Monday, September 20, 2010

ചിട്ടി ആയി ഹെ

ഈ പാട്ട് ആദ്യം നിങ്ങള്‍ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു... ഇവിടെ ക്ലിക്ക് ചെയ്യുക... (Youtube link for the song http://www.youtube.com/watch?v=0qBYoP-DySY)

പാട്ട് എന്നും മനസ്സിന് ഒരു സുഖവും കുളിര്‍മയും നല്‍കുന്ന ഒരു നല്ല ഒറ്റമൂലി ആണ്, പ്രത്യേകിച്ച് ഗസല്‍. പൊതുവേ മദ്ധ്യ മലബാറുകാര്‍ ഗസല്‍ പ്രിയരാണ്. മെഹ്ദി ഹസ്സനെയും, ഗുലാം അലിയെയും, ജഗ്ജിത് സിംഗ്, ഹരിഹരന്‍, പങ്കജ് ഉധാസ് എന്നീ ഗസല്‍ ചക്രവര്‍ത്തിമാരെ മനസ്സില്‍ താലോലിക്കുന്നവര്‍. അതിന്റെ ഗുട്ടന്‍സ് അന്യേഷിച്ചു തല പുകയ്കേണ്ട, കുറെ ചരിത്രം തപ്പേണ്ടി വരും. ചെറുപത്തിലെ തബലയും ഹാര്‍മോണിയവും ചേര്‍ത്ത് ഒഴുകി വരുന്ന ഹിന്ദുസ്ഥാനി മേലടികലോടും ഗസലിനോടും പ്രണയമായിരുന്നു. രാഗവും താളവും "സംഗതിയൊന്നും" ചോദിച്ചാല്‍ അറിയില്ല! പക്ഷെ ഗസല്‍ നന്നായി ആസ്വദിക്കുകയും അവസരം കിട്ടിയാല്‍ അത് പാടുകയും ചെയ്യും. പാടുമ്പോള്‍ കൂടെ ഉണ്ടാവുന്നവര്‍ക്കും മേല്പറഞ്ഞ "സംഗതികള്‍" അറിയാത്തത് കൊണ്ട് ഇത് വരെ കരയേണ്ടി വന്നിട്ടില്ല.

സ്കൂളില്‍ ഏഴാം തരം മുതല്‍ പത്താം തരം വരെ ഞങ്ങള്‍ കുറെ ചങ്ങാതിമാര്‍ ഒരുമിച്ചായിരുന്നു. ഓരോ പിരീഡിന്റെയും ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ ഞങ്ങള്‍ ഡെസ്കില്‍ താളം പിടിച്ചു പാട്ടുപടിയാണ് അടുത്ത അധ്യാപകനെ വരവേല്‍കാര്. അന്ന് തുടര്‍ച്ചയായി പാടികൊണ്ടിരുന്ന ഒരു പാട്ടാണ് പങ്കജ് ഉദാസിന്റെ "ചിട്ടി ആയി ഹെ.. ആയി ഹെ.. ചിട്ടി ആയി ഹെ..." എന്ന ഗാനം. കേട്ടാലും കേട്ടാലും മതിവരാത്ത, പാടിയാലും പാടിയാലും പൂതി തീരാത്ത മാസ്മര ഗാനം.

"നാം" എന്ന സിനിമയില്‍ പങ്കജ് ഉദാസ് തന്നെ സ്റ്റേജില്‍ പടി അവതരിപിച്ച ഗാനം പ്രീ ഡിഗ്രിക്കും, പിന്നെ കമ്പ്യൂട്ടര്‍നു പഠിക്കുംപോയും പല സന്ദര്‍ഭങ്ങളില്‍ ആയി എന്ടെ ജീവിതത്തിന്റെ ഒരു ഭാഗമായി. കോഴിക്കോടും തലശ്ശേരിയിലും ജോലി ചെയ്യുന്ന സമയത്ത് വൈകുന്നേരം ലോക്കല്‍ ട്രെയിനില്‍ ഞങ്ങളുടെ  സംഗീത സദസ്സുകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവം.

ദുബായില്‍ എത്തിയപ്പോള്‍ ആറേഴു വര്‍ഷം ഒരു വിധം വാരാന്ത്യ കൂട്ടായ്മകളില്‍ സുഹൃദ് വലയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കലാശക്കൊട്ടു ഗാനമായി മാറി. പ്രവാസത്തിന്റെ ചൂടില്‍ ആ ഗാനത്തിന് പ്രാധാന്യം എല്ലാത്തിനും മുകളില്‍ ആയിരുന്നു. "വഴിയില്‍ കണ്ണ് നാട്ടു കല്യാണ മണ്ഡപത്തില്‍ ഇരിക്കുന്ന സഹോദരി... നിന്റെ അമ്മയുടെ പരിതാവസ്ഥ... നിന്നെ എന്നും സേവിക്കുന്ന, കണ്ടാല്‍ വിധവ ആണെന്ന് തോന്നുന്ന ഭാര്യ... നിന്റെ അച്ഛനായ എന്ടെ കാര്യം..." എന്നീ വരികള്‍ ചങ്കില്‍ കൊളുത്തി വലിക്കുന്നതിന്റെ കാഠിന്യം പ്രവാസികള്‍ക്കെ മനസ്സിലാവൂ...

ഒരു ദിവസം രാവിലെ പത്രത്തിന്റെ കൂടെയുള്ള ടാബ്ലോയ്ടില്‍ അര പേജില്‍ പങ്കജ് ഉദാസ്!!! ലൈവ് ഇന്‍ കണ്‍സെര്ട് ഓണ്‍...  നാളെയാണ്! ഓസിനു എവിടെ നിന്നെങ്കിലും പാസ് കിട്ടുമോ എന്ന് ശ്രമിച്ചു നോക്കി. പക്ഷെ കിട്ടിയില്ല. അല്ലെങ്കിലും ആവശ്യമുള്ള ഒന്നിനും കിട്ടില്ല. പരിപാടി ഹയാത് രിജന്‍സി  ഹോട്ടലില്‍ ആയിരുന്നു. ടിക്കറ്റ്‌ കിട്ടുന്ന സ്ഥലത്തൊക്കെ ചെന്ന് നോക്കിയെങ്കിലും കിട്ടിയില്ല. അവസാനം നേരിട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഭാഗ്യത്തിന് അവിടെ പുറത്തുള്ള കൌണ്ടറില്‍ നിന്നും ഒരു ടിക്കറ്റ്‌ ഒപ്പിച്ചു. അപ്പോഴും വിശ്വസിക്കാന്‍ പറ്റിയില്ല.

