Friday, October 15, 2010

മഴ പെയ്യുന്നു... മദ്ദളം കൊട്ടുന്നു...

ചെറുപ്പത്തിലെ എനിക്കും ചങ്ങാതിമാര്‍ക്കും സിനിമ പിരാന്താണ്. പുതിയ പടങ്ങള്‍ വന്നാല്‍ ആദ്യത്തെ കളി തന്നെ കാണണം. ഞങ്ങള്‍ കുട്ടികള്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയെ ടിക്കറ്റിനുള്. ഒരു രൂപ!!! ഏറ്റവും മുന്നിലുള്ള ബെഞ്ചില്‍ ഇരുന്നു വലിയ സ്ക്രീനില്‍ കാണാം. തല ഇടയ്കിടെ ഇടത്തോട്ടും വലത്തോട്ടും തിരിക്കണം! എന്നാലെ സ്ക്രീനിലുള്ള എല്ലാരേം കാണാന്‍ പറ്റൂ. തുടക്കത്തില്‍ എഴുപത്തഞ്ചു പൈസ ആയിരുന്നു. ഒരു രൂപ ആക്കിയത് ഞങ്ങളെ വളരെ സങ്കടപെടുത്തിയിരുന്നു . അതിനെ കുറിച്ച്  ഗൌരവത്തോടെ ചര്‍ച്ചയും ചെയ്തിട്ടുണ്ട്. കാരണം ഞങ്ങള്ക് സാമ്പത്തിക മാന്ദ്യം അന്നേ ഉള്ളതാണ്...

മൂത്തമ്മയുടെ മോനും, പിന്നെ അയല്‍വാസി കളിക്കൂട്ടുകാരുമാണ് സിനിമ കാണാന്‍ പോകാറ്. സ്കൂള്‍ വിട്ടു വരുമ്പോള്‍ പടം മാറിയോ എന്ന് എപ്പോഴും നോക്കും. വരുന്ന വഴികളില്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടാവും. സില്‍ക്ക് സ്മിതയും അനുരാധയും ഒക്കെ ആണെങ്കില് പോസ്റ്റര്‍ നോക്കാന്‍ പേടിയാണ്. തലയ്ക്ക് നല്ല ചുട്ട ചൊട്ട്‌ കൊള്ളും. മലയാളികള്‍ ആണെന്നുള്ള ഒരു അഹങ്കാരവും അന്ന് ഞങ്ങള്‍ ആര്‍ക്കും ഇല്ലായിരുന്നു. പ്രേംനസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, വിജയകാന്ത്, അര്‍ജുന്‍, ചിരഞ്ജീവി, അമിതാബ് ബച്ചന്‍, മിഥുന്‍ ചക്രബര്‍ത്തി, ഗോവിന്ദ, അനില്‍ കപൂര്‍, ജാക്കി ശ്രോഫ്, ജാക്കിചാന്‍ ... അങ്ങനെ പോകുന്നു ഇഷ്ട താരങ്ങളുടെ നീണ്ട നിര.

ടിക്കെട്ടിന്റെ കാശുണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് ഞങ്ങള്‍ ഏറ്റെടുത്തു അതി കഠിനമായി പ്രയത്നിച്ചു ഉണ്ടാക്കാറുണ്ട്. പല വഴികളും പരീക്ഷിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്. അല്ലറ ചില്ലറയായി കിട്ടുന്നു അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും കൂട്ടി വയ്ക്കും. അന്ന് പുതിയ പടങ്ങള്‍ ഞായറായ്ച്ചകളില്‍ ആണെന്ന് തോന്നുന്നു വന്നിരുന്നത്. പന്ത്രണ്ടു, മൂന്ന്, ആറു, ഒന്‍പതു ആണ് പ്രദര്‍ശന സമയങ്ങള്‍...

സിനിമ മാറുന്ന അന്ന് അതറിയിച്ചു കൊണ്ട് ഉച്ചഭാഷിണി കെട്ടി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ജീപ്പുകള്‍ വരും. അതിന്റെ സമയത്ത് ഞങ്ങള്‍ മുള പീടികയില്‍ ഇരിപ്പുണ്ടാവും. ഏതാണ് സിനിമകള്‍ എന്നറിയാനുള്ള ആകാംഷയാണ്. അത് കൂടാതെ ജീപ്പില്‍ നിന്ന് സിനിമയുടെ നോട്ടിസുകള്‍ വാരിയെറിയും. ഞങ്ങള്‍ ജീപ്പിനു പിന്നാലെ ഓടി അത് പെറുക്കിയെടുക്കും. പത്രവും സിനിമ വാരികകളും ഒന്നും വാങ്ങാരും വായിക്കാത്തതും കൊണ്ട് ഞങ്ങളുടെ സിനിമ വിവരം അത്രയ്കെ ഉള്ളു.  പിന്നെ ടാക്കീസില്‍ പോയാല്‍ "ഉടന്‍ വരുന്നു" എന്നിടത്ത് പോസ്റ്റര്‍ കണ്ട പരിചയവും...

