Tuesday, September 7, 2010

തീവണ്ടിയില്‍ ഒരു വിചിന്തനം

തീവണ്ടിയില്‍ നല്ല തിരക്കുണ്ട്‌, ചെന്നയില്‍ (മദ്രാസ്‌) നിന്നും നാട്ടിലേക്കാണ്‌. ഒരു മാസം മുന്‍പേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്താലേ സമാധാനത്തോടെ യാത്ര ചെയ്യാന്‍ പറ്റൂ. സീറ്റ് ഉറപ്പില്ലെങ്കില്‍ ദുരിതപൂര്‍ണമായ ഒരു യാത്രയായി കലാശിക്കും. മൂന്ന് നാലു തവണ ടൊഇലെടിനു അടുത്തായി നിലത്തു പത്രം വിരിച്ചു യാത്ര ചെയ്യേണ്ടി വന്നതിനാല്‍ ടിക്കറ്റ്‌ നേരെത്തെ എടുത്തിരുന്നു. ചെന്നയില്‍ നിന്ന് മംഗലാപുരത്തേക്ക്, തിരിച്ചങ്ങോട്ടും, എപ്പോഴും തിരക്കാണ്. ഒരു വിധം എല്ലാ ദൂരയാത്ര തീവണ്ടിയുടെയും അവസ്ഥ ഇത് തന്നെയാണ്. വാരാവസാനം ടിക്കറ്റ്‌ കിട്ടുക എന്നത് ഭാഗ്യക്കുറിക്ക്‌ തുല്യം! അവധിക്കാലത്ത്‌ അവസ്ഥ അതിലും കഷ്ടം. ആണ്ടുകള്‍ പലതു കഴിഞ്ഞു, പല രാഷ്ട്രിയ പാര്‍ട്ടികളുടെയും സര്‍ക്കാരുകള്‍ രാജ്യത്തെയും സംസ്ഥാനങ്ങളെയും മാറി മാറി വ്യഭിചരിച്ചിട്ടും ഭീകരത, ഫാസിസം, നക്സലിസം, വംശീയ വര്‍ഗീയത, മണ്ണിന്റെ മക്കള്‍ വാദം എന്നീ സന്താനങ്ങളെ മാത്രമേ ഉണ്ടാക്കാനും പരിപോഷിപ്പിക്കാനും പറ്റിയിട്ടുള്ളൂ... മറ്റുള്ള സ്തിഥി വിശേഷത്തിനു മാറ്റമൊന്നുമില്ല... അല്ലെങ്കില്‍ "നാമൊന്നു നമുക്ക് ഒന്നോ രണ്ടോ" എന്നത് രാജ്യത്തെ പൌരന്മാര്‍ ഫലപ്രദമായി ഉപയോഗിച്ചില്ല!

ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു, സുഹൃത്തുക്കളും ഒരുമിച്ചു ജോലി ചെയ്യുന്നവരുമാണ് കൂടെ ഉള്ളത്. ഒരാള്‍ ഏറ്റവും മുന്നിലെ ബോഗിയിലും (S -11), മറ്റൊരാള്‍ രണ്ടു ബോഗി പുറകിലും (S-9), ഞാന്‍ കുറെ പുറകിലുമാണ് (S-3). ഞങ്ങള്‍ എല്ലാവരും S-9 ബോഗിയില്‍ കൂടി. നോമ്പ് തുറക്കണം, അത് കഴിഞ്ഞു ഭക്ഷണം കഴിക്കണം, എന്നിട്ട് അവരവരുടെ ബര്‍ത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. S-9 ബോഗിയില്‍ ഉള്ളവന് ഇരിക്കാനുള്ള വകുപ്പേ ഉള്ളു (RAC), കിടക്കാനുള്ള വകുപ്പില്ല. ഇതൊന്നും കൂടാതെ കിടക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത വെയിറ്റിംഗ് ലിസ്റ്റ് (waiting list) എന്ന വകുപ്പിലെ കുറെ പേരുമുണ്ട്. അവര്‍ ടിടിയുടെ (ട്രെയിന്‍ ടിക്കറ്റ്‌ പരിശോധകന്‍) കയ്യോ, കാലോ പിടിച്ചോ അല്ലെങ്കില്‍ ഗാന്ധിയെ ചുരുട്ടികൊടുത്തോ ഏതെങ്കിലും ഒരു വകുപ്പ് ഒപ്പിക്കാന്‍ നില്‍പാണ്‌.

