Tuesday, October 5, 2010

ആന്റ്റെ മേരിഡിഎം

സ്നേഹിതന്‍ മുത്തു അവന്റെ "ജെയിംസ്‌ ബോണ്ട്‌" വണ്ടിയുമായി വരുന്നുണ്ട്. ആ കാര്‍ വാങ്ങിയെടത് കൊടുത്താല്‍ തിരിച്ചെടുക്കില്ല. എപ്പോള്‍ എവിടെ നിന്നുകളയും, സ്റ്റാര്‍ട്ട്‌ ആകുമോ, ആയാല്‍ തന്നെ ഓടുമോ എന്നൊന്നും പറയാന്‍ പറ്റത്തില്ല എന്നാലും ജെയിംസ്‌ ബോണ്ട്‌ വളരെ നല്ലവനാണ്, ഉപകാരത്തിനു എത്തുന്നവന്‍.കുലുക്കി ശബ്ദമുണ്ടാക്കി ബോണ്ടിനെയും കൊണ്ട് മുത്തു എത്തി. "പോകാം", കയറിയിരുന്നു സീറ്റ്‌ ബെല്ടിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു. "അളിയാ അടിച്ചു പൊളിക്കാന്‍ പോകുകയാണല്ലേ" എന്ന് പറഞ്ഞു അവന്‍ വണ്ടി എടുത്തു... മുക്രയിട്ടു, ഒന്ന് ചീറ്റി, ബോണ്ട്‌ ഓടിത്തുടങ്ങി...

വീണ്ടും നാട്ടിലേക്കു പോവുകയാണ്, എത്രാമത്തെ പോക്കാണെന്ന് ഒരു നിശ്ചയവും ഇല്ല. വര്‍ഷങ്ങള്‍ ഒരുപാടായിരിക്കുന്നു ഈ മരുഭുമിയില്‍. പല ചിന്തകളില്‍ ആയിരുന്നു, മുത്തു നാട്ടുമ്പുറത്ത് തുടങ്ങി അമേരിക്ക വരെയുള്ള വിശേഷങ്ങള്‍ വാതോരാതെ സംസാരിക്കിന്നുണ്ട്. കാര്യമയിട്ട്ന്നും വാങ്ങാനില്ല. പേരിനൊരു പെട്ടി കെട്ടണം. അതിനു വേണ്ടി അല്ലറ ചില്ലറ സാധനം വാങ്ങണം. ഞങ്ങള്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു സാധനങ്ങള്‍ വാങ്ങാനായി കയറി. എന്തൊക്കെയാണ് വങ്ങേണ്ടാതെന്നു വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചു ചോദിക്കുന്ന പതിവ് നിര്‍ത്തിയിട്ടു കുറെ ആയി. ഇങ്ങോട്ട് ആരെങ്കിലും വിളിച്ചാലും പഴയ രംജിറവു സ്പീകിംഗ്‌ സിനിമയിലെ "കമ്പിളി പുതപ്പു.... കേള്‍ക്കുന്നില്ല...." ഉപയോഗിച്ച് രക്ഷപെടും. അല്ലറ ചില്ലറ വാങ്ങിയാല്‍ തന്നെ ഒരു നല്ല തുക ആവും. ഇവിടുത്തെ ഷോപ്പിംഗ്‌ അങ്ങനെ ആണ്. പൈസ കൊടുക്കുമ്പോള്‍ ഉള്ളൊന്നു കാളി, പറയാന്‍ മാത്രം ഒന്നും വാങ്ങിയില്ല, എന്നാലും ബില്ല്... ഹ.. നടക്കട്ടെ...

എല്ലാം പെറുക്കി ബോണ്ടിന്‍റെ ഡിക്കിയിലാക്കി എന്റെ റൂമിലേക്ക്‌ തിരിച്ചു. നാളെ രണ്ടു മണിക്കാണ് വിമാനം. ഒരു മണിക്ക് അവിടെ എത്തിയാല്‍ മതി. പന്ത്രണ്ടു മണിക്ക് വരാമെന്ന് പറഞ്ഞു മുത്തു പോയി. ഞാന്‍ എല്ലാം വരിക്കുട്ടി പായ്ക്ക് ചെയ്യാന്‍ തുടങ്ങി. പെട്ടി കേട്ടികൊണ്ടിരിക്കുമ്പോള്‍ ആദ്യത്തെ പോക്കിനെക്കുറിച്ച് ഓര്‍ത്തു. പെട്ടി കേട്ടലോക്കെ വലിയ ഒരു ചടങ്ങായിരുന്നു. കുറെ പേരുടെ ഒച്ചയും ബഹളവും, അങ്ങോട്ട്‌ കെട്ട്, ഇങ്ങോട്ട് വലിക്കൂ, എല്ലാം രസകരമായിരുന്നു. ഇന്ന് ഒറ്റയ്കെ ഉള്ളു, എല്ലാവരും അവരവരുടെ തിരക്കുമായി ഓട്ടത്തില്‍ ആണ്. അല്ലെങ്കിലും കഴിഞ്ഞ മൂന്ന് നാല് കൊല്ലമായിട്ടു ദുബായ് ഒരു പാട് മാറിയിരിക്കുന്നു... ഇവുടുത്തെ ആളുകളും... കുറെ നല്ല സുഹൃത്തുക്കള്‍ ഒയിച്ച്‌...