ഇന്ന് മുതല്‍ ഇതാ ... അശോക്‌ ടാക്കീസില്‍ "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ എല്ലാവരും ജീപ്പിന്റെ പിന്നാലെ ഓടി... നോട്ടിസുകള്‍ പെറുക്കിയെടുത്തു. മോഹന്‍ലാലിന്‍റെ ചപ്പിയ ചിരിയുമയുള്ള നോട്ടീസ്. സംവിധാനം പ്രിയദര്‍ശന്‍, കൂടാതെ മുകേഷ്, ശ്രീനിവാസന്‍, രാജു, ജഗതി, പപ്പു.... "എടാ നല്ല ബിറ്റായിരിക്കും, ഞമ്മക്ക് പോയാലോ"... താമസിച്ചില്ല, അത് വരെ കൂട്ടി വച്ച ചില്ലറയൊക്കെ മുട്ടിയെടുത്തു, പുള്ളി ലുങ്കി മടക്കി കുത്തി ഞങ്ങള്‍ കുട്ടിപട സിനിമാ കാണാന്‍ തിരിച്ചു...

ജനക്കൂട്ടത്തെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്ക്  സംഭവം നടക്കുമോ എന്ന സംശയമായി. എങ്ങനെ ടിക്കറ്റ്‌ എടുക്കാം എന്ന് ഒരു വിധം പരിശീലനങ്ങള്‍ കഴിഞ്ഞിരുന്നു. ഒരു ഗുഹയില്‍ കൂടി നൂറ്റമ്പത് മീറ്റെറോളം നടന്നാലേ ടിക്കെറ്റ് കൌണ്ടര്‍ എത്തു. ഗുഹാ-മുഖത്ത് യുദ്ധം നടക്കുന്നത് പോലെ ഉണ്ട്. ഞങ്ങള്‍ നാല് പേരുണ്ട്. ഒരുത്തന്‍ ആള്‍കാരുടെ കാലിന്റെ ഇടയില്‍ കൂടി ഒരു നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചു. കുറച്ചു ചവിട്ടൊക്കെ കൊണ്ട് തിരിച്ചുവന്നു!!! വേറൊരുത്തന്‍ ആള്‍കാരുടെ കൂടെ തിക്കി തിരക്കി നോക്കി. ഞങ്ങള്‍ മൂന്നുപേര്‍ അവനെ പിന്നില്‍ നിന്ന് തള്ളി കയറ്റാന്‍ ശ്രമിച്ചു! ഹാ നടക്കുന്നില്ല... ഗുഹാമുഖത്തുകൂടി കഷ്ട്ടി ഒന്നര ആളെ അകത്തു കടക്കാന്‍ പറ്റൂ, അവിടെ പത്തിരുപതു തലകളും, നാല്‍പതു കയ്യും, പുറമേ കാലുകളും! എങ്ങനെ പറ്റാന്‍!!!

അതിസാഹസം കാണിക്കാതെ വയ്യ. ബള്‍ബ്‌ കത്തി! ടിക്കറ്റ്‌ കൊടുക്കാന്‍ തുടങ്ങി. തിക്കും തിരക്കും ഒന്ന് കൂടി ശക്തിയായി. തലമണ്ട ഒന്ന് തെളിഞ്ഞു. "എന്നെ പൊക്കി ആള്‍കാരെ മോളിലെക്കിട്" മൂന്നുപെരോടുമായി ഞാന്‍ പറഞ്ഞു. "എടാ അത് കുഴപ്പാവും", ഒരു കൈ നോക്കാമ്ട എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ടു പോയി. തിക്കുന്ന രണ്ടു പേരുടെ പുറത്ത് പിടിച്ചു ഞാന്‍ മേലോട്ടുയര്‍ന്നു... രണ്ടു പേര്‍ എന്ടെ കാലും ഒരാള്‍ എന്ടെ കുണ്ടിയും തള്ളിതന്നു .. എല്ലാവരുടെയും തലയ്ക് മുകളിലൂടെ ഞാന്‍ ഗുഹയുടെ ഉള്ളിലേക്ക്!!!

വായുവില്‍ തന്നെ ആണുള്ളത്... നിലം തൊട്ടിട്ടില്ല. എന്നില്‍ കണ്ടു ഒരുവന്‍ പിന്നാലെ വന്നിരുന്നു. അവന്റെ കാലിനി പിടിച്ചു ആള്‍കാര്‍ പിന്നോട്ട് വലിച്ചിട്ടു. ആരെക്കെയോ നല്ല പച്ച മലയാളം പറയുന്നുണ്ട്. എല്ലാവരോടും ചിരിച്ചു കാണിച്ചു ഒരു വിധം നിലം തൊട്ടു. പതിയെ മുന്നോട്ടു നീങ്ങി. ഗുഹയില്‍ വായു കടക്കാന്‍ കയ്യുടെ വലിപ്പത്തില്‍ ഇടയ്കിടെ ചെറിയ തുളകള്‍ ഉണ്ട്. ഞാന്‍ എവിടെ എത്തി എന്നുള്ളത് പുറത്തുള്ള ചങ്ങാതികല്കു അതുവയി കൈ കാട്ടിയും കൂവിയും വിസിലടിച്ചും സിഗ്നല്‍ കൊടുത്തു.

മുന്നില്‍ നാലഞ്ചു പേര്‍ കൂടിയേ ഉള്ളു... സിനിമ കാണുന്നതോര്‍ത്തു ഭയങ്കര സന്തോഷം തോന്നി. പത്തു മിനുട്ടെ തുടങ്ങനുള്ള്. "നൂണ്‍ ഷോ", ആദ്യത്തെ പ്രദര്‍ശനം, കാണുക എന്നുള്ളത് അഭിമാനമാണ്. ഞാന്‍ നാലു രൂപ എണ്ണി തിട്ടപെടുത്തി. അത് അരയില്‍ ലുങ്കിയില്‍ കെട്ടി വച്ചതാണ്. വീണു പോകാതിരിക്കാന്‍. തൊട്ടു മുന്നിലുള്ള ആള്‍ ടിക്കറ്റ്‌ എടുത്തു പോയി. ഞാന്‍ ചില്ലറയുമായി കൌണ്ടറില്‍ കയ്യിട്ടു!! അയാള്‍ ഒരു ബോടെടുത്തു എന്ടെ കൈ പുറത്തോട്ടു തള്ളി. "നാലെണ്ണം" ഞാന്‍ പറഞ്ഞു... ബോട് കണ്ടു കൂടെ? ഫുള്ളായി! അയാള്‍ ഹൌസ് ഫുള്‍ ബോട് വച്ചുകൊണ്ട് പറഞ്ഞു... ടിക്കറ്റ്‌ കഴിഞ്ഞു! വിട്ടു കൊടുത്തില്ല.. "സ്ടൂല്‍ മതി" ഞാന്‍ പറഞ്ഞു.. "എല്ലാം കൊടുത്തു മോനെ".. സ്ടൂല്‍ എന്നാല്‍ തീയേറ്ററില്‍ കയറുന്ന വാതിലിന്റെ അടുത്ത് ചെറിയ ഒരു കസാല ഇട്ടു തരും, പല തവണ അങ്ങനെയും സിനിമ കണ്ടിട്ടുണ്ട്! എനിക്ക് ശരിക്കും കരച്ചില്‍ വന്നു...

എല്ലാ ശ്രമങ്ങളും വെള്ളത്തില്‍... വിയര്‍ത്തത് വെറുതെ, പച്ച തെറി കേട്ടത് വെറുതെ, വെയില് കൊണ്ട് ഇതുവരെ വന്നത് വെറുതെ, ആകാശത്ത് പറന്നു ഗുഹയില്‍ കയറിയത് വെറുതെ... വിട്ടു കൊടുത്തില്ല, ഞങ്ങള്‍ കൂട്ടമായി തീരുമാനിച്ചു... അടുത്ത കളി, മൂന്ന് മണിയുടെ "മാറ്റിനീ", കണ്ടിട്ടേ പോകൂ! ഞാന്‍ ഗുഹയില്‍ അതെ നില്പ് തുടര്‍ന്നു...

സമീര്‍
ചെന്നൈ, 15 ഒക്ടോബര്‍ 2010

2 comments:

 1. അടുത്ത കളി, മൂന്ന് മണിയുടെ "മാറ്റിനീ", കണ്ടിട്ടേ പോകൂ! ഞാന്‍ ഗുഹയില്‍ അതെ നില്പ് തുടര്‍ന്നു..
  kollammm....gud...

  ReplyDelete
 2. ആദ്യം വായിച്ചത് ഈ സിനിമാക്കഥയാണ്, നല്ല രസമുള്ള അനുഭവം. സമാനമായ ഒന്ന് 8 സുന്ദരികൾ സിനിമക്ക് പോയ അനുഭവം
  ഇവിടെ വന്നാൽ
  വായിക്കാം.
  ആ word verification ഒന്നെടുത്തു മാറ്റിയാൽ കനന്റ് എഴുതുന്നവർക്ക് നന്നായിരിക്കും.

  ReplyDelete