ടിടി എന്ന് പറയുമ്പോള്‍ മനസ്സില്‍ വരുന്ന രൂപത്തിലുള്ള ഒരാള്‍ തന്നെ ആയിരുന്നു വന്നത്. അതിലുള്ളവന്റെ ടിക്കറ്റ്‌ പരിശോധിച്ചു, കിടക്കാനുള്ള അപേക്ഷ കൊടുത്തു നോക്കിയെങ്കിലും തള്ളിക്കളഞ്ഞു. "ഫുള്ളാണ്‌" എന്ന് മറുപടി. ഞങ്ങള്‍ ടോയിലെട്ടിന്റെ ഭാഗത്ത്‌ നീങ്ങി. ടിടി എല്ലാവരെയും ചെക്ക്‌ ചെയ്തു അവിടെ എത്തിയപ്പോള്‍ അതാ ഇരിക്കുന്നു ഒരു മാരണം. കീറി മുഷിഞ്ഞ വസ്ത്രമിട്ടു, താടിയും മുടിയും വളര്‍ത്തിയ (ബിന്‍ ലാദന്‍ അല്ല) ഒരു തമിഴന്‍ കൂനിക്കൂടി വാതിലിനരികില്‍ ഇരിക്കുന്നു. വാതിലടച്ചു കൊണ്ട് ടിടി അവനോടെയുന്നെല്കാന്‍ പറഞ്ഞു. ടിക്കറ്റ്‌ ചോദിച്ചു, അവന്‍ മിണ്ടിയില്ല... പട്ടേ!!!, "പോയി തുലയെടാ...", ടിടി അയാളുടെ മുഖമടച്ചു ഒരടിയായിരുന്നു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായിരുന്നു ടിടി, അവന്റെ കണ്ണില്‍ പൊന്നീച്ച പറന്നു കാണും!.

ഞങ്ങള്‍ എല്ലാവരും അപ്രതിക്ഷിതമായ ആ അടി കണ്ടു തരിച്ചുപോയി. നല്ല അടിയായിരുന്നു! കൂടെയുള്ളവന്‍ കുറച്ചു സന്ഖടതോടെ "എന്തിനാ സര്‍ അടിച്ചത്?" എന്ന് ചോദിച്ചു. "ഈ ബോഗി എന്റെതാണ്, ഇതില്‍ യാത്ര ചെയ്യുന്ന നിങ്ങളും പെട്ടിയും സാധനങ്ങളും എന്ടെ ഉത്തരവാദിത്തമാണ്, എന്തെങ്കിലും പറ്റിയാല്‍ അല്ലെങ്കില്‍ നഷ്ടപെട്ടാല്‍ എന്നോടാണ് ചോദിക്കുക, അപ്പോള്‍ നിങ്ങള്ക് മനസ്സിലാകും", ടിടി പറഞ്ഞതും കാര്യം! അയാളുടെ ന്യായം.

ഞങ്ങള്‍ നോമ്പോക്കെ തുറന്നു സംസാരിച്ചിരിക്കുമ്പോള്‍ ടിടി വീണ്ടും വന്നു. "ഒരുത്തന്റെ മൊബൈല്‍ കാണുന്നില്ല! ചാര്‍ജ് ചെയ്യാന്‍ വച്ചതാ", ഞങ്ങളോടായി പറഞ്ഞുകൊണ്ട് മൂപ്പിലാന്‍ സംസാരം തുടര്‍ന്നു. അദ്ദേഹം കുറെ വാചാലനായി, മൂപ്പിലാന്റെ ജോലി, യാത്രകള്‍, ജീവിതം, രാഷ്ട്രിയം... വളരെ നല്ലൊരു അനുഭവം ആയിരുന്നു. ഞങ്ങളുടെ ഒരു ബര്‍ഗെരും ഫ്രൈയട് ചിക്കന്‍ പീസും ഓഫര്‍ ചെയ്തു. നിരസിച്ചില്ല, അദ്ദേഹം അത് വാങ്ങി പോയി...

ആ ബോഗിയിലും, അപ്പുറത്തുമായി പത്തറുപതു കോളേജ് കുട്ടികള്‍ ഉണ്ടായിരുന്നു, ടൂര്‍ സംഘമാണ്. ഒച്ചയും ബഹളവുമാണ്. അതിലൊരുവന്റെ മൊബൈല്‍ ആണ് പോയതെന്ന് പറഞ്ഞു. ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിയാന്‍ നേരം ടിടി വീണ്ടും വന്നു. "താന്‍ 65-ല്‍ കിടന്നോളൂ", ഇരിക്കാനുള്ളവന് കിടക്കാനുള്ള വകുപ്പായി. ബര്‍ഗെരിന്റെ ഫലമോ അല്ലെങ്കില്‍ ഞങ്ങളോട് തോന്നിയ ഇഷ്ടം കൊണ്ടോ എന്തോ...

ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിഞ്ഞു... ഞാന്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ഉല്ലാസത്തിന് പോകുന്ന അടുത്ത തലമുറയെ കീറിമുറിച്ചു കൊണ്ട് എന്ടെ കമ്പാര്‍ട്ട്മെന്റ്ലേക്ക് നടന്നു... അടുത്ത ബോഗിയിലേക്കു കടക്കുന്നിടത്ത്, രണ്ടു ബോഗിയും ബന്ധിപ്പിച്ചിരുക്കുന്നതിനു മേലെ, ടിടിയുടെ അടി കൊണ്ട തമിലന്‍ കമിഴ്ന്നു കിടന്നു ഉറങ്ങുന്നു.. മൊബൈല്‍ അടിച്ചു മാറ്റിയത് തീര്‍ച്ചയായും അയാളയിരിക്കില്ല... അങ്ങനെ ഒരു സാധനത്തെ പറ്റി അവനു അറിയുമോ എന്തോ! ആളെയും മറി കടന്നു ഞാന്‍ നടന്നു...