മെയ്‌ മാസം ആയിരുന്നു, വെയിലിനു നല്ല ചൂട്. ബോണ്ടുമായി മുത്തു പറഞ്ഞ സമയത്ത് തന്നെ വന്നു. അര മണിക്കൂര്‍ കൊണ്ട് ദുബായ് എയര്‍പോര്‍ട്ട് രണ്ടാമത്തെ ടെര്‍മിനലില്‍ എത്തി. ഞാന്‍ പെട്ടിയും കെട്ടും തൂക്കി മുത്തുവിനോട് യാത്ര പറഞ്ഞു. ട്രോള്ളി എടുത്തു എല്ലാം കയറ്റി വിമാന പുറപ്പെടുന്ന ടെര്‍മിനലിലേക്ക് നടന്നു. അത്യാവശ്യം വേണ്ടപ്പെട്ടവരെ ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. ഉച്ചസമയം ആയതിനാല്‍ തിരക്ക് കുറവായിരുന്നു.

ബാഗേജു പരിശോധന കഴിഞ്ഞു ഞാന്‍ ചെക്കിന്‍ കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ചെറിയ ക്വു ഉണ്ട്. പോക്കറ്റില്‍ നിന്ന് ടിക്കറ്റ്‌ എടുത്തു ഫ്ലൈറ്റ് നമ്പര്‍ നോക്കി. കൌണ്ടറിനു നേരെ മുകളില്‍ വച്ചിട്ടുള്ള സ്ക്രീനില്‍ എന്ടെ വിമാനത്തിന്റെ നമ്പര്‍ പരതി. താമസമുണ്ടോ എന്നറിയാന്‍. സ്ക്രീനില്‍ വിവരങ്ങള്‍ മാറി മറിഞ്ഞു വന്നു. പക്ഷെ എന്ടെ വിമാനത്തിന്റെ നമ്പര്‍ മാത്രം വന്നില്ല. മുന്നിലുള്ള ആളോട് ചോദിച്ചു "കോഴിക്കോടെക്ക് ഉള്ള ലൈന്‍ അല്ലേ?" അതെ എന്ന് മറുപടി. പെട്ടെന്ന് എന്ടെ അടി വയറു ഒന്ന് കാളി. തലയില്‍ ബാല്ബോന്നു കത്തി. അങ്ങനെ ആയിരിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ടിക്കറ്റിലെ ഫ്ലൈറ്റ് സമയം നോക്കി... പടച്ചോനെ...

വിചാരിച്ചത് തന്നെ, നെറ്റി വിയര്‍ത്തു... ഞാന്‍ അല്‍പ സമയം തലയില്‍ കൈ വച്ച് നിന്നുപോയി... എന്റെ വിമാനം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് പോയിരിക്കുന്നു, അതില്‍ പോയവരൊക്കെ വീട്ടില്‍ എത്തി ഉറങ്ങുന്നുണ്ടാവും. അതായതു ഇന്നലെ അര്‍ദ്ധ രാത്രി രണ്ടു മണിക്ക്... ടിക്കെറ്റില്‍ 02:00 എന്നെ ഉള്ളൂ,, അതായതു ഇന്ന് പുലര്‍ച്ചെ രണ്ടു മണി, ഉച്ചയ്ക്ക് ആണ് സമയം എങ്കില്‍ 14:൦൦ എന്നുണ്ടാവും. എയര്‍ ലൈന്‍സുകാര്‍ ആന്റെ മെരിദിഎമ് - am - എന്നോ പോസ്റ്റ്‌ മേരിടിഎം - pm - എന്നോ സമയത്തിന്റെ കൂടെ ടിക്കെറ്റില്‍ വയ്ക്കാറില്ല. ഈ അമളി എനിക്ക് പറ്റുമെന്ന് വിശ്വസിക്കാന്‍ പ്രയാസം. എല്ലാവര്‍ക്കും ഇതിനെ പറ്റി വാ തോരാതെ ക്ലാസ്സ്‌ കൊടുക്കുന്നവനാണ് ഞാന്‍. എന്താ ചെയ്യാ! ഭീമാബദ്ധം!

കൂടുതല്‍ ആലോചിക്കാതെ എയര്‍പോര്‍ട്ടില്‍ ഉള്ള എയര്‍ ലൈന്‍ ഓഫീസിലേക്ക് കുതിച്ചു. ഒരു മദ്ധ്യവയസ്കയാണ് ഓഫീസില്‍ ഉള്ളത്, അത് കൊണ്ട് കൂടുതല്‍ ജാള്യം ഇല്ലാതെ കാര്യം അവതരിപ്പിച്ചു. അവരൊന്നു ഊറിച്ചിരിച്ചു, ഒരാളെക്കൂടി വെട്ടിലാക്കി എന്ന രീതിയിലെ ചിരി ആയിട്ടാണ് എനിക്ക് തോന്നിയത്, അതിനു വേണ്ടിയായിരിക്കും ആന്റെ മേരിടിഎം (ante meridiem - am), പോസ്റ്റ്‌ മേരിടിഎം (post meridiem - pm) എന്ന് ടിക്കറ്റില്‍ സമയത്തിന്റെ കൂടെ വെക്കാത്തത്. "റീഫണ്ട്‌ ചെയ്യാം" അവര്‍ പറഞ്ഞു. ഓ!, സമാധാനമായി. അവര്‍ കണക്കു കൂട്ടി തുക പറഞ്ഞു, ഞാന്‍ മുഖം ചുളിച്ചു, അവര്‍ എഴുതിയത് നോക്കി, ദൈവമേ!!! അറുപതു ശതമാനത്തോളം തുക ഇന്ത്യ ഗവണ്മെന്റ് ഇതേ പോലുള്ള സര്‍വിസുകള്‍ തന്നു സ്നേഹിച്ചു കൊല്ലുന്നതിനു നികുതി  ആണ്. അത് തിരിച്ചു തരാന്‍ പറ്റില്ല! ഇനിയിപ്പോള്‍ ഞാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ആണ് എടുത്തത്‌, ഞാന്‍ പൈസ ഓണ്‍ലൈന്‍ അടച്ചപ്പോള്‍ തന്നെ ഭരിക്കുന്ന ഏതെങ്കിലും കള്ളന്റെ സ്വിസ് അക്കൗണ്ട്‌ലേക്ക് ഡയറക്റ്റ് ആയി പൈസ പോയിട്ടുണ്ടാവും എന്ന് കരുതി സമാധാനിച്ചു!!!

"ഇപ്പോള്‍ ഒരു ഫ്ലൈറ്റ് ഉണ്ട്, അതിനു പോകുന്നോ?" അവര്‍ ചോദിച്ചു. വീണ്ടും ആ നികുതി അടച്ചാല്‍ മതി!!! ഞാന്‍ ശരിയെന്നു തലയാട്ടി. എന്നോട് കുറച്ചു കത്ത് നില്‍കാന്‍ പറഞ്ഞു. ബാക്കി തുക കാശായിട്ട് അടക്കണം എന്ന് പറഞ്ഞു. കാര്‍ഡ്‌ എടുക്കില്ല. പോക്കെറ്റില്‍ തപ്പിയപ്പോള്‍ പൈസ കമ്മി ആണ്, ഒരു ATM തപ്പി ഞാന്‍ നടന്നു. ടെര്‍മിനലിന്റെ പുറത്തെ ചൂടിലും അകത്തെ തണുപ്പിലുംആയി മൊത്തം അന്യേഷിച്ചു!!! ഒരു  എടിഎമ്  പോലും ഇല്ല!!! ഒന്നുള്ളത് പണി കഴിഞ്ഞിട്ടില്ല. ഗ്ര്ര്ര്ര്‍... നായയെ കണ്ടാല്‍ കല്ല്‌ കാണില്ല!  പിന്നെയുള്ളത് ഡ്യൂട്ടി ഫ്രീയിലാണ്, അത് ചെക്കിന്‍ കഴിഞ്ഞു സെക്യൂരിറ്റി ചെക്കും കഴിഞ്ഞേ എത്താന്‍ പറ്റുള്ളൂ... ഹ!

