Tuesday, November 2, 2010

ചക് ദേ ചില്ലി ചിക്കന്‍

ആവശ്യത്തിനു മരുന്നൊക്കെ കഴിച്ചു. തലച്ചോറിലെ സെല്ലുകള്‍ എല്ലാം നല്ല പ്രവര്‍ത്തനം ആരംഭിച്ചു. ധമനികളിലെ രക്തം ഒന്ന് കൂടി ഊര്ജസ്വലരായി. "ഒരു പണ്ടാരവും ഇല്ലല്ലോ" എന്ന് മുറുമുറുത്തു കൂടെയുള്ളവന്‍ ടിവിയുടെ റിമോട്ടിനെ തലങ്ങനെയും വിലങ്ങനെയും മര്‍ദിച്ച് അവശനാക്കുന്നുണ്ട്. ബംഗ്ലൂരില്‍ ഹോട്ടല്‍ മുറിയിലാണ്. ചെന്നയിലെ ഓഫീസില്‍ ഞങ്ങളുടെ ശല്യം സഹിക്കാന്‍ പറ്റാത്തത് കൊണ്ട് രണ്ടായ്ച്ച കാലത്തേക്ക് ട്രെയിനിംഗ് എന്ന് പറഞ്ഞു വിട്ടതാണ്.

ഞാനൊരു ബാത്ത് ടവല്‍ ഉടുത്തു കാലൊക്കെ നീട്ടി ടീപോയില്‍ വച്ചു, ഇടയ്കിടെ രക്തത്തിലെ കെമിക്കല്‍ അളവ് പരിഹരിച്ചു അങ്ങനെ ഇരിപ്പാണ്. കൂടെയുള്ളവന് അവസാനം ടീവിയില്‍ ഒരു സാധനം കിട്ടി! "ചക് ദേ ഇന്ത്യ" എന്ന ഷാരുഖ് ഖാന്‍ സിനിമ. രണ്ട് പേരും കണ്ടതാണ്. എന്നാലും നൂറ്റൊന്നു ചാനല്‍ തപ്പിയിട്ടും ഒന്നും കിട്ടാത്തത് കൊണ്ട് "ചക് ദേ" കാണാന്നുള്ള കരാറിലെത്തി.

ഇന്ത്യന്‍ ഹോക്കിയുടെ വനിതാ ടീം ലോകകപ്പ്‌ നേടുക എന്ന സ്വപ്നം നിറവേറ്റാന്‍ ഷാരൂഖ്‌ ഖാന്‍ ടീമിന്റെ കോച്ചായി എത്തിയിരിക്കുന്നു. പെണ്ണുങ്ങളുടെ ഭാഗ്യം. അത് പോലെ ഫുട്ബാള്‍ ടീമിന്റെ കോച്ചായി ബിപാഷ ബസുവിനെയോ കത്രിന കൈഫിനെയോ ഒക്കെ വച്ചിരുന്നെങ്കില്‍ ഞാനൊക്കെ എന്നേ വേള്‍ഡ് കപ്പ്‌ ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നേനെ! "കബീര്‍ ഖാന്‍" എന്ന കോച്ച് ഷാരൂഖ്‌ ഖാന്‍ ടീമിനെ പരിജയപ്പെടല്‍ തുടങ്ങി...

“ബല്ദീപ് കൌര്‍… പഞ്ചാബ്”… “ഒന്ന് കൂടി”… “ബല്ദീപ് കൌര്‍… പഞ്ചാബ്”… “എഗൈന്‍…”
കളിക്കാരി : “ബല്ദീപ് കൌര്‍… പഞ്ചാബ്”…
കോച്ച് : “ടീമില്‍ നിന്നു മാറി പുറത്തു നില്ക്… അടുത്ത ആള്‍...”

“കൊമല്‍ ചൌതാല ഫ്രം ഹര്യാന”…
“ഔട്ട്‌… നെക്സ്റ്റ്”

“രച്ച്ന പ്രസാദ്‌ … ബീഹാര്‍”
“ബാഹര്‍ (പുറത്തു)…”

“നേത്ര റെഡി… ആന്ധ്ര പ്രദേശ്‌..”
"ഔട്ട്‌.. അടുത്ത ആള്‍...”

