുക്കും, "ഞാനോ ജിമ്മിലോ?, ഇത് നാച്ചുരലാ .. ഹി ഹി ഹി...". ഇപ്പോള്‍ ഇത് വായിക്കുന്ന നിങ്ങല്കെ ഈ രഹസ്യം അറിയൂ, ആരോടും പറയരുതേ....

സമീര്‍
ചെന്നൈ

Wednesday, December 1, 2010

എന്റെ ഞാവല്‍ മരം

റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഇറങ്ങി. ട്രെയിന്‍ വരാന്‍ ഇനിയും പത്തു പതിനഞ്ചു മിനിട്ടുണ്ട്. ആത്മാവിനു തിരി കൊളുത്താന്‍ വേണ്ടി ഇരു-നാല്‍ ചക്രങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. മഴ പെയ്തു അടങ്ങിയിരിന്നു... രാത്രിയുടെ കുളിരില്‍, കണ്ടാല്‍ തീവണ്ടിയുടെ എഞ്ജിന്‍ ആണെന്ന് തോന്നുന്ന രീതിയില്‍ പുക മേല്‍പ്പോട്ടുയര്‍ത്തി ആത്മാവിന് ശാന്തി കൊടുക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ പരതി, എന്റെ ഞാവല്‍ മരത്തെ...

ഓര്‍മ്മ വച്ചു ഏകദേശം കണ്ണ് കൊണ്ടു അളന്നു മുറിച്ചു നോക്കിയപ്പോള്‍ മരം നിന്ന ഭാഗവും പാര്‍ക്കിംഗ് ഏരിയ ആണ്. ഇരുട്ടായതിനാല്‍ ശരിക്കും കാണാന്‍ വയ്യ. പക്ഷെ പൊടി പിടിച്ച ഓര്‍മ്മയില്‍ എനിക്ക നേര്ക്ക മരം ശരിക്ക് കാണാം. ഇപ്പോള്‍ നില്കുന്നത് ഏകദേശം മരത്തിന്റെ താഴെ തന്നെയാണ്. മരത്തിന്നു പകരം കുറെ ഇരു ചക്രങ്ങള്‍.

ഓര്‍മ്മയുടെ പുസ്തകതാളുകളില്‍ കണ്ടു...ചെരിപ്പില്ലാത്ത കാലുകള്‍, ഇടതു കാല്‍ മുന്നോട്ടു വച്ചു, വലതു കാല്‍ പിന്നോട്ട് വച്ചു, ബാലന്‍സ് ചെയ്തു, ഇടത്തെ കൈ വിരല്‍ മേലെ ചൂണ്ടി ഉന്നം പിടിച്ചു, വലത്തേ കൈ ചുയറ്റി കൊണ്ടു ശക്തിയായി എറിഞ്ഞു. കല്ല്‌ റോക്കറ്റ് പോലെ മുപ്പതു നാപ്പതടി ഉയരത്തിലുള്ള നേര്ക്ക കുലയ്കു തന്നെ കൊണ്ടു. തുരു തുരെ വീണു. വായിലെ കുരു തുപ്പി വീണു കിടക്കുന്ന നേര്‍ക്കകള്‍ പെറുക്കി പുള്ളി ലുന്ഗി താളം മടക്കി കെട്ടി നിറച്ചു. ചിലതൊക്കെ തഞ്ഞു പോയി, അത്രയും ഉയരത്തില്‍ നിന്നു വീണതല്ലേ.

വീട്ടില്‍ നിന്നു ഒന്നര കിലോമീറ്റരെ സ്റ്റെഷനിലെക്കുള്ളൂ. പോരാത്തതിനു അത് വഴിയാണ് രണ്ടു സിനിമ തിയെറ്റരിലും പോകേണ്ടത്. നേര്ക്ക ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വല്യ പിരിശാന്. അതങ്ങനെ നാവിലിട്ട് നക്കി നുനച്ചു നാവും ചുണ്ടുമൊക്കെ നീല കളരാക്കി നൊട്ടി നുണയും. സ്കൂളില്ലാത്ത ദിവസം ഞങ്ങള്‍ രാവിലെ തന്നെ മരത്തിനു ഹാജര്‍ കൊടുക്കും. വീണു കിടക്കുന്നതെല്ല്ലം പെറുക്കി, കുറെ തിന്നും, മുണ്ട് മടക്കി തലത്തിലും അല്ലെങ്കില്‍ ട്രൌസറില്‍, പിന്നെ സഞ്ചിയിലുമൊക്കെ വാരിക്കൂട്ടും.

നേര്ക്ക ഏറു ഭയങ്കര രിസ്കായിരുന്നു. മരത്തിനു ഒരു വശത്ത് റെയില്‍വേ കൊട്ടെസുകളാണ്. മറു വശത്ത് പ്ലാറ്റ്ഫോം, പിന്നെ ഒരു വശം വഴി. ട്രെയിന്‍ പോകുന്നപോലെ ഒരു ഭാഗത്ത്‌ നിന്നും മാത്രമേ എറിയാന്‍ പറ്റൂ, അല്ലെങ്കില്‍ ആരുടെയെങ്ങിലും മേത്ത് കൊണ്ടു അവര് ഞങ്ങളെ എറിഞ്ഞു തീര്‍ക്കും.

ആ ഞായറാഴ്ചയും എറിഞ്ഞു തകര്‍ത്തു. രാവിലെ തുടങ്ങിയ യജ്ഞം. രണ്ട് സഞ്ചി നിറയെ നേര്ക്ക കിട്ടിയിട്ടുണ്ട്. വീട്ടിലെത്തി ചോറൊന്നും തിന്നാന്‍ നിന്നില്ല, കോടിപ്പാത്തു പോയി മൂലയ്ക്കുള്ള കാലി തക്കാളിപ്പെട്ടിയും എടുത്തു കുട്ടികള്‍ കളിയ്ക്കാന്‍ കൂടുന്ന സ്ഥലത്ത് പോയി. തക്കാളിപെട്ടി വച്ചു, അതിനു മേലെ കടലാസ് വിരിച്ചു ഞങ്ങളുടെ സീസണല്‍ പെട്ടി കട തുടങ്ങി. അഞ്ചു പൈസയ്ക്ക് രണ്ടു, പത്തു പൈസയ്ക്ക് അഞ്ചു, ഇരുപതു പൈസയ്ക്ക് പതിനഞ്ചു, ഇരുപത്തി അഞ്ചു പൈസക്ക് ഇരുപത്തി അഞ്ചു.  വൈകുന്നേരത്തോടെ സംഭവം കഴിഞ്ഞു. നാലഞ്ചു രൂപ കീശയില്‍. നല്ല ചൂടപ്പം പോലെ വിറ്റു. അല്ല പിന്നെ, രണ്ടു പുതിയ പടമാണ് കാണേണ്ടത്. പൈസ വേണ്ടേ? സിനിമ ടിക്കെട്ടിന്റെ കാശായി. ഇനി അടുത്തായ്ച്ച നോക്കിയാല്‍ മതി. ചില്ലറയൊക്കെ എണ്ണി തിട്ടപെടുത്തി ഞാനും ചങ്ങായിം കൂറ് വച്ചു.

കാതടുപ്പിക്കുന്ന ചിന്നം വിളി കേട്ടു ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു. ട്രെയിന്‍ എത്തിയിരിക്കുന്നു. ആത്മാവിന് കൊടുത്ത തിരി ചവിട്ടി കെടുത്തി, എന്റെ നേര്ക്ക മരമിരുന്ന സ്ഥലത്തേക്ക് നോക്കി... എനിക്ക് സിനിമ കാണാന്‍ പൈസ തന്നിരുന്ന മരം ഇന്നവിടെ ഇല്ല, എത്ര പേര്‍ക്കറിയാം അങ്ങനെ ഒരു ഞാവല്‍ മരം അവിടെ ഉണ്ടായിരുന്നത്, എത്ര പേര്‍ക്കറിയാം ആ മരം എനിക്ക് പൈസ തന്നത് ... ഒരു ചെറിയ നെടുവീര്‍പ്പിട്ടു, പ്ലാറ്റ്ഫോം-ലേക്ക് നടന്നു...

 
അന്ന്‍ എണ്ണി തിട്ടപെടുത്തിയ നാണയ തുട്ടുകളുടെ ഓര്‍മയ്ക്ക്....

 സമീര്‍Thursday, November 18, 2010

ഞാനും ഒരു സ്ഥാനാര്‍ഥി

എട്ടാം തരം പഠിക്കുന്നു. രാഷ്ട്രിയത്തിന്റെ അക്ഷരമാല അറിഞ്ഞു കൂടാ, പക്ഷെ ഞാന്‍ ആണ് ക്ലാസ്സിലെ SFI സ്ഥാനാര്‍ഥി. വലിയ വിവരം ഒന്നും ഇല്ലെങ്കിലും കമ്മ്യൂണിസം മാര്കിസം എന്നിവയോട് ഒരു ഇതായിരുന്നു. കുടുംബക്കാരില്‍ അത്യാവശ്യം ഈ ഇത് ഉള്ളവര്‍ ഉണ്ടെങ്കിലും പൊതുവേ കൈപ്പത്തിയും പിന്നെ പച്ചയും ആണ് എല്ലാവരും. എനിക്ക് ഓട്ടോമാറ്റിക്കായി "ഇസം" വന്നതാണെന്ന് തോന്നുന്നു. വീട്ടിലും കുടുംബത്തിലും ആര്‍ക്കും രാഷ്ട്രിയം വലിയ താല്പര്യമൊന്നും ഇല്ല, അതെപറ്റി ജീവിതത്തില്‍ ഇന്നേ വരെ വീട്ടില്‍ ആരെങ്കിലും തല കുത്തി നിന്നു ചര്‍ച്ച ചെയ്യുന്നതും കേട്ടിട്ടില്ല.

KSU, MSF എന്നിവര്‍ക്കാണ് സ്കൂളില്‍ മുന്‍‌തൂക്കം. സ്കൂളില്‍ സമരം ഉണ്ടാവുന്ന സമയത്ത് ഞാനും ചിലപ്പോള്‍ ചെറിയ ക്ലാസ്സിലെ കുട്ടികളെ ഇറക്കി വിടാനൊക്കെ പോയിട്ടുണ്ട്. ഒരു തവണ SFI സമരം പ്രഖ്യാപിച്ചപ്പോള്‍ KSU എതിര്‍ത്ത്. അന്ന് രണ്ടു കൂട്ടരും പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ ചില്ലറ കയ്യാങ്കളി ഒക്കെ നടന്നു. കൂടുതല്‍ സമരം ചെയ്യുന്നവരെ ആണ് പൊതുവേ ഞങ്ങള്‍ക്ക് ഇഷ്ടം. പ്രത്യേകിച്ച് അടുത്തുള്ള സി ക്ലാസ്സ്‌ തിയേറ്ററില്‍ സിനിമ മാറിയിട്ടുണ്ടെങ്കില്‍. അവിടെ ഒരാഴ്ചയില്‍ മൂന്ന് പടങ്ങളൊക്കെ കളിക്കാറുണ്ട്. സിനിമ മാറിയിട്ടുണ്ടെങ്കില്‍ അന്ന് സമരം ഉണ്ടാകുന്നതും സ്വപ്നം കണ്ടാണ്‌ സ്കൂളില്‍ പോകാറ്. സമരമുള്ള ദിവസം ഞങ്ങള്‍ തന്നെ ബെല്ലടിച്ചു സ്കൂള്‍ വിട്ടു സഹായിക്കാറുണ്ട്.

എന്റെ കൂടെ ഇരിക്കുന്ന അടുത്ത സുഹൃത്താണ്‌ MSF സ്ഥാനാര്‍ഥി. പെണ്‍കുട്ടികളെ ഒക്കെ പഹയന്‍ കയ്യിലെടുത്തു വച്ചിട്ടുണ്ട്. അന്നേ ഒരു മൂശാന്‍ താടി ഒക്കെ വച്ചു ചുവന്ന ചുണ്ടില്‍ മനോഹരമായ ചിരിയും വച്ചു ആള്‍കാരെ കയ്യിലെടുക്കാന്‍ മിടുക്കന്‍. എനിക്കാണെങ്കില്‍ ആള്‍ക്കാരെ അഭിമുഖരിക്കാന്‍ നാണമാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് (കള്ളമല്ല). മിട്ടായി കൊടുത്തും, പഞ്ചാര അടിച്ചും വോട്ടു പിടുത്തം തകൃതിയായി നടന്നു. ഞാനും എനിക്ക് പിന്തുണ നല്‍കുന്ന രണ്ടു മൂന്ന് പേരും കിണഞ്ഞു വോട്ടു പിടുത്തം നടത്തി. പോരാത്തതിനു ഒന്‍പതിലും പത്തിലും ഉള്ള വലിയ സഖാക്കളൊക്കെ വന്നു പ്രസഖങ്ങള്‍ ഒക്കെ നടത്തി.

അങ്ങനെ വോട്ടു ദിവസം വന്നു. സ്കൂളിനു പുറത്തു വലിയ ആള്‍കൂട്ടം തന്നെ ഉണ്ട്. എല്ലാ പാര്‍ട്ടിക്കാരുടെയും ആളുകള്‍ എത്തിയിട്ടുണ്ട്. കണ്ടാല്‍ തോന്നും ഇന്ത്യയുടെ പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കുകയാണെന്ന്. മൈക്കില്‍ കൂടി സ്ഥനാര്ത്തികളുടെ വിവരം വിളിച്ചു പറയുന്നു... എട്ടാം തരം SFI സ്ഥാനാര്‍ഥി സമീര്‍... മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ പുളകം കൊണ്ടു. സ്കൂളിനകതും പുറത്തും എന്റെ പേരെത്തിയിരിക്കുന്നു.

വോട്ടിംഗ് തുടങ്ങി, ക്ലാസ്സിലെ കുട്ടികളോടൊക്കെ ഞാനും എന്റെ എതിരാളിയും കണ്ണ്, തല, കൈ എന്നിവ ഉപയോഗിച്ച് പരമാവധി വോട്ടുപിടുത്തം നടത്തുന്നുണ്ട്. എല്ലാവരും വോട്ടു ചെയ്തു കഴിഞ്ഞു. ഏകദേശം എനിക്ക് വോട്ടു ചെയ്തെന്നു പറഞ്ഞവരുടെ എണ്ണം എടുത്തു നോക്കിയപ്പോള്‍ ഇജ്ജോടിജ്ജു പോരാട്ടം തന്നെയാണ്. ഉച്ചയ്ക്ക് വോട്ട് എണ്ണാന്‍ തുടങ്ങി...

പത്താം തരം ... സ്ഥാനാര്‍ഥി... പതിനാല് വോട്ടിനു ജയിച്ചിരിക്കുന്നു. മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു. പുറത്തു നില്‍കുന്നവര്‍ (കുട്ടികളല്ല) വമ്പിച്ച കയ്യടിയും മറ്റേ പാര്‍ട്ടിക്കാരെ കൂവിയും റിസള്‍ട്ട്‌ ആഘോഷിച്ചു. എന്റെ എതിരാളി സ്നേഹിതന്‍ നഖവും കടിച്ചു നില്പുണ്ട്. എനിക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. എട്ടാം തരം ... നാല്പത്തിനാല് വോട്ടുകള്‍ക് ജയിച്ചിരിക്കുന്നു. ചതിയന്മാര്‍! എല്ലാവരും കൂടി എന്നെ തോല്‍പ്പിച്ചു! എന്റെ ചെവിയിലെ ചിപ്പി പറന്നു. അമ്മാതിരി കൂവലായിരുന്നു കിട്ടിയത്. അകെ കിട്ടിയത് ഏഴു വോട്ടു. അതില്‍ തന്നെ ഒന്ന് എന്റെ സ്വന്തം! ഞാന്‍ ക്ലാസ്സിലെ എല്ലാത്തിനെയും ഒന്ന് നോക്കി, ചിലര്‍ക്ക് പറ്റിച്ചേ എന്ന മട്ട്, ചിലര്‍ തല താഴ്ത്തി...

എന്തായാലും തോല്‍വിക്ക് നല്ല കയ്പുണ്ടായിരുന്നു. ഭാവി രാഷ്ട്രിയ നേതാക്കള്‍ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉണ്ടാക്കാനാണ് സ്കൂള്‍ മുതലേ ഈ വോട്ടെടുപ്പ് എന്നത് ശരിക്കും മനസ്സിലായി. ചങ്ങാതിയെ അഭിനന്ദിച്ചു... പിറ്റേന്ന് അവനെ ക്ലാസ്സ്‌ ലീഡര്‍ ആയി ക്ലാസ്സ്‌ ടീച്ചര്‍ പ്രഖ്യാപിച്ചു...

എന്നാലും ആളില്ലാത്ത പിരീഡില്‍ ഒച്ച ഉണ്ടാക്കുന്നവരുടെ പേരെഴുതാന്‍ ക്ലാസ്സ്‌ ടീച്ചര്‍ എന്നെ ആണ് എല്പിക്കാര്... കിട്ടുന്ന അവസരങ്ങള്‍ ഞാനും മുതലാക്കി, എനിക്ക് വോട്ടു ചെയ്യാത്ത ആരെങ്കിലും ഒന്ന് അനങ്ങിയാല്‍ "മിണ്ടിയാല്‍ പൊറോട്ട" എന്ന രീതിയില്‍ ഞാന്‍ വെള്ള കടലാസ്സില്‍ പേരെഴുതി വയ്കും, ടീച്ചര് വന്നാല്‍ അവര്‍ക്ക് ചൂരല്‍ കൊണ്ടു കൈ വെള്ളയില്‍ രണ്ടു പൊരിച്ച അടി... ഹി ഹി ഹി... ഓരോ വോട്ടിനും പകരം ഞങ്ങള്‍ ചോദിക്കും!

സമീര്‍
ചെന്നൈ, 18 നവംബര്‍ 2010

Friday, November 5, 2010

യുദ്ധഭൂമി

ഡിം.. ഡിം... ഞാന്‍ നിലത്തു കിടപ്പാണ്... കിടന്ന തറ ഒന്ന് കുലുങ്ങി.. വീണ്ടും ഭൂമി കുലുക്കി കൊണ്ട് വലതു ഭാഗത്ത്‌ നിന്നും ഡിം ഠിം... പിന്നെ മുന്നിലും പിന്നിലും ഒക്കെയായി കിടിലം ഠിം ഡിം... ഒന്നും ഓര്‍മയില്ല... ശത്രുവിന്റെ വലയത്തിലാണ്! ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ. പിന്നെ തുരു തുരെ വെടി വയ്പ്, ബോംബേറ്... തലയും ഉടലും കീറിമുറിക്കുന്ന സ്പോടനങ്ങള്‍... മെല്ലെ പരതി നോക്കി, തൊട്ടടുത്ത്‌ ഒരുവന്‍ മലര്‍ന്നു കിടക്കുന്നു...

യുദ്ധം എപ്പോഴാ തുടങ്ങിയെ? ഞാനെങ്ങനെ അതിര്‍ത്തിയില്‍ എത്തി? പാകിസ്ഥാനാണോ അതോ നമ്മള്‍ പറയാന്‍ ഇഷ്ടപെടാത്ത ചൈനയോ? മെല്ലെ മെല്ലെ ഉറക്കം തെളിഞ്ഞു. എഴുന്നേറ്റു, കണ്ണ് തിരുമ്മി, നാലു ഭാഗത്തും കാതടുപ്പിക്കുന്ന പൊട്ടലുകള്‍... ഇടയ്കിടെ ജനലിന്റെ കമ്പികള്‍ വിറയ്കുന്നു. വാതില് തുറന്നതും ഡിം ടെ ഡോ ട്ടോ ട്ടോ... എന്റല്ലോ! എന്തൊരു പൊട്ട്... അവധി ദിവസം സുര്യന്‍ കുണ്ടിക്കടിക്കുന്നതുവരെ ഉറങ്ങാം എന്ന് കരുതിയതാ... ഇന്ന് ദീപാവലി അവധി... നാലു ഭാഗത്തും വീട്ടുകാര്‍ ഉള്ള ഇട്ടാ വട്ട സ്ഥലത്ത് നിന്നും പടക്കം പൊട്ടിച്ചു തകര്‍ക്കുകയാണ്.

