Sunday, September 12, 2010

ഹൈവേ ഫുട്ബോള്‍

ഇന്ത്യയില്‍ മൊത്തം പണിമുടക്കാന്. മാര്‍ക്കെറ്റിലെ മീന്‍ വില്പനക്കാരനാണ് ഓര്‍മിപ്പിച്ചത്. "നാളെ ഒന്നും കിട്ടില്ല".പരിചയക്കാരനാണ്, ഒരു കിലോ കൂടുതല്‍ വാങ്ങി, എന്തായാലും വീട്ടില്‍ ഇരിക്കണം, അപ്പോള്‍ പിന്നെ മീന്‍ പൊരിച്ചും കരിച്ചും തിന്നു കളിക്കാം എന്ന് കരുതി . അര്‍ദ്ധ രാത്രി മുതല്‍ പണിമുടക്കാന്, കാരണം അന്യേഷിച്ചു മിനക്കെടാന്‍ പോയില്ല, അത് നടത്തുന്നവര്‍ക്ക് പോലും അതറിയാന്‍ പറ്റില്ല. (http://www.harthal.com/)

പിറ്റേന്ന് കാലത്ത് ചെന്നയില്‍ ഓഫീസില്‍ വിളിച്ചു, അങ്ങനെ ഒരു സംഭവം അവര്‍ അറിയില്ല. കേരളത്തിലെ എന്ടെ ഈ കുഗ്രാമം പോലും, സൗകര്യം പോലെ ഹര്‍ത്താല്‍, ബന്ദ്, പണിമുടക്ക്‌ എന്നൊക്കെ ഓമനപേരില്‍ വിളിക്കുന്ന ജനജീവിതം സ്തംമ്പിപ്പിക്കല്‍ പരിപാടി ഉറങ്ങി ആഘോഷിക്കുകയാണ്. ഒരു വര്‍ഷമായി ചെന്നയില്‍, ഇത് വരെ ഈ പറഞ്ഞതൊന്നും അവിടെ കണ്ടിട്ടില്ല. ചെന്നൈ ഇന്ത്യയില്‍ അല്ലായിരിക്കും എന്ന് കരുതി. ഈ ബന്ദ് ദിനത്തില്‍ കുട്ടിക്കാലത്തെ ഒരു ബന്ദ്-ദിനം ഓര്‍മ വന്നു...

എത്ര അടിച്ചെടാ?.....
രണ്ടേ-ഒന്ന് (2-1)!!!
ഞങ്ങള്‍ രാവിലെ തന്നെ ഫുട്ബാള്‍ കളി തുടങ്ങി. അന്ന് ഭാരത ബന്ദ് ആണ്. തലശ്ശേരി ഉപ്പാന്റെ വീട്ടിലാണ്‌. മെയിന്‍ റോഡിനടുത്താണ് വീട്. അതും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളൊക്കെ പണ്ട് മുതലേ പേരുകേട്ടതാണ്, വഴിയെ മനസ്സിലായിക്കൊള്ളും!. വിജനമായ നാഷണല്‍ ഹൈവേ റോഡിലാണ് കളി! എളപ്പമാര്‍ (ഇളയച്ചന്‍) അടക്കം വലുതും ചെറുതുമായ ഒരു കൂട്ടം തന്നെ ഉണ്ട്. ടാറിട്ട റോഡിലെ കളിക്ക് ഒരു പുതുമ ഉണ്ടായിരുന്നു. മൂന്ന് നാലു പോലീസുകാര്‍ അടക്കം നല്ലൊരു കൂട്ടം പീടിക തിണ്ണയില്‍ ഇരുന്നു കളി കാണുന്നുണ്ട്. ഉച്ചയ്ക്ക് ഞങ്ങള്‍ ചോറ് തിന്നാനായി പിരിഞ്ഞു.

സ്കോര്‍ രണ്ടേ-രണ്ട് (2-2) ... മറുഭാഗം തിരിച്ചടിച്ചിരിക്കുന്നു.
ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ അടിച്ചുപൊളിച്ചു വീണ്ടും കളി ആരംഭിച്ചു. കളിക്ക് വാശിയും വീര്യവും കൂടി മൂത്ത് നില്‍കുമ്പോള്‍ അതാ കുടുകുടെന്നു ശബ്ദമുണ്ടാക്കി ഒരോട്ടോറിക്ഷ വരുന്നു. രണ്ട് ഭാഗത്തും കര്‍ട്ടനിട്ടു മൂടിയാണ് വരവ്. ഞങ്ങള്‍ കളിക്കുന്നിടതെത്തിയ ഉടനെ പീടിക തിണ്ണയില്‍ ഉണ്ടായിരുന്ന ബന്ദനുകൂലികള്‍ ഓട്ടോയെ വട്ടമിട്ടു. പിന്നെ അതിലുണ്ടായിരുന്നവര്‍ പറക്കുന്നതും, ഓട്ടോ തലകീഴായി കിടക്കുന്നതുമാണ് കണ്ടത്. ഒട്ടോയിലുണ്ടായിരുന്നവര്‍ എതിര്‍ ഭാഗത്തേക്ക്‌ ഓടി മറഞ്ഞു. "കള്ള് കുടിയന്മാര്‍" ആണ് എന്നൊക്കെ പറഞ്ഞു കേട്ടു. ഞങ്ങള്‍ കളി തുടര്‍ന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരിരമ്പല്‍ കേട്ടു. ഓട്ടോയിലെ ആളുകള്‍ ഓടിപ്പോയ ഭാഗത്ത്‌ നിന്നും ഒരു യുദ്ധത്തിനുള്ള ആള്‍കാര്‍ ഓടി വരുന്നു. ഞങ്ങള്‍ കുട്ടികളോട് വീട്ടിലേക്കു ഓടാന്‍ പറഞ്ഞു! പിന്നെ അവിടെ പൊരിഞ്ഞ അടിയും കുത്തും ആംബുലന്‍സും ഒക്കെയാണെന്ന് കേട്ടു. ഞങ്ങള്‍ കുട്ടികള്‍ നല്ലൊരു കളിയുടെ ഹരം നഷ്ടപെട്ട ദുഖത്തിലയിരുന്നു. ഒരാറു മണിയോടെ റോഡിലേക്ക് പോയി നോക്കി, ഞങ്ങള്‍ സുന്ദരമായി കളിച്ച റോഡിലൊക്കെ നിറയെ പോലീസ്. ഒരു നാലഞ്ചു വാന്‍ നിറയെ പോലീസുകാര്‍ വന്നിട്ടുണ്ട്. നൂറ്റി നാല്പത്തി നാലു പ്രഖ്യാപിച്ചിട്ടുണ്ട് (IPC 144). ആ നമ്പര്‍ (144)  കേട്ടിട്ട് പുതുമയൊന്നും തോന്നിയില്ല. ഉമ്മാന്റെ വയറ്റില്‍ കിടക്കുന്ന കാലത്ത് കേള്‍ക്കുന്നതാണ്!!!