“നികോല സകുര.. മഹാരാഷ്ട്ര”
“പുറത്തു പോ… നെക്സ്റ്റ്…”

“വിദ്യ ശര്‍മ.. ഇന്ത്യ”… കൊച്ചോന്നു ആശ്ചര്യപെട്ടു പുഞ്ചിരിച്ചു… പിന്നെ പറഞ്ഞു “ഉറക്കെ..”
“വിദ്യ ശര്‍മ.. ഇന്ത്യ” … “സോര്‍ സെ കഹോ (ഉറക്കെ പറയൂ)"… “വിദ്യ ശര്‍മ... ഇന്ത്യ”

ഷാരുഖ് തുടര്‍ന്നു “ഇനി ആരെങ്കിലും ഉണ്ടോ? ഹരിയാന, പഞ്ചാബ്, റെയില്‍വേ, തമിഴ്നാട്‌, മഹാരാഷ്ട്ര… അങ്ങനെ ഉള്ളവര്‍ക്ക് പോകാം… ഈ ടീമില്‍ ഇന്ത്യയുടെ കളിക്കാരെ മതി…”

എന്റെ രാജ്യസ്നേഹം സട കുടഞ്ഞു എഴുന്നേറ്റു. രോമ കൂപങ്ങള്‍ ഉയര്തെഴുനേറ്റു നിന്നു സിന്ദാബാദ് വിളിക്കാന്‍ തുടങ്ങി. ഹാ സബാഷ്! എന്ന് ഗര്‍ജ്ജിച്ചു ഞാന്‍ കസേരയില്‍ ഒന്ന് കൂടി അമര്‍ന്നിരുന്നു.

ടക് ടക് ടക് ... വാതിലില്‍ മുട്ട്! അകത്തേക്ക് വരൂ എന്നാക്രോശിച്ചു. റൂം ബോയ്‌ ആണ്. വെളുത്ത് തുടുത്ത സുമുഖ സുന്ദരന്‍, സദാ സുസ്മരേദന്‍. പക്ഷെ അവന്റെ പേര് കേട്ടാല്‍ കൂടെയുള്ളവന് ഒരു ഉള്കിടിലമാണ്, ബോസ്സിന്റെ പേരിന്റെ വാലറ്റവും അവന്റെതും ഒന്നാണ്. ആ പേര് ഒരു വേതാളത്തെ പോലെ അവന്റെ മുതുകത്തു തന്നെയാണ്!

"എന്താ ഉള്ളത്..." വായില്‍ വെള്ളമിറക്കി കൊണ്ട് കൂടെയുള്ളവന്‍ ചോദിച്ചു. ഭക്ഷണത്തിലെ "ഭ" കേട്ടാല്‍ അവന്‍ വെള്ളമിറക്കി തുടങ്ങും.

"ഹൈദരബാദി ബിരിയാണി, ആന്ധ്ര ചില്ലി ചിക്കന്‍, മുഗുലായ് ചിക്കന്‍, മലബാര്‍ ഫിഷ്‌ കറി, ചിക്കന്‍ ചെട്ടിനാട്, പഞ്ചാബി മുര്‍ഗ് മസാല, അഫ്ഗാനി കബാബ്... " അവന്റെ നീണ്ട ലിസ്റ്റ് തുടര്‍ന്നു...

"ഇന്ത്യനായിട്ടുള്ള എന്തുണ്ട്?" കോച്ച് ശാരുഖിനെക്കാള്‍ ഉശിരോടെ ഞാന്‍ ആക്രോശിച്ചു...
ടീം അംഗങ്ങള്‍ പരിചയപെടുത്തിയ പോലെ എല്ലാത്തിന്റെയും കൂടെ ഒരു സ്റ്റേറ്റ് വാല്‍ കഷണം. അരിശം വന്നു... രാജ്യസ്നേഹം ഉച്ചാവസ്ഥയില്‍ നില്‍കുമ്പോള്‍ ആണ് എല്ലാത്തിന്റെയും കൂടെ അവന്റെ ഒരു ദേശവും സംസ്ഥാനവും!

