Friday, November 5, 2010

യുദ്ധഭൂമി

ഡിം.. ഡിം... ഞാന്‍ നിലത്തു കിടപ്പാണ്... കിടന്ന തറ ഒന്ന് കുലുങ്ങി.. വീണ്ടും ഭൂമി കുലുക്കി കൊണ്ട് വലതു ഭാഗത്ത്‌ നിന്നും ഡിം ഠിം... പിന്നെ മുന്നിലും പിന്നിലും ഒക്കെയായി കിടിലം ഠിം ഡിം... ഒന്നും ഓര്‍മയില്ല... ശത്രുവിന്റെ വലയത്തിലാണ്! ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യ. പിന്നെ തുരു തുരെ വെടി വയ്പ്, ബോംബേറ്... തലയും ഉടലും കീറിമുറിക്കുന്ന സ്പോടനങ്ങള്‍... മെല്ലെ പരതി നോക്കി, തൊട്ടടുത്ത്‌ ഒരുവന്‍ മലര്‍ന്നു കിടക്കുന്നു...

യുദ്ധം എപ്പോഴാ തുടങ്ങിയെ? ഞാനെങ്ങനെ അതിര്‍ത്തിയില്‍ എത്തി? പാകിസ്ഥാനാണോ അതോ നമ്മള്‍ പറയാന്‍ ഇഷ്ടപെടാത്ത ചൈനയോ? മെല്ലെ മെല്ലെ ഉറക്കം തെളിഞ്ഞു. എഴുന്നേറ്റു, കണ്ണ് തിരുമ്മി, നാലു ഭാഗത്തും കാതടുപ്പിക്കുന്ന പൊട്ടലുകള്‍... ഇടയ്കിടെ ജനലിന്റെ കമ്പികള്‍ വിറയ്കുന്നു. വാതില് തുറന്നതും ഡിം ടെ ഡോ ട്ടോ ട്ടോ... എന്റല്ലോ! എന്തൊരു പൊട്ട്... അവധി ദിവസം സുര്യന്‍ കുണ്ടിക്കടിക്കുന്നതുവരെ ഉറങ്ങാം എന്ന് കരുതിയതാ... ഇന്ന് ദീപാവലി അവധി... നാലു ഭാഗത്തും വീട്ടുകാര്‍ ഉള്ള ഇട്ടാ വട്ട സ്ഥലത്ത് നിന്നും പടക്കം പൊട്ടിച്ചു തകര്‍ക്കുകയാണ്.

ഇന്നലെ രാത്രിയോടെ പൂരം കഴിഞ്ഞു എന്ന് കരുതിയതാണ്. ഓ! പഹയന്മാര്‍ എന്ത് പൊട്ടിക്കലാ! കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കാതില്‍ കടന്നലിന്റെ ഇരുമ്പല്‍. കണ്ടാല്‍ എല്ലാം ഒരു ബില്‍ഡിംഗ്‌ ആന്നെന്നു തോന്നും, പക്ഷെ അങ്ങനെയാണ് ചെന്നൈലെ എന്റെ ഈ സ്ട്രീറ്റിലെ ഫ്ലാറ്റുകള്‍. ഒരു കാര്‍ പോകനുല്ലത്ര മാത്രം സൌകര്യമുള്ള സ്ട്രീറ്റില്‍ പത്തിരുപതു കുടുംബങ്ങള്‍ പടക്കം പൊട്ടിച്ചു തകര്‍ത്താടുന്നു. ഒരു ഫാമിലി ഞങ്ങള്‍ കിടക്കുന്ന റൂമിന്റെ തൊട്ടടുത്തുള്ള അവരുടെ ട്ടെരസ്സിലാണ്‌ യുദ്ധം.

രണ്ടു മൂന്ന് മണിക്കൂര്‍ സഹിച്ചു. തലവേദന തുടങ്ങി. ഒന്നും ചെയ്യാനില്ല! ഈ മൂന്ന് ദിവസം അവധി എങ്ങനെ തീര്‍ക്കും? നാട്ടിലേക്കുള്ള ട്രെയിനും ബസ്സുമെല്ലാം മാടുകളെ പോലെ മനുഷ്യനെ കുത്തി നിറച്ചു ഇന്നലെ തന്നെ പോയി. പത്തു പതിമൂന്നു മണിക്കൂര്‍ സാഹസത്തിനു ഞാന്‍ മുതിര്‍ന്നില്ല. ആ യാത്ര മടുത്താണ്. അപ്പോയാണ് ഒരു കാര്യം ശ്രദ്ധിച്ചത്, ഇന്നലെ വേറൊരുത്തന്‍ കൂടെ കിടന്നതാണല്ലോ? കാണുന്നില്ല. ഫോണ്‍ വിളിച്ചു. "എന്ത് പറയാനാ... രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ പൊട്ടാ, എന്റെ വീട്ടില്‍ വന്നു ഉറങ്ങാമെന്ന് വിചാരിച്ചതാ... ഇവിടെയും ഒടുക്കത്തെ പൊട്ട്!"... അവന്റെ മറുപടി.. രക്ഷപെടാന്‍ ഓഫീസിലേക്ക് പോകാമെന്ന് ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചു.

പൈസ പൊട്ടിച്ചു കളയുക എന്നത് കേട്ടതാണ്, പക്ഷെ ഇന്നലെ മുതല്‍ അത് കണ്ടു! ഓഫീസിലെ സുഹൃത്തുക്കള്‍ മാത്രം ഒരു ലക്ഷം രൂപയുടെ പടക്കം വാങ്ങിയിട്ടുണ്ടാവും. ചെന്നയില്‍ മാത്രം ദീപാവലിക്ക് പൊട്ടിച്ചു തകര്‍ക്കുന്നത് കോടികളാണ്. എന്താഘോഷത്തിന്റെ പേരിലായാലും ഇത് കുറച്ചു കടുപ്പമല്ലേ, അത്യാവശ്യം കുറച്ചു ആത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ കത്തിച്ചാല്‍ പോരെ? ഇത് കുറച്ചു ദിവസമായിട്ടു തുടങ്ങിയതാ!

ഞങ്ങളുടെ പ്രൈവറ്റ് ജെറ്റ് ടിവിഎസ് വിക്ടര്‍ ടേക്ക് ഓഫ്‌ ചെയ്യുമ്പോള്‍ ദാണ്ടേ മുന്നിലൊരു ചെക്കന്‍ മാലപ്പടക്കം തിരി കൊടുത്തു വിടുന്നു. കഴിഞ്ഞ തവണ ഒരു സുഹൃത്തിന്റെ കണ്ണ് ഇതേ പോലെ കല്ല്‌ വന്നു കൊണ്ട് ശസ്ത്രക്രിയ നടത്തി രണ്ടു മാസമെടുത്തു റിപ്പയര്‍ ചെയ്തെടുക്കാന്‍. ഒരു ചെക്കന്‍ തിരി കൊടുത്തതിന്റെ മേലെകൂടി നടