Friday, October 22, 2010

കിംഗ്‌ ഫിഷര്‍

അവളെ ദിവസവും കാണാറുണ്ട്. എന്നും രാവിലെയും വൈകിട്ടും അവളെ കാണാന്‍ ഞാന്‍ കാത്തിരിക്കും. അവളെ കാണാന്‍ എന്നും എന്റെഅ ഉള്ളം തുടിച്ചിരുന്നു. എങ്ങനെ സ്വന്തമാക്കും എന്ന ചിന്തയായി മനസ്സില്‍. അവളുടെ ചുവന്ന തുടുത്ത ചുണ്ടുകളും, ഇമ വെട്ടാതെ ആരെയും കൊത്തിയെടുക്കുന്ന നോട്ടവും ദിവസവും എന്റെട ഉറക്കം കെടുത്തി. അവള്‍ എന്നെ കണ്ട ഭാവം നടിക്കാറില്ല.  എല്ലാ ദിവസവും ഞാന്‍ അവളെ പിന്തുടര്‍ന്ന്  കൊണ്ടിരിന്നു. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, എന്തൊക്കെ ചെയ്യുന്നു... എല്ലാം മനസ്സിലാക്കി അവളെ എങ്ങനെ കറക്കിയെടുക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നു...

എന്റെ ചങ്ങാതിയോട് ഞാന്‍ ഈ കാര്യം പറഞ്ഞു. അവളെ കണ്ടപ്പോള്‍ അവന്റെ ഉള്ളിലും എന്നെപ്പോലെ തന്നെ അവളോട്‌ പ്രേമം പൊട്ടി വിടര്‍ന്നു. എന്തൊക്കെ തന്നെ സംഭവിച്ചാലും അവളെ വീഴ്ത്തിയിട്ടു തന്നെ കാര്യം എന്ന് ശപഥം ചെയ്തു. പല പണികളും ഒപ്പിച്ചു. പലതും പ്രയോഗിച്ചു. പക്ഷെ അവള്‍ വലയില്‍ വീണില്ല.

ഒരു ദിവസം പതിവ് പോലെ ഞാന്‍ അവളെ പിന്‍തുടര്‍ന്നു.  അവളുടെ പതിവ് വഴിയില്‍ നിന്നും വിത്യാസം വന്നിരിക്കുന്നു. അവള്‍ തോടിന്റെ ഭാഗത്ത് പോയിരിക്കുന്നു. എന്ടെ വീടിന്റെ ബൈയ്യപ്പുറത്തു  തോടാണ്. അതിനപ്പുറം വിജനമായ വലിയ പറമ്പും തോടിന്റെ കയ്യാലയുമാണ്.  ആ ഭാഗത്ത്‌ അവള്‍ അങ്ങനെ പോകാറില്ല. ഞാന്‍ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. അവള്‍ കാണാതെ ഞാന്‍ പിന്നാലെ തന്നെ വച്ച് പിടിച്ചു. പെട്ടെന്ന് അവള്‍ അപ്രത്യക്ഷയായി. എനിക്കാകെ വേവലാതിയായി. ഇതു വരെ കണ്ട അവള്‍ എവിടെപ്പോയി? കുറെ നേരം ഞാന്‍ തെങ്ങിന്‍റെ മറവില്‍ തന്നെ അവളെ കാത്തിരുന്നു. പെട്ടെന്നതാ അവള്‍ ചിറകു വിടര്ത്തിത പറന്നുയരുന്നു! തോടിന്റെ വക്കതുള്ള ഒരു പൊത്തില്‍ നിന്നും അവള്‍ നീല ചിറകുകള്‍ വിടര്‍ത്തി എന്റെ നെഞ്ചിലൊരു മിന്നലാട്ടം വിരിയിച്ചു പറന്നുയര്ന്നു ...

ആ തോടിന്റെ് തിണ്ടകളില്‍ ഒരു പാട് മാളങ്ങള്‍ ഉണ്ട്. പാമ്പുകളാണ് സാധാരണ ആ മാളങ്ങളില്‍ കൂടി കയറി ഇറങ്ങുന്നത് കാണാറുള്ളത്‌. ചങ്ങാതിയോട് കാര്യങ്ങള്‍ വിവരിച്ചു. അടുത്ത ഒന്ന് രണ്ടു ദിവസങ്ങള്‍ കൂടി ഞങ്ങള്‍ അവളെ നിരീക്ഷിച്ചു. അവള്‍ കള്ള കണ്ണുകള്‍ തോട്ടിലെ വെള്ളത്തില്‍ ഊഴ്ന്നി സാധാരണ പോലെ മരക്കൊമ്പില്‍ ഇരുന്നു, പെട്ടെന്ന് വെള്ളത്തിലേക്ക്‌ പറന്നിറങ്ങി തടിച്ചു കൂര്‍ത്ത ചുവന്ന ചുണ്ടുകള്‍ കൊണ്ട് മീന്‍ കൊത്തിയെടുത്ത് വയര് നിറച്ചു. ഞങ്ങള്‍ അക്ഷമരായി തോടിന്റെ തിണ്ടയില്‍ മറയില്‍ കാത്തിരുന്നു. അവള്‍ തോടിന്റെ് വക്കത്തെ ഏതു മാളത്തില്‍ ആണ് കയറുന്നത് എന്ന് കണ്ടു പിടിക്കാന്‍. അവളുടെ ഈ മീന്‍ പിടുത്തം ബൈയ്യപ്പുറത്തെ പടിയിലിരുന്നു ഞാന്‍ മണിക്കൂറുകളോളം ആസ്വദിക്കാറുണ്ട്.