കൂടുതലും മദ്ധ്യവയസ്കര്‍ ആയിരുന്നു, അത്യാവശ്യം യുവജനവും ഉണ്ട്. വളരെ ശാന്തമായ സദസ്സ്. ഹര്ഷാരവങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ പ്രിയ ഗായകന്‍ ജനാബ് പങ്കജ് ഉദാസ് സാഹിബിനെ വരവേറ്റു. ഏതു ഹൃദയത്തെയും തൊട്ടുണര്‍ത്തി താലാട്ടുവാന്‍ കെല്പുള്ള ആ ശബ്ദമാധുര്യം സദസ്സിനെ തഴുകി എത്തി. അദേഹത്തിന്റെ ഗസല്‍ ആല്‍ബങ്ങളില്‍ നിന്നും, സിനിമയില്‍ പാടിയ ഗാനങ്ങളും ഞങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. ജീവുതത്തില്‍ ശരാബ് (മദ്യം) ഉപയോഗിച്ചിട്ടില്ല എന്നും പക്ഷെ കൂടുതല്‍ പാടിയത്‌ ശരാബി ഗസലുകലാനെന്നു അദ്ദേഹം പറഞ്ഞു. വമ്പിച്ച കയ്യടിയോടെയും വിസിലുകലോടെയും "ചിട്ടി ആയി ഹെ" തുടങ്ങി... അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത ഹര്‍ഷാരവം ആ പാട്ടിന്റെ ജീവന്‍ വിളിച്ചറിയിച്ചു. വീണ്ടും വീണ്ടും പാടാന്‍ വേണ്ടി സദസ്സില്‍ നിന്നും അഭ്യര്‍ഥനകള്‍... ഒന്പത് മണിക്ക് തുടങ്ങിയ ഗാനാലാപനം ഒരു മണിയോടെ അവസാനിച്ചു... അല്ലെങ്കില്‍ അവസാനിപിച്ചു, കാരണം ഞങ്ങള്‍ എത്ര മണിവരെയും ഇരിക്കാന്‍ തയ്യാറായിരുന്നു.

പരിപാടി കഴിഞ്ഞ് പങ്കജ് ഉദാസ് സാഹിബ്‌ ലോബിയില്‍ വരുമെന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ധേഹത്തെ നേരില്‍ കണ്ടു കയ്യൊപ്പ് വാങ്ങി കൈ കൊടുക്കുന്നതിന്റെ അസുലഭ നിമിഷത്തിനു ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. ആ പ്രിയ ഗായകന്‍ നിറഞ്ഞ പുഞ്ചിരിയോടെ വന്നു സീറ്റിലിരുന്നു ഓരോരുത്തര്‍ക്കായി ക്ഷമാപൂര്‍വ്വം സന്തോഷത്തോടെ ഓട്ടോഗ്രാഫ് എഴുതികൊടുത്തു. വരിയായി നിന്ന് ഞാനും ഓട്ടോഗ്രാഫ് എഴുതി വാങ്ങി നന്ദി പറഞ്ഞു.
ആളുകള്‍ വളരെ കുറഞ്ഞു, എന്ത് കൊണ്ടോ ഞാന്‍ അവിടെ തന്നെ തങ്ങി നിന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും ഓട്ടോഗ്രാഫ് കൊടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നടന്നു കുശലം പറഞ്ഞു. ഞാന്‍ ഒന്നും ആലോചിച്ചില്ല. നേരെ ചെന്ന് ആ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു, പോരാത്തതിനു കെട്ടിപിടിച്ചു കവിളത്തും ഒരെണ്ണം കൊടുത്തു, ആവേശം കുറച്ചു കൂടിപ്പോയി. അദ്ദേഹം ചിരിച്ചു കൊണ്ട് എവിടെ നിന്നാണ്, ഇവിടെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു... സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ ഞാന്‍ മറുപടി പറഞ്ഞു. പിന്നെ കൂടെ നിന്നു ഫോട്ടോയും എടുത്ത ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു...

ജീവിതത്തിന്റെ ഓര്‍മചെപ്പില്‍ എന്നെന്നും കാത്തുസൂക്ഷിക്കാന്‍ പറ്റിയ ഒരു അപൂര്‍വ അനുഭവം ആയിരുന്നു അത്. മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭുതിയായിരുന്നു. ജീവിതത്തിലെ ഒരു ഭാഗമായി മാറിയ "ചിട്ടി ആയി ഹെ" എന്ന ഗാനം തന്റെതായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും അനശ്വരമാക്കിയ കലാകാരന്റെ കൂടെ അല്‍പസമയം... ഇരുപതു വര്‍ഷം മുന്‍പ് പാടിയ ആ ഗാനം അതേ മാധുര്യതോടെ തന്നെയാണ് അദ്ദേഹം അന്നും ആലപിച്ചത്... ഈ ഗാനം ഒരിക്കലും മരിക്കില്ല... എന്നെ പോലുള്ളവരിലൂടെ ജീവിക്കും എന്ന കാര്യം നിസ്സംശയം!

സമീര്‍
ചെന്നൈ, 20 സെപ്റ്റംബര്‍ 2010
എന്റെ ജാലകം

Sunday, September 12, 2010

ഹൈവേ ഫുട്ബോള്‍

ഇന്ത്യയില്‍ മൊത്തം പണിമുടക്കാന്. മാര്‍ക്കെറ്റിലെ മീന്‍ വില്പനക്കാരനാണ് ഓര്‍മിപ്പിച്ചത്. "നാളെ ഒന്നും കിട്ടില്ല".പരിചയക്കാരനാണ്, ഒരു കിലോ കൂടുതല്‍ വാങ്ങി, എന്തായാലും വീട്ടില്‍ ഇരിക്കണം, അപ്പോള്‍ പിന്നെ മീന്‍ പൊരിച്ചും കരിച്ചും തിന്നു കളിക്കാം എന്ന് കരുതി . അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്കാന്, കാരണം അന്യേഷിച്ചു മിനക്കെടാന്‍ പോയില്ല, അത് നടത്തുന്നവര്‍ക്ക് പോലും അതറിയാന്‍ പറ്റില്ല. (http://www.harthal.com/)

പിറ്റേന്ന് കാലത്ത് ചെന്നയില്‍ ഓഫീസില്‍ വിളിച്ചു, അങ്ങനെ ഒരു സംഭവം അവര്‍ അറിയില്ല. കേരളത്തിലെ എന്ടെ ഈ കുഗ്രാമം പോലും, സൗകര്യം പോലെ ഹര്‍ത്താല്‍, ബന്ദ്, പണിമുടക്ക്‌ എന്നൊക്കെ ഓമനപേരില്‍ വിളിക്കുന്ന ജനജീവിതം സ്തംമ്പിപ്പിക്കല്‍ പരിപാടി ഉറങ്ങി ആഘോഷിക്കുകയാണ്. ഒരു വര്‍ഷമായി ചെന്നയില്‍, ഇത് വരെ ഈ പറഞ്ഞതൊന്നും അവിടെ കണ്ടിട്ടില്ല. ചെന്നൈ ഇന്ത്യയില്‍ അല്ലായിരിക്കും എന്ന് കരുതി. ഈ ബന്ദ് ദിനത്തില്‍ കുട്ടിക്കാലത്തെ ഒരു ബന്ദ്-ദിനം ഓര്‍മ വന്നു...

എത്ര അടിച്ചെടാ?.....
രണ്ടേ-ഒന്ന് (2-1)!!!
ഞങ്ങള്‍ രാവിലെ തന്നെ ഫുട്ബാള്‍ കളി തുടങ്ങി. അന്ന് ഭാരത ബന്ദ് ആണ്. തലശ്ശേരി ഉപ്പാന്റെ വീട്ടിലാണ്‌. മെയിന്‍ റോഡിനടുത്താണ് വീട്. അതും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളൊക്കെ പണ്ട് മുതലേ പേരുകേട്ടതാണ്, വഴിയെ മനസ്സിലായിക്കൊള്ളും!. വിജനമായ നാഷണല്‍ ഹൈവേ റോഡിലാണ് കളി! എളപ്പമാര്‍ (ഇളയച്ചന്‍) അടക്കം വലുതും ചെറുതുമായ ഒരു കൂട്ടം തന്നെ ഉണ്ട്. ടാറിട്ട റോഡിലെ കളിക്ക് ഒരു പുതുമ ഉണ്ടായിരുന്നു. മൂന്ന് നാലു പോലീസുകാര്‍ അടക്കം നല്ലൊരു കൂട്ടം പീടിക തിണ്ണയില്‍ ഇരുന്നു കളി കാണുന്നുണ്ട്. ഉച്ചയ്ക്ക് ഞങ്ങള്‍ ചോറ് തിന്നാനായി പിരിഞ്ഞു.

സ്കോര്‍ രണ്ടേ-രണ്ട് (2-2) ... മറുഭാഗം തിരിച്ചടിച്ചിരിക്കുന്നു.
ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ അടിച്ചുപൊളിച്ചു വീണ്ടും കളി ആരംഭിച്ചു. കളിക്ക് വാശിയും വീര്യവും കൂടി മൂത്ത് നില്‍കുമ്പോള്‍ അതാ കുടുകുടെന്നു ശബ്ദമുണ്ടാക്കി ഒരോട്ടോറിക്ഷ വരുന്നു. രണ്ട് ഭാഗത്തും കര്‍ട്ടനിട്ടു മൂടിയാണ് വരവ്. ഞങ്ങള്‍ കളിക്കുന്നിടതെത്തിയ ഉടനെ പീടിക തിണ്ണയില്‍ ഉണ്ടായിരുന്ന ബന്ദനുകൂലികള്‍ ഓട്ടോയെ വട്ടമിട്ടു. പിന്നെ അതിലുണ്ടായിരുന്നവര്‍ പറക്കുന്നതും, ഓട്ടോ തലകീഴായി കിടക്കുന്നതുമാണ് കണ്ടത്. ഒട്ടോയിലുണ്ടായിരുന്നവര്‍ എതിര്‍ ഭാഗത്തേക്ക്‌ ഓടി മറഞ്ഞു. "കള്ള് കുടിയന്മാര്‍" ആണ് എന്നൊക്കെ പറഞ്ഞു കേട്ടു. ഞങ്ങള്‍ കളി തുടര്‍ന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരിരമ്പല്‍ കേട്ടു. ഓട്ടോയിലെ ആളുകള്‍ ഓടിപ്പോയ ഭാഗത്ത്‌ നിന്നും ഒരു യുദ്ധത്തിനുള്ള ആള്‍കാര്‍ ഓടി വരുന്നു. ഞങ്ങള്‍ കുട്ടികളോട് വീട്ടിലേക്കു ഓടാന്‍ പറഞ്ഞു! പിന്നെ അവിടെ പൊരിഞ്ഞ അടിയും കുത്തും ആംബുലന്‍സും ഒക്കെയാണെന്ന് കേട്ടു. ഞങ്ങള്‍ കുട്ടികള്‍ നല്ലൊരു കളിയുടെ ഹരം നഷ്ടപെട്ട ദുഖത്തിലയിരുന്നു. ഒരാറു മണിയോടെ റോഡിലേക്ക് പോയി നോക്കി, ഞങ്ങള്‍ സുന്ദരമായി കളിച്ച റോഡിലൊക്കെ നിറയെ പോലീസ്. ഒരു നാലഞ്ചു വാന്‍ നിറയെ പോലീസുകാര്‍ വന്നിട്ടുണ്ട്. നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ചിട്ടുണ്ട് (IPC 144). ആ നമ്പര്‍ (144)  കേട്ടിട്ട് പുതുമയൊന്നും തോന്നിയില്ല. ഉമ്മാന്റെ വയറ്റില്‍ കിടക്കുന്ന കാലത്ത് കേള്‍ക്കുന്നതാണ്!!!

വൈകുന്നേരം നാലഞ്ചു പോലീസുകാര്‍ വീട്ടില്‍ വന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പോലീസിനെ കാണുന്നത് തന്നെ പേടിയാണ്. അവര്‍ വിശ്രമിക്കാന്‍ വന്നതാണ്‌. വീടിന്റെ കോലായില്‍ വിശാലമായ തണ ഉണ്ട്. അവര്‍ അതില്‍ കിടന്നു. ഉപ്പാന്റെ ഉമ്മ അവര്‍ക്ക് കട്ടന്‍ ചായ കൊടുത്തു കൊണ്ട് അവരോടു സൊറ പറഞ്ഞിരുന്നു. ഇതവിടെ ഇടയ്കിടെ ഉണ്ടാകുന്നതാണ്. പല പോലീസുകാരും പല പ്രാവശ്യം വന്നിട്ടുല്ലവരാണ്.

ഒരു ഗോള്‍ കൂടി അടിച്ചു, ഇപ്പോള്‍ രണ്ടു-മൂന്ന് (2-3) ആണ് നില.
പുറത്താരോ പറയുന്നത് കേട്ടു. തെല്ലൊന്നു അതിശയിച്ചു പോയി, ഞങ്ങള്‍ അത്രയല്ലല്ലോ അടിച്ചത്! ഞങ്ങള്‍ മൊത്തത്തില്‍ ഒരു പത്തു മുപ്പതു ഗോള്‍ അടിച്ചിട്ടുണ്ട്. ഓ! ഇത് മറ്റെതാണ്! തല വെട്ടു കളി... അവിടെ ഇതൊരു ഹോബിയാണ്... ഈ ഗോള്‍ നില കുത്തി-കൊന്നതിന്റെ ആണ്. രണ്ട് പേരെ കൊന്നതിനു, തിരിച്ചു ഒരുത്തനെ ചാമ്പിയിട്ട് പോരാത്തതിനു ബന്ദും പ്രഖ്യാപിച്ച പാര്‍ട്ടി ഉച്ചയ്ക്ക് രണ്ടാമത്തവനെ തട്ടി സമനില പിടിച്ചിരുന്നു. ലോകോത്തര കളിക്കാരെ വെല്ലുന്ന മികവ്! ഇപ്പോള്‍ ഒന്നിനെ കൂടി തട്ടി ലീഡ് ചെയ്യുന്നു... ഹാ! ഞങ്ങളുടെ കളി വെറും കുട്ടിക്കളി... എത്ര നിസ്സാരം! ഇനി ഇവിടെ കുറച്ചു ദിവസം ഇത് തന്നെ കളി. തല വെട്ടിക്കളി. വേണമെങ്കില്‍ "പുളി"ശ്ശേരി "എരി"ശ്ശേരി പോലെ "തല"ശ്ശേരി വച്ചു തരും! അല്ലെങ്കിലും ഞങ്ങള്‍ക്ക് പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ വലിയ താല്പര്യം ആണ്.

ഒരു പാട് എഴുതണമെന്നുണ്ട്, പക്ഷെ നിര്‍ത്തുന്നു. കാരണം, ഇത് വായിച്ചിട്ട് വല്ലവനും എന്ടെ തലയോ കയ്യോ കാലോ വെട്ടണം എന്ന് തോന്നിയാല്‍, അതിനു ഒരു ഈച്ച ചത്തതിന്റെ വില പോലും ഈ രാജ്യത്തുണ്ടാവില്ല എന്നറിയാം. പിന്നെ വല്ലതും ബാക്കിയുണ്ടെങ്കില്‍ അതും തുക്കിപിടിച്ചു നീതിക്കായി ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ കോടതി വരാന്തയില്‍ നിരങ്ങാന്‍ ഉള്ള ത്രാണി ഇല്ല. അത് കൊണ്ട് ഇവിടെ നിറുത്താം. ഭാരത മാതാ കി ... ലാല്‍ സലാം!


സമീര്‍
വടകര, 12 സെപ്റ്റംബര്‍ 2010

Tuesday, September 7, 2010

തീവണ്ടിയില്‍ ഒരു വിചിന്തനം

തീവണ്ടിയില്‍ നല്ല തിരക്കുണ്ട്‌, ചെന്നയില്‍ (മദ്രാസ്‌) നിന്നും നാട്ടിലേക്കാണ്‌. ഒരു മാസം മുന്‍പേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്താലേ സമാധാനത്തോടെ യാത്ര ചെയ്യാന്‍ പറ്റൂ. സീറ്റ് ഉറപ്പില്ലെങ്കില്‍ ദുരിതപൂര്‍ണമായ ഒരു യാത്രയായി കലാശിക്കും. മൂന്ന് നാലു തവണ ടൊഇലെടിനു അടുത്തായി നിലത്തു പത്രം വിരിച്ചു യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ടിക്കറ്റ്‌ നേരെത്തെ എടുത്തിരുന്നു. ചെന്നയില്‍ നിന്ന് മംഗലാപുരത്തേക്ക്, തിരിച്ചങ്ങോട്ടും, എപ്പോഴും തിരക്കാണ്. ഒരു വിധം എല്ലാ ദൂരയാത്ര തീവണ്ടിയുടെയും അവസ്ഥ ഇത് തന്നെയാണ്. വാരാവസാനം ടിക്കറ്റ്‌ കിട്ടുക എന്നത് ഭാഗ്യക്കുറിക്ക്‌ തുല്യം! അവധിക്കാലത്ത്‌ അവസ്ഥ അതിലും കഷ്ടം. ആണ്ടുകള്‍ പലതു കഴിഞ്ഞു, പല രാഷ്ട്രിയ പാര്‍ട്ടികളുടെയും സര്‍ക്കാരുകള്‍ രാജ്യത്തെയും സംസ്ഥാനങ്ങളെയും മാറി മാറി വ്യഭിചരിച്ചിട്ടും ഭീകരത, ഫാസിസം, നക്സലിസം, വംശീയ വര്‍ഗീയത, മണ്ണിന്റെ മക്കള്‍ വാദം എന്നീ സന്താനങ്ങളെ മാത്രമേ ഉണ്ടാക്കാനും പരിപോഷിപ്പിക്കാനും പറ്റിയിട്ടുള്ളൂ... മറ്റുള്ള സ്തിഥി വിശേഷത്തിനു മാറ്റമൊന്നുമില്ല... അല്ലെങ്കില്‍ "നാമൊന്നു നമുക്ക് ഒന്നോ രണ്ടോ" എന്നത് രാജ്യത്തെ പൌരന്മാര്‍ ഫലപ്രദമായി ഉപയോഗിച്ചില്ല!

ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു, സുഹൃത്തുക്കളും ഒരുമിച്ചു ജോലി ചെയ്യുന്നവരുമാണ് കൂടെ ഉള്ളത്. ഒരാള്‍ ഏറ്റവും മുന്നിലെ ബോഗിയിലും (S -11), മറ്റൊരാള്‍ രണ്ടു ബോഗി പുറകിലും (S-9), ഞാന്‍ കുറെ പുറകിലുമാണ് (S-3). ഞങ്ങള്‍ എല്ലാവരും S-9 ബോഗിയില്‍ കൂടി. നോമ്പ് തുറക്കണം, അത് കഴിഞ്ഞു ഭക്ഷണം കഴിക്കണം, എന്നിട്ട് അവരവരുടെ ബര്‍ത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. S-9 ബോഗിയില്‍ ഉള്ളവന് ഇരിക്കാനുള്ള വകുപ്പേ ഉള്ളു (RAC), കിടക്കാനുള്ള വകുപ്പില്ല. ഇതൊന്നും കൂടാതെ കിടക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത വെയിറ്റിംഗ് ലിസ്റ്റ് (waiting list) എന്ന വകുപ്പിലെ കുറെ പേരുമുണ്ട്. അവര്‍ ടിടിയുടെ (ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകന്‍) കയ്യോ, കാലോ പിടിച്ചോ അല്ലെങ്കില്‍ ഗാന്ധിയെ ചുരുട്ടികൊടുത്തോ ഏതെങ്കിലും ഒരു വകുപ്പ് ഒപ്പിക്കാന്‍ നില്‍പാണ്‌.

ടിടി എന്ന് പറയുമ്പോള്‍ മനസ്സില്‍ വരുന്ന രൂപത്തിലുള്ള ഒരാള്‍ തന്നെ ആയിരുന്നു വന്നത്. അതിലുള്ളവന്റെ ടിക്കറ്റ്‌ പരിശോധിച്ചു, കിടക്കാനുള്ള അപേക്ഷ കൊടുത്തു നോക്കിയെങ്കിലും തള്ളിക്കളഞ്ഞു. "ഫുള്ളാണ്‌" എന്ന് മറുപടി. ഞങ്ങള്‍ ടോയിലെട്ടിന്റെ ഭാഗത്ത്‌ നീങ്ങി. ടിടി എല്ലാവരെയും ചെക്ക്‌ ചെയ്തു അവിടെ എത്തിയപ്പോള്‍ അതാ ഇരിക്കുന്നു ഒരു മാരണം. കീറി മുഷിഞ്ഞ വസ്ത്രമിട്ടു, താടിയും മുടിയും വളര്‍ത്തിയ (ബിന്‍ ലാദന്‍ അല്ല) ഒരു തമിഴന്‍ കൂനിക്കൂടി വാതിലിനരികില്‍ ഇരിക്കുന്നു. വാതിലടച്ചു കൊണ്ട് ടിടി അവനോടെയുന്നെല്കാന്‍ പറഞ്ഞു. ടിക്കറ്റ്‌ ചോദിച്ചു, അവന്‍ മിണ്ടിയില്ല... പട്ടേ!!!, "പോയി തുലയെടാ...", ടിടി അയാളുടെ മുഖമടച്ചു ഒരടിയായിരുന്നു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായിരുന്നു ടിടി, അവന്റെ കണ്ണില്‍ പൊന്നീച്ച പറന്നു കാണും!.

ഞങ്ങള്‍ എല്ലാവരും അപ്രതിക്ഷിതമായ ആ അടി കണ്ടു തരിച്ചുപോയി. നല്ല അടിയായിരുന്നു! കൂടെയുള്ളവന്‍ കുറച്ചു സന്ഖടതോടെ "എന്തിനാ സര്‍ അടിച്ചത്?" എന്ന് ചോദിച്ചു. "ഈ ബോഗി എന്റെതാണ്, ഇതില്‍ യാത്ര ചെയ്യുന്ന നിങ്ങളും പെട്ടിയും സാധനങ്ങളും എന്ടെ ഉത്തരവാദിത്തമാണ്, എന്തെങ്കിലും പറ്റിയാല്‍ അല്ലെങ്കില്‍ നഷ്ടപെട്ടാല്‍ എന്നോടാണ് ചോദിക്കുക, അപ്പോള്‍ നിങ്ങള്ക് മനസ്സിലാകും", ടിടി പറഞ്ഞതും കാര്യം! അയാളുടെ ന്യായം.

ഞങ്ങള്‍ നോമ്പോക്കെ തുറന്നു സംസാരിച്ചിരിക്കുമ്പോള്‍ ടിടി വീണ്ടും വന്നു. "ഒരുത്തന്റെ മൊബൈല്‍ കാണുന്നില്ല! ചാര്‍ജ് ചെയ്യാന്‍ വച്ചതാ", ഞങ്ങളോടായി പറഞ്ഞുകൊണ്ട് മൂപ്പിലാന്‍ സംസാരം തുടര്‍ന്നു. അദ്ദേഹം കുറെ വാചാലനായി, മൂപ്പിലാന്റെ ജോലി, യാത്രകള്‍, ജീവിതം, രാഷ്ട്രിയം... വളരെ നല്ലൊരു അനുഭവം ആയിരുന്നു. ഞങ്ങളുടെ ഒരു ബര്‍ഗെരും ഫ്രൈയട് ചിക്കന്‍ പീസും ഓഫര്‍ ചെയ്തു. നിരസിച്ചില്ല, അദ്ദേഹം അത് വാങ്ങി പോയി...

ആ ബോഗിയിലും, അപ്പുറത്തുമായി പത്തറുപതു കോളേജ് കുട്ടികള്‍ ഉണ്ടായിരുന്നു, ടൂര്‍ സംഘമാണ്. ഒച്ചയും ബഹളവുമാണ്. അതിലൊരുവന്റെ മൊബൈല്‍ ആണ് പോയതെന്ന് പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിയാന്‍ നേരം ടിടി വീണ്ടും വന്നു. "താന്‍ 65-ല്‍ കിടന്നോളൂ", ഇരിക്കാനുള്ളവന് കിടക്കാനുള്ള വകുപ്പായി. ബര്‍ഗെരിന്റെ ഫലമോ അല്ലെങ്കില്‍ ഞങ്ങളോട് തോന്നിയ ഇഷ്ടം കൊണ്ടോ എന്തോ...

ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിഞ്ഞു... ഞാന്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ഉല്ലാസത്തിന് പോകുന്ന അടുത്ത തലമുറയെ കീറിമുറിച്ചു കൊണ്ട് എന്ടെ കമ്പാര്‍ട്ട്മെന്റ്ലേക്ക് നടന്നു... അടുത്ത ബോഗിയിലേക്കു കടക്കുന്നിടത്ത്, രണ്ടു ബോഗിയും ബന്ധിപ്പിച്ചിരുക്കുന്നതിനു മേലെ, ടിടിയുടെ അടി കൊണ്ട തമിലന്‍ കമിഴ്ന്നു കിടന്നു ഉറങ്ങുന്നു.. മൊബൈല്‍ അടിച്ചു മാറ്റിയത് തീര്‍ച്ചയായും അയാളയിരിക്കില്ല... അങ്ങനെ ഒരു സാധനത്തെ പറ്റി അവനു അറിയുമോ എന്തോ! ആളെയും മറി കടന്നു ഞാന്‍ നടന്നു...

ചിന്തകള്‍ ഉണര്‍ന്നു. ഇങ്ങനെ ഒരാളുടെ അവസ്ഥയ്ക്ക് ആരാണുത്തരവാദി? ഈ രാജ്യത്തെ പൌരനായ എനുക്കിമില്ലേ ഇതില്‍ ഒരു പങ്ക്? അല്ലെങ്കില്‍ ഞാനെന്ന കഴുത എന്ത് പിഴച്ചു? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടാനായി ഓടുമ്പോയും നടക്കുന്നതിനും ഇരിക്കുന്നതിനും മുള്ളുന്നതിനും യാത്ര ചെയ്യുന്നതിനും തിന്നുന്നതിനും കുടിക്കുന്നതിനും വേറെ എല്ലാ പണ്ടാരത്തിനും "മിണ്ടിയാല്‍..." എന്ന രീതിയില്‍ നികുതി കൊടുക്കുന്നില്ലേ! പുറമേ ഇവിടെ ശബളം വാങ്ങുന്നവന്റെ കയ്യില്‍ നിന്നും വരുമാന നികുതി (income tax) എന്ന പേരില്‍ സര്‍കാര്‍ പണം തട്ടിപ്പറിക്കുന്നില്ലേ? പൌരന്മാര്‍ വിദേശത്ത് പോയി ഫോറിന്‍ കറന്‍സി സമ്പാദിച്ചു കൊടുക്കുന്നില്ലേ?

സ്വിസ് ബാങ്കില്‍ ഉള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്കു മാത്രം നോക്കിയാല്‍ ഈ കിടക്കുന്നവ്റെ അവസ്ഥ രാജ്യത്തുണ്ടാവില്ല. നികുതി എന്ന പേരില്‍ പണം പിരിച്ചു, അത് തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും, ബന്ധുക്കളുടെയും സ്വന്തക്കാരുടെയും, എന്തിനു വെപ്പാട്ടിമാര്‍ക്ക് വരെ വീതം വച്ചു കൊടുത്തു സുഖിച്ചു ജീവിക്കുന്ന രാഷ്ട്രിയ നപുംസകങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ? അവനെ വിളിച്ചുണര്‍ത്തി ഏതെങ്കിലും ഒരിടത് പോയി തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്തിയായി നിന്ന് "വോട്ടു-യാചകം" നടത്താന്‍ പറയണമെന്ന് തോന്നി. അതിനെക്കാള്‍ നല്ല ഒരു സ്വയം തൊഴില്‍ കണ്ടെത്തല്‍ മേഘല വേറെ ഇതുണ്ട് ഈ നാട്ടില്‍? പെട്ടെന്ന് ചെയ്താല്‍ നല്ലത്, കാരണം വീടിനു മുന്‍പില്‍ "യാചകര്‍ക്കും രാഷ്ട്രീയകാര്‍ക്കും പ്രവേശനം ഇല്ല" എന്ന് എഴുതി വയ്കുന്ന കാലം വിദൂരമല്ല!

മതി, കാടുകയറി... ഉള്ളിലെ കനലില്‍ എണ്ണ ഒയിക്കേണ്ട എന്ന് കരുതി ബര്‍ത്തില്‍ കയറി, മൊബൈലില്‍ കണ്ടുകൊണ്ടിരുന്ന "ആന്‍ഡ്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍" (...And Justice for All ) എന്ന സിനിമയിലേക്ക് കണ്ണും കാതും ചെലുത്തി കിടന്നു. തറയില്‍ കിടക്കുന്നവന്റെയും ബര്‍ത്തില്‍ കിടക്കുന്നവന്റെയും വ്യത്യാസം അറിയാതെ, എല്ലാ ഭാരവും സ്വന്തം മുതുകിലെറ്റി, ഇടയ്കിടെ തൊണ്ട കീറി അലറി വിളിച്ച്, അനന്തമായി നീണ്ടു കിടക്കുന്ന റെയില്‍ പാളങ്ങളെ ഞെരിച്ചമര്‍ത്തി തീവണ്ടി ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ ഓടികൊണ്ടിരുന്നു...

സമീര്‍
വടകര, 7 സെപ്റ്റംബര്‍ 2010

Thursday, September 2, 2010

പാമ്പ് പുരാണം

"മഴയില്‍ കുളിച്ച മരങ്ങളെ നിങ്ങള്‍... കണ്ടുവോ മറവിയില്‍ എന്‍ പോയ ബാല്യം..." പെട്ടെന്ന് പെഴ്ത മഴയില്‍ ഉബായീ സാഹിബിന്റെ ഗസല്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ എന്ടെ ബാല്യത്തിലെ ഒരോര്‍മ ചികഞ്ഞെടുത്തു...

അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. എന്നുമെന്നും ഓര്‍മ്മിക്കാന്‍ പറ്റിയ ഒരു ബാല്യകാലം കിട്ടിയ ഭാഗ്യവന്മാരില്‍ എന്നെയും പെടുത്താം. ഉമ്മാന്റെ തറവാട് വീട്ടിലായിരുന്നു അന്ന് കൂട്ടുകുടുംബമായി താമസം. വീടിനു പിന്നാമ്പുറത്ത് തോടുണ്ട്, അതിനപ്പുരതായി വിജനമായ വലിയ പറമ്പ്, ആ പരിസരത്തിന്റെ ഒട്ടു മിക്ക വഴികളിലൂടെയും തോട് ഒഴുകുന്നുണ്ട്. തോടിലുടെ കക്കയുമായി വരുന്ന തോണി, കക്ക ചുട്ടു ഉണക്കി പൊടിച്ചു കുമ്മായം ഉണ്ടാക്കുന്ന സ്ഥലം, തെങ്ങിന്റെ ഓല മേഞ്ഞു കെട്ട് കെട്ടായി വില്കുന്നത്, നിറയെ തെങ്ങുകളും മരങ്ങളും...

അന്ന് ഞങ്ങള്‍ ഒരു പത്തിരുപതു കുട്ടികളുടെ വലിയ ഒരു ചങ്ങാതിക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചട്ടിയേര്‍, കൊക്കംപറന്നു കളി, ആകാശത്തിലെ പൂരിവട്ടം, ചുള്ളിയും കോലും, പലവിധം ഗോട്ടി കളി, കണ്ണാരംപൊത്തി, അമ്മതിലും ഇമ്മതിലും, ടയര്‍ ഉരുട്ടല്‍, വോലീബാല്‍, തോട്ടില്‍ മീന്‍പിടുത്തം... അങ്ങനെ പോകുന്നു വിനോദ പരിപാടികള്‍. സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ നേരം ഇരുട്ടുന്നതു വരെ കളിയാണ്‌.

ഒരു വൈകുന്നേരം സാധാരണത്തെ പോലെ ഞങ്ങള്‍ എല്ലാവരും ഒത്തു ചേര്‍ന്നു. കണ്ണാരം പൊത്തി കളി തീരുമാനിച്ചു. ഒന്ന് മുതല്‍ ഇരുപതഞ്ഞ്ജു വരെയോ, അമ്പതു വരെയോ (സ്ഥല സൗകര്യം പോലെ മാറ്റും) ഒരാള്‍ കണ്ണ് പൊത്തി ഉറക്കെ എണ്ണം. അതിനിടയില്‍ മറ്റുള്ളവര്‍ പലയിടങ്ങളില്‍ ആയി ഒളിച്ചിരിക്കും. എണ്ണി കഴിഞ്ഞാല്‍ ഒളിച്ചവരെ കണ്ടു പിടിക്കലാണ് എന്നിയവന്റെ പണി. ഒളിക്കാനുള്ള സ്ഥലത്തിന്റെ പരിതിയൊക്കെ ആദ്യം തന്നെ നിശ്ചയിക്കും.അങ്ങനെ കളി പുരോഗമിക്കെ ഞാന്‍ ഒളിക്കാനായി ഓടി. എണ്ണി കഴിയുന്നതിനു മുമ്പേ കണ്ടെത്താന്‍ പറ്റാത്ത ഒളിയിടം കണ്ടു പിടിക്കണം.

ഞാന്‍ തോടിന്റെ വരമ്പ് ലക്ഷ്യമാക്കി കുതിച്ചു. നല്ല വേഗത്തിലായിരുന്നു ഓട്ടം, പെട്ടെന്ന് ഞാന്‍ സട്ടന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തി! ശരീരത്തില്‍ കാലില്‍ കൂടി വന്നു തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി, കണ്ണില്‍ ഇരുട്ട് കഴറിയത് പോലെ... മുന്നില്‍ ഒരു പാമ്പ്... ഒരു അഞ്ചു ആറു അടി ദൂരത്തില്‍ ആണുള്ളത്, അതും ഞാന്‍ ഓടുന്നതിന്റെ നേരെ എതിരിലാണ് വന്നത്! മൂപ്പിലനും ഞാനും ഒരേ സമയത്താണ്‌ ബ്രേക്ക്‌ ഇട്ടത്! ഞാന്‍ തരിച്ചു നില്‍കുകയാണ്‌, മൂപ്പിലാന്റെ തല നിലത്തു നിന്ന് പതിയെ പൊങ്ങി. പിന്നെ പത്തി മെല്ലെ വിടരാന്‍ തുടങ്ങി! മൂപ്പിലാന്‍ നാവു ഓരോ രണ്ടു സെകണ്ടിലും പുറത്തേക്കു കാണിച്ചു തരുന്നുണ്ട്! പത്തി വിടര്‍ത്തി! ഞാന്‍ ശരിക്കും ഞെട്ടി ... പടച്ചോനെ... വിടര്‍ന്ന പത്തിയില്‍ അതാ "ഋ" ചിഹ്നം. ലീല ടീച്ചര്‍ പഠിപിച്ച പാമ്പിന്റെ വിശേഷണം! പരമശിവന്റെ കഴുത്തില്‍ ചുറ്റി കിടക്കുന്ന സാധനം, അത്യുഗ്രന്‍ വിഷപാമ്പ്! സാക്ഷാല്‍ മൂര്‍ഖന്‍... "അല്ലന്റുമ്മ... പാമ്പ്" എന്ന് അലറികൊണ്ട് ശര വേഗത്തില്‍ ഞാന്‍ തിരിഞ്ഞോടി. വീടിലെത്തിയെ ഓട്ടം നിന്നുള്ളൂ. അന്ന് വിറയലും പനിയും ആയി എന്നാണോര്‍മ. അന്ന് മുതല്‍ പാമ്പിനെ പേടിയായിരുന്നു. മറ്റൊരു സംഭവത്തോടെ പിന്നെ അത് ജീവിതത്തില്‍ പേടിയുള്ള ഒരു ജീവിയായി മാറി...