"സര്‍ അത്..." പയ്യന്‍ പരുങ്ങി...
"എനിക്ക് ഇന്ത്യന്‍ ചില്ലി ചിക്കന്‍ വേണം... നല്ല എരിവോടെ... അല്ലെങ്കില്‍ ഈ കോലത്തില്‍ ഞാന്‍ താഴെ ലോഞ്ചില്‍ വരും"

വെറും ബാത്ത് ടവല്‍ ഉടുത്തു നില്‍കുന്ന ഞാന്‍ തെല്ലൊരു കനത്തോടെ പറഞ്ഞു. രക്തം ഊര്ജസ്വലമായതിനാല്‍ ഉശിര് ഒന്ന് കൂടുതല്‍ ആയിരുന്നു. ഇത്രയധികം രാജ്യസ്നേഹം ഉള്ളില്‍ ഉണ്ടെന്നു എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടെയുള്ളവന്‍ വേറെ ഒരു നീണ്ട ലിസ്റ്റ് കൊടുത്തു, കൂടാതെ "ആന്ധ്ര" മാറ്റി "ഇന്ത്യന്‍" ആക്കാന്‍ പറഞ്ഞു. വീണ്ടും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ടീവിയില്‍ കണ്ണും നട്ട് "ഇന്ത്യന്‍ ചില്ലി ചിക്കെന്" വേണ്ടി കാത്തിരുന്നു.

അങ്ങനെ ഹോക്കി ടീം തോറ്റും ജയിച്ചും മുന്നെരിക്കൊണ്ടിരിക്കുമ്പോള്‍ അവസാനം നമ്മുടെ രാജ്യത്തിന്‍റെ ചില്ലി ചിക്കന്‍ എത്തി. ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ പറ്റാത്ത ചില്ലി ചിക്കന്‍! ഇനി അവകാശപെട്ടലും അത് പകുതി മണ്ണിന്റെ മക്കളുടെതാണെന്ന് പറയാന്‍ പറ്റാത്ത, അല്ലെങ്കില്‍ വിദേശിയാണെന്ന് പറയാന്‍ പറ്റാത്ത സ്വന്തം ഇന്ത്യയുടെ ചില്ലി ചിക്കന്‍.

ഞാന്‍ ചിക്കനെ ആവേശത്തോടെ വായിലേക്ക് ചപ്പാത്തിയും കൂട്ടി തള്ളി കേറ്റി! രക്തത്തിലെ കെമിക്കല്‍ അളവ് നന്നായതിനാല്‍ മൂന്ന് നാലു വായക്കു പോയതറിഞ്ഞില്ല, പക്ഷെ പെട്ടെന്ന് ഞാന്‍ പാമ്പാണ് എന്ന് കരുതി ഞെട്ടി. അടുത്ത് നിന്നും "ശൂ... ശൂ... ശീ..." എന്ന ശബ്ദം! കൂടെയുല്ലവനാണ്, അവന്‍ മാത്രമല്ല എന്റെ വായില്‍ നിന്നും ശബ്ദം വന്നു തുടങ്ങി... ഹോ! ഒടുക്കത്തെ എരിവു, ഉണ്ടാക്കിയവന്റെ പൈത്രുകം ആരംഭിച്ചത് മുതല്‍ ഉള്ളവരെ തെറിയഭിഷേകം നടത്തിപ്പോവും! കൂടെയുള്ളവന്‍ വാ കൊപ്ലിക്കുന്നു, വെള്ളം കുടിക്കുന്നു, എനിക്ക് അതിനെക്കാള്‍ അപ്പുറം! കൊണ്ട് വന്നവനെ വിളിച്ചു വരുത്തിയപ്പോള്‍ അവന്‍ കൈ മലര്‍ത്തി! മാനേജരെ വിളിക്കാന്‍ പറഞ്ഞു.

വീണ്ടുമൊരു സുമുഗന്‍! മാനേജര്‍ ആണ്, ടൈ ഒക്കെ കെട്ടിയിട്ടുണ്ട്, പറ്റിച്ചു വെട്ടിയ മീശ, ഉയരം കുറഞ്ഞു ചെറിയൊരു തടിച്ചുരുണ്ട മനുഷ്യന്‍. സംഭവം "ശൂയും ശായും" കൂട്ടി പറഞ്ഞു. അന്നേ ദിവസം വരെ എന്തെരിവും ഞങ്ങള്‍ മലബാറുകാര്‍ കഴിക്കും എന്നുള്ള ധാര്ഷ്ട്യതിനാണ് വിള്ളല്‍ വീണിരിക്കുന്നത്!