പൊത്തില്‍ കൈയിട്ടു നോക്കാന്‍ പേടിയുണ്ടായിരുന്നു. അവള്‍ പറന്നു പോയപ്പോള്‍ ഞാനും ചങ്ങാതിയും അവള്‍ അതിനകത്ത് എന്താണ് ചെയുന്നത് എന്ന് നോക്കാന്‍ തീരുമാനിച്ചു. പാമ്പോ തെളോ ഉണ്ടാകുമെന്ന് കരുതി കയ്യില്‍ പ്ലാസ്റ്റിക്‌ സഞ്ചി കെട്ടി ഞാന്‍ മാളത്തില്‍ കൈയിട്ടു. കൈ മുഴുവനും അകത്തേക്ക് കയറ്റി ഞാന്‍ തപ്പി നോക്കി. കയ്യില്‍ എന്തോ തടഞ്ഞു. പുറത്തേക്ക് എടുത്തു നോക്കി. ഒരു ചെറിയ മുട്ട. ഓഹോ! അങ്ങനെ ആണല്ലേ! പക്ഷികളുടെ കൂട് മരചില്ലയിലും, ഉണങ്ങിയ തെങ്ങിന്റെ മുകളിലും, വീടിന്റെ് ഓടിന്റെ ഉള്ളിലോക്കെയെ അതുവരെ കണ്ടിട്ടുള്ളൂ! പക്ഷികള്‍ക്ക് ഇങ്ങനെയും കൂടുണ്ട് എന്നുള്ളത് ആദ്യത്തെ അറിവായിരുന്നു. എന്ത് ചെയ്യണം എന്ന് ആലോചിച്ചു! അവള്‍ അടുത്ത പ്രാവശ്യം കയറിയാല്‍ തുള അടച്ചു അവളെ സ്വന്തമാക്ക്യാലോ എന്നാലോചിച്ചു. പക്ഷെ ആ മാളത്തിന്റെ അകത്തു വേറെ മാളങ്ങള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ചിലപ്പോള്‍ രക്ഷപ്പെടാം. അവളുടെ മുട്ട അവിടെ തന്നെ തിരിച്ചു വച്ച്. അത് വിരിഞ്ഞാല്‍ കുട്ടിയെ എടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു.

ആ സമയത്ത് പക്ഷികളെ പിടിക്കുക, അവയെ വളര്‍ത്തുക എല്ലാം ഞങ്ങള്‍ കുട്ടിപടയ്ക്കു വലിയ ഇഷ്ടമായിരുന്നു. കാക്ക, മൈന, തത്തമ്മ, ചെമ്പോത്ത്, പ്രാവ്, പരുന്ത് മുതലായവയെ വളര്‍ത്തിയിരുന്നു. പക്ഷെ മീന്‍ കൊത്തി പക്ഷിയെ (കിംഗ്‌ ഫിഷര്‍) അത് വരെ കിട്ടിയിട്ടില്ലയിരുന്നു! അവളെ എന്നും കൌതുകത്തോടെ നോക്കി കാണാനുള്ള ഭാഗ്യമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ ഈ അവസരം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസം കൂടുമ്പോള്‍ ഞങ്ങള്‍ മാളത്തില്‍ കൈ ഇട്ടു നോക്കും. എന്തായി എന്നറിയാന്‍! അങ്ങനെ രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞു.