വൈകുന്നേരം നാലഞ്ചു പോലീസുകാര്‍ വീട്ടില്‍ വന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പോലീസിനെ കാണുന്നത് തന്നെ പേടിയാണ്. അവര്‍ വിശ്രമിക്കാന്‍ വന്നതാണ്‌. വീടിന്റെ കോലായില്‍ വിശാലമായ തണ ഉണ്ട്. അവര്‍ അതില്‍ കിടന്നു. ഉപ്പാന്റെ ഉമ്മ അവര്‍ക്ക് കട്ടന്‍ ചായ കൊടുത്തു കൊണ്ട് അവരോടു സൊറ പറഞ്ഞിരുന്നു. ഇതവിടെ ഇടയ്കിടെ ഉണ്ടാകുന്നതാണ്. പല പോലീസുകാരും പല പ്രാവശ്യം വന്നിട്ടുല്ലവരാണ്.

ഒരു ഗോള്‍ കൂടി അടിച്ചു, ഇപ്പോള്‍ രണ്ടു-മൂന്ന് (2-3) ആണ് നില.
പുറത്താരോ പറയുന്നത് കേട്ടു. തെല്ലൊന്നു അതിശയിച്ചു പോയി, ഞങ്ങള്‍ അത്രയല്ലല്ലോ അടിച്ചത്! ഞങ്ങള്‍ മൊത്തത്തില്‍ ഒരു പത്തു മുപ്പതു ഗോള്‍ അടിച്ചിട്ടുണ്ട്. ഓ! ഇത് മറ്റെതാണ്! തല വെട്ടു കളി... അവിടെ ഇതൊരു ഹോബിയാണ്... ഈ ഗോള്‍ നില കുത്തി-കൊന്നതിന്റെ ആണ്. രണ്ട് പേരെ കൊന്നതിനു, തിരിച്ചു ഒരുത്തനെ ചാമ്പിയിട്ട് പോരാത്തതിനു ബന്ദും പ്രഖ്യാപിച്ച പാര്‍ട്ടി ഉച്ചയ്ക്ക് രണ്ടാമത്തവനെ തട്ടി സമനില പിടിച്ചിരുന്നു. ലോകോത്തര കളിക്കാരെ വെല്ലുന്ന മികവ്! ഇപ്പോള്‍ ഒന്നിനെ കൂടി തട്ടി ലീഡ് ചെയ്യുന്നു... ഹാ! ഞങ്ങളുടെ കളി വെറും കുട്ടിക്കളി... എത്ര നിസ്സാരം! ഇനി ഇവിടെ കുറച്ചു ദിവസം ഇത് തന്നെ കളി. തല വെട്ടിക്കളി. വേണമെങ്കില്‍ "പുളി"ശ്ശേരി "എരി"ശ്ശേരി പോലെ "തല"ശ്ശേരി വച്ചു തരും! അല്ലെങ്കിലും ഞങ്ങള്‍ക്ക് പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ വലിയ താല്പര്യം ആണ്.

ഒരു പാട് എഴുതണമെന്നുണ്ട്, പക്ഷെ നിര്‍ത്തുന്നു. കാരണം, ഇത് വായിച്ചിട്ട് വല്ലവനും എന്ടെ തലയോ കയ്യോ കാലോ വെട്ടണം എന്ന് തോന്നിയാല്‍, അതിനു ഒരു ഈച്ച ചത്തതിന്റെ വില പോലും ഈ രാജ്യത്തുണ്ടാവില്ല എന്നറിയാം. പിന്നെ വല്ലതും ബാക്കിയുണ്ടെങ്കില്‍ അതും തുക്കിപിടിച്ചു നീതിക്കായി ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ കോടതി വരാന്തയില്‍ നിരങ്ങാന്‍ ഉള്ള ത്രാണി ഇല്ല. അത് കൊണ്ട് ഇവിടെ നിറുത്താം. ഭാരത മാതാ കി ... ലാല്‍ സലാം!


സമീര്‍
വടകര, 12 സെപ്റ്റംബര്‍ 2010

1 comment:

 1. Dear Sameer....,

  Enough to make one go back
  To his childhood of wnders and curiosities


  A good reflection attired in good satire


  Great regards and appreciation

  Raheem

  http://intuitionofthewomb.blogspot.com/

  ReplyDelete