"നിങ്ങള്‍ അതൊന്നു കഴിച്ചു നോക്ക്... ഭയങ്കര എരിവു... വായില്‍ വെക്കാന്‍ പറ്റില്ല!"

മാന്യദേഹം മനജേര്‍ സ്പൂണില്‍ ഒരു തുള്ളിയെടുത്തു കൈ വെള്ളയില്‍ ഒയിച്ച്‌ നക്കി... മുഖത്ത് മധുര തേന്‍ കുടിച്ച ഭാവം... "ഇത് ഓക്കേ ആണല്ലോ..." അദ്ദേഹം മൊഴിഞ്ഞു...!

"കുറെ കഴിച്ചു നോക്ക് ഒരു കഷണം ചിക്കനും തിന്നു നോക്ക്" അയാളുടെ നില്പ് കണ്ടപ്പോള്‍ അരിശം മൂത്ത് ഞങ്ങള്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു.

ടീവിയില്‍ ഷാരൂഖ്‌ എരിപൊരി കൊണ്ട് നില്കുന്നു, ഓസ്ട്രല്യന്‍ പെനാല്‍ടി അടി ഇന്ത്യക്കാരി തടുക്കുമോ?

ഹൈദരബാദി മാനാജെരദ്യഹത്തിന്റെ മുഖത്ത് യാതൊരു കൂസലുമില്ല! ഒന്നനങ്ങി, ടൈ ഒക്കെ ഒന്ന് ലൂസാക്കി പ്ലേറ്റ് അടക്കം കയ്യില്‍ എടുത്തു വച്ചു, പാല് പോലെ കറിയും തേനില്‍ മുക്കിയ ശര്‍ക്കര പോലെ ചിക്കനും അകത്താക്കി! വിരലുകളെല്ലാം മൂഞ്ചി വൃത്തിയാക്കി വീണ്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നു. രണ്ട് ചപ്പാത്തി കൂടി കിട്ടിയിരുന്നെങ്കില്‍ എന്റെ ഡിന്നര്‍ കുശാലയേനെ എന്ന ഭാവം! ആ ഭാവം കണ്ടപ്പോള്‍ വീണ്ടും അരിശം കയറിയെങ്കിലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഇത് എന്തൊരു സദനം? വായും തൊണ്ടയും വയറുമൊക്കെ സ്ടീലാണോ?

കൂടുതല്‍ വാഗ്വതത്തിനു നിന്നില്ല, സംയമനം പാലിച്ചു ഓക്കേ പറഞ്ഞു. കോച്ച് ഷാരൂഖ്‌ അര്‍ത് വിളിച്ചു കെട്ടിപിടിക്കുന്നു, കളത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ജയബേരി മുഴക്കുന്നു... "ചക് ദേ ഓ ചക് ദേ ഇന്ത്യ"... മാനേജരും റൂം ബോയിയും സ്ഥലം വിട്ടു. അവര്‍ മനസ്സില്‍ "ചക് ദേ ചില്ലി ചിക്കന്‍" വിളിച്ചിട്ടുണ്ടാവും! അവര്‍ പുറത്തു ഇറങ്ങിയപ്പോള്‍ സംശയം തോന്നി, "അയാള്‍ ഓടി ടോയിലെറ്റില്‍ പോയ്ക്കാനുമോ എന്ന്?", വാതില്‍ തുറന്നു നോക്കി, കണ്ടില്ല!

പിറ്റേന്ന് കാലത്ത് ഞങ്ങള്‍ രണ്ടു പേരും ബാത്‌റൂമില്‍ നിന്നിറങ്ങാന്‍ കുറെ വൈകി. പരസ്പരം ഒന്നും പറഞ്ഞില്ല. സംഗതി രണ്ടുപേരും മനസില്ലാക്കി! "ഇന്ത്യന്‍ ചില്ലി ചിക്കെന്റെ" സൈഡ് എഫെക്റ്റ് !!!

സമീര്‍
ചെന്നൈ, 1 നവംബര്‍ 2010

5 comments:

  1. ബാത്ത് റൂമില്‍ കേറി ഒരു ചക് ദെ വിളിചൂടാരുന്നോ ....സംഗതി കൊള്ളാം

    ReplyDelete
  2. Superanne Sameereeeee.i laughed a lot

    ReplyDelete
  3. കൊള്ളാം കൊള്ളാം ഉശാരായിട്ടുണ്ട്

    ReplyDelete