Monday, September 20, 2010

ചിട്ടി ആയി ഹെ

ഈ പാട്ട് ആദ്യം നിങ്ങള്‍ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു... ഇവിടെ ക്ലിക്ക് ചെയ്യുക... (Youtube link for the song http://www.youtube.com/watch?v=0qBYoP-DySY)

പാട്ട് എന്നും മനസ്സിന് ഒരു സുഖവും കുളിര്‍മയും നല്‍കുന്ന ഒരു നല്ല ഒറ്റമൂലി ആണ്, പ്രത്യേകിച്ച് ഗസല്‍. പൊതുവേ മദ്ധ്യ മലബാറുകാര്‍ ഗസല്‍ പ്രിയരാണ്. മെഹ്ദി ഹസ്സനെയും, ഗുലാം അലിയെയും, ജഗ്ജിത് സിംഗ്, ഹരിഹരന്‍, പങ്കജ് ഉധാസ് എന്നീ ഗസല്‍ ചക്രവര്‍ത്തിമാരെ മനസ്സില്‍ താലോലിക്കുന്നവര്‍. അതിന്റെ ഗുട്ടന്‍സ് അന്യേഷിച്ചു തല പുകയ്കേണ്ട, കുറെ ചരിത്രം തപ്പേണ്ടി വരും. ചെറുപത്തിലെ തബലയും ഹാര്‍മോണിയവും ചേര്‍ത്ത് ഒഴുകി വരുന്ന ഹിന്ദുസ്ഥാനി മേലടികലോടും ഗസലിനോടും പ്രണയമായിരുന്നു. രാഗവും താളവും "സംഗതിയൊന്നും" ചോദിച്ചാല്‍ അറിയില്ല! പക്ഷെ ഗസല്‍ നന്നായി ആസ്വദിക്കുകയും അവസരം കിട്ടിയാല്‍ അത് പാടുകയും ചെയ്യും. പാടുമ്പോള്‍ കൂടെ ഉണ്ടാവുന്നവര്‍ക്കും മേല്പറഞ്ഞ "സംഗതികള്‍" അറിയാത്തത് കൊണ്ട് ഇത് വരെ കരയേണ്ടി വന്നിട്ടില്ല.

സ്കൂളില്‍ ഏഴാം തരം മുതല്‍ പത്താം തരം വരെ ഞങ്ങള്‍ കുറെ ചങ്ങാതിമാര്‍ ഒരുമിച്ചായിരുന്നു. ഓരോ പിരീഡിന്റെയും ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകള്‍ ഞങ്ങള്‍ ഡെസ്കില്‍ താളം പിടിച്ചു പാട്ടുപടിയാണ് അടുത്ത അധ്യാപകനെ വരവേല്‍കാര്. അന്ന് തുടര്‍ച്ചയായി പാടികൊണ്ടിരുന്ന ഒരു പാട്ടാണ് പങ്കജ് ഉദാസിന്റെ "ചിട്ടി ആയി ഹെ.. ആയി ഹെ.. ചിട്ടി ആയി ഹെ..." എന്ന ഗാനം. കേട്ടാലും കേട്ടാലും മതിവരാത്ത, പാടിയാലും പാടിയാലും പൂതി തീരാത്ത മാസ്മര ഗാനം.

"നാം" എന്ന സിനിമയില്‍ പങ്കജ് ഉദാസ് തന്നെ സ്റ്റേജില്‍ പടി അവതരിപിച്ച ഗാനം പ്രീ ഡിഗ്രിക്കും, പിന്നെ കമ്പ്യൂട്ടര്‍നു പഠിക്കുംപോയും പല സന്ദര്‍ഭങ്ങളില്‍ ആയി എന്ടെ ജീവിതത്തിന്റെ ഒരു ഭാഗമായി. കോഴിക്കോടും തലശ്ശേരിയിലും ജോലി ചെയ്യുന്ന സമയത്ത് വൈകുന്നേരം ലോക്കല്‍ ട്രെയിനില്‍ ഞങ്ങളുടെ  സംഗീത സദസ്സുകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവം.

ദുബായില്‍ എത്തിയപ്പോള്‍ ആറേഴു വര്‍ഷം ഒരു വിധം വാരാന്ത്യ കൂട്ടായ്മകളില്‍ സുഹൃദ് വലയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കലാശക്കൊട്ടു ഗാനമായി മാറി. പ്രവാസത്തിന്റെ ചൂടില്‍ ആ ഗാനത്തിന് പ്രാധാന്യം എല്ലാത്തിനും മുകളില്‍ ആയിരുന്നു. "വഴിയില്‍ കണ്ണ് നാട്ടു കല്യാണ മണ്ഡപത്തില്‍ ഇരിക്കുന്ന സഹോദരി... നിന്റെ അമ്മയുടെ പരിതാവസ്ഥ... നിന്നെ എന്നും സേവിക്കുന്ന, കണ്ടാല്‍ വിധവ ആണെന്ന് തോന്നുന്ന ഭാര്യ... നിന്റെ അച്ഛനായ എന്ടെ കാര്യം..." എന്നീ വരികള്‍ ചങ്കില്‍ കൊളുത്തി വലിക്കുന്നതിന്റെ കാഠിന്യം പ്രവാസികള്‍ക്കെ മനസ്സിലാവൂ...

ഒരു ദിവസം രാവിലെ പത്രത്തിന്റെ കൂടെയുള്ള ടാബ്ലോയ്ടില്‍ അര പേജില്‍ പങ്കജ് ഉദാസ്!!! ലൈവ് ഇന്‍ കണ്‍സെര്ട് ഓണ്‍...  നാളെയാണ്! ഓസിനു എവിടെ നിന്നെങ്കിലും പാസ് കിട്ടുമോ എന്ന് ശ്രമിച്ചു നോക്കി. പക്ഷെ കിട്ടിയില്ല. അല്ലെങ്കിലും ആവശ്യമുള്ള ഒന്നിനും കിട്ടില്ല. പരിപാടി ഹയാത് രിജന്‍സി  ഹോട്ടലില്‍ ആയിരുന്നു. ടിക്കറ്റ്‌ കിട്ടുന്ന സ്ഥലത്തൊക്കെ ചെന്ന് നോക്കിയെങ്കിലും കിട്ടിയില്ല. അവസാനം നേരിട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. ഭാഗ്യത്തിന് അവിടെ പുറത്തുള്ള കൌണ്ടറില്‍ നിന്നും ഒരു ടിക്കറ്റ്‌ ഒപ്പിച്ചു. അപ്പോഴും വിശ്വസിക്കാന്‍ പറ്റിയില്ല.

കൂടുതലും മദ്ധ്യവയസ്കര്‍ ആയിരുന്നു, അത്യാവശ്യം യുവജനവും ഉണ്ട്. വളരെ ശാന്തമായ സദസ്സ്. ഹര്ഷാരവങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ പ്രിയ ഗായകന്‍ ജനാബ് പങ്കജ് ഉദാസ് സാഹിബിനെ വരവേറ്റു. ഏതു ഹൃദയത്തെയും തൊട്ടുണര്‍ത്തി താലാട്ടുവാന്‍ കെല്പുള്ള ആ ശബ്ദമാധുര്യം സദസ്സിനെ തഴുകി എത്തി. അദേഹത്തിന്റെ ഗസല്‍ ആല്‍ബങ്ങളില്‍ നിന്നും, സിനിമയില്‍ പാടിയ ഗാനങ്ങളും ഞങ്ങളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. ജീവുതത്തില്‍ ശരാബ് (മദ്യം) ഉപയോഗിച്ചിട്ടില്ല എന്നും പക്ഷെ കൂടുതല്‍ പാടിയത്‌ ശരാബി ഗസലുകലാനെന്നു അദ്ദേഹം പറഞ്ഞു. വമ്പിച്ച കയ്യടിയോടെയും വിസിലുകലോടെയും "ചിട്ടി ആയി ഹെ" തുടങ്ങി... അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത ഹര്‍ഷാരവം ആ പാട്ടിന്റെ ജീവന്‍ വിളിച്ചറിയിച്ചു. വീണ്ടും വീണ്ടും പാടാന്‍ വേണ്ടി സദസ്സില്‍ നിന്നും അഭ്യര്‍ഥനകള്‍... ഒന്പത് മണിക്ക് തുടങ്ങിയ ഗാനാലാപനം ഒരു മണിയോടെ അവസാനിച്ചു... അല്ലെങ്കില്‍ അവസാനിപിച്ചു, കാരണം ഞങ്ങള്‍ എത്ര മണിവരെയും ഇരിക്കാന്‍ തയ്യാറായിരുന്നു.

പരിപാടി കഴിഞ്ഞ് പങ്കജ് ഉദാസ് സാഹിബ്‌ ലോബിയില്‍ വരുമെന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ധേഹത്തെ നേരില്‍ കണ്ടു കയ്യൊപ്പ് വാങ്ങി കൈ കൊടുക്കുന്നതിന്റെ അസുലഭ നിമിഷത്തിനു ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. ആ പ്രിയ ഗായകന്‍ നിറഞ്ഞ പുഞ്ചിരിയോടെ വന്നു സീറ്റിലിരുന്നു ഓരോരുത്തര്‍ക്കായി ക്ഷമാപൂര്‍വ്വം സന്തോഷത്തോടെ ഓട്ടോഗ്രാഫ് എഴുതികൊടുത്തു. വരിയായി നിന്ന് ഞാനും ഓട്ടോഗ്രാഫ് എഴുതി വാങ്ങി നന്ദി പറഞ്ഞു.
ആളുകള്‍ വളരെ കുറഞ്ഞു, എന്ത് കൊണ്ടോ ഞാന്‍ അവിടെ തന്നെ തങ്ങി നിന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും ഓട്ടോഗ്രാഫ് കൊടുത്തു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നടന്നു കുശലം പറഞ്ഞു. ഞാന്‍ ഒന്നും ആലോചിച്ചില്ല. നേരെ ചെന്ന് ആ കൈ പിടിച്ചു ഒരു മുത്തം കൊടുത്തു, പോരാത്തതിനു കെട്ടിപിടിച്ചു കവിളത്തും ഒരെണ്ണം കൊടുത്തു, ആവേശം കുറച്ചു കൂടിപ്പോയി. അദ്ദേഹം ചിരിച്ചു കൊണ്ട് എവിടെ നിന്നാണ്, ഇവിടെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു... സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ ഞാന്‍ മറുപടി പറഞ്ഞു. പിന്നെ കൂടെ നിന്നു ഫോട്ടോയും എടുത്ത ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു...

ജീവിതത്തിന്റെ ഓര്‍മചെപ്പില്‍ എന്നെന്നും കാത്തുസൂക്ഷിക്കാന്‍ പറ്റിയ ഒരു അപൂര്‍വ അനുഭവം ആയിരുന്നു അത്. മനസ്സില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭുതിയായിരുന്നു. ജീവിതത്തിലെ ഒരു ഭാഗമായി മാറിയ "ചിട്ടി ആയി ഹെ" എന്ന ഗാനം തന്റെതായ ആലാപന ശൈലി കൊണ്ടും ശബ്ദമാധുര്യം കൊണ്ടും അനശ്വരമാക്കിയ കലാകാരന്റെ കൂടെ അല്‍പസമയം... ഇരുപതു വര്‍ഷം മുന്‍പ് പാടിയ ആ ഗാനം അതേ മാധുര്യതോടെ തന്നെയാണ് അദ്ദേഹം അന്നും ആലപിച്ചത്... ഈ ഗാനം ഒരിക്കലും മരിക്കില്ല... എന്നെ പോലുള്ളവരിലൂടെ ജീവിക്കും എന്ന കാര്യം നിസ്സംശയം!

സമീര്‍
ചെന്നൈ, 20 സെപ്റ്റംബര്‍ 2010
എന്റെ ജാലകം

3 comments:

  1. ചിട്ടി ആയിയേ...
    ആ ഗസലില്‍ എത്രയോ അലിഞ്ഞിരിക്കുന്നു. ഇന്നും അതൊഴുകി വരുമ്പോള്‍ ഞാനൊരു തിരയാകുന്നു. ഒരു മഴ ആത്മാവില്‍ തുടങ്ങുകയും, പിന്നെയത് എവിടെക്കോ കൊണ്ട് പോകുകയും... സംഗീതം അനുഭവിക്കുകയാണ്...

    ReplyDelete
  2. ഇവിടത്തെ ഒരു സിനിമാ നടനെ തൊടാന്‍ പോലും പറ്റില്ല, അപ്പോഴാ ഇത്രയും വലിയൊരാള്‍ക്ക് കിസ്സും കൊടുത്തു പടവുമെടുത്തു.. സമ്മതിച്ചിരിക്കുന്നു.

    ReplyDelete