മുത്തുവിനെ വിളിച്ചു, കാര്യം പറഞ്ഞു, അവന്‍ ഒന്ന് സ്തംഭിച്ചു, പിന്നെ ഒര്ശ്ചാര്യം. അവന്‍ വീണ്ടും ബോണ്ടുമായി എയര്‍പോര്‍ട്ടില്‍ എത്തി. അവന്റെ കയ്യിലുള്ള കാശ് ആയിരുന്നോ അല്ലെങ്കില്‍ പുറത്തു പോയി എടുത്തോ എന്നോര്‍മയില്ല. കാശുമായി വീണ്ടും എയര്‍ ലൈന്‍ ഓഫീസില്‍ പോയി. അവിടെ വേറെ രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഇടയ്ക്കിടെ നിയന്ത്രണം വിട്ടു കരയുന്നു. മറ്റെയാള്‍ ആശ്വസിപ്പിക്കുന്നു. ഏട്ടനും അനുജനും ആണ്. എമര്‍ജന്‍സി ആയി നാട്ടില്‍ പോകുകയാണ്, ഉപ്പയോ ഏട്ടനോ മരണപ്പെട്ടതാണ്, കുടെയുള്ള ആള്‍ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. അല്‍പ സമയം അവരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന്. എന്തായാലും ആ ഫ്ലൈറ്റ്നു തന്നെ അവര്‍ക്ക് പോകാന്‍ പറ്റി. എനിക്ക് അന്ന് രാത്രിയിലേക്കുള്ള, അതായതു നാളത്തെ (ഞാന്‍ ഇന്ന് പുലര്‍ച്ചെ പോകേണ്ടിയിരുന്ന), ഫ്ലൈറ്റ്നു തന്നെ ഒരു ടിക്കറ്റ്‌ തന്നു. പുറത്തു നിന്ന് കിട്ടുന്നടിനെക്കാള്‍ പത്തു ശതമാനം വില കൂടുതല്‍ ആണ്. പക്ഷെ ഈ ടിക്കറ്റ്‌ പുറത്തു കിട്ടില്ല. പത്രണ്ട് മന്നിക്കുര്‍ മുന്‍പേ അവര്‍ ഏജന്റ്സ്നുള്ള ടിക്കറ്റ്‌ നിറുത്തി വയ്കും. അവരോടു നന്ദി പറഞ്ഞു ടിക്കെടും വാങ്ങി മുത്തുവിന്റെ വണ്ടിയില്‍ റൂമിലേക്ക്‌ തിരിച്ചു.

കേട്ടവേരെല്ലാം ഒന്നുകില്‍ മൂക്കത്ത് അല്ലെങ്കില്‍ തലയില്‍ കൈ വച്ച് ചിരിച്ചു, ആര്‍ക്ക് എങ്കിലും പറ്റിയിട്ടുണ്ടാകുമോ? അറിയില്ല!, രാത്രി വീണ്ടും എയര്‍പോര്‍ട്ട്-ലേക്ക്, മറ്റു ചില സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. വിമാനത്തില്‍ ഇരിക്കുമ്പോള്‍ പിന്നെയും പിന്നെയും ആലോചിച്ചു, ഇവര്‍ക്ക് ടിക്കറ്റില്‍ സമയത്തിന്റെ കൂടെ "മേരിഡിഎം" ചേര്‍ത്താല്‍ എന്താ!!!

അടികുറിപ്പ്:
ഇത് എങ്ങനെ പറ്റിപോയി എന്ന് ആഴത്തില്‍ ചിന്തിച്ചപ്പോള്‍ മനസില്ലായത്‌ ഇങ്ങനെ... രാത്രി ഉറക്കം കളയണ്ട എന്ന് കരുതി ഉച്ചയ്ക്കുള്ള ഫ്ലൈറ്റ് തന്നെ ആണ് ഉദ്ദേശിച്ചത്. അതിലെ സീറ്റ്‌ ഉണ്ടോ എന്ന് നോക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കുമ്പോള്‍ അന്നേ ദിവസം രണ്ടു ഫ്ലൈറ്റ് കാണിച്ചിരുന്നു. പുലര്‍ച്ചെ രണ്ടു മണിയുടെയും ഉച്ചയ്ക്ക് രണ്ടു മണിയുടെയും! ഞാന്‍ അവിടെ സെലക്ട്‌ ചെയ്തത് പുലര്‍ച്ചയുടെ ഫ്ലൈറ്റ് ആയിരിക്കും. ടിക്കറ്റ്‌ എടുത്തതിനു ശേഷം അത് തുറന്നു നോക്കിയിട്ടില്ല. ഉദ്ദേശിച്ചത് തന്നെയാണ് ചെയ്തത് എന്ന ആത്മവിശ്വാസം! വില്ലന്‍ "ഓവര്‍ കോണ്ഫിടെന്‍സ്"... അടി തെറ്റിയാല്‍ ആനയും വീഴും!!! എന്നാലും... പറ്റിപ്പോയി!

ഇന്നിപ്പോള്‍ ദുബായില്‍ മുത്തുവിന്റെ കൂടെ ഇരുന്നു ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നു...

സമീര്‍
ദുബായ്, 5 ഒക്ടോബര്‍ 2010

6 comments:

 1. നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

  ReplyDelete
 2. ചില കാര്യങ്ങള്‍ ഇങ്ങനെയും പറ്റും.!

  ReplyDelete
 3. അങ്ങനെ നല്ല ഒരു പണി കിട്ടി ...അല്യോ ...

  ReplyDelete
 4. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി...

  ReplyDelete