ചിന്തകള്‍ ഉണര്‍ന്നു. ഇങ്ങനെ ഒരാളുടെ അവസ്ഥയ്ക്ക് ആരാണുത്തരവാദി? ഈ രാജ്യത്തെ പൌരനായ എനുക്കിമില്ലേ ഇതില്‍ ഒരു പങ്ക്? അല്ലെങ്കില്‍ ഞാനെന്ന കഴുത എന്ത് പിഴച്ചു? ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടാനായി ഓടുമ്പോയും നടക്കുന്നതിനും ഇരിക്കുന്നതിനും മുള്ളുന്നതിനും യാത്ര ചെയ്യുന്നതിനും തിന്നുന്നതിനും കുടിക്കുന്നതിനും വേറെ എല്ലാ പണ്ടാരത്തിനും "മിണ്ടിയാല്‍..." എന്ന രീതിയില്‍ നികുതി കൊടുക്കുന്നില്ലേ! പുറമേ ഇവിടെ ശബളം വാങ്ങുന്നവന്റെ കയ്യില്‍ നിന്നും വരുമാന നികുതി (income tax) എന്ന പേരില്‍ സര്‍കാര്‍ പണം തട്ടിപ്പറിക്കുന്നില്ലേ? പൌരന്മാര്‍ വിദേശത്ത് പോയി ഫോറിന്‍ കറന്‍സി സമ്പാദിച്ചു കൊടുക്കുന്നില്ലേ?

സ്വിസ് ബാങ്കില്‍ ഉള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്കു മാത്രം നോക്കിയാല്‍ ഈ കിടക്കുന്നവ്റെ അവസ്ഥ രാജ്യത്തുണ്ടാവില്ല. നികുതി എന്ന പേരില്‍ പണം പിരിച്ചു, അത് തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും, ബന്ധുക്കളുടെയും സ്വന്തക്കാരുടെയും, എന്തിനു വെപ്പാട്ടിമാര്‍ക്ക് വരെ വീതം വച്ചു കൊടുത്തു സുഖിച്ചു ജീവിക്കുന്ന രാഷ്ട്രിയ നപുംസകങ്ങളെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ? അവനെ വിളിച്ചുണര്‍ത്തി ഏതെങ്കിലും ഒരിടത് പോയി തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ത്തിയായി നിന്ന് "വോട്ടു-യാചകം" നടത്താന്‍ പറയണമെന്ന് തോന്നി. അതിനെക്കാള്‍ നല്ല ഒരു സ്വയം തൊഴില്‍ കണ്ടെത്തല്‍ മേഘല വേറെ ഇതുണ്ട് ഈ നാട്ടില്‍? പെട്ടെന്ന് ചെയ്താല്‍ നല്ലത്, കാരണം വീടിനു മുന്‍പില്‍ "യാചകര്‍ക്കും രാഷ്ട്രീയകാര്‍ക്കും പ്രവേശനം ഇല്ല" എന്ന് എഴുതി വയ്കുന്ന കാലം വിദൂരമല്ല!

മതി, കാടുകയറി... ഉള്ളിലെ കനലില്‍ എണ്ണ ഒയിക്കേണ്ട എന്ന് കരുതി ബര്‍ത്തില്‍ കയറി, മൊബൈലില്‍ കണ്ടുകൊണ്ടിരുന്ന "ആന്‍ഡ്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍" (...And Justice for All ) എന്ന സിനിമയിലേക്ക് കണ്ണും കാതും ചെലുത്തി കിടന്നു. തറയില്‍ കിടക്കുന്നവന്റെയും ബര്‍ത്തില്‍ കിടക്കുന്നവന്റെയും വ്യത്യാസം അറിയാതെ, എല്ലാ ഭാരവും സ്വന്തം മുതുകിലെറ്റി, ഇടയ്കിടെ തൊണ്ട കീറി അലറി വിളിച്ച്, അനന്തമായി നീണ്ടു കിടക്കുന്ന റെയില്‍ പാളങ്ങളെ ഞെരിച്ചമര്‍ത്തി തീവണ്ടി ഇതൊന്നുമറിയാതെ മുന്നോട്ടു തന്നെ ഓടികൊണ്ടിരുന്നു...

സമീര്‍
വടകര, 7 സെപ്റ്റംബര്‍ 2010

1 comment:

 1. Dear Sameer....,

  Good piece of original expression....
  With a very good flow in it
  Making it a very interesting reading piece
  Of the exposed ground reality

  with great regards and appreciation

  Raheem

  http://intuitionofthewomb.blogspot.com/

  ReplyDelete