ഇന്നലെ രാത്രിയോടെ പൂരം കഴിഞ്ഞു എന്ന് കരുതിയതാണ്. ഓ! പഹയന്മാര്‍ എന്ത് പൊട്ടിക്കലാ! കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കാതില്‍ കടന്നലിന്റെ ഇരുമ്പല്‍. കണ്ടാല്‍ എല്ലാം ഒരു ബില്‍ഡിംഗ്‌ ആന്നെന്നു തോന്നും, പക്ഷെ അങ്ങനെയാണ് ചെന്നൈലെ എന്റെ ഈ സ്ട്രീറ്റിലെ ഫ്ലാറ്റുകള്‍. ഒരു കാര്‍ പോകനുല്ലത്ര മാത്രം സൌകര്യമുള്ള സ്ട്രീറ്റില്‍ പത്തിരുപതു കുടുംബങ്ങള്‍ പടക്കം പൊട്ടിച്ചു തകര്‍ത്താടുന്നു. ഒരു ഫാമിലി ഞങ്ങള്‍ കിടക്കുന്ന റൂമിന്റെ തൊട്ടടുത്തുള്ള അവരുടെ ട്ടെരസ്സിലാണ്‌ യുദ്ധം.

രണ്ടു മൂന്ന് മണിക്കൂര്‍ സഹിച്ചു. തലവേദന തുടങ്ങി. ഒന്നും ചെയ്യാനില്ല! ഈ മൂന്ന് ദിവസം അവധി എങ്ങനെ തീര്‍ക്കും? നാട്ടിലേക്കുള്ള ട്രെയിനും ബസ്സുമെല്ലാം മാടുകളെ പോലെ മനുഷ്യനെ കുത്തി നിറച്ചു ഇന്നലെ തന്നെ പോയി. പത്തു പതിമൂന്നു മണിക്കൂര്‍ സാഹസത്തിനു ഞാന്‍ മുതിര്‍ന്നില്ല. ആ യാത്ര മടുത്താണ്. അപ്പോയാണ് ഒരു കാര്യം ശ്രദ്ധിച്ചത്, ഇന്നലെ വേറൊരുത്തന്‍ കൂടെ കിടന്നതാണല്ലോ? കാണുന്നില്ല. ഫോണ്‍ വിളിച്ചു. "എന്ത് പറയാനാ... രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ പൊട്ടാ, എന്റെ വീട്ടില്‍ വന്നു ഉറങ്ങാമെന്ന് വിചാരിച്ചതാ... ഇവിടെയും ഒടുക്കത്തെ പൊട്ട്!"... അവന്റെ മറുപടി.. രക്ഷപെടാന്‍ ഓഫീസിലേക്ക് പോകാമെന്ന് ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചു.

പൈസ പൊട്ടിച്ചു കളയുക എന്നത് കേട്ടതാണ്, പക്ഷെ ഇന്നലെ മുതല്‍ അത് കണ്ടു! ഓഫീസിലെ സുഹൃത്തുക്കള്‍ മാത്രം ഒരു ലക്ഷം രൂപയുടെ പടക്കം വാങ്ങിയിട്ടുണ്ടാവും. ചെന്നയില്‍ മാത്രം ദീപാവലിക്ക് പൊട്ടിച്ചു തകര്‍ക്കുന്നത് കോടികളാണ്. എന്താഘോഷത്തിന്റെ പേരിലായാലും ഇത് കുറച്ചു കടുപ്പമല്ലേ, അത്യാവശ്യം കുറച്ചു ആത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ കത്തിച്ചാല്‍ പോരെ? ഇത് കുറച്ചു ദിവസമായിട്ടു തുടങ്ങിയതാ!

ഞങ്ങളുടെ പ്രൈവറ്റ് ജെറ്റ് ടിവിഎസ് വിക്ടര്‍ ടേക്ക് ഓഫ്‌ ചെയ്യുമ്പോള്‍ ദാണ്ടേ മുന്നിലൊരു ചെക്കന്‍ മാലപ്പടക്കം തിരി കൊടുത്തു വിടുന്നു. കഴിഞ്ഞ തവണ ഒരു സുഹൃത്തിന്റെ കണ്ണ് ഇതേ പോലെ കല്ല്‌ വന്നു കൊണ്ട് ശസ്ത്രക്രിയ നടത്തി രണ്ടു മാസമെടുത്തു റിപ്പയര്‍ ചെയ്തെടുക്കാന്‍. ഒരു ചെക്കന്‍ തിരി കൊടുത്തതിന്റെ മേലെകൂടി നടന്നാണ് വേറൊരുത്തന്‍ അവന്റെ പടക്കത്തിന് തിരി കൊടുക്കാന്‍ പോകുന്നത്. കുട്ടികള്‍ക്ക് വിവരമില്ല! പക്ഷെ മുതിര്ന്നവര്‍ക്കോ? റോഡുകളെല്ലാം യുദ്ധഭൂമി പോലെ വിജനം. മുന്നോട്ടു പോകുന്തോറും ഇടതു നിന്നും വലതു നിന്നും ആക്രമണങ്ങള്‍. എല്ലാറ്റിനെയും അതി ജീവിച്ചു ഞങ്ങള്‍ ഓഫീസിലെത്തി... ഡിം ഡിം ട്ടെ ട്ടെ ... ടാടടടട ടാടട്ടാട്ടട്ട ... അതാ അവിടെയും പൊട്ടിച്ചു തകര്‍ക്കുന്നു! യാത്ര ചെയ്ത ഇരുപതു മിനുട്ട് ഒരു രണ്ടു ലക്ഷം രൂപ പോട്ടിയിട്ടുണ്ടാവും!

ആരാണ് പറഞ്ഞത് മുന്നൂറ് മില്യണ്‍ ജനങ്ങള്‍ വിശപ്പ്, നിരക്ഷരത്വം, അസുഖം എന്നിവയുടെ ഇരകളാണെന്ന്? ആരാണ് പറഞ്ഞത് അമ്പത്തിയൊന്നു ശതമാനം കുട്ടികള്‍ക്ക് പുഷ്ടിയില്ലെന്ന്? ഈ പറയുന്നവരെയൊക്കെ വിളിച്ചു കാണിച്ചു കൊടുക്കൂ, നമ്മള്‍ രാജ്യത്തു ഉടനീളം എത്ര കോടികളാണ് രണ്ടു ദിവസം കൊണ്ട് പൊട്ടിച്ചു തീര്‍ക്കുന്നതെന്ന്!

ഓഫീസിലിരുന്നു ഇത് പോസ്റ്റ്‌ ചെയ്യുന്നെരവും നിലക്കാത്ത പൊട്ടലുകള്‍ കേട്ടു കൊണ്ടിരിക്കുന്നു... ഇത് രാത്രി പന്ത്രണ്ടു മണിക്കേ അവസാനിക്കൂ... ദിവസവും മിനിമം പത്തു മണിക്കൂര്‍ കാന്നുന്ന കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ടപ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നിയില്ല. അങ്ങനെ ഇതൊന്നു കാച്ചിയതാ! ഹാപ്പി ദിവാലി...

***

ഫ്ലാഷ് ന്യൂസ്‌ (നവംബര്‍ 6, 2010 11:05 AM)

അയല്‍ക്കാരുടെ ബോംബും വെടിവയ്പും ‍സഹിക്കാന്‍ വയ്യാതെ സമീര്‍ എന്നയാള്‍ ചെന്നയില്‍ നിന്നും നാട്ടിലേക്കു ഇന്നലെ രാത്രി വണ്ടി കയറി. രാവിലെ അയാള്‍ വീട്ടിലെത്തി സുഖമായി ഉറങ്ങാന്‍ പോകുകയാണ്...
 
 
ഫ്ലാഷ് ന്യൂസ്‌ (നവംബര്‍ 6, 2010 11:14 AM)
 
ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ബൈക്കില്‍ പോയ രണ്ടു ചെറുപ്പക്കാര്‍ ബോംബേറില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ബൈക്ക് ടേണ്‍ ചെയ്തു കയറിയപ്പോള്‍ മുകളില്‍ നിന്നും ഒരു 'കുരുവി' എന്ന് പണ്ട് നമ്മള്‍ വിളിച്ചിരുന്ന പടക്കം ബൈക്കിന്റെ മുന്നിലെ ടയര്‍ തൊട്ടു തൊട്ടില്ല എന്നാ രീതിയില്‍ പൊട്ടിത്തെറിച്ചു. ഓടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റ്‌ ഉള്ളതിനാല്‍ വലുതായി അറിഞ്ഞില്ല. പക്ഷെ പിന്നിലുള്ള ആളുടെ ചെവി വീണ്ടും പ്രവര്‍ത്തിക്കാന്‍ ഒരു മിനിറ്റ് വേണ്ടി വന്നു. രണ്ടു സെക്കന്റ്‌ മുന്നോട്ടയിരുന്നെങ്കില്‍ രണ്ടു പേരുടെയും തലയിലോ അല്ലെങ്കില്‍ 'ഇരിക്കുന്ന ഗാപിലോ' വീണു ....... ദൈവം കാത്തു!
***
 
സമീര്‍
ചെന്നൈ, 05 ഒക്ടോബര്‍ 2010

Tuesday, November 2, 2010

ചക് ദേ ചില്ലി ചിക്കന്‍

ആവശ്യത്തിനു മരുന്നൊക്കെ കഴിച്ചു. തലച്ചോറിലെ സെല്ലുകള്‍ എല്ലാം നല്ല പ്രവര്‍ത്തനം ആരംഭിച്ചു. ധമനികളിലെ രക്തം ഒന്ന് കൂടി ഊര്ജസ്വലരായി. "ഒരു പണ്ടാരവും ഇല്ലല്ലോ" എന്ന് മുറുമുറുത്തു കൂടെയുള്ളവന്‍ ടിവിയുടെ റിമോട്ടിനെ തലങ്ങനെയും വിലങ്ങനെയും മര്‍ദിച്ച് അവശനാക്കുന്നുണ്ട്. ബംഗ്ലൂരില്‍ ഹോട്ടല്‍ മുറിയിലാണ്. ചെന്നയിലെ ഓഫീസില്‍ ഞങ്ങളുടെ ശല്യം സഹിക്കാന്‍ പറ്റാത്തത് കൊണ്ട് രണ്ടായ്ച്ച കാലത്തേക്ക് ട്രെയിനിംഗ് എന്ന് പറഞ്ഞു വിട്ടതാണ്.

ഞാനൊരു ബാത്ത് ടവല്‍ ഉടുത്തു കാലൊക്കെ നീട്ടി ടീപോയില്‍ വച്ചു, ഇടയ്കിടെ രക്തത്തിലെ കെമിക്കല്‍ അളവ് പരിഹരിച്ചു അങ്ങനെ ഇരിപ്പാണ്. കൂടെയുള്ളവന് അവസാനം ടീവിയില്‍ ഒരു സാധനം കിട്ടി! "ചക് ദേ ഇന്ത്യ" എന്ന ഷാരുഖ് ഖാന്‍ സിനിമ. രണ്ട് പേരും കണ്ടതാണ്. എന്നാലും നൂറ്റൊന്നു ചാനല്‍ തപ്പിയിട്ടും ഒന്നും കിട്ടാത്തത് കൊണ്ട് "ചക് ദേ" കാണാന്നുള്ള കരാറിലെത്തി.

ഇന്ത്യന്‍ ഹോക്കിയുടെ വനിതാ ടീം ലോകകപ്പ്‌ നേടുക എന്ന സ്വപ്നം നിറവേറ്റാന്‍ ഷാരൂഖ്‌ ഖാന്‍ ടീമിന്റെ കോച്ചായി എത്തിയിരിക്കുന്നു. പെണ്ണുങ്ങളുടെ ഭാഗ്യം. അത് പോലെ ഫുട്ബാള്‍ ടീമിന്റെ കോച്ചായി ബിപാഷ ബസുവിനെയോ കത്രിന കൈഫിനെയോ ഒക്കെ വച്ചിരുന്നെങ്കില്‍ ഞാനൊക്കെ എന്നേ വേള്‍ഡ് കപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നേനെ! "കബീര്‍ ഖാന്‍" എന്ന കോച്ച് ഷാരൂഖ്‌ ഖാന്‍ ടീമിനെ പരിജയപ്പെടല്‍ തുടങ്ങി...

“ബല്ദീപ് കൌര്‍… പഞ്ചാബ്”… “ഒന്ന് കൂടി”… “ബല്ദീപ് കൌര്‍… പഞ്ചാബ്”… “എഗൈന്‍…”
കളിക്കാരി : “ബല്ദീപ് കൌര്‍… പഞ്ചാബ്”…
കോച്ച് : “ടീമില്‍ നിന്നു മാറി പുറത്തു നില്ക്… അടുത്ത ആള്‍...”

“കൊമല്‍ ചൌതാല ഫ്രം ഹര്യാന”…
“ഔട്ട്‌… നെക്സ്റ്റ്”

“രച്ച്ന പ്രസാദ്‌ … ബീഹാര്‍”
“ബാഹര്‍ (പുറത്തു)…”

“നേത്ര റെഡി… ആന്ധ്ര പ്രദേശ്‌..”
"ഔട്ട്‌.. അടുത്ത ആള്‍...”

“നികോല സകുര.. മഹാരാഷ്ട്ര”
“പുറത്തു പോ… നെക്സ്റ്റ്…”

“വിദ്യ ശര്‍മ.. ഇന്ത്യ”… കൊച്ചോന്നു ആശ്ചര്യപെട്ടു പുഞ്ചിരിച്ചു… പിന്നെ പറഞ്ഞു “ഉറക്കെ..”
“വിദ്യ ശര്‍മ.. ഇന്ത്യ” … “സോര്‍ സെ കഹോ (ഉറക്കെ പറയൂ)"… “വിദ്യ ശര്‍മ... ഇന്ത്യ”

ഷാരുഖ് തുടര്‍ന്നു “ഇനി ആരെങ്കിലും ഉണ്ടോ? ഹരിയാന, പഞ്ചാബ്, റെയില്‍വേ, തമിഴ്നാട്‌, മഹാരാഷ്ട്ര… അങ്ങനെ ഉള്ളവര്‍ക്ക് പോകാം… ഈ ടീമില്‍ ഇന്ത്യയുടെ കളിക്കാരെ മതി…”

എന്റെ രാജ്യസ്നേഹം സട കുടഞ്ഞു എഴുന്നേറ്റു. രോമ കൂപങ്ങള്‍ ഉയര്തെഴുനേറ്റു നിന്നു സിന്ദാബാദ് വിളിക്കാന്‍ തുടങ്ങി. ഹാ സബാഷ്! എന്ന് ഗര്‍ജ്ജിച്ചു ഞാന്‍ കസേരയില്‍ ഒന്ന് കൂടി അമര്‍ന്നിരുന്നു.

ടക് ടക് ടക് ... വാതിലില്‍ മുട്ട്! അകത്തേക്ക് വരൂ എന്നാക്രോശിച്ചു. റൂം ബോയ്‌ ആണ്. വെളുത്ത് തുടുത്ത സുമുഖ സുന്ദരന്‍, സദാ സുസ്മരേദന്‍. പക്ഷെ അവന്റെ പേര് കേട്ടാല്‍ കൂടെയുള്ളവന് ഒരു ഉള്കിടിലമാണ്, ബോസ്സിന്റെ പേരിന്റെ വാലറ്റവും അവന്റെതും ഒന്നാണ്. ആ പേര് ഒരു വേതാളത്തെ പോലെ അവന്റെ മുതുകത്തു തന്നെയാണ്!

"എന്താ ഉള്ളത്..." വായില്‍ വെള്ളമിറക്കി കൊണ്ട് കൂടെയുള്ളവന്‍ ചോദിച്ചു. ഭക്ഷണത്തിലെ "ഭ" കേട്ടാല്‍ അവന്‍ വെള്ളമിറക്കി തുടങ്ങും.

"ഹൈദരബാദി ബിരിയാണി, ആന്ധ്ര ചില്ലി ചിക്കന്‍, മുഗുലായ് ചിക്കന്‍, മലബാര്‍ ഫിഷ്‌ കറി, ചിക്കന്‍ ചെട്ടിനാട്, പഞ്ചാബി മുര്‍ഗ് മസാല, അഫ്ഗാനി കബാബ്... " അവന്റെ നീണ്ട ലിസ്റ്റ് തുടര്‍ന്നു...

"ഇന്ത്യനായിട്ടുള്ള എന്തുണ്ട്?" കോച്ച് ശാരുഖിനെക്കാള്‍ ഉശിരോടെ ഞാന്‍ ആക്രോശിച്ചു...
ടീം അംഗങ്ങള്‍ പരിചയപെടുത്തിയ പോലെ എല്ലാത്തിന്റെയും കൂടെ ഒരു സ്റ്റേറ്റ് വാല്‍ കഷണം. അരിശം വന്നു... രാജ്യസ്നേഹം ഉച്ചാവസ്ഥയില്‍ നില്‍കുമ്പോള്‍ ആണ് എല്ലാത്തിന്റെയും കൂടെ അവന്റെ ഒരു ദേശവും സംസ്ഥാനവും!

"സര്‍ അത്..." പയ്യന്‍ പരുങ്ങി...
"എനിക്ക് ഇന്ത്യന്‍ ചില്ലി ചിക്കന്‍ വേണം... നല്ല എരിവോടെ... അല്ലെങ്കില്‍ ഈ കോലത്തില്‍ ഞാന്‍ താഴെ ലോഞ്ചില്‍ വരും"

വെറും ബാത്ത് ടവല്‍ ഉടുത്തു നില്‍കുന്ന ഞാന്‍ തെല്ലൊരു കനത്തോടെ പറഞ്ഞു. രക്തം ഊര്ജസ്വലമായതിനാല്‍ ഉശിര് ഒന്ന് കൂടുതല്‍ ആയിരുന്നു. ഇത്രയധികം രാജ്യസ്നേഹം ഉള്ളില്‍ ഉണ്ടെന്നു എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടെയുള്ളവന്‍ വേറെ ഒരു നീണ്ട ലിസ്റ്റ് കൊടുത്തു, കൂടാതെ "ആന്ധ്ര" മാറ്റി "ഇന്ത്യന്‍" ആക്കാന്‍ പറഞ്ഞു. വീണ്ടും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ടീവിയില്‍ കണ്ണും നട്ട് "ഇന്ത്യന്‍ ചില്ലി ചിക്കെന്" വേണ്ടി കാത്തിരുന്നു.

അങ്ങനെ ഹോക്കി ടീം തോറ്റും ജയിച്ചും മുന്നെരിക്കൊണ്ടിരിക്കുമ്പോള്‍ അവസാനം നമ്മുടെ രാജ്യത്തിന്‍റെ ചില്ലി ചിക്കന്‍ എത്തി. ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ പറ്റാത്ത ചില്ലി ചിക്കന്‍! ഇനി അവകാശപെട്ടലും അത് പകുതി മണ്ണിന്റെ മക്കളുടെതാണെന്ന് പറയാന്‍ പറ്റാത്ത, അല്ലെങ്കില്‍ വിദേശിയാണെന്ന് പറയാന്‍ പറ്റാത്ത സ്വന്തം ഇന്ത്യയുടെ ചില്ലി ചിക്കന്‍.

ഞാന്‍ ചിക്കനെ ആവേശത്തോടെ വായിലേക്ക് ചപ്പാത്തിയും കൂട്ടി തള്ളി കേറ്റി! രക്തത്തിലെ കെമിക്കല്‍ അളവ് നന്നായതിനാല്‍ മൂന്ന് നാലു വായക്കു പോയതറിഞ്ഞില്ല, പക്ഷെ പെട്ടെന്ന് ഞാന്‍ പാമ്പാണ് എന്ന് കരുതി ഞെട്ടി. അടുത്ത് നിന്നും "ശൂ... ശൂ... ശീ..." എന്ന ശബ്ദം! കൂടെയുല്ലവനാണ്, അവന്‍ മാത്രമല്ല എന്റെ വായില്‍ നിന്നും ശബ്ദം വന്നു തുടങ്ങി... ഹോ! ഒടുക്കത്തെ എരിവു, ഉണ്ടാക്കിയവന്റെ പൈത്രുകം ആരംഭിച്ചത് മുതല്‍ ഉള്ളവരെ തെറിയഭിഷേകം നടത്തിപ്പോവും! കൂടെയുള്ളവന്‍ വാ കൊപ്ലിക്കുന്നു, വെള്ളം കുടിക്കുന്നു, എനിക്ക് അതിനെക്കാള്‍ അപ്പുറം! കൊണ്ട് വന്നവനെ വിളിച്ചു വരുത്തിയപ്പോള്‍ അവന്‍ കൈ മലര്‍ത്തി! മാനേജരെ വിളിക്കാന്‍ പറഞ്ഞു.