സ്കൂള്‍ വിട്ടു വന്നപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടു പേരും തോടിന്റെ വരമ്പിലേക്ക്‌  ഓടി. മാളത്തില്‍ നിന്ന് “കീ.. കീ..” എന്ന ശബ്ദം. കയ്യില്‍ എടുത്തു നോക്കി, ചെറിയൊരു കിംഗ്‌ ഫിഷര്‍! വെറും മാംസക്കഷണം...  നൊന്തു പ്രസവിച്ച പോലെയുള്ള സന്തോഷമായിരുന്നു! തിരിച്ചു അവിടത്തന്നെ വച്ച്. അങ്ങനെ അടുത്ത ഒരു രണ്ടയ്ച്ച അതിന്റെ കണ്ണ് തുറന്നോ, ചിറകു വന്നോ, എന്നുള്ളതൊക്കെ ദിവസവും ചെന്ന് നോക്കി. തൂവലും ചിറകുമൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ അതിനെ തത്തയുടെ കൂടിലാക്കി വീട്ടില്‍ കൊണ്ട് വന്നു പുറത്തെ മരത്തില്‍ തൂക്കിയിട്ടു. ഞങ്ങള്‍ ചോറും മീന്‍കറി ഒക്കെ കൊടുത്തു നോക്കി. പക്ഷെ ലിറ്റില്‍ കിംഗ്‌ ഒന്നും തന്നെ തിന്നില്ല. ഞങ്ങള്‍ അടുതില്ലാത്ത സമയത്ത് അമ്മക്കിളി വന്നു കൂടിനു പുറത്തിരുന്നു വലിയ കൊക്ക് കൂടിനുള്ളിലേക്ക് തിരുകി കുട്ടിക്ക് ഇര കൊടുത്തു. അവള്‍ കൊടുക്കുന്നതൊക്കെ ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ചെറിയ തുമ്പി, വളരെ ചെറിയ മീന്‍ എന്നിവയാണ് കുട്ടിയുടെ തീറ്റ. പിന്നെ ഞങ്ങള്‍ തന്നെ തുമ്പിയും ചെറിയ മീനിനെയുമൊക്കെ പിടിച്ചു കൊണ്ട് വന്നു കൊടുക്കും, കുട്ടി അതൊക്കെ ഉഷാറായി തിന്നു വളര്ന്നു വന്നു. അതിനിടയില്‍ ഞങ്ങള്‍ അമ്മായ കൂടിനുള്ളില്‍ കയറ്റി കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റു സന്തോഷത്തോടെ കൂടിനടുത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച കരയിപ്പിച്ചു കളഞ്ഞു. ഞങ്ങളുടെ “ലിറ്റില്‍ കിംഗ്‌ ഫിഷര്‍” ചത്ത്‌ മലര്ന്നു കിടക്കുന്നു. സങ്കടം സഹിക്കാന്‍ പറ്റിയില്ല... കരച്ചില്‍ വന്നു... കരഞ്ഞു. കാലിനും വയറിനും കടിച്ചിട്ടുണ്ട്. എലിയാണ്! അത് മരത്തിലൂടെ കയറി എങ്ങനെയോ കൂട്ടിലുള്ള കുട്ടിയെ കടിച്ചിരിക്കുന്നു! ഒരെലിയെ പോലും ജീവനോടെ വയ്ക്കില്ല എന്ന് ശപഥം ചെയ്തു. അങ്ങനെ നിന്നപ്പോള്‍ അതാ അമ്മക്കിളി വായില്‍ ഇരയുമായി എത്തിയിരിക്കുന്നു. അമ്മക്കിളി കൂടിനു മേലെ വന്നിരുന്നു കുറെ ശബ്ദമുണ്ടാക്കി! കൂടിനു ചുറ്റുമായി കുറെ സമയം പറന്നു.. കരഞ്ഞു. അതിന്റെ സങ്കടം എന്തായിരിക്കും! ചങ്ങാതി വന്നപ്പോള്‍ അവനും സങ്കടം സഹിക്കാന്‍ പറ്റിയില്ല. രണ്ടു പേരും ചേര്ന്ന് ഒരു ചെറിയ കുഴി കുത്തി അതില്‍ ഞങ്ങളുടെ ലിറ്റില്‍ കിംഗ്‌ ഫിഷറിനെ അടക്കം ചെയ്തു...

സമീര്‍
ചെന്നൈ, 22 ഒക്ടോബര്‍ 2010

6 comments:

 1. കൊള്ളാം
  നന്നായിരിക്കുന്നു

  ReplyDelete
 2. അനുഭവക്കുറിപ്പ് നന്നായിരിക്കുന്നു.

  (word verification ഒഴിവാക്കൂ.)

  ReplyDelete
 3. അവൾ ആവർത്തന വിരസതയുണ്ടാക്കി. ഇനിയും ഒരുപാട്‌ നല്ല പോസ്റ്റുകൾക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 4. അതി ബുദ്ധിയുള്ള പൊന്മാന്‍ (ഇവള്‍ തന്നെ
  സാധനം) കിണറ്റില്‍ മുട്ട
  ഇടും.വേനല്‍ ക്കാലത്ത് വളരെ ആഴത്തില്‍.
  (കിണറിന്റെയും കുളത്തിന്റെയും അകത്തു)
  മഴ വന്ന് വെള്ളം മൂടുമ്പോള്‍ കുഞ്ഞു
  ചത്ത്‌ പോകും.നിങ്ങള്‍ അതിനെ എടുത്തിട്ടും
  രക്ഷിക്കാന്‍ ആയില്ല അല്ലെ..

  ReplyDelete
 5. അഭി, രമേശ്‌ - താങ്ക്യൂ :)
  അലി - ഒഴിവാക്കി :)
  അന്തിവിലക്ക് - ശ്രദ്ധിക്കാം :)
  എന്റെ ലോകം - കുറച്ചു കൂടി അറിവ് നല്‍കിയതിനു നന്ദി..

  ReplyDelete