ഭാഗം രണ്ട്
അന്ന് മീന്‍പിടുത്തം ഒരു ഹരമായിരുന്നു. തോടിലോ കുളത്തിലോ ആണെങ്ങില്‍ ചൂണ്ടയിടും. മഴക്കലതാനെങ്കില്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് ഊറ്റിയെടുക്കും. നന്ഗീസിന്റെ ഒരറ്റത്ത് ചെറിയ ചൂണ്ട കെട്ടി അതില്‍ മണ്ണിരയെ കോര്തിട്ടാണ് മീന്‍പിടുത്തം. ഒരു ദിവസം ചെങ്ങതിയെയും കൂട്ടി പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയി. നല്ല പച്ചക്കളര്‍ വെള്ളമാണ് കുളത്തില്‍, വെള്ളത്തിന്‌ മുകളില്‍ ആയി ഒരു ഭാഗത്ത് പായലും കുള വാഴയുമാണ്. ആരും ഉപയോഗികാത്ത കുളമാണ്. ആ കുളത്തില്‍ നല്ല ഫിലാപ്പിയെ മീന്‍ കിട്ടും, സ്കൂള്‍ വിട്ടു വരുമ്പോള്‍ നല്ല വലിയ പിലാപ്പി മീനുകള്‍ കുളത്തിന് മുകളില്‍ നില്കുന്നത് കാണാറുണ്ട്. ഞങ്ങള്‍ ചൂണ്ടയിട്ടു! ഒന്നും കൊത്തുന്നില്ല. കുറച്ചു സമയം കാത്തു. ഒരനക്കവും ഇല്ല. ചങ്ങാതി നല്ല കൊഴുത്ത മണ്ണിരയെ കൊണ്ട് വരാമെന്ന് പറഞ്ഞു പോയി. ഞാന്‍ ചുണ്ടയില്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. ആരെങ്കിലും പെട്ടോ എന്നറിയാന്‍..

ചൂണ്ടയില്‍ ഒരു അനക്കം വന്നു. ഞാന്‍ നന്ഗീസ് ഇടത്തോട്ടും വലതോട്ടുമായി ഒന്ന് ചുഴറ്റി ചെറുതായി വലിച്ചു. മീനിന്റെ വായില്‍ ചൂണ്ട ശരിക്കും തറക്കാന്‍ വേണ്ടിയുള്ള അടവാനത്. ഹു..ഹാ... നന്ഗീസ് ശരിക്കും വലിഞ്ഞു മുറുകി. വലിച്ചെടുക്കാന്‍ സമയം ആയി. മീന്‍ ചൂണ്ടയില്‍ കുടുങ്ങിയിരിക്കുന്നു. ആഞ്ഞു വലിച്ചു, അതിലും ശക്തമായി ചൂണ്ട എന്നയും വലിച്ചു. ഇത്ര വലിയ മീനോ! ഒരതിശ്യം! എനിക്ക് സംശയം!, പിന്നയോര്‍ത്തു വല്ല മട്ടലോ ചണ്ടിയോ ചൂണ്ടയില്‍ കുടുങ്ങിയിട്ടവും.

വെള്ളത്തിന്‌ രണ്ടു പടി മുകളിലയാണ് ഞാന്‍ നില്പ്. എഴുന്നേറ്റു നിന്ന് രണ്ടു കൈ കൊണ്ടും ശക്തിയായി നന്ഗീസ് വലിച്ചു. മെല്ലെ മെല്ലെ ചൂണ്ട മുകളിലോട് വന്നു. മീനിന്റെ തല കണ്ടു! കുറച്ചു കൂടി വലിച്ചു!!! ഹയാ, ഞാന്‍ പെടിച്ചലരികൊണ്ട് നന്ഗീസ് കുളത്തിലെക്കെരിഞ്ഞു ഓടി!!! ചൂണ്ടയില്‍ കൊരുത്തത് പാമ്പ് ആയിരുന്നു! ഏതാണ് ഇനം എന്നൊന്നും നോക്കിയിട്ടില്ല. നല്ല വലിപ്പമുള്ള സദനം ആയിരുന്നു എന്ന് വ്യക്തം, അത്രയ്ക്ക് ശക്തിയയിട്ടാണ് ഞാന്‍ വലിച്ചത്. ആ ഓട്ടവും വീട്ടിലാണ്‌ നിന്നത്!!!

ചെന്നയില്‍ ഓര്‍ക്കാപുറത്ത് ശക്തിയായി പെഴ്ത മഴ ചോര്‍ന്നിരുക്കുന്നു... രാത്രി പതിനൊന്നു മണിയായി... ഡ്രസ്സ്‌ എടുത്തു വച്ചു.. ബംഗ്ലൂര്-‍ലേക്കാണ്... വണ്ടി ഇപ്പോള്‍ എത്തും....

സമീര്‍
ചെന്നൈ, 02 സെപ്റ്റംബര്‍ 2010