വീണ്ടുമൊരു സുമുഗന്‍! മാനേജര്‍ ആണ്, ടൈ ഒക്കെ കെട്ടിയിട്ടുണ്ട്, പറ്റിച്ചു വെട്ടിയ മീശ, ഉയരം കുറഞ്ഞു ചെറിയൊരു തടിച്ചുരുണ്ട മനുഷ്യന്‍. സംഭവം "ശൂയും ശായും" കൂട്ടി പറഞ്ഞു. അന്നേ ദിവസം വരെ എന്തെരിവും ഞങ്ങള്‍ മലബാറുകാര്‍ കഴിക്കും എന്നുള്ള ധാര്ഷ്ട്യതിനാണ് വിള്ളല്‍ വീണിരിക്കുന്നത്!

"നിങ്ങള്‍ അതൊന്നു കഴിച്ചു നോക്ക്... ഭയങ്കര എരിവു... വായില്‍ വെക്കാന്‍ പറ്റില്ല!"

മാന്യദേഹം മനജേര്‍ സ്പൂണില്‍ ഒരു തുള്ളിയെടുത്തു കൈ വെള്ളയില്‍ ഒയിച്ച്‌ നക്കി... മുഖത്ത് മധുര തേന്‍ കുടിച്ച ഭാവം... "ഇത് ഓക്കേ ആണല്ലോ..." അദ്ദേഹം മൊഴിഞ്ഞു...!

"കുറെ കഴിച്ചു നോക്ക് ഒരു കഷണം ചിക്കനും തിന്നു നോക്ക്" അയാളുടെ നില്പ് കണ്ടപ്പോള്‍ അരിശം മൂത്ത് ഞങ്ങള്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു.

ടീവിയില്‍ ഷാരൂഖ്‌ എരിപൊരി കൊണ്ട് നില്കുന്നു, ഓസ്ട്രല്യന്‍ പെനാല്‍ടി അടി ഇന്ത്യക്കാരി തടുക്കുമോ?

ഹൈദരബാദി മാനാജെരദ്യഹത്തിന്റെ മുഖത്ത് യാതൊരു കൂസലുമില്ല! ഒന്നനങ്ങി, ടൈ ഒക്കെ ഒന്ന് ലൂസാക്കി പ്ലേറ്റ് അടക്കം കയ്യില്‍ എടുത്തു വച്ചു, പാല് പോലെ കറിയും തേനില്‍ മുക്കിയ ശര്‍ക്കര പോലെ ചിക്കനും അകത്താക്കി! വിരലുകളെല്ലാം മൂഞ്ചി വൃത്തിയാക്കി വീണ്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നു. രണ്ട് ചപ്പാത്തി കൂടി കിട്ടിയിരുന്നെങ്കില്‍ എന്റെ ഡിന്നര്‍ കുശാലയേനെ എന്ന ഭാവം! ആ ഭാവം കണ്ടപ്പോള്‍ വീണ്ടും അരിശം കയറിയെങ്കിലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഇത് എന്തൊരു സദനം? വായും തൊണ്ടയും വയറുമൊക്കെ സ്ടീലാണോ?

കൂടുതല്‍ വാഗ്വതത്തിനു നിന്നില്ല, സംയമനം പാലിച്ചു ഓക്കേ പറഞ്ഞു. കോച്ച് ഷാരൂഖ്‌ അര്‍ത് വിളിച്ചു കെട്ടിപിടിക്കുന്നു, കളത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ജയബേരി മുഴക്കുന്നു... "ചക് ദേ ഓ ചക് ദേ ഇന്ത്യ"... മാനേജരും റൂം ബോയിയും സ്ഥലം വിട്ടു. അവര്‍ മനസ്സില്‍ "ചക് ദേ ചില്ലി ചിക്കന്‍" വിളിച്ചിട്ടുണ്ടാവും! അവര്‍ പുറത്തു ഇറങ്ങിയപ്പോള്‍ സംശയം തോന്നി, "അയാള്‍ ഓടി ടോയിലെറ്റില്‍ പോയ്ക്കാനുമോ എന്ന്?", വാതില്‍ തുറന്നു നോക്കി, കണ്ടില്ല!

പിറ്റേന്ന് കാലത്ത് ഞങ്ങള്‍ രണ്ടു പേരും ബാത്‌റൂമില്‍ നിന്നിറങ്ങാന്‍ കുറെ വൈകി. പരസ്പരം ഒന്നും പറഞ്ഞില്ല. സംഗതി രണ്ടുപേരും മനസില്ലാക്കി! "ഇന്ത്യന്‍ ചില്ലി ചിക്കെന്റെ" സൈഡ് എഫെക്റ്റ് !!!

സമീര്‍
ചെന്നൈ, 1 നവംബര്‍ 2010

Friday, October 22, 2010

കിംഗ്‌ ഫിഷര്‍

അവളെ ദിവസവും കാണാറുണ്ട്. എന്നും രാവിലെയും വൈകിട്ടും അവളെ കാണാന്‍ ഞാന്‍ കാത്തിരിക്കും. അവളെ കാണാന്‍ എന്നും എന്റെഅ ഉള്ളം തുടിച്ചിരുന്നു. എങ്ങനെ സ്വന്തമാക്കും എന്ന ചിന്തയായി മനസ്സില്‍. അവളുടെ ചുവന്ന തുടുത്ത ചുണ്ടുകളും, ഇമ വെട്ടാതെ ആരെയും കൊത്തിയെടുക്കുന്ന നോട്ടവും ദിവസവും എന്റെട ഉറക്കം കെടുത്തി. അവള്‍ എന്നെ കണ്ട ഭാവം നടിക്കാറില്ല.  എല്ലാ ദിവസവും ഞാന്‍ അവളെ പിന്തുടര്‍ന്ന്  കൊണ്ടിരിന്നു. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, എന്തൊക്കെ ചെയ്യുന്നു... എല്ലാം മനസ്സിലാക്കി അവളെ എങ്ങനെ കറക്കിയെടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു...

എന്റെ ചങ്ങാതിയോട് ഞാന്‍ ഈ കാര്യം പറഞ്ഞു. അവളെ കണ്ടപ്പോള്‍ അവന്റെ ഉള്ളിലും എന്നെപ്പോലെ തന്നെ അവളോട്‌ പ്രേമം പൊട്ടി വിടര്‍ന്നു. എന്തൊക്കെ തന്നെ സംഭവിച്ചാലും അവളെ വീഴ്ത്തിയിട്ടു തന്നെ കാര്യം എന്ന് ശപഥം ചെയ്തു. പല പണികളും ഒപ്പിച്ചു. പലതും പ്രയോഗിച്ചു. പക്ഷെ അവള്‍ വലയില്‍ വീണില്ല.

ഒരു ദിവസം പതിവ് പോലെ ഞാന്‍ അവളെ പിന്‍തുടര്‍ന്നു.  അവളുടെ പതിവ് വഴിയില്‍ നിന്നും വിത്യാസം വന്നിരിക്കുന്നു. അവള്‍ തോടിന്റെ ഭാഗത്ത് പോയിരിക്കുന്നു. എന്ടെ വീടിന്റെ ബൈയ്യപ്പുറത്തു  തോടാണ്. അതിനപ്പുറം വിജനമായ വലിയ പറമ്പും തോടിന്റെ കയ്യാലയുമാണ്.  ആ ഭാഗത്ത്‌ അവള്‍ അങ്ങനെ പോകാറില്ല. ഞാന്‍ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. അവള്‍ കാണാതെ ഞാന്‍ പിന്നാലെ തന്നെ വച്ച് പിടിച്ചു. പെട്ടെന്ന് അവള്‍ അപ്രത്യക്ഷയായി. എനിക്കാകെ വേവലാതിയായി. ഇതു വരെ കണ്ട അവള്‍ എവിടെപ്പോയി? കുറെ നേരം ഞാന്‍ തെങ്ങിന്‍റെ മറവില്‍ തന്നെ അവളെ കാത്തിരുന്നു. പെട്ടെന്നതാ അവള്‍ ചിറകു വിടര്ത്തിത പറന്നുയരുന്നു! തോടിന്റെ വക്കതുള്ള ഒരു പൊത്തില്‍ നിന്നും അവള്‍ നീല ചിറകുകള്‍ വിടര്‍ത്തി എന്റെ നെഞ്ചിലൊരു മിന്നലാട്ടം വിരിയിച്ചു പറന്നുയര്ന്നു ...

ആ തോടിന്റെ് തിണ്ടകളില്‍ ഒരു പാട് മാളങ്ങള്‍ ഉണ്ട്. പാമ്പുകളാണ് സാധാരണ ആ മാളങ്ങളില്‍ കൂടി കയറി ഇറങ്ങുന്നത് കാണാറുള്ളത്‌. ചങ്ങാതിയോട് കാര്യങ്ങള്‍ വിവരിച്ചു. അടുത്ത ഒന്ന് രണ്ടു ദിവസങ്ങള്‍ കൂടി ഞങ്ങള്‍ അവളെ നിരീക്ഷിച്ചു. അവള്‍ കള്ള കണ്ണുകള്‍ തോട്ടിലെ വെള്ളത്തില്‍ ഊഴ്ന്നി സാധാരണ പോലെ മരക്കൊമ്പില്‍ ഇരുന്നു, പെട്ടെന്ന് വെള്ളത്തിലേക്ക്‌ പറന്നിറങ്ങി തടിച്ചു കൂര്‍ത്ത ചുവന്ന ചുണ്ടുകള്‍ കൊണ്ട് മീന്‍ കൊത്തിയെടുത്ത് വയര് നിറച്ചു. ഞങ്ങള്‍ അക്ഷമരായി തോടിന്റെ തിണ്ടയില്‍ മറയില്‍ കാത്തിരുന്നു. അവള്‍ തോടിന്റെ് വക്കത്തെ ഏതു മാളത്തില്‍ ആണ് കയറുന്നത് എന്ന് കണ്ടു പിടിക്കാന്‍. അവളുടെ ഈ മീന്‍ പിടുത്തം ബൈയ്യപ്പുറത്തെ പടിയിലിരുന്നു ഞാന്‍ മണിക്കൂറുകളോളം ആസ്വദിക്കാറുണ്ട്.

പൊത്തില്‍ കൈയിട്ടു നോക്കാന്‍ പേടിയുണ്ടായിരുന്നു. അവള്‍ പറന്നു പോയപ്പോള്‍ ഞാനും ചങ്ങാതിയും അവള്‍ അതിനകത്ത് എന്താണ് ചെയുന്നത് എന്ന് നോക്കാന്‍ തീരുമാനിച്ചു. പാമ്പോ തെളോ ഉണ്ടാകുമെന്ന് കരുതി കയ്യില്‍ പ്ലാസ്റ്റിക്‌ സഞ്ചി കെട്ടി ഞാന്‍ മാളത്തില്‍ കൈയിട്ടു. കൈ മുഴുവനും അകത്തേക്ക് കയറ്റി ഞാന്‍ തപ്പി നോക്കി. കയ്യില്‍ എന്തോ തടഞ്ഞു. പുറത്തേക്ക് എടുത്തു നോക്കി. ഒരു ചെറിയ മുട്ട. ഓഹോ! അങ്ങനെ ആണല്ലേ! പക്ഷികളുടെ കൂട് മരചില്ലയിലും, ഉണങ്ങിയ തെങ്ങിന്റെ മുകളിലും, വീടിന്റെ് ഓടിന്റെ ഉള്ളിലോക്കെയെ അതുവരെ കണ്ടിട്ടുള്ളൂ! പക്ഷികള്‍ക്ക് ഇങ്ങനെയും കൂടുണ്ട് എന്നുള്ളത് ആദ്യത്തെ അറിവായിരുന്നു. എന്ത് ചെയ്യണം എന്ന് ആലോചിച്ചു! അവള്‍ അടുത്ത പ്രാവശ്യം കയറിയാല്‍ തുള അടച്ചു അവളെ സ്വന്തമാക്ക്യാലോ എന്നാലോചിച്ചു. പക്ഷെ ആ മാളത്തിന്റെ അകത്തു വേറെ മാളങ്ങള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ചിലപ്പോള്‍ രക്ഷപ്പെടാം. അവളുടെ മുട്ട അവിടെ തന്നെ തിരിച്ചു വച്ച്. അത് വിരിഞ്ഞാല്‍ കുട്ടിയെ എടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു.

ആ സമയത്ത് പക്ഷികളെ പിടിക്കുക, അവയെ വളര്‍ത്തുക എല്ലാം ഞങ്ങള്‍ കുട്ടിപടയ്ക്കു വലിയ ഇഷ്ടമായിരുന്നു. കാക്ക, മൈന, തത്തമ്മ, ചെമ്പോത്ത്, പ്രാവ്, പരുന്ത് മുതലായവയെ വളര്‍ത്തിയിരുന്നു. പക്ഷെ മീന്‍ കൊത്തി പക്ഷിയെ (കിംഗ്‌ ഫിഷര്‍) അത് വരെ കിട്ടിയിട്ടില്ലയിരുന്നു! അവളെ എന്നും കൌതുകത്തോടെ നോക്കി കാണാനുള്ള ഭാഗ്യമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ ഈ അവസരം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടുമ്പോള്‍ ഞങ്ങള്‍ മാളത്തില്‍ കൈ ഇട്ടു നോക്കും. എന്തായി എന്നറിയാന്‍! അങ്ങനെ രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞു.

സ്കൂള്‍ വിട്ടു വന്നപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടു പേരും തോടിന്റെ വരമ്പിലേക്ക്‌  ഓടി. മാളത്തില്‍ നിന്ന് “കീ.. കീ..” എന്ന ശബ്ദം. കയ്യില്‍ എടുത്തു നോക്കി, ചെറിയൊരു കിംഗ്‌ ഫിഷര്‍! വെറും മാംസക്കഷണം...  നൊന്തു പ്രസവിച്ച പോലെയുള്ള സന്തോഷമായിരുന്നു! തിരിച്ചു അവിടത്തന്നെ വച്ച്. അങ്ങനെ അടുത്ത ഒരു രണ്ടയ്ച്ച അതിന്റെ കണ്ണ് തുറന്നോ, ചിറകു വന്നോ, എന്നുള്ളതൊക്കെ ദിവസവും ചെന്ന് നോക്കി. തൂവലും ചിറകുമൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ അതിനെ തത്തയുടെ കൂടിലാക്കി വീട്ടില്‍ കൊണ്ട് വന്നു പുറത്തെ മരത്തില്‍ തൂക്കിയിട്ടു. ഞങ്ങള്‍ ചോറും മീന്‍കറി ഒക്കെ കൊടുത്തു നോക്കി. പക്ഷെ ലിറ്റില്‍ കിംഗ്‌ ഒന്നും തന്നെ തിന്നില്ല. ഞങ്ങള്‍ അടുതില്ലാത്ത സമയത്ത് അമ്മക്കിളി വന്നു കൂടിനു പുറത്തിരുന്നു വലിയ കൊക്ക് കൂടിനുള്ളിലേക്ക് തിരുകി കുട്ടിക്ക് ഇര കൊടുത്തു. അവള്‍ കൊടുക്കുന്നതൊക്കെ ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ചെറിയ തുമ്പി, വളരെ ചെറിയ മീന്‍ എന്നിവയാണ് കുട്ടിയുടെ തീറ്റ. പിന്നെ ഞങ്ങള്‍ തന്നെ തുമ്പിയും ചെറിയ മീനിനെയുമൊക്കെ പിടിച്ചു കൊണ്ട് വന്നു കൊടുക്കും, കുട്ടി അതൊക്കെ ഉഷാറായി തിന്നു വളര്ന്നു വന്നു. അതിനിടയില്‍ ഞങ്ങള്‍ അമ്മായ കൂടിനുള്ളില്‍ കയറ്റി കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റു സന്തോഷത്തോടെ കൂടിനടുത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച കരയിപ്പിച്ചു കളഞ്ഞു. ഞങ്ങളുടെ “ലിറ്റില്‍ കിംഗ്‌ ഫിഷര്‍” ചത്ത്‌ മലര്ന്നു കിടക്കുന്നു. സങ്കടം സഹിക്കാന്‍ പറ്റിയില്ല... കരച്ചില്‍ വന്നു... കരഞ്ഞു. കാലിനും വയറിനും കടിച്ചിട്ടുണ്ട്. എലിയാണ്! അത് മരത്തിലൂടെ കയറി എങ്ങനെയോ കൂട്ടിലുള്ള കുട്ടിയെ കടിച്ചിരിക്കുന്നു! ഒരെലിയെ പോലും ജീവനോടെ വയ്ക്കില്ല എന്ന് ശപഥം ചെയ്തു. അങ്ങനെ നിന്നപ്പോള്‍ അതാ അമ്മക്കിളി വായില്‍ ഇരയുമായി എത്തിയിരിക്കുന്നു. അമ്മക്കിളി കൂടിനു മേലെ വന്നിരുന്നു കുറെ ശബ്ദമുണ്ടാക്കി! കൂടിനു ചുറ്റുമായി കുറെ സമയം പറന്നു.. കരഞ്ഞു. അതിന്റെ സങ്കടം എന്തായിരിക്കും! ചങ്ങാതി വന്നപ്പോള്‍ അവനും സങ്കടം സഹിക്കാന്‍ പറ്റിയില്ല. രണ്ടു പേരും ചേര്ന്ന് ഒരു ചെറിയ കുഴി കുത്തി അതില്‍ ഞങ്ങളുടെ ലിറ്റില്‍ കിംഗ്‌ ഫിഷറിനെ അടക്കം ചെയ്തു...

സമീര്‍
ചെന്നൈ, 22 ഒക്ടോബര്‍ 2010

Friday, October 15, 2010

മഴ പെയ്യുന്നു... മദ്ദളം കൊട്ടുന്നു...

ചെറുപ്പത്തിലെ എനിക്കും ചങ്ങാതിമാര്‍ക്കും സിനിമ പിരാന്താണ്. പുതിയ പടങ്ങള്‍ വന്നാല്‍ ആദ്യത്തെ കളി തന്നെ കാണണം. ഞങ്ങള്‍ കുട്ടികള്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയെ ടിക്കറ്റിനുള്. ഒരു രൂപ!!! ഏറ്റവും മുന്നിലുള്ള ബെഞ്ചില്‍ ഇരുന്നു വലിയ സ്ക്രീനില്‍ കാണാം. തല ഇടയ്കിടെ ഇടത്തോട്ടും വലത്തോട്ടും തിരിക്കണം! എന്നാലെ സ്ക്രീനിലുള്ള എല്ലാരേം കാണാന്‍ പറ്റൂ. തുടക്കത്തില്‍ എഴുപത്തഞ്ചു പൈസ ആയിരുന്നു. ഒരു രൂപ ആക്കിയത് ഞങ്ങളെ വളരെ സങ്കടപെടുത്തിയിരുന്നു . അതിനെ കുറിച്ച്  ഗൌരവത്തോടെ ചര്‍ച്ചയും ചെയ്തിട്ടുണ്ട്. കാരണം ഞങ്ങള്ക് സാമ്പത്തിക മാന്ദ്യം അന്നേ ഉള്ളതാണ്...

മൂത്തമ്മയുടെ മോനും, പിന്നെ അയല്‍വാസി കളിക്കൂട്ടുകാരുമാണ് സിനിമ കാണാന്‍ പോകാറ്. സ്കൂള്‍ വിട്ടു വരുമ്പോള്‍ പടം മാറിയോ എന്ന് എപ്പോഴും നോക്കും. വരുന്ന വഴികളില്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടാവും. സില്‍ക്ക് സ്മിതയും അനുരാധയും ഒക്കെ ആണെങ്കില് പോസ്റ്റര്‍ നോക്കാന്‍ പേടിയാണ്. തലയ്ക്ക് നല്ല ചുട്ട ചൊട്ട്‌ കൊള്ളും. മലയാളികള്‍ ആണെന്നുള്ള ഒരു അഹങ്കാരവും അന്ന് ഞങ്ങള്‍ ആര്‍ക്കും ഇല്ലായിരുന്നു. പ്രേംനസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, വിജയകാന്ത്, അര്‍ജുന്‍, ചിരഞ്ജീവി, അമിതാബ് ബച്ചന്‍, മിഥുന്‍ ചക്രബര്‍ത്തി, ഗോവിന്ദ, അനില്‍ കപൂര്‍, ജാക്കി ശ്രോഫ്, ജാക്കിചാന്‍ ... അങ്ങനെ പോകുന്നു ഇഷ്ട താരങ്ങളുടെ നീണ്ട നിര.

ടിക്കെട്ടിന്റെ കാശുണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് ഞങ്ങള്‍ ഏറ്റെടുത്തു അതി കഠിനമായി പ്രയത്നിച്ചു ഉണ്ടാക്കാറുണ്ട്. പല വഴികളും പരീക്ഷിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്. അല്ലറ ചില്ലറയായി കിട്ടുന്നു അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും കൂട്ടി വയ്ക്കും. അന്ന് പുതിയ പടങ്ങള്‍ ഞായറായ്ച്ചകളില്‍ ആണെന്ന് തോന്നുന്നു വന്നിരുന്നത്. പന്ത്രണ്ടു, മൂന്ന്, ആറു, ഒന്‍പതു ആണ് പ്രദര്‍ശന സമയങ്ങള്‍...

സിനിമ മാറുന്ന അന്ന് അതറിയിച്ചു കൊണ്ട് ഉച്ചഭാഷിണി കെട്ടി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ജീപ്പുകള്‍ വരും. അതിന്റെ സമയത്ത് ഞങ്ങള്‍ മുള പീടികയില്‍ ഇരിപ്പുണ്ടാവും. ഏതാണ് സിനിമകള്‍ എന്നറിയാനുള്ള ആകാംഷയാണ്. അത് കൂടാതെ ജീപ്പില്‍ നിന്ന് സിനിമയുടെ നോട്ടിസുകള്‍ വാരിയെറിയും. ഞങ്ങള്‍ ജീപ്പിനു പിന്നാലെ ഓടി അത് പെറുക്കിയെടുക്കും. പത്രവും സിനിമ വാരികകളും ഒന്നും വാങ്ങാരും വായിക്കാത്തതും കൊണ്ട് ഞങ്ങളുടെ സിനിമ വിവരം അത്രയ്കെ ഉള്ളു.  പിന്നെ ടാക്കീസില്‍ പോയാല്‍ "ഉടന്‍ വരുന്നു" എന്നിടത്ത് പോസ്റ്റര്‍ കണ്ട പരിചയവും...

ഇന്ന് മുതല്‍ ഇതാ ... അശോക്‌ ടാക്കീസില്‍ "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ എല്ലാവരും ജീപ്പിന്റെ പിന്നാലെ ഓടി... നോട്ടിസുകള്‍ പെറുക്കിയെടുത്തു. മോഹന്‍ലാലിന്‍റെ ചപ്പിയ ചിരിയുമയുള്ള നോട്ടീസ്. സംവിധാനം പ്രിയദര്‍ശന്‍, കൂടാതെ മുകേഷ്, ശ്രീനിവാസന്‍, രാജു, ജഗതി, പപ്പു.... "എടാ നല്ല ബിറ്റായിരിക്കും, ഞമ്മക്ക് പോയാലോ"... താമസിച്ചില്ല, അത് വരെ കൂട്ടി വച്ച ചില്ലറയൊക്കെ മുട്ടിയെടുത്തു, പുള്ളി ലുങ്കി മടക്കി കുത്തി ഞങ്ങള്‍ കുട്ടിപട സിനിമാ കാണാന്‍ തിരിച്ചു...

ജനക്കൂട്ടത്തെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്ക്  സംഭവം നടക്കുമോ എന്ന സംശയമായി. എങ്ങനെ ടിക്കറ്റ്‌ എടുക്കാം എന്ന് ഒരു വിധം പരിശീലനങ്ങള്‍ കഴിഞ്ഞിരുന്നു. ഒരു ഗുഹയില്‍ കൂടി നൂറ്റമ്പത് മീറ്റെറോളം നടന്നാലേ ടിക്കെറ്റ് കൌണ്ടര്‍ എത്തു. ഗുഹാ-മുഖത്ത് യുദ്ധം നടക്കുന്നത് പോലെ ഉണ്ട്. ഞങ്ങള്‍ നാല് പേരുണ്ട്. ഒരുത്തന്‍ ആള്‍കാരുടെ കാലിന്റെ ഇടയില്‍ കൂടി ഒരു നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചു. കുറച്ചു ചവിട്ടൊക്കെ കൊണ്ട് തിരിച്ചുവന്നു!!! വേറൊരുത്തന്‍ ആള്‍കാരുടെ കൂടെ തിക്കി തിരക്കി നോക്കി. ഞങ്ങള്‍ മൂന്നുപേര്‍ അവനെ പിന്നില്‍ നിന്ന് തള്ളി കയറ്റാന്‍ ശ്രമിച്ചു! ഹാ നടക്കുന്നില്ല... ഗുഹാമുഖത്തുകൂടി കഷ്ട്ടി ഒന്നര ആളെ അകത്തു കടക്കാന്‍ പറ്റൂ, അവിടെ പത്തിരുപതു തലകളും, നാല്‍പതു കയ്യും, പുറമേ കാലുകളും! എങ്ങനെ പറ്റാന്‍!!!

അതിസാഹസം കാണിക്കാതെ വയ്യ. ബള്‍ബ്‌ കത്തി! ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങി. തിക്കും തിരക്കും ഒന്ന് കൂടി ശക്തിയായി. തലമണ്ട ഒന്ന് തെളിഞ്ഞു. "എന്നെ പൊക്കി ആള്‍കാരെ മോളിലെക്കിട്" മൂന്നുപെരോടുമായി ഞാന്‍ പറഞ്ഞു. "എടാ അത് കുഴപ്പാവും", ഒരു കൈ നോക്കാമ്ട എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ടു പോയി. തിക്കുന്ന രണ്ടു പേരുടെ പുറത്ത് പിടിച്ചു ഞാന്‍ മേലോട്ടുയര്‍ന്നു... രണ്ടു പേര്‍ എന്ടെ കാലും ഒരാള്‍ എന്ടെ കുണ്ടിയും തള്ളിതന്നു .. എല്ലാവരുടെയും തലയ്ക് മുകളിലൂടെ ഞാന്‍ ഗുഹയുടെ ഉള്ളിലേക്ക്!!!

വായുവില്‍ തന്നെ ആണുള്ളത്... നിലം തൊട്ടിട്ടില്ല. എന്നില്‍ കണ്ടു ഒരുവന്‍ പിന്നാലെ വന്നിരുന്നു. അവന്റെ കാലിനി പിടിച്ചു ആള്‍കാര്‍ പിന്നോട്ട് വലിച്ചിട്ടു. ആരെക്കെയോ നല്ല പച്ച മലയാളം പറയുന്നുണ്ട്. എല്ലാവരോടും ചിരിച്ചു കാണിച്ചു ഒരു വിധം നിലം തൊട്ടു. പതിയെ മുന്നോട്ടു നീങ്ങി. ഗുഹയില്‍ വായു കടക്കാന്‍ കയ്യുടെ വലിപ്പത്തില്‍ ഇടയ്കിടെ ചെറിയ തുളകള്‍ ഉണ്ട്. ഞാന്‍ എവിടെ എത്തി എന്നുള്ളത് പുറത്തുള്ള ചങ്ങാതികല്കു അതുവയി കൈ കാട്ടിയും കൂവിയും വിസിലടിച്ചും സിഗ്നല്‍ കൊടുത്തു.

മുന്നില്‍ നാലഞ്ചു പേര്‍ കൂടിയേ ഉള്ളു... സിനിമ കാണുന്നതോര്‍ത്തു ഭയങ്കര സന്തോഷം തോന്നി. പത്തു മിനുട്ടെ തുടങ്ങനുള്ള്. "നൂണ്‍ ഷോ", ആദ്യത്തെ പ്രദര്‍ശനം, കാണുക എന്നുള്ളത് അഭിമാനമാണ്. ഞാന്‍ നാലു രൂപ എണ്ണി തിട്ടപെടുത്തി. അത് അരയില്‍ ലുങ്കിയില്‍ കെട്ടി വച്ചതാണ്. വീണു പോകാതിരിക്കാന്‍. തൊട്ടു മുന്നിലുള്ള ആള്‍ ടിക്കറ്റ്‌ എടുത്തു പോയി. ഞാന്‍ ചില്ലറയുമായി കൌണ്ടറില്‍ കയ്യിട്ടു!! അയാള്‍ ഒരു ബോടെടുത്തു എന്ടെ കൈ പുറത്തോട്ടു തള്ളി. "നാലെണ്ണം" ഞാന്‍ പറഞ്ഞു... ബോട് കണ്ടു കൂടെ? ഫുള്ളായി! അയാള്‍ ഹൌസ് ഫുള്‍ ബോട് വച്ചുകൊണ്ട് പറഞ്ഞു... ടിക്കറ്റ്‌ കഴിഞ്ഞു! വിട്ടു കൊടുത്തില്ല.. "സ്ടൂല്‍ മതി" ഞാന്‍ പറഞ്ഞു.. "എല്ലാം കൊടുത്തു മോനെ".. സ്ടൂല്‍ എന്നാല്‍ തീയേറ്ററില്‍ കയറുന്ന വാതിലിന്റെ അടുത്ത് ചെറിയ ഒരു കസാല ഇട്ടു തരും, പല തവണ അങ്ങനെയും സിനിമ കണ്ടിട്ടുണ്ട്! എനിക്ക് ശരിക്കും കരച്ചില്‍ വന്നു...

എല്ലാ ശ്രമങ്ങളും വെള്ളത്തില്‍... വിയര്‍ത്തത് വെറുതെ, പച്ച തെറി കേട്ടത് വെറുതെ, വെയില് കൊണ്ട് ഇതുവരെ വന്നത് വെറുതെ, ആകാശത്ത് പറന്നു ഗുഹയില്‍ കയറിയത് വെറുതെ... വിട്ടു കൊടുത്തില്ല, ഞങ്ങള്‍ കൂട്ടമായി തീരുമാനിച്ചു... അടുത്ത കളി, മൂന്ന് മണിയുടെ "മാറ്റിനീ", കണ്ടിട്ടേ പോകൂ! ഞാന്‍ ഗുഹയില്‍ അതെ നില്പ് തുടര്‍ന്നു...

സമീര്‍
ചെന്നൈ, 15 ഒക്ടോബര്‍ 2010

Tuesday, October 5, 2010

ആന്റ്റെ മേരിഡിഎം

സ്നേഹിതന്‍ മുത്തു അവന്റെ "ജെയിംസ്‌ ബോണ്ട്‌" വണ്ടിയുമായി വരുന്നുണ്ട്. ആ കാര്‍ വാങ്ങിയെടത് കൊടുത്താല്‍ തിരിച്ചെടുക്കില്ല. എപ്പോള്‍ എവിടെ നിന്നുകളയും, സ്റ്റാര്‍ട്ട്‌ ആകുമോ, ആയാല്‍ തന്നെ ഓടുമോ എന്നൊന്നും പറയാന്‍ പറ്റത്തില്ല എന്നാലും ജെയിംസ്‌ ബോണ്ട്‌ വളരെ നല്ലവനാണ്, ഉപകാരത്തിനു എത്തുന്നവന്‍.കുലുക്കി ശബ്ദമുണ്ടാക്കി ബോണ്ടിനെയും കൊണ്ട് മുത്തു എത്തി. "പോകാം", കയറിയിരുന്നു സീറ്റ്‌ ബെല്ടിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു. "അളിയാ അടിച്ചു പൊളിക്കാന്‍ പോകുകയാണല്ലേ" എന്ന് പറഞ്ഞു അവന്‍ വണ്ടി എടുത്തു... മുക്രയിട്ടു, ഒന്ന് ചീറ്റി, ബോണ്ട്‌ ഓടിത്തുടങ്ങി...

വീണ്ടും നാട്ടിലേക്കു പോവുകയാണ്, എത്രാമത്തെ പോക്കാണെന്ന് ഒരു നിശ്ചയവും ഇല്ല. വര്‍ഷങ്ങള്‍ ഒരുപാടായിരിക്കുന്നു ഈ മരുഭുമിയില്‍. പല ചിന്തകളില്‍ ആയിരുന്നു, മുത്തു നാട്ടുമ്പുറത്ത് തുടങ്ങി അമേരിക്ക വരെയുള്ള വിശേഷങ്ങള്‍ വാതോരാതെ സംസാരിക്കിന്നുണ്ട്. കാര്യമയിട്ട്ന്നും വാങ്ങാനില്ല. പേരിനൊരു പെട്ടി കെട്ടണം. അതിനു വേണ്ടി അല്ലറ ചില്ലറ സാധനം വാങ്ങണം. ഞങ്ങള്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു സാധനങ്ങള്‍ വാങ്ങാനായി കയറി. എന്തൊക്കെയാണ് വങ്ങേണ്ടാതെന്നു വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചു ചോദിക്കുന്ന പതിവ് നിര്‍ത്തിയിട്ടു കുറെ ആയി. ഇങ്ങോട്ട് ആരെങ്കിലും വിളിച്ചാലും പഴയ രംജിറവു സ്പീകിംഗ്‌ സിനിമയിലെ "കമ്പിളി പുതപ്പു.... കേള്‍ക്കുന്നില്ല...." ഉപയോഗിച്ച് രക്ഷപെടും. അല്ലറ ചില്ലറ വാങ്ങിയാല്‍ തന്നെ ഒരു നല്ല തുക ആവും. ഇവിടുത്തെ ഷോപ്പിംഗ്‌ അങ്ങനെ ആണ്. പൈസ കൊടുക്കുമ്പോള്‍ ഉള്ളൊന്നു കാളി, പറയാന്‍ മാത്രം ഒന്നും വാങ്ങിയില്ല, എന്നാലും ബില്ല്... ഹ.. നടക്കട്ടെ...

എല്ലാം പെറുക്കി ബോണ്ടിന്‍റെ ഡിക്കിയിലാക്കി എന്റെ റൂമിലേക്ക്‌ തിരിച്ചു. നാളെ രണ്ടു മണിക്കാണ് വിമാനം. ഒരു മണിക്ക് അവിടെ എത്തിയാല്‍ മതി. പന്ത്രണ്ടു മണിക്ക് വരാമെന്ന് പറഞ്ഞു മുത്തു പോയി. ഞാന്‍ എല്ലാം വരിക്കുട്ടി പായ്ക്ക് ചെയ്യാന്‍ തുടങ്ങി. പെട്ടി കേട്ടികൊണ്ടിരിക്കുമ്പോള്‍ ആദ്യത്തെ പോക്കിനെക്കുറിച്ച് ഓര്‍ത്തു. പെട്ടി കേട്ടലോക്കെ വലിയ ഒരു ചടങ്ങായിരുന്നു. കുറെ പേരുടെ ഒച്ചയും ബഹളവും, അങ്ങോട്ട്‌ കെട്ട്, ഇങ്ങോട്ട് വലിക്കൂ, എല്ലാം രസകരമായിരുന്നു. ഇന്ന് ഒറ്റയ്കെ ഉള്ളു, എല്ലാവരും അവരവരുടെ തിരക്കുമായി ഓട്ടത്തില്‍ ആണ്. അല്ലെങ്കിലും കഴിഞ്ഞ മൂന്ന് നാല് കൊല്ലമായിട്ടു ദുബായ് ഒരു പാട് മാറിയിരിക്കുന്നു... ഇവുടുത്തെ ആളുകളും... കുറെ നല്ല സുഹൃത്തുക്കള്‍ ഒയിച്ച്‌...

മെയ്‌ മാസം ആയിരുന്നു, വെയിലിനു നല്ല ചൂട്. ബോണ്ടുമായി മുത്തു പറഞ്ഞ സമയത്ത് തന്നെ വന്നു. അര മണിക്കൂര്‍ കൊണ്ട് ദുബായ് എയര്‍പോര്‍ട്ട് രണ്ടാമത്തെ ടെര്‍മിനലില്‍ എത്തി. ഞാന്‍ പെട്ടിയും കെട്ടും തൂക്കി മുത്തുവിനോട് യാത്ര പറഞ്ഞു. ട്രോള്ളി എടുത്തു എല്ലാം കയറ്റി വിമാന പുറപ്പെടുന്ന ടെര്‍മിനലിലേക്ക് നടന്നു. അത്യാവശ്യം വേണ്ടപ്പെട്ടവരെ ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. ഉച്ചസമയം ആയതിനാല്‍ തിരക്ക് കുറവായിരുന്നു.

ബാഗേജു പരിശോധന കഴിഞ്ഞു ഞാന്‍ ചെക്കിന്‍ കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ ക്വു ഉണ്ട്. പോക്കറ്റില്‍ നിന്ന് ടിക്കറ്റ്‌ എടുത്തു ഫ്ലൈറ്റ് നമ്പര്‍ നോക്കി. കൌണ്ടറിനു നേരെ മുകളില്‍ വച്ചിട്ടുള്ള സ്ക്രീനില്‍ എന്ടെ വിമാനത്തിന്റെ നമ്പര്‍ പരതി. താമസമുണ്ടോ എന്നറിയാന്‍. സ്ക്രീനില്‍ വിവരങ്ങള്‍ മാറി മറിഞ്ഞു വന്നു. പക്ഷെ എന്ടെ വിമാനത്തിന്റെ നമ്പര്‍ മാത്രം വന്നില്ല. മുന്നിലുള്ള ആളോട് ചോദിച്ചു "കോഴിക്കോടെക്ക് ഉള്ള ലൈന്‍ അല്ലേ?" അതെ എന്ന് മറുപടി. പെട്ടെന്ന് എന്ടെ അടി വയറു ഒന്ന് കാളി. തലയില്‍ ബാല്ബോന്നു കത്തി. അങ്ങനെ ആയിരിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ടിക്കറ്റിലെ ഫ്ലൈറ്റ് സമയം നോക്കി... പടച്ചോനെ...

വിചാരിച്ചത് തന്നെ, നെറ്റി വിയര്‍ത്തു... ഞാന്‍ അല്‍പ സമയം തലയില്‍ കൈ വച്ച് നിന്നുപോയി... എന്റെ വിമാനം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് പോയിരിക്കുന്നു, അതില്‍ പോയവരൊക്കെ വീട്ടില്‍ എത്തി ഉറങ്ങുന്നുണ്ടാവും. അതായതു ഇന്നലെ അര്‍ദ്ധ രാത്രി രണ്ടു മണിക്ക്... ടിക്കെറ്റില്‍ 02:00 എന്നെ ഉള്ളൂ,, അതായതു ഇന്ന് പുലര്‍ച്ചെ രണ്ടു മണി, ഉച്ചയ്ക്ക് ആണ് സമയം എങ്കില്‍ 14:൦൦ എന്നുണ്ടാവും. എയര്‍ ലൈന്‍സുകാര്‍ ആന്റെ മെരിദിഎമ് - am - എന്നോ പോസ്റ്റ്‌ മേരിടിഎം - pm - എന്നോ സമയത്തിന്റെ കൂടെ ടിക്കെറ്റില്‍ വയ്ക്കാറില്ല. ഈ അമളി എനിക്ക് പറ്റുമെന്ന് വിശ്വസിക്കാന്‍ പ്രയാസം. എല്ലാവര്‍ക്കും ഇതിനെ പറ്റി വാ തോരാതെ ക്ലാസ്സ്‌ കൊടുക്കുന്നവനാണ് ഞാന്‍. എന്താ ചെയ്യാ! ഭീമാബദ്ധം!

കൂടുതല്‍ ആലോചിക്കാതെ എയര്‍പോര്‍ട്ടില്‍ ഉള്ള എയര്‍ ലൈന്‍ ഓഫീസിലേക്ക് കുതിച്ചു. ഒരു മദ്ധ്യവയസ്കയാണ് ഓഫീസില്‍ ഉള്ളത്, അത് കൊണ്ട് കൂടുതല്‍ ജാള്യം ഇല്ലാതെ കാര്യം അവതരിപ്പിച്ചു. അവരൊന്നു ഊറിച്ചിരിച്ചു, ഒരാളെക്കൂടി വെട്ടിലാക്കി എന്ന രീതിയിലെ ചിരി ആയിട്ടാണ് എനിക്ക് തോന്നിയത്, അതിനു വേണ്ടിയായിരിക്കും ആന്റെ മേരിടിഎം (ante meridiem - am), പോസ്റ്റ്‌ മേരിടിഎം (post meridiem - pm) എന്ന് ടിക്കറ്റില്‍ സമയത്തിന്റെ കൂടെ വെക്കാത്തത്. "റീഫണ്ട്‌ ചെയ്യാം" അവര്‍ പറഞ്ഞു. ഓ!, സമാധാനമായി. അവര്‍ കണക്കു കൂട്ടി തുക പറഞ്ഞു, ഞാന്‍ മുഖം ചുളിച്ചു, അവര്‍ എഴുതിയത് നോക്കി, ദൈവമേ!!! അറുപതു ശതമാനത്തോളം തുക ഇന്ത്യ ഗവണ്മെന്റ് ഇതേ പോലുള്ള സര്‍വിസുകള്‍ തന്നു സ്നേഹിച്ചു കൊല്ലുന്നതിനു നികുതി  ആണ്. അത് തിരിച്ചു തരാന്‍ പറ്റില്ല! ഇനിയിപ്പോള്‍ ഞാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ആണ് എടുത്തത്‌, ഞാന്‍ പൈസ ഓണ്‍ലൈന്‍ അടച്ചപ്പോള്‍ തന്നെ ഭരിക്കുന്ന ഏതെങ്കിലും കള്ളന്റെ സ്വിസ് അക്കൗണ്ട്‌ലേക്ക് ഡയറക്റ്റ് ആയി പൈസ പോയിട്ടുണ്ടാവും എന്ന് കരുതി സമാധാനിച്ചു!!!

"ഇപ്പോള്‍ ഒരു ഫ്ലൈറ്റ് ഉണ്ട്, അതിനു പോകുന്നോ?" അവര്‍ ചോദിച്ചു. വീണ്ടും ആ നികുതി അടച്ചാല്‍ മതി!!! ഞാന്‍ ശരിയെന്നു തലയാട്ടി. എന്നോട് കുറച്ചു കത്ത് നില്‍കാന്‍ പറഞ്ഞു. ബാക്കി തുക കാശായിട്ട് അടക്കണം എന്ന് പറഞ്ഞു. കാര്‍ഡ്‌ എടുക്കില്ല. പോക്കെറ്റില്‍ തപ്പിയപ്പോള്‍ പൈസ കമ്മി ആണ്, ഒരു ATM തപ്പി ഞാന്‍ നടന്നു. ടെര്‍മിനലിന്റെ പുറത്തെ ചൂടിലും അകത്തെ തണുപ്പിലുംആയി മൊത്തം അന്യേഷിച്ചു!!! ഒരു  എടിഎമ്  പോലും ഇല്ല!!! ഒന്നുള്ളത് പണി കഴിഞ്ഞിട്ടില്ല. ഗ്ര്ര്ര്ര്‍... നായയെ കണ്ടാല്‍ കല്ല്‌ കാണില്ല!  പിന്നെയുള്ളത് ഡ്യൂട്ടി ഫ്രീയിലാണ്, അത് ചെക്കിന്‍ കഴിഞ്ഞു സെക്യൂരിറ്റി ചെക്കും കഴിഞ്ഞേ എത്താന്‍ പറ്റുള്ളൂ... ഹ!

മുത്തുവിനെ വിളിച്ചു, കാര്യം പറഞ്ഞു, അവന്‍ ഒന്ന് സ്തംഭിച്ചു, പിന്നെ ഒര്ശ്ചാര്യം. അവന്‍ വീണ്ടും ബോണ്ടുമായി എയര്‍പോര്‍ട്ടില്‍ എത്തി. അവന്റെ കയ്യിലുള്ള കാശ് ആയിരുന്നോ അല്ലെങ്കില്‍ പുറത്തു പോയി എടുത്തോ എന്നോര്‍മയില്ല. കാശുമായി വീണ്ടും എയര്‍ ലൈന്‍ ഓഫീസില്‍ പോയി. അവിടെ വേറെ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഇടയ്ക്കിടെ നിയന്ത്രണം വിട്ടു കരയുന്നു. മറ്റെയാള്‍ ആശ്വസിപ്പിക്കുന്നു. ഏട്ടനും അനുജനും ആണ്. എമര്‍ജന്‍സി ആയി നാട്ടില്‍ പോകുകയാണ്, ഉപ്പയോ ഏട്ടനോ മരണപ്പെട്ടതാണ്, കുടെയുള്ള ആള്‍ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. അല്‍പ സമയം അവരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന്. എന്തായാലും ആ ഫ്ലൈറ്റ്നു തന്നെ അവര്‍ക്ക് പോകാന്‍ പറ്റി. എനിക്ക് അന്ന് രാത്രിയിലേക്കുള്ള, അതായതു നാളത്തെ (ഞാന്‍ ഇന്ന് പുലര്‍ച്ചെ പോകേണ്ടിയിരുന്ന), ഫ്ലൈറ്റ്നു തന്നെ ഒരു ടിക്കറ്റ്‌ തന്നു. പുറത്തു നിന്ന് കിട്ടുന്നടിനെക്കാള്‍ പത്തു ശതമാനം വില കൂടുതല്‍ ആണ്. പക്ഷെ ഈ ടിക്കറ്റ്‌ പുറത്തു കിട്ടില്ല. പത്രണ്ട് മന്നിക്കുര്‍ മുന്‍പേ അവര്‍ ഏജന്റ്സ്നുള്ള ടിക്കറ്റ്‌ നിറുത്തി വയ്കും. അവരോടു നന്ദി പറഞ്ഞു ടിക്കെടും വാങ്ങി മുത്തുവിന്റെ വണ്ടിയില്‍ റൂമിലേക്ക്‌ തിരിച്ചു.

കേട്ടവേരെല്ലാം ഒന്നുകില്‍ മൂക്കത്ത് അല്ലെങ്കില്‍ തലയില്‍ കൈ വച്ച് ചിരിച്ചു, ആര്‍ക്ക് എങ്കിലും പറ്റിയിട്ടുണ്ടാകുമോ? അറിയില്ല!, രാത്രി വീണ്ടും എയര്‍പോര്‍ട്ട്-ലേക്ക്, മറ്റു ചില സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. വിമാനത്തില്‍ ഇരിക്കുമ്പോള്‍ പിന്നെയും പിന്നെയും ആലോചിച്ചു, ഇവര്‍ക്ക് ടിക്കറ്റില്‍ സമയത്തിന്റെ കൂടെ "മേരിഡിഎം" ചേര്‍ത്താല്‍ എന്താ!!!

അടികുറിപ്പ്:
ഇത് എങ്ങനെ പറ്റിപോയി എന്ന് ആഴത്തില്‍ ചിന്തിച്ചപ്പോള്‍ മനസില്ലായത്‌ ഇങ്ങനെ... രാത്രി ഉറക്കം കളയണ്ട എന്ന് കരുതി ഉച്ചയ്ക്കുള്ള ഫ്ലൈറ്റ് തന്നെ ആണ് ഉദ്ദേശിച്ചത്. അതിലെ സീറ്റ്‌ ഉണ്ടോ എന്ന് നോക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കുമ്പോള്‍ അന്നേ ദിവസം രണ്ടു ഫ്ലൈറ്റ് കാണിച്ചിരുന്നു. പുലര്‍ച്ചെ രണ്ടു മണിയുടെയും ഉച്ചയ്ക്ക് രണ്ടു മണിയുടെയും! ഞാന്‍ അവിടെ സെലക്ട്‌ ചെയ്തത് പുലര്‍ച്ചയുടെ ഫ്ലൈറ്റ് ആയിരിക്കും. ടിക്കറ്റ്‌ എടുത്തതിനു ശേഷം അത് തുറന്നു നോക്കിയിട്ടില്ല. ഉദ്ദേശിച്ചത് തന്നെയാണ് ചെയ്തത് എന്ന ആത്മവിശ്വാസം! വില്ലന്‍ "ഓവര്‍ കോണ്ഫിടെന്‍സ്"... അടി തെറ്റിയാല്‍ ആനയും വീഴും!!! എന്നാലും... പറ്റിപ്പോയി!

ഇന്നിപ്പോള്‍ ദുബായില്‍ മുത്തുവിന്റെ കൂടെ ഇരുന്നു ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നു...

സമീര്‍
ദുബായ്, 5 ഒക്ടോബര്‍ 2010

Monday, September 20, 2010

ചിട്ടി ആയി ഹെ

ഈ പാട്ട് ആദ്യം നിങ്ങള്‍ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു... ഇവിടെ ക്ലിക്ക് ചെയ്യുക... (Youtube link for the song http://www.youtube.com/watch?v=0qBYoP-DySY)

പാട്ട് എന്നും മനസ്സിന് ഒരു സുഖവും കുളിര്‍മയും നല്‍കുന്ന ഒരു നല്ല ഒറ്റമൂലി ആണ്, പ്രത്യേകിച്ച് ഗസല്‍. പൊതുവേ മദ്ധ്യ മലബാറുകാര്‍ ഗസല്‍ പ്രിയരാണ്. മെഹ്ദി ഹസ്സനെയും, ഗുലാം അലിയെയും, ജഗ്ജിത് സിംഗ്, ഹരിഹരന്‍, പങ്കജ് ഉധാസ് എന്നീ ഗസല്‍ ചക്രവര്‍ത്തിമാരെ മനസ്സില്‍ താലോലിക്കുന്നവര്‍. അതിന്റെ ഗുട്ടന്‍സ് അന്യേഷിച്ചു തല പുകയ്കേണ്ട, കുറെ ചരിത്രം തപ്പേണ്ടി വരും. ചെറുപത്തിലെ തബലയും ഹാര്‍മോണിയവും ചേര്‍ത്ത് ഒഴുകി വരുന്ന ഹിന്ദുസ്ഥാനി മേലടികലോടും ഗസലിനോടും പ്രണയമായിരുന്നു. രാഗവും താളവും "സംഗതിയൊന്നും" ചോദിച്ചാല്‍ അറിയില്ല! പക്ഷെ ഗസല്‍ നന്നായി ആസ്വദിക്കുകയും അവസരം കിട്ടിയാല്‍ അത് പാടുകയും ചെയ്യും. പാടുമ്പോള്‍ കൂടെ ഉണ്ടാവുന്നവര്‍ക്കും മേല്പറഞ്ഞ "സംഗതികള്‍" അറിയാത്തത് കൊണ്ട് ഇത് വരെ കരയേണ്ടി വന്നിട്ടില്ല.

സ്കൂളില്‍ ഏഴാം തരം മുതല്‍ പത്താം തരം വരെ ഞങ്ങള്‍ കുറെ ചങ്ങാതിമാര്‍ ഒരുമിച്ചായിരുന്നു. ഓരോ പിരീഡിന്റെയും ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ ഞങ്ങള്‍ ഡെസ്കില്‍ താളം പിടിച്ചു പാട്ടുപടിയാണ് അടുത്ത അധ്യാപകനെ വരവേല്‍കാര്. അന്ന് തുടര്‍ച്ചയായി പാടികൊണ്ടിരുന്ന ഒരു പാട്ടാണ് പങ്കജ് ഉദാസിന്റെ "ചിട്ടി ആയി ഹെ.. ആയി ഹെ.. ചിട്ടി ആയി ഹെ..." എന്ന ഗാനം. കേട്ടാലും കേട്ടാലും മതിവരാത്ത, പാടിയാലും പാടിയാലും പൂതി തീരാത്ത മാസ്മര ഗാനം.

"നാം" എന്ന സിനിമയില്‍ പങ്കജ് ഉദാസ് തന്നെ സ്റ്റേജില്‍ പടി അവതരിപിച്ച ഗാനം പ്രീ ഡിഗ്രിക്കും, പിന്നെ കമ്പ്യൂട്ടര്‍നു പഠിക്കുംപോയും പല സന്ദര്‍ഭങ്ങളില്‍ ആയി എന്ടെ ജീവിതത്തിന്റെ ഒരു ഭാഗമായി. കോഴിക്കോടും തലശ്ശേരിയിലും ജോലി ചെയ്യുന്ന സമയത്ത് വൈകുന്നേരം ലോക്കല്‍ ട്രെയിനില്‍ ഞങ്ങളുടെ  സംഗീത സദസ്സുകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവം.

ദുബായില്‍ എത്തിയപ്പോള്‍ ആറേഴു വര്‍ഷം ഒരു വിധം വാരാന്ത്യ കൂട്ടായ്മകളില്‍ സുഹൃദ് വലയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കലാശക്കൊട്ടു ഗാനമായി മാറി. പ്രവാസത്തിന്റെ ചൂടില്‍ ആ ഗാനത്തിന് പ്രാധാന്യം എല്ലാത്തിനും മുകളില്‍ ആയിരുന്നു. "വഴിയില്‍ കണ്ണ് നാട്ടു കല്യാണ മണ്ഡപത്തില്‍ ഇരിക്കുന്ന സഹോദരി... നിന്റെ അമ്മയുടെ പരിതാവസ്ഥ... നിന്നെ എന്നും സേവിക്കുന്ന, കണ്ടാല്‍ വിധവ ആണെന്ന് തോന്നുന്ന ഭാര്യ... നിന്റെ അച്ഛനായ എന്ടെ കാര്യം..." എന്നീ വരികള്‍ ചങ്കില്‍ കൊളുത്തി വലിക്കുന്നതിന്റെ കാഠിന്യം പ്രവാസികള്‍ക്കെ മനസ്സിലാവൂ...

ഒരു ദിവസം രാവിലെ പത്രത്തിന്റെ കൂടെയുള്ള ടാബ്ലോയ്ടില്‍ അര പേജില്‍ പങ്കജ് ഉദാസ്!!! ലൈവ് ഇന്‍ കണ്‍സെര്ട് ഓണ്‍...  നാളെയാണ്! ഓസിനു എവിടെ നിന്നെങ്കിലും പാസ് കിട്ടുമോ എന്ന് ശ്രമിച്ചു നോക്കി. പക്ഷെ കിട്ടിയില്ല. അല്ലെങ്കിലും ആവശ്യമുള്ള ഒന്നിനും കിട്ടില്ല. പരിപാടി ഹയാത് രിജന്‍സി  ഹോട്ടലില്‍ ആയിരുന്നു. ടിക്കറ്റ്‌ കിട്ടുന്ന സ്ഥലത്തൊക്കെ ചെന്ന് നോക്കിയെങ്കിലും കിട്ടിയില്ല. അവസാനം നേരിട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഭാഗ്യത്തിന് അവിടെ പുറത്തുള്ള കൌണ്ടറില്‍ നിന്നും ഒരു ടിക്കറ്റ്‌ ഒപ്പിച്ചു. അപ്പോഴും വിശ്വസിക്കാന്‍ പറ്റിയില്ല.

കൂടുതലും മദ്ധ്യവയസ്കര്‍ ആയിരുന്നു, അത്യാവശ്യം യുവജനവും ഉണ്ട്. വളരെ ശാന്തമായ സദസ്സ്. ഹര്ഷാരവങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ പ്രിയ ഗായകന്‍ ജനാബ് പങ്കജ് ഉദാസ് സാഹിബിനെ വരവേറ്റു. ഏതു ഹൃദയത്തെയും തൊട്ടുണര്‍ത്തി താലാട്ടുവാന്‍ കെല്പുള്ള ആ ശബ്ദമാധുര്യം സദസ്സിനെ തഴുകി എത്തി. അദേഹത്തിന്റെ ഗസല്‍ ആല്‍ബങ്ങളില്‍ നിന്നും, സിനിമയില്‍ പാടിയ ഗാനങ്ങളും ഞങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. ജീവുതത്തില്‍ ശരാബ് (മദ്യം) ഉപയോഗിച്ചിട്ടില്ല എന്നും പക്ഷെ കൂടുതല്‍ പാടിയത്‌ ശരാബി ഗസലുകലാനെന്നു അദ്ദേഹം പറഞ്ഞു. വമ്പിച്ച കയ്യടിയോടെയും വിസിലുകലോടെയും "ചിട്ടി ആയി ഹെ" തുടങ്ങി... അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത ഹര്‍ഷാരവം ആ പാട്ടിന്റെ ജീവന്‍ വിളിച്ചറിയിച്ചു. വീണ്ടും വീണ്ടും പാടാന്‍ വേണ്ടി സദസ്സില്‍ നിന്നും അഭ്യര്‍ഥനകള്‍... ഒന്പത് മണിക്ക് തുടങ്ങിയ ഗാനാലാപനം ഒരു മണിയോടെ അവസാനിച്ചു... അല്ലെങ്കില്‍ അവസാനിപിച്ചു, കാരണം ഞങ്ങള്‍ എത്ര മണിവരെയും ഇരിക്കാന്‍ തയ്യാറായിരുന്നു.

പരിപാടി കഴിഞ്ഞ് പങ്കജ് ഉദാസ് സാഹിബ്‌ ലോബിയില്‍ വരുമെന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ധേഹത്തെ നേരില്‍ കണ്ടു കയ്യൊപ്പ് വാങ്ങി കൈ കൊടുക്കുന്നതിന്റെ അസുലഭ നിമിഷത്തിനു ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. ആ പ്രിയ ഗായകന്‍ നിറഞ്ഞ പുഞ്ചിരിയോടെ വന്നു സീറ്റിലിരുന്നു ഓരോരുത്തര്‍ക്കായി ക്ഷമാപൂര്‍വ്വം സന്തോഷത്തോടെ ഓട്ടോഗ്രാഫ് എഴുതികൊടുത്തു. വരിയായി നിന്ന് ഞാനും ഓട്ടോഗ്രാഫ് എഴുതി വാങ്ങി നന്ദി പറഞ്ഞു.
ആളുകള്‍ വളരെ കുറഞ്ഞു, എന്ത് കൊണ്ടോ ഞാന്‍ അവിടെ തന്നെ തങ്ങി നിന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും ഓട്ടോഗ്രാഫ് കൊടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നടന്നു കുശലം പറഞ്ഞു. ഞാന്‍ ഒന്നും ആലോചിച്ചില്ല. നേരെ ചെന്ന് ആ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു, പോരാത്തതിനു കെട്ടിപിടിച്ചു കവിളത്തും ഒരെണ്ണം കൊടുത്തു, ആവേശം കുറച്ചു കൂടിപ്പോയി. അദ്ദേഹം ചിരിച്ചു കൊണ്ട് എവിടെ നിന്നാണ്, ഇവിടെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു... സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ ഞാന്‍ മറുപടി പറഞ്ഞു. പിന്നെ കൂടെ നിന്നു ഫോട്ടോയും എടുത്ത ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു...

ജീവിതത്തിന്റെ ഓര്‍മചെപ്പില്‍ എന്നെന്നും കാത്തുസൂക്ഷിക്കാന്‍ പറ്റിയ ഒരു അപൂര്‍വ അനുഭവം ആയിരുന്നു അത്. മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭുതിയായിരുന്നു. ജീവിതത്തിലെ ഒരു ഭാഗമായി മാറിയ "ചിട്ടി ആയി ഹെ" എന്ന ഗാനം തന്റെതായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും അനശ്വരമാക്കിയ കലാകാരന്റെ കൂടെ അല്‍പസമയം... ഇരുപതു വര്‍ഷം മുന്‍പ് പാടിയ ആ ഗാനം അതേ മാധുര്യതോടെ തന്നെയാണ് അദ്ദേഹം അന്നും ആലപിച്ചത്... ഈ ഗാനം ഒരിക്കലും മരിക്കില്ല... എന്നെ പോലുള്ളവരിലൂടെ ജീവിക്കും എന്ന കാര്യം നിസ്സംശയം!

സമീര്‍
ചെന്നൈ, 20 സെപ്റ്റംബര്‍ 2010
എന്റെ ജാലകം

Sunday, September 12, 2010

ഹൈവേ ഫുട്ബോള്‍

ഇന്ത്യയില്‍ മൊത്തം പണിമുടക്കാന്. മാര്‍ക്കെറ്റിലെ മീന്‍ വില്പനക്കാരനാണ് ഓര്‍മിപ്പിച്ചത്. "നാളെ ഒന്നും കിട്ടില്ല".പരിചയക്കാരനാണ്, ഒരു കിലോ കൂടുതല്‍ വാങ്ങി, എന്തായാലും വീട്ടില്‍ ഇരിക്കണം, അപ്പോള്‍ പിന്നെ മീന്‍ പൊരിച്ചും കരിച്ചും തിന്നു കളിക്കാം എന്ന് കരുതി . അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്കാന്, കാരണം അന്യേഷിച്ചു മിനക്കെടാന്‍ പോയില്ല, അത് നടത്തുന്നവര്‍ക്ക് പോലും അതറിയാന്‍ പറ്റില്ല. (http://www.harthal.com/)

പിറ്റേന്ന് കാലത്ത് ചെന്നയില്‍ ഓഫീസില്‍ വിളിച്ചു, അങ്ങനെ ഒരു സംഭവം അവര്‍ അറിയില്ല. കേരളത്തിലെ എന്ടെ ഈ കുഗ്രാമം പോലും, സൗകര്യം പോലെ ഹര്‍ത്താല്‍, ബന്ദ്, പണിമുടക്ക്‌ എന്നൊക്കെ ഓമനപേരില്‍ വിളിക്കുന്ന ജനജീവിതം സ്തംമ്പിപ്പിക്കല്‍ പരിപാടി ഉറങ്ങി ആഘോഷിക്കുകയാണ്. ഒരു വര്‍ഷമായി ചെന്നയില്‍, ഇത് വരെ ഈ പറഞ്ഞതൊന്നും അവിടെ കണ്ടിട്ടില്ല. ചെന്നൈ ഇന്ത്യയില്‍ അല്ലായിരിക്കും എന്ന് കരുതി. ഈ ബന്ദ് ദിനത്തില്‍ കുട്ടിക്കാലത്തെ ഒരു ബന്ദ്-ദിനം ഓര്‍മ വന്നു...

എത്ര അടിച്ചെടാ?.....
രണ്ടേ-ഒന്ന് (2-1)!!!
ഞങ്ങള്‍ രാവിലെ തന്നെ ഫുട്ബാള്‍ കളി തുടങ്ങി. അന്ന് ഭാരത ബന്ദ് ആണ്. തലശ്ശേരി ഉപ്പാന്റെ വീട്ടിലാണ്‌. മെയിന്‍ റോഡിനടുത്താണ് വീട്. അതും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളൊക്കെ പണ്ട് മുതലേ പേരുകേട്ടതാണ്, വഴിയെ മനസ്സിലായിക്കൊള്ളും!. വിജനമായ നാഷണല്‍ ഹൈവേ റോഡിലാണ് കളി! എളപ്പമാര്‍ (ഇളയച്ചന്‍) അടക്കം വലുതും ചെറുതുമായ ഒരു കൂട്ടം തന്നെ ഉണ്ട്. ടാറിട്ട റോഡിലെ കളിക്ക് ഒരു പുതുമ ഉണ്ടായിരുന്നു. മൂന്ന് നാലു പോലീസുകാര്‍ അടക്കം നല്ലൊരു കൂട്ടം പീടിക തിണ്ണയില്‍ ഇരുന്നു കളി കാണുന്നുണ്ട്. ഉച്ചയ്ക്ക് ഞങ്ങള്‍ ചോറ് തിന്നാനായി പിരിഞ്ഞു.

സ്കോര്‍ രണ്ടേ-രണ്ട് (2-2) ... മറുഭാഗം തിരിച്ചടിച്ചിരിക്കുന്നു.
ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ അടിച്ചുപൊളിച്ചു വീണ്ടും കളി ആരംഭിച്ചു. കളിക്ക് വാശിയും വീര്യവും കൂടി മൂത്ത് നില്‍കുമ്പോള്‍ അതാ കുടുകുടെന്നു ശബ്ദമുണ്ടാക്കി ഒരോട്ടോറിക്ഷ വരുന്നു. രണ്ട് ഭാഗത്തും കര്‍ട്ടനിട്ടു മൂടിയാണ് വരവ്. ഞങ്ങള്‍ കളിക്കുന്നിടതെത്തിയ ഉടനെ പീടിക തിണ്ണയില്‍ ഉണ്ടായിരുന്ന ബന്ദനുകൂലികള്‍ ഓട്ടോയെ വട്ടമിട്ടു. പിന്നെ അതിലുണ്ടായിരുന്നവര്‍ പറക്കുന്നതും, ഓട്ടോ തലകീഴായി കിടക്കുന്നതുമാണ് കണ്ടത്. ഒട്ടോയിലുണ്ടായിരുന്നവര്‍ എതിര്‍ ഭാഗത്തേക്ക്‌ ഓടി മറഞ്ഞു. "കള്ള് കുടിയന്മാര്‍" ആണ് എന്നൊക്കെ പറഞ്ഞു കേട്ടു. ഞങ്ങള്‍ കളി തുടര്‍ന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരിരമ്പല്‍ കേട്ടു. ഓട്ടോയിലെ ആളുകള്‍ ഓടിപ്പോയ ഭാഗത്ത്‌ നിന്നും ഒരു യുദ്ധത്തിനുള്ള ആള്‍കാര്‍ ഓടി വരുന്നു. ഞങ്ങള്‍ കുട്ടികളോട് വീട്ടിലേക്കു ഓടാന്‍ പറഞ്ഞു! പിന്നെ അവിടെ പൊരിഞ്ഞ അടിയും കുത്തും ആംബുലന്‍സും ഒക്കെയാണെന്ന് കേട്ടു. ഞങ്ങള്‍ കുട്ടികള്‍ നല്ലൊരു കളിയുടെ ഹരം നഷ്ടപെട്ട ദുഖത്തിലയിരുന്നു. ഒരാറു മണിയോടെ റോഡിലേക്ക് പോയി നോക്കി, ഞങ്ങള്‍ സുന്ദരമായി കളിച്ച റോഡിലൊക്കെ നിറയെ പോലീസ്. ഒരു നാലഞ്ചു വാന്‍ നിറയെ പോലീസുകാര്‍ വന്നിട്ടുണ്ട്. നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ചിട്ടുണ്ട് (IPC 144). ആ നമ്പര്‍ (144)  കേട്ടിട്ട് പുതുമയൊന്നും തോന്നിയില്ല. ഉമ്മാന്റെ വയറ്റില്‍ കിടക്കുന്ന കാലത്ത് കേള്‍ക്കുന്നതാണ്!!!

വൈകുന്നേരം നാലഞ്ചു പോലീസുകാര്‍ വീട്ടില്‍ വന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പോലീസിനെ കാണുന്നത് തന്നെ പേടിയാണ്. അവര്‍ വിശ്രമിക്കാന്‍ വന്നതാണ്‌. വീടിന്റെ കോലായില്‍ വിശാലമായ തണ ഉണ്ട്. അവര്‍ അതില്‍ കിടന്നു. ഉപ്പാന്റെ ഉമ്മ അവര്‍ക്ക് കട്ടന്‍ ചായ കൊടുത്തു കൊണ്ട് അവരോടു സൊറ പറഞ്ഞിരുന്നു. ഇതവിടെ ഇടയ്കിടെ ഉണ്ടാകുന്നതാണ്. പല പോലീസുകാരും പല പ്രാവശ്യം വന്നിട്ടുല്ലവരാണ്.

ഒരു ഗോള്‍ കൂടി അടിച്ചു, ഇപ്പോള്‍ രണ്ടു-മൂന്ന് (2-3) ആണ് നില.
പുറത്താരോ പറയുന്നത് കേട്ടു. തെല്ലൊന്നു അതിശയിച്ചു പോയി, ഞങ്ങള്‍ അത്രയല്ലല്ലോ അടിച്ചത്! ഞങ്ങള്‍ മൊത്തത്തില്‍ ഒരു പത്തു മുപ്പതു ഗോള്‍ അടിച്ചിട്ടുണ്ട്. ഓ! ഇത് മറ്റെതാണ്! തല വെട്ടു കളി... അവിടെ ഇതൊരു ഹോബിയാണ്... ഈ ഗോള്‍ നില കുത്തി-കൊന്നതിന്റെ ആണ്. രണ്ട് പേരെ കൊന്നതിനു, തിരിച്ചു ഒരുത്തനെ ചാമ്പിയിട്ട് പോരാത്തതിനു ബന്ദും പ്രഖ്യാപിച്ച പാര്‍ട്ടി ഉച്ചയ്ക്ക് രണ്ടാമത്തവനെ തട്ടി സമനില പിടിച്ചിരുന്നു. ലോകോത്തര കളിക്കാരെ വെല്ലുന്ന മികവ്! ഇപ്പോള്‍ ഒന്നിനെ കൂടി തട്ടി ലീഡ് ചെയ്യുന്നു... ഹാ! ഞങ്ങളുടെ കളി വെറും കുട്ടിക്കളി... എത്ര നിസ്സാരം! ഇനി ഇവിടെ കുറച്ചു ദിവസം ഇത് തന്നെ കളി. തല വെട്ടിക്കളി. വേണമെങ്കില്‍ "പുളി"ശ്ശേരി "എരി"ശ്ശേരി പോലെ "തല"ശ്ശേരി വച്ചു തരും! അല്ലെങ്കിലും ഞങ്ങള്‍ക്ക് പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ വലിയ താല്പര്യം ആണ്.

ഒരു പാട് എഴുതണമെന്നുണ്ട്, പക്ഷെ നിര്‍ത്തുന്നു. കാരണം, ഇത് വായിച്ചിട്ട് വല്ലവനും എന്ടെ തലയോ കയ്യോ കാലോ വെട്ടണം എന്ന് തോന്നിയാല്‍, അതിനു ഒരു ഈച്ച ചത്തതിന്റെ വില പോലും ഈ രാജ്യത്തുണ്ടാവില്ല എന്നറിയാം. പിന്നെ വല്ലതും ബാക്കിയുണ്ടെങ്കില്‍ അതും തുക്കിപിടിച്ചു നീതിക്കായി ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ കോടതി വരാന്തയില്‍ നിരങ്ങാന്‍ ഉള്ള ത്രാണി ഇല്ല. അത് കൊണ്ട് ഇവിടെ നിറുത്താം. ഭാരത മാതാ കി ... ലാല്‍ സലാം!


സമീര്‍
വടകര, 12 സെപ്റ്റംബര്‍ 2010

Tuesday, September 7, 2010

തീവണ്ടിയില്‍ ഒരു വിചിന്തനം

തീവണ്ടിയില്‍ നല്ല തിരക്കുണ്ട്‌, ചെന്നയില്‍ (മദ്രാസ്‌) നിന്നും നാട്ടിലേക്കാണ്‌. ഒരു മാസം മുന്‍പേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്താലേ സമാധാനത്തോടെ യാത്ര ചെയ്യാന്‍ പറ്റൂ. സീറ്റ് ഉറപ്പില്ലെങ്കില്‍ ദുരിതപൂര്‍ണമായ ഒരു യാത്രയായി കലാശിക്കും. മൂന്ന് നാലു തവണ ടൊഇലെടിനു അടുത്തായി നിലത്തു പത്രം വിരിച്ചു യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ടിക്കറ്റ്‌ നേരെത്തെ എടുത്തിരുന്നു. ചെന്നയില്‍ നിന്ന് മംഗലാപുരത്തേക്ക്, തിരിച്ചങ്ങോട്ടും, എപ്പോഴും തിരക്കാണ്. ഒരു വിധം എല്ലാ ദൂരയാത്ര തീവണ്ടിയുടെയും അവസ്ഥ ഇത് തന്നെയാണ്. വാരാവസാനം ടിക്കറ്റ്‌ കിട്ടുക എന്നത് ഭാഗ്യക്കുറിക്ക്‌ തുല്യം! അവധിക്കാലത്ത്‌ അവസ്ഥ അതിലും കഷ്ടം. ആണ്ടുകള്‍ പലതു കഴിഞ്ഞു, പല രാഷ്ട്രിയ പാര്‍ട്ടികളുടെയും സര്‍ക്കാരുകള്‍ രാജ്യത്തെയും സംസ്ഥാനങ്ങളെയും മാറി മാറി വ്യഭിചരിച്ചിട്ടും ഭീകരത, ഫാസിസം, നക്സലിസം, വംശീയ വര്‍ഗീയത, മണ്ണിന്റെ മക്കള്‍ വാദം എന്നീ സന്താനങ്ങളെ മാത്രമേ ഉണ്ടാക്കാനും പരിപോഷിപ്പിക്കാനും പറ്റിയിട്ടുള്ളൂ... മറ്റുള്ള സ്തിഥി വിശേഷത്തിനു മാറ്റമൊന്നുമില്ല... അല്ലെങ്കില്‍ "നാമൊന്നു നമുക്ക് ഒന്നോ രണ്ടോ" എന്നത് രാജ്യത്തെ പൌരന്മാര്‍ ഫലപ്രദമായി ഉപയോഗിച്ചില്ല!

ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു, സുഹൃത്തുക്കളും ഒരുമിച്ചു ജോലി ചെയ്യുന്നവരുമാണ് കൂടെ ഉള്ളത്. ഒരാള്‍ ഏറ്റവും മുന്നിലെ ബോഗിയിലും (S -11), മറ്റൊരാള്‍ രണ്ടു ബോഗി പുറകിലും (S-9), ഞാന്‍ കുറെ പുറകിലുമാണ് (S-3). ഞങ്ങള്‍ എല്ലാവരും S-9 ബോഗിയില്‍ കൂടി. നോമ്പ് തുറക്കണം, അത് കഴിഞ്ഞു ഭക്ഷണം കഴിക്കണം, എന്നിട്ട് അവരവരുടെ ബര്‍ത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. S-9 ബോഗിയില്‍ ഉള്ളവന് ഇരിക്കാനുള്ള വകുപ്പേ ഉള്ളു (RAC), കിടക്കാനുള്ള വകുപ്പില്ല. ഇതൊന്നും കൂടാതെ കിടക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത വെയിറ്റിംഗ് ലിസ്റ്റ് (waiting list) എന്ന വകുപ്പിലെ കുറെ പേരുമുണ്ട്. അവര്‍ ടിടിയുടെ (ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകന്‍) കയ്യോ, കാലോ പിടിച്ചോ അല്ലെങ്കില്‍ ഗാന്ധിയെ ചുരുട്ടികൊടുത്തോ ഏതെങ്കിലും ഒരു വകുപ്പ് ഒപ്പിക്കാന്‍ നില്‍പാണ്‌.

ടിടി എന്ന് പറയുമ്പോള്‍ മനസ്സില്‍ വരുന്ന രൂപത്തിലുള്ള ഒരാള്‍ തന്നെ ആയിരുന്നു വന്നത്. അതിലുള്ളവന്റെ ടിക്കറ്റ്‌ പരിശോധിച്ചു, കിടക്കാനുള്ള അപേക്ഷ കൊടുത്തു നോക്കിയെങ്കിലും തള്ളിക്കളഞ്ഞു. "ഫുള്ളാണ്‌" എന്ന് മറുപടി. ഞങ്ങള്‍ ടോയിലെട്ടിന്റെ ഭാഗത്ത്‌ നീങ്ങി. ടിടി എല്ലാവരെയും ചെക്ക്‌ ചെയ്തു അവിടെ എത്തിയപ്പോള്‍ അതാ ഇരിക്കുന്നു ഒരു മാരണം. കീറി മുഷിഞ്ഞ വസ്ത്രമിട്ടു, താടിയും മുടിയും വളര്‍ത്തിയ (ബിന്‍ ലാദന്‍ അല്ല) ഒരു തമിഴന്‍ കൂനിക്കൂടി വാതിലിനരികില്‍ ഇരിക്കുന്നു. വാതിലടച്ചു കൊണ്ട് ടിടി അവനോടെയുന്നെല്കാന്‍ പറഞ്ഞു. ടിക്കറ്റ്‌ ചോദിച്ചു, അവന്‍ മിണ്ടിയില്ല... പട്ടേ!!!, "പോയി തുലയെടാ...", ടിടി അയാളുടെ മുഖമടച്ചു ഒരടിയായിരുന്നു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായിരുന്നു ടിടി, അവന്റെ കണ്ണില്‍ പൊന്നീച്ച പറന്നു കാണും!.

ഞങ്ങള്‍ എല്ലാവരും അപ്രതിക്ഷിതമായ ആ അടി കണ്ടു തരിച്ചുപോയി. നല്ല അടിയായിരുന്നു! കൂടെയുള്ളവന്‍ കുറച്ചു സന്ഖടതോടെ "എന്തിനാ സര്‍ അടിച്ചത്?" എന്ന് ചോദിച്ചു. "ഈ ബോഗി എന്റെതാണ്, ഇതില്‍ യാത്ര ചെയ്യുന്ന നിങ്ങളും പെട്ടിയും സാധനങ്ങളും എന്ടെ ഉത്തരവാദിത്തമാണ്, എന്തെങ്കിലും പറ്റിയാല്‍ അല്ലെങ്കില്‍ നഷ്ടപെട്ടാല്‍ എന്നോടാണ് ചോദിക്കുക, അപ്പോള്‍ നിങ്ങള്ക് മനസ്സിലാകും", ടിടി പറഞ്ഞതും കാര്യം! അയാളുടെ ന്യായം.

ഞങ്ങള്‍ നോമ്പോക്കെ തുറന്നു സംസാരിച്ചിരിക്കുമ്പോള്‍ ടിടി വീണ്ടും വന്നു. "ഒരുത്തന്റെ മൊബൈല്‍ കാണുന്നില്ല! ചാര്‍ജ് ചെയ്യാന്‍ വച്ചതാ", ഞങ്ങളോടായി പറഞ്ഞുകൊണ്ട് മൂപ്പിലാന്‍ സംസാരം തുടര്‍ന്നു. അദ്ദേഹം കുറെ വാചാലനായി, മൂപ്പിലാന്റെ ജോലി, യാത്രകള്‍, ജീവിതം, രാഷ്ട്രിയം... വളരെ നല്ലൊരു അനുഭവം ആയിരുന്നു. ഞങ്ങളുടെ ഒരു ബര്‍ഗെരും ഫ്രൈയട് ചിക്കന്‍ പീസും ഓഫര്‍ ചെയ്തു. നിരസിച്ചില്ല, അദ്ദേഹം അത് വാങ്ങി പോയി...

ആ ബോഗിയിലും, അപ്പുറത്തുമായി പത്തറുപതു കോളേജ് കുട്ടികള്‍ ഉണ്ടായിരുന്നു, ടൂര്‍ സംഘമാണ്. ഒച്ചയും ബഹളവുമാണ്. അതിലൊരുവന്റെ മൊബൈല്‍ ആണ് പോയതെന്ന് പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിയാന്‍ നേരം ടിടി വീണ്ടും വന്നു. "താന്‍ 65-ല്‍ കിടന്നോളൂ", ഇരിക്കാനുള്ളവന് കിടക്കാനുള്ള വകുപ്പായി. ബര്‍ഗെരിന്റെ ഫലമോ അല്ലെങ്കില്‍ ഞങ്ങളോട് തോന്നിയ ഇഷ്ടം കൊണ്ടോ എന്തോ...

ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിഞ്ഞു... ഞാന്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ഉല്ലാസത്തിന് പോകുന്ന അടുത്ത തലമുറയെ കീറിമുറിച്ചു കൊണ്ട് എന്ടെ കമ്പാര്‍ട്ട്മെന്റ്ലേക്ക് നടന്നു... അടുത്ത ബോഗിയിലേക്കു കടക്കുന്നിടത്ത്, രണ്ടു ബോഗിയും ബന്ധിപ്പിച്ചിരുക്കുന്നതിനു മേലെ, ടിടിയുടെ അടി കൊണ്ട തമിലന്‍ കമിഴ്ന്നു കിടന്നു ഉറങ്ങുന്നു.. മൊബൈല്‍ അടിച്ചു മാറ്റിയത് തീര്‍ച്ചയായും അയാളയിരിക്കില്ല... അങ്ങനെ ഒരു സാധനത്തെ പറ്റി അവനു അറിയുമോ എന്തോ! ആളെയും മറി കടന്നു ഞാന്‍ നടന്നു...

ചിന്തകള്‍ ഉണര്‍ന്നു. ഇങ്ങനെ ഒരാളുടെ അവസ്ഥയ്ക്ക് ആരാണുത്തരവാദി? ഈ രാജ്യത്തെ പൌരനായ എനുക്കിമില്ലേ ഇതില്‍ ഒരു പങ്ക്? അല്ലെങ്കില്‍ ഞാനെന്ന കഴുത എന്ത് പിഴച്ചു? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടാനായി ഓടുമ്പോയും നടക്കുന്നതിനും ഇരിക്കുന്നതിനും മുള്ളുന്നതിനും യാത്ര ചെയ്യുന്നതിനും തിന്നുന്നതിനും കുടിക്കുന്നതിനും വേറെ എല്ലാ പണ്ടാരത്തിനും "മിണ്ടിയാല്‍..." എന്ന രീതിയില്‍ നികുതി കൊടുക്കുന്നില്ലേ! പുറമേ ഇവിടെ ശബളം വാങ്ങുന്നവന്റെ കയ്യില്‍ നിന്നും വരുമാന നികുതി (income tax) എന്ന പേരില്‍ സര്‍കാര്‍ പണം തട്ടിപ്പറിക്കുന്നില്ലേ? പൌരന്മാര്‍ വിദേശത്ത് പോയി ഫോറിന്‍ കറന്‍സി സമ്പാദിച്ചു കൊടുക്കുന്നില്ലേ?

സ്വിസ് ബാങ്കില്‍ ഉള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്കു മാത്രം നോക്കിയാല്‍ ഈ കിടക്കുന്നവ്റെ അവസ്ഥ രാജ്യത്തുണ്ടാവില്ല. നികുതി എന്ന പേരില്‍ പണം പിരിച്ചു, അത് തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും, ബന്ധുക്കളുടെയും സ്വന്തക്കാരുടെയും, എന്തിനു വെപ്പാട്ടിമാര്‍ക്ക് വരെ വീതം വച്ചു കൊടുത്തു സുഖിച്ചു ജീവിക്കുന്ന രാഷ്ട്രിയ നപുംസകങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ? അവനെ വിളിച്ചുണര്‍ത്തി ഏതെങ്കിലും ഒരിടത് പോയി തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്തിയായി നിന്ന് "വോട്ടു-യാചകം" നടത്താന്‍ പറയണമെന്ന് തോന്നി. അതിനെക്കാള്‍ നല്ല ഒരു സ്വയം തൊഴില്‍ കണ്ടെത്തല്‍ മേഘല വേറെ ഇതുണ്ട് ഈ നാട്ടില്‍? പെട്ടെന്ന് ചെയ്താല്‍ നല്ലത്, കാരണം വീടിനു മുന്‍പില്‍ "യാചകര്‍ക്കും രാഷ്ട്രീയകാര്‍ക്കും പ്രവേശനം ഇല്ല" എന്ന് എഴുതി വയ്കുന്ന കാലം വിദൂരമല്ല!

മതി, കാടുകയറി... ഉള്ളിലെ കനലില്‍ എണ്ണ ഒയിക്കേണ്ട എന്ന് കരുതി ബര്‍ത്തില്‍ കയറി, മൊബൈലില്‍ കണ്ടുകൊണ്ടിരുന്ന "ആന്‍ഡ്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍" (...And Justice for All ) എന്ന സിനിമയിലേക്ക് കണ്ണും കാതും ചെലുത്തി കിടന്നു. തറയില്‍ കിടക്കുന്നവന്റെയും ബര്‍ത്തില്‍ കിടക്കുന്നവന്റെയും വ്യത്യാസം അറിയാതെ, എല്ലാ ഭാരവും സ്വന്തം മുതുകിലെറ്റി, ഇടയ്കിടെ തൊണ്ട കീറി അലറി വിളിച്ച്, അനന്തമായി നീണ്ടു കിടക്കുന്ന റെയില്‍ പാളങ്ങളെ ഞെരിച്ചമര്‍ത്തി തീവണ്ടി ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ ഓടികൊണ്ടിരുന്നു...

സമീര്‍
വടകര, 7 സെപ്റ്റംബര്‍ 2010

Thursday, September 2, 2010

പാമ്പ് പുരാണം

"മഴയില്‍ കുളിച്ച മരങ്ങളെ നിങ്ങള്‍... കണ്ടുവോ മറവിയില്‍ എന്‍ പോയ ബാല്യം..." പെട്ടെന്ന് പെഴ്ത മഴയില്‍ ഉബായീ സാഹിബിന്റെ ഗസല്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ എന്ടെ ബാല്യത്തിലെ ഒരോര്‍മ ചികഞ്ഞെടുത്തു...

അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. എന്നുമെന്നും ഓര്‍മ്മിക്കാന്‍ പറ്റിയ ഒരു ബാല്യകാലം കിട്ടിയ ഭാഗ്യവന്മാരില്‍ എന്നെയും പെടുത്താം. ഉമ്മാന്റെ തറവാട് വീട്ടിലായിരുന്നു അന്ന് കൂട്ടുകുടുംബമായി താമസം. വീടിനു പിന്നാമ്പുറത്ത് തോടുണ്ട്, അതിനപ്പുരതായി വിജനമായ വലിയ പറമ്പ്, ആ പരിസരത്തിന്റെ ഒട്ടു മിക്ക വഴികളിലൂടെയും തോട് ഒഴുകുന്നുണ്ട്. തോടിലുടെ കക്കയുമായി വരുന്ന തോണി, കക്ക ചുട്ടു ഉണക്കി പൊടിച്ചു കുമ്മായം ഉണ്ടാക്കുന്ന സ്ഥലം, തെങ്ങിന്റെ ഓല മേഞ്ഞു കെട്ട് കെട്ടായി വില്കുന്നത്, നിറയെ തെങ്ങുകളും മരങ്ങളും...

അന്ന് ഞങ്ങള്‍ ഒരു പത്തിരുപതു കുട്ടികളുടെ വലിയ ഒരു ചങ്ങാതിക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചട്ടിയേര്‍, കൊക്കംപറന്നു കളി, ആകാശത്തിലെ പൂരിവട്ടം, ചുള്ളിയും കോലും, പലവിധം ഗോട്ടി കളി, കണ്ണാരംപൊത്തി, അമ്മതിലും ഇമ്മതിലും, ടയര്‍ ഉരുട്ടല്‍, വോലീബാല്‍, തോട്ടില്‍ മീന്‍പിടുത്തം... അങ്ങനെ പോകുന്നു വിനോദ പരിപാടികള്‍. സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ നേരം ഇരുട്ടുന്നതു വരെ കളിയാണ്‌.

ഒരു വൈകുന്നേരം സാധാരണത്തെ പോലെ ഞങ്ങള്‍ എല്ലാവരും ഒത്തു ചേര്‍ന്നു. കണ്ണാരം പൊത്തി കളി തീരുമാനിച്ചു. ഒന്ന് മുതല്‍ ഇരുപതഞ്ഞ്ജു വരെയോ, അമ്പതു വരെയോ (സ്ഥല സൗകര്യം പോലെ മാറ്റും) ഒരാള്‍ കണ്ണ് പൊത്തി ഉറക്കെ എണ്ണം. അതിനിടയില്‍ മറ്റുള്ളവര്‍ പലയിടങ്ങളില്‍ ആയി ഒളിച്ചിരിക്കും. എണ്ണി കഴിഞ്ഞാല്‍ ഒളിച്ചവരെ കണ്ടു പിടിക്കലാണ് എന്നിയവന്റെ പണി. ഒളിക്കാനുള്ള സ്ഥലത്തിന്റെ പരിതിയൊക്കെ ആദ്യം തന്നെ നിശ്ചയിക്കും.അങ്ങനെ കളി പുരോഗമിക്കെ ഞാന്‍ ഒളിക്കാനായി ഓടി. എണ്ണി കഴിയുന്നതിനു മുമ്പേ കണ്ടെത്താന്‍ പറ്റാത്ത ഒളിയിടം കണ്ടു പിടിക്കണം.

ഞാന്‍ തോടിന്റെ വരമ്പ് ലക്ഷ്യമാക്കി കുതിച്ചു. നല്ല വേഗത്തിലായിരുന്നു ഓട്ടം, പെട്ടെന്ന് ഞാന്‍ സട്ടന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തി! ശരീരത്തില്‍ കാലില്‍ കൂടി വന്നു തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി, കണ്ണില്‍ ഇരുട്ട് കഴറിയത് പോലെ... മുന്നില്‍ ഒരു പാമ്പ്... ഒരു അഞ്ചു ആറു അടി ദൂരത്തില്‍ ആണുള്ളത്, അതും ഞാന്‍ ഓടുന്നതിന്റെ നേരെ എതിരിലാണ് വന്നത്! മൂപ്പിലനും ഞാനും ഒരേ സമയത്താണ്‌ ബ്രേക്ക്‌ ഇട്ടത്! ഞാന്‍ തരിച്ചു നില്‍കുകയാണ്‌, മൂപ്പിലാന്റെ തല നിലത്തു നിന്ന് പതിയെ പൊങ്ങി. പിന്നെ പത്തി മെല്ലെ വിടരാന്‍ തുടങ്ങി! മൂപ്പിലാന്‍ നാവു ഓരോ രണ്ടു സെകണ്ടിലും പുറത്തേക്കു കാണിച്ചു തരുന്നുണ്ട്! പത്തി വിടര്‍ത്തി! ഞാന്‍ ശരിക്കും ഞെട്ടി ... പടച്ചോനെ... വിടര്‍ന്ന പത്തിയില്‍ അതാ "ഋ" ചിഹ്നം. ലീല ടീച്ചര്‍ പഠിപിച്ച പാമ്പിന്റെ വിശേഷണം! പരമശിവന്റെ കഴുത്തില്‍ ചുറ്റി കിടക്കുന്ന സാധനം, അത്യുഗ്രന്‍ വിഷപാമ്പ്! സാക്ഷാല്‍ മൂര്‍ഖന്‍... "അല്ലന്റുമ്മ... പാമ്പ്" എന്ന് അലറികൊണ്ട് ശര വേഗത്തില്‍ ഞാന്‍ തിരിഞ്ഞോടി. വീടിലെത്തിയെ ഓട്ടം നിന്നുള്ളൂ. അന്ന് വിറയലും പനിയും ആയി എന്നാണോര്‍മ. അന്ന് മുതല്‍ പാമ്പിനെ പേടിയായിരുന്നു. മറ്റൊരു സംഭവത്തോടെ പിന്നെ അത് ജീവിതത്തില്‍ പേടിയുള്ള ഒരു ജീവിയായി മാറി...

ഭാഗം രണ്ട്
അന്ന് മീന്‍പിടുത്തം ഒരു ഹരമായിരുന്നു. തോടിലോ കുളത്തിലോ ആണെങ്ങില്‍ ചൂണ്ടയിടും. മഴക്കലതാനെങ്കില്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് ഊറ്റിയെടുക്കും. നന്ഗീസിന്റെ ഒരറ്റത്ത് ചെറിയ ചൂണ്ട കെട്ടി അതില്‍ മണ്ണിരയെ കോര്തിട്ടാണ് മീന്‍പിടുത്തം. ഒരു ദിവസം ചെങ്ങതിയെയും കൂട്ടി പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയി. നല്ല പച്ചക്കളര്‍ വെള്ളമാണ് കുളത്തില്‍, വെള്ളത്തിന്‌ മുകളില്‍ ആയി ഒരു ഭാഗത്ത് പായലും കുള വാഴയുമാണ്. ആരും ഉപയോഗികാത്ത കുളമാണ്. ആ കുളത്തില്‍ നല്ല ഫിലാപ്പിയെ മീന്‍ കിട്ടും, സ്കൂള്‍ വിട്ടു വരുമ്പോള്‍ നല്ല വലിയ പിലാപ്പി മീനുകള്‍ കുളത്തിന് മുകളില്‍ നില്കുന്നത് കാണാറുണ്ട്. ഞങ്ങള്‍ ചൂണ്ടയിട്ടു! ഒന്നും കൊത്തുന്നില്ല. കുറച്ചു സമയം കാത്തു. ഒരനക്കവും ഇല്ല. ചങ്ങാതി നല്ല കൊഴുത്ത മണ്ണിരയെ കൊണ്ട് വരാമെന്ന് പറഞ്ഞു പോയി. ഞാന്‍ ചുണ്ടയില്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. ആരെങ്കിലും പെട്ടോ എന്നറിയാന്‍..

ചൂണ്ടയില്‍ ഒരു അനക്കം വന്നു. ഞാന്‍ നന്ഗീസ് ഇടത്തോട്ടും വലതോട്ടുമായി ഒന്ന് ചുഴറ്റി ചെറുതായി വലിച്ചു. മീനിന്റെ വായില്‍ ചൂണ്ട ശരിക്കും തറക്കാന്‍ വേണ്ടിയുള്ള അടവാനത്. ഹു..ഹാ... നന്ഗീസ് ശരിക്കും വലിഞ്ഞു മുറുകി. വലിച്ചെടുക്കാന്‍ സമയം ആയി. മീന്‍ ചൂണ്ടയില്‍ കുടുങ്ങിയിരിക്കുന്നു. ആഞ്ഞു വലിച്ചു, അതിലും ശക്തമായി ചൂണ്ട എന്നയും വലിച്ചു. ഇത്ര വലിയ മീനോ! ഒരതിശ്യം! എനിക്ക് സംശയം!, പിന്നയോര്‍ത്തു വല്ല മട്ടലോ ചണ്ടിയോ ചൂണ്ടയില്‍ കുടുങ്ങിയിട്ടവും.

വെള്ളത്തിന്‌ രണ്ടു പടി മുകളിലയാണ് ഞാന്‍ നില്പ്. എഴുന്നേറ്റു നിന്ന് രണ്ടു കൈ കൊണ്ടും ശക്തിയായി നന്ഗീസ് വലിച്ചു. മെല്ലെ മെല്ലെ ചൂണ്ട മുകളിലോട് വന്നു. മീനിന്റെ തല കണ്ടു! കുറച്ചു കൂടി വലിച്ചു!!! ഹയാ, ഞാന്‍ പെടിച്ചലരികൊണ്ട് നന്ഗീസ് കുളത്തിലെക്കെരിഞ്ഞു ഓടി!!! ചൂണ്ടയില്‍ കൊരുത്തത് പാമ്പ് ആയിരുന്നു! ഏതാണ് ഇനം എന്നൊന്നും നോക്കിയിട്ടില്ല. നല്ല വലിപ്പമുള്ള സദനം ആയിരുന്നു എന്ന് വ്യക്തം, അത്രയ്ക്ക് ശക്തിയയിട്ടാണ് ഞാന്‍ വലിച്ചത്. ആ ഓട്ടവും വീട്ടിലാണ്‌ നിന്നത്!!!

ചെന്നയില്‍ ഓര്‍ക്കാപുറത്ത് ശക്തിയായി പെഴ്ത മഴ ചോര്‍ന്നിരുക്കുന്നു... രാത്രി പതിനൊന്നു മണിയായി... ഡ്രസ്സ്‌ എടുത്തു വച്ചു.. ബംഗ്ലൂര്-‍ലേക്കാണ്... വണ്ടി ഇപ്പോള്‍ എത്തും....

സമീര്‍
ചെന്നൈ, 02 സെപ്റ്റംബര്‍ 2010

Monday, August 30, 2010

ഉരുക്ക് മനുഷ്യന്‍

ദുബായിലെ ഒരു റമദാന്‍ മാസം. റൂമിന്റെ ബാല്‍ക്കണിയില്‍ ഇരിപ്പാണ്. അതൊരു ശീലമാണ്, കുറച്ചു സമയം അങ്ങനെ വെറുതെ ഇരിക്കുക... ആ സമയത്താണ് പലതും ഓര്‍മയില്‍ മഞ്ഞു മറിയുക. വീട്ടിലേക്കു ഫോണ്‍ വിളിച്ചു സംസാരിച്ചതെ ഉള്ളു...

ഒരു സാധാരണ ഗ്രാമമെന്നോ നാട്ടിന്‍ പുറമെന്നോ വിശേഷിപ്പിക്കാവുന്നതാണ് എന്ടെ നാട്. വീടിന്റെ ഒരു നാലഞ്ചു വീടിനപ്പുരത്താണ് ഉരുക്ക് മനുഷ്യന്‍ എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിക്കുന്ന അദ്ദേഹം താമസിക്കുന്നത്. ഞാനന്ന് എട്ടിലോ ഒന്‍പതിലോ പഠിക്കുന്നു. നാട്ടിന്‍പുറത്ത് ആണെങ്കിലും സില്‍വര്‍സ്റ്റാര്‍ സ്ടല്ലോന്‍, ആര്നോല്ദ് ശിവശങ്കരന്‍, ജാക്കി ചാന്‍, ബ്രുസ് ലീ ഒക്കെയാണ് ഇഷ്ട താരങ്ങള്‍. അവരുടെ ബോഡിയും, മസിലിന്റെ പെരുപ്പവും, കട്ടയുമോക്കെയാണ് ഞങ്ങള്‍ കുറച്ചു പേരുടെ സംസാര വിഷയങ്ങള്‍. ഇടയ്ക് നമ്മുടെ ജയനും ഭീമന്‍ രഘുവുമൊക്കെ ചര്‍ച്ചയില്‍ വരും...

അദ്ദേഹത്തിന്റെ നല്ല ശരീരമാണ്. ഒത്ത ഉയരം, ഇരു നിറം, ഷര്‍ട്ട്‌ന്റെ മുകളിലെ രണ്ടു കുടുക്കും എപ്പോഴും തുറന്നു കിടക്കും. വായില്‍ സദാ മുറുക്കാന്‍ ഉണ്ടാവും, അതിന്റെ ചുവപ്പ് ചുണ്ടിലും. ചിരിച്ചു കൊണ്ട് ആള്‍കാരെ വരുന്ന പ്രകൃതക്കാരനാണ്. കടലില്‍ പോക്കാണ് അദ്ദേഹത്തിന്റെ പണി. വല വലിച്ചതിന്റെയും, ചുക്കാന്‍ പിടിച്ചതിന്റെയും ആരോഗ്യവും, കയ്യില്‍ അതിന്റെ തയമ്പും കെട്ടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒന്ന് കൊണ്ടാല്‍ ആനയും ചരിയും...

എന്റെ വീടിനു തൊട്ടടുത്ത്‌ ഒരു ചെറിയ രണ്ടു നില കെട്ടിടമുണ്ട്. അതില്‍ താഴെ രണ്ടു മുറിയാണ്. ഒന്ന് പലചരക്ക് കടയാണ്, അടുത്ത മുറി കേരം ബോര്‍ഡ്‌ കളിസ്ഥലമാണ്‌. "പത്താം കമ്പനി" എന്നാണ് അവിടെ അറിയപ്പെട്ടിരുന്നത്. പേരിന്റെ ചരിത്രം എനിക്കറിയില്ല. വൈകുന്നേരം ആയാല്‍ അവിടെ നല്ല കളിയാണ്‌ നടക്കുക. ചുറ്റുവട്ടത്തുള്ള ഒരു വിധം എല്ലാവരും അവിടെ കാണും. എന്റെ ഉപ്പാന്റെ പല സുഹൃത്തുക്കളും അതില്‍ പെടും. രാത്രി വളരെ വൈകി വരെ കേരംസ് കളി തുടരും. വൈകുന്നേരം ആയാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവിടെ കളിയ്ക്കാന്‍ ചാന്‍സ് കിട്ടത്തില്ല. എന്നാലും കളി കണ്ടിരിക്കും. ഉരുക്ക് മനുഷ്യനും അവിടെ സ്ഥിരം മെമ്പര്‍ ആണ്. മുപ്പിലാന്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ കൈതണ്ടയാണ് കൌതുകത്തോടെ നോക്കുക. എനിക്കും എന്ടെ സമപ്രായക്കാരനായ അയല്‍വാസിക്കും ഇടക്ക് അവസരം കിട്ടും. ഞങ്ങള്‍ രണ്ടുപേരും നിലവാരമുള്ള കളി കാഴ്ച വച്ച് പേരെടുത്തു വരുന്നതെ ഉള്ളു. രാത്രി ഒരു മണിവരെയൊക്കെ കളി നീണ്ടു പോകാറുണ്ട്...

അദ്ദേഹം അടങ്ങുന്ന ഒരു സംഘം കോല്‍കളി പരിശീലിക്കാറുണ്ട്. ഡാന്ടിയയുമായി സാമ്യമുള്ള ഒരു കലയാണ് കോല്‍കളി. രണ്ടു ചെറിയ വടിയും കയ്യിലേന്തി, പത്തു പന്ത്രണ്ടു പേര്‍ കളരിയുടെ ചടുലമായ ചുവടുകളുമായി കയ്യിലെ കോലുകള്‍ തലങ്ങനെയും വളങ്ങനെയും പരസ്പരം അടിച്ചു കൊണ്ട് വട്ടത്തില്‍ ചുറ്റി കൊണ്ടുള്ള പ്രകടനമാണ്. അദ്ദേഹം നല്ലൊരു കൊല്കളിക്കാരനാണ്. "താ.. വില്ല... തൈ... തത്ത..", എന്ന് പറഞ്ഞു കൊണ്ട് പാട്ടിന്റെ താളം ഒപ്പിച്ചാണ് ചുവടു വയ്പ്. തിരിഞ്ഞടി മറിഞടി, ചുറഞടി... എന്നൊക്കെ പറഞ്ഞു അതിന്റെ ഉസ്താദ് (ആശാന്‍) അവരുടെ ചുറ്റുമായി നടന്നും ഇരുന്നും കിടന്നും കളി നിയന്ത്രിക്കും. കളി മൂര്ദ്ധന്ന്യവസ്ഥയില്‍ എത്തുമ്പോള്‍ അതിന്റെ താളവും മുറുക്കവും ഒരു തരം ലഹരിയാണ്.

കുറച്ചു വര്‍ഷങ്ങള്‍ക് ശേഷം... ഞാന്‍ സിനിമയുടെ ടിക്കറ്റ്‌ എടുക്കാന്‍ ക്വു നില്‍ക്കുകയാണ്. ഒറ്റയ്കാന്, സാമാന്യം നല്ല തിരക്കുണ്ട്‌. കൌണ്ടരിനോട് ചേര്‍ന് നീളത്തില്‍ ഇരുമ്പ് കമ്പി കൊണ്ട് കൂട് കെട്ടിയിട്ടുണ്ട്, ആളുകള്‍ തിക്കി തിരക്കി കയറാതിരിക്കാന്‍. അതിന്റെ ഒരു വശത്താണ് ക്വു നില്കുക, മറ്റേ അറ്റത്ത്‌ കൂടിയാണ് ടിക്കറ്റ്‌ വാങ്ങി പുറത്തേക്കു പോവുക. ഒരു അജ്ജെട്ടു പേര്‍ മുന്നോട്ടു പോയാല്‍ ഞാന്‍ കമ്പി കെട്ടിയതിനുള്ളില്‍ എത്തും കാരണം ക്വു നില്‍കുന്ന ഞാഗലെയൊക്കെ വിഡ്ഢികള്‍ ആക്കി പലരും നുഴഞ്ഞു കയറുന്നു. ക്ഷമയില്ലത്തത് കൊണ്ടോ അല്ലെങ്കില്‍ നൂറ്‌ ശതമാനം സാക്ഷരതയുമായി പ്രബുദ്ധരയത് കൊണ്ടാണോ എന്നറിയില്ല. ആളുകള്‍ മുന്നില്‍ കയറുന്നത് കൊണ്ട് ക്വു നീങ്ങുന്നില്ല. മുന്നില്‍ കയറിയവരെയൊക്കെ ഞാന്‍ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ട് അങ്ങനെ നീങ്ങി ഒരു വിധം കൂടിനുള്ളില്‍ കയറി. അവിടെ എത്തിയപ്പോള്‍ എന്ടെ മുന്നില്‍ കയറാന്‍ ശ്രമിച്ച ആളെ ഞാനും പിന്നിലുള്ള ആളും കൂടി ചങ്കൂറ്റതോടെ തടുത്തു. കൂട്ടില്‍ നില്‍കുമ്പോള്‍ ആണ് ശ്രദ്ധിചത്, ഒരുവന്‍ ഇടയ്കിടെ ഇറങ്ങുന്ന വഴിയെ കയറി കൌണ്ടര്‍-പോയി ടിക്കറ്റെടുത്ത് പോകുന്നു. കാണാന്‍ സുന്ദരനായ നല്ല പൊക്കമുള്ള ഒരു ചെറുപ്പക്കാരന്‍. കൂടെ പുറത്തു രണ്ടു മൂന്നുപേര്‍ വേറെയുണ്ട്.. "ബ്ലാക്ക്‌ ടീം" ആണ്. ക്വു നില്കുന്നതില്‍ ആരോ പറഞ്ഞു. എനിക്ക് ശരിക്കും തലയ്ക് വട്ടു പിടിച്ചു. അടുത്ത ടിക്കറ്റ്‌ എനിക്കാണ്, മുന്നിലുള്ളയാല്‍ ടിക്കറ്റ്‌ എടുത്തു മാറിയപ്പോള്‍ എന്നേക്കാള്‍ മുന്നേ ഒരു നീണ്ട കൈ കൌണ്ടര്‍-ലേക്ക് പോയി, നോക്കിയപ്പോള്‍ അതാ വീണ്ടും ബ്ലാക്ക്‌ വീരന്‍. ഞാന്‍ ആ കൈ പിടിച്ചു പിന്നോട്ട് വലിച്ചു!. അവന്‍ ദേഷ്യത്തോടെ എന്നെ നോക്കി, "മാറി നില്ക്" എന്ന് ടിക്കറ്റ്‌ കൊടുക്കുന്നയാള്‍ പറഞ്ഞു. "നീ പുറത്തു വാടാ കാണിച്ചുതരാം" എന്ന് പിറ് പിറുത്തു ബ്ലാക്ക്‌ വീരന്‍ പുറത്തുപോയി.

ടിക്കറ്റ്‌ വാങ്ങുമ്പോള്‍ പുറത്തേക്കു നോക്കി. അവന്‍ എരിപൊരി കൊണ്ട് നില്കുന്നു! കുളമായി! മനസ്സിലോര്‍ത്തു... ഞാന്‍ ടിക്കറ്റ്‌ വാങ്ങി പുറത്തിറങ്ങേണ്ട താമസം! വീരന്‍ വന്നു എന്ടെ ഷര്‍ട്ട്‌ കൂട്ടി മാറത്തു പിടിച്ചു! അവന്‍ പിടിക്കേണ്ട താമസം ഒരു ബലിഷ്ടമായ കരം അവന്റെ കഴുത്തിന്‌ ചുറ്റെ മുറുകി. പിന്നെ വീരന്‍ ഒരു പതിനഞ്ചു മീറ്റര്‍ അകലെ വീണു കിടക്കുന്നു. നോക്കിയപ്പോള്‍ അതാ നില്കുന്നു ഉരുക്ക് മനുഷ്യന്‍, "കുട്ടികളെ തൊട്ടാല്‍ മോനെ നീയൊക്കെ വിവരം അറിയും!!!", പുള്ളിയെ കണ്ടപ്പോള്‍ തന്നെ അവന്റെ മുത്രം പോയികാണും. അദ്ദേഹം എവിടെ നിന്ന് വന്നു എന്നറിയില്ല. കുറച്ചു വര്‍ഷമായി കണ്ടിട്ട്, ഞാന്‍ നാട്ടില്‍ അധികം ഉണ്ടാവാറില്ലആയിരുന്നു. ഉടക്കിയാല്‍ നടക്കില്ല എന്ന് മനസിലാക്കി വീരനും കൂട്ടരും തടി തപ്പിയിരുന്നു. കുറച്ചു വിശേഷം പറഞ്ഞു തീയേറ്ററില്‍ കയറി...

"നമ്മുടെ അപ്പുറത്തെ... .... റെയില്‍വേ പാലത്തിനു മേലെ നിന്നും പുഴയില്‍ വീണു!... തീവണ്ടി തട്ടിയതാണോ, കാല് തെറ്റി വീണതോ എന്നറിയില്ല..." വീട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മ സങ്ക്കട്തോടെ പറഞ്ഞു. കുറച്ചു സമയം എനിക്കൊന്നും പറയാന്‍ പറ്റിയില്ല... "ബോഡി ഇന്നാണ് കിട്ടിയത്"... ഫോണ്‍ വച്ച് കുറെ സമയം അങ്ങനെ ഇരുന്നു. പടച്ചവന്റെ കളിയാണ്‌ തീരെ മനസ്സിലാവാത്തത്! അദ്ദേഹത്തിന് ഒരു മുപ്പത്തിഎട്ടു വയസ്സേ ഉണ്ടാവു.. ദുബൈയിലെ റൂമിന്റെ ബാല്‍ക്കണിയില്‍ ഒരു റമദാന്‍ മാസത്തില്‍ ഇരുന്നു അറിഞ്ഞതും ആലോചിച്ചതും ഇന്ന് മറ്റൊരു റമദാന്‍ മാസത്തില്‍ മദ്രാസിലെ റൂമിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു എഴുതുന്നു... നിമിത്തമാവാം...

സമീര്‍
ചെന്നൈ, 30 ഓഗസ്റ്റ്‌ 2010

Thursday, August 26, 2010

സച്ചിന്‍ ടെന്‍ണ്ടുല്‍കര്‍‍ക്ക് മുന്‍പേ...

എല്ലാവരും അക്ഷമരായി കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്‍പില്‍ നില്‍പാണ്‌. ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ടെണ്ടുല്കര്‍ വണ്‍ഡേ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിക്കടുതെത്തി നില്കുന്നു. ഇന്‍റര്‍നെറ്റില്‍ ലൈവ് കാണുകയാണ്... പത്തു ബോള്‍ കഴിഞ്ഞാല്‍ ഒരു ബോള്‍ കാണാന്‍ പറ്റും... അതിനു മുന്‍പേ ആരുടെയെങ്കിലും ഫോണ്‍ വരും, ടിവിയിലെ കാര്യം പറയും, അവന്റെ വക വേറെ ലൈവ്. കുറെ പേര്‍ ദോന്നിയെ ...ക്യാപ്റ്റന്‍... തെറി വിളിക്കുന്നു, ദൈവത്തിനു തികക്കാന്‍ അവസരം കൊടുക്കിന്നില്ല!!!

ക്രിക്കറ്റ്‌ ദൈവം 194, പാകിസ്ഥാന്റെ സഈദ് അന്‍വര്‍ നമുക്കെതിരെ അടിച്ചു തകര്‍ത്ത റണ്‍സില്‍ എത്തി...മുറുമുറുപ്പ്, അക്ഷമ, പിരി മുറുക്കം,ആകാംഷ, ആകെ മൊത്തം എല്ലാവരും മുള്‍മുനയില്‍.... എന്ടെ ചിന്ത ഇന്നലെയിലേക്ക് മറിഞ്ഞു... എന്റെ ബാറ്റിങ്ങിലേക്ക്...

ഞാന്‍ നല്ല ഫോമില്‍ ആയിരുന്നു, ഹ! എങ്ങനെ വന്നാലും അടിക്കുമെന്ന സ്റ്റൈലില്‍ ആണ് നില്പ്, അത് പോലെ തന്നെ ആയിരുന്നു കളിയും. സ്കോര്‍ അതി വേഗത്തില്‍ കുതിച്ചുയര്‍ന്നു. എല്ലാ ഭാഗത്തേക്കും അതിവിദഗ്ദമായി ബാറ്റ് വീശി. ലെഗ് സൈഡിലും ഓഫ്‌ സൈഡിലും ലോങ്ങ്‌ ഓഫ്‌, ലോങ്ങ്‌ ഓണ്‍ ഓ! എല്ലാം തകര്‍പ്പന്‍ ഷോട്ടുകള്‍. കണ്ടു നിന്നവരെല്ലാം വാ പൊളിച്ചുപോയി. എനിക്ക് മുന്‍പ് എന്ടെസുഹൃത്തും ...അവനും ഒരു പഹയന്‍ ആണ് കേട്ടാ... അതി വേഗത്തില്‍ നല്ലൊരു റണ്‍സ് വാരിക്കൂട്ടിയാണ് കളം വിട്ടത്. എനിക്ക് മുന്‍പും പിന്നും ഒന്നും നോക്കാനില്ലയിരുന്നു, വേള്‍ഡ് റെക്കൊടിനോട് എനിക്ക് പുഞ്ജം. രണ്ടു മൂന്ന് ഗൂഗ്ലികള്‍ എന്നെ വിഷമിപിച്ചു. ഒന്ന് വന്നു കാലില്‍ ശരിക്കുമോന്നു തന്നു, കുറച്ചു ചോര വന്നു. പിന്നെ പിന്നെ ബോഡി ലൈനില്‍ വന്നു തുടങ്ങി, ചെറുപത്തിലെ മാങ്ങാ ഏറു നല്ല വശമുള്ളതിനാല്‍ ഹൂക് ചെയ്യാന്‍ ഒരു പാടും ഇല്ലായിരുന്നു, റണ്‍സ് ഒരു വിധം ഡബിള്‍ സെഞ്ച്വറി എത്താറായി എന്ന് തോന്നുന്നു...

ആര്‍പ്പു വിളിയും കരഘോഷവും കേട്ട് ഞാന്‍ ഞെട്ടി. സച്ചിന്‍ ഡബിള്‍ സെഞ്ച്വറി തികച്ചിരിക്കുന്നു. ചരിത്രനേട്ടം ബ്രാവോ മാസ്റ്റര്‍ ബ്ലാസ്റ്റെര്‍ ഇപ്പോഴും ലിറ്റില്‍ മാസ്റ്റര്‍, ക്രിക്കെടിന്റെ ഇതിഹാസം, അതിന്റെ ദൈവം! ആരാധനാ പുരുഷന്‍, ലോക ക്രിക്കെടിന്റെ നെറുകയില്‍! എല്ലാവരും പിരിഞ്ഞപ്പോള്‍ ഞാന്‍ എന്ടെ ഇന്നിങ്ങ്സിനെ കുറിച്ചോര്‍ത്തു.

എന്ത് തകര്‍പ്പന്‍ ആയിരുന്നു അത്! എക്കാലവും ഓര്‍മ്മിക്കാന്‍ പറ്റുന്ന ഒരു ബാറ്റിംഗ്. പുതിയ ബാറ്റ് ആയിരുന്നു, ഇത്രയ്ക് മനോഹരമാകുമെന്നു ഞാന്‍ പോലും കരുതിയില്ല, പറഞ്ഞില്ലേ, നല്ല ഫോമില്‍ ആയിരുന്നു... എന്താന്നേന്നു മനസ്സിലായില്ലേ... ഹഹഹ ഹും!

എന്തായാലും അടിച്ച ഒരു കണക്കു എടുക്കാന്‍ തീരുമാനിച്ചു... അടിച്ചു വാരി കൂട്ടി... ചൂല് വേണ്ടി വന്നു... മുന്നില്‍ ഒരു കൂമ്പാരം, ഞാന്‍ ഞെട്ടി, ബാറ്റ് കണ്ടു പിടിച്ചവനെ മനസ്സില്‍ അഭിനന്ദിച്ചു. ഗുഡ് നൈറ്റ്‌, ആമ മാര്‍ക്ക്‌, കത്തിക്കുന്നത്, കരണ്ടില്‍ കുത്തി വക്കുന്നത്, പുകയ്കുന്നത്... എന്തൊക്കെ.. എത്ര എത്ര... മാങ്ങത്തോളി...അവിലോസുണ്ട !!! അതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, അതിനെയൊക്കെ വെല്ലു വിളിച്ചിട്ടയിരുന്നു കൊതുക് ആക്രമണം അയിച്ചു വിട്ടത്. എന്തൊക്കെ ആയാലും ഈ ഇലക്ട്രിക്‌ ബാറ്റ് സൂപ്പര്‍ സ്റ്റാര്‍ ആയി. കൊതുകിനെ കൊല്ലുന്നതോടോപ്പം തന്നെ നല്ല ഒരു നെറ്റ് പ്രാക്ടിസും ആയി. നൂറ്‌, ഇരുന്നുര്.... ഓ!... മുന്നൂറ്... ട്രിപല്‍ സെഞ്ച്വറി കഴിഞ്ഞിരിക്കുന്നു... എണ്ണി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ അഭിമാനം തോന്നി! ചെറിയ നാലു മതില്കൂടില്‍ നിന്ന് കൊണ്ട് ഇത്രയും സ്കോര്‍ ചെയ്തില്ലേ!!! ആ പുല്‍മൈദാനം കിട്ടിയിരുന്നെങ്കില്‍...

മനസ്സില്‍ ഓര്‍ത്തു... സച്ചിന് ഈ ഒരവസരത്തിന് ഇരുപതുവര്‍ഷം വേണ്ടി വന്നു... എനിക്ക് എല്ലാ ദിവസവും അവസരം ഉണ്ട്.... ബോള്നു പകരം "കൊതുക്" ആണെന്ന് മാത്രം!

സമീര്‍
ചെന്നൈ, 27 ഓഗസ്റ്റ്‌ ൨൦൧൦

Wednesday, August 25, 2010

ഇഫ്താര്‍...!

സമയം വൈകുന്നേരം ആറര കഴിഞ്ഞിരിക്കുന്നു. ഞാനും എന്ടെ സുഹൃത്തും കാര്‍ പാര്‍ക്ക്‌ ചെയ്തു പള്ളിയിലേക്ക് ഓടി.  ബാങ്ക് വിളിക്കാന്‍ സമയമായി. പള്ളിക്ക് പുറത്തു നോമ്പ് തുറക്കാന്‍ വേണ്ടി ഒരു പാട് പേര് കാത്തിരുക്കുന്നുണ്ട്. നിലത്തു പായ വിരിച്ചു അതില്‍ നിറയെ വിഭവങ്ങള്‍ നിരത്തിയിട്ടുണ്ട്. ഈത്തപ്പഴം, ചെറിയ ഉണ്ട  പൊരിച്ചു തേനില്‍ മുക്കിയത്, പാല്, ജ്യൂസ്‌, ആപ്പിള്‍, ഓറഞ്ച്, ബനാന, പിന്നെ ചെറുതായിട്ട് ആട്ബിരിയാണി.  ആട്ടിന്ടെ  മുട്ടന്‍ പീസ് കണ്ടപ്പോള്‍ തന്നെ എന്ടെ സുഹൃത്ത്‌ വായില്‍ വെള്ളം ഇറക്കി. മട്ടന്‍ അവന്റെ ഒരു ദൌര്‍ബല്യം ആണ്.  ഈ പള്ളിയില്‍ ഒരു ദിവസം ചിക്കനും അടുത്ത ദിവസം മട്ടന്‍, ചിലപ്പോള്‍ ഒട്ടകത്തിന്റെ ബിരിയാനിയുമാണ്‌ ഉണ്ടാവുക.  ഞങ്ങള്‍ ഓരോ ദിവസം ഓരോ സ്ഥലത്താണ് നോമ്പ് തുറക്കാര്.  ഓരോ ദിവസവും എവിടെ ഒക്കെ സ്പെഷ്യല്‍ ഐറ്റംസ് ഉണ്ടാവും എന്ന് അറിയാം. അങ്ങനെ വിഭവ സമൃദ്ദമായ നോമ്പ് തുറയുമായി ദുബൈയില്‍ കഴിഞ്ഞ കാലങ്ങള്‍...

"ഇക്കാക്കാ, ബാങ്ക് വിളിച്ചു, നോമ്പ് തുറക്കാം" പെങ്ങള്‍ വിളിച്ചപ്പോള്‍ ആണ് ദുബൈയിലെ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്, വീട്ടില്‍ ആണ്... ഓ! അതാ നിരത്തിയിരിക്കുന്നു... ഇറച്ചി പത്തില്‍, കൊഴാട, ഉന്നക്കായ്, പുറതെപത്തില്‍, ബ്രെഡ്‌ വാട്ടിയത്‌, മുട്ട റോസ്റ്റ്, മുന്തിരി ജ്യൂസ്‌, ചികൂ ജ്യൂസ്‌... റമദാന്‍ മാസത്തിന്റെ പ്രത്യേകത! പുലര്‍ച്ചെ മുതല്‍ സുര്യസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു വ്രതം അനുഷ്ടിച്ചടിന്റെ ആഘോഷം. നല്ല കടുപ്പത്തില്‍ ചൂടുള്ള ചായ ഊതി കുടുക്കുന്നതിന്റെ ഒരു സുഖം!

ക് ര ക് ര ...! കല്ല്‌ കടിച്ചു ... ചായയില്‍ എങ്ങനെ കല്ല്‌ വന്നു..!  വായില്‍  ചമ്മന്തിയുടെ ചുവ.  സ്വപ്നം അല്ല! മുന്നിലുള്ളതു ദോശ ആണ്,  ചമ്മന്തിയും  കൂട്ടി  ചവച്ചരക്കുകയാണ്...  ഇതും ഒരു നോമ്പ് തുറ ആണ്, ദോശയും ചമ്മന്തിയും... ഇരുക്കുന്നത് മദ്രാസിലെ ഒരു ചെറിയ വെജ് ഹോട്ടലില്‍...  ഒരു ദീര്‍ഘ നിശ്വാസത്തോടെ വീണ്ടും ദോശയിലേക് ശ്രദ്ധ തിരിച്ചു....

സമീര്‍
ചെന്നൈ, 25  ഓഗസ്റ്റ്‌ 2010

(എന്ടെ സുഹൃത്ത്‌ ദീപുവിന്റെ ബ്ലോഗ്‌ (deepunairm.blogspot.com) കണ്ടപ്പോള്‍ എഴുതാന്‍ ഒരാശ, താങ്ക്സ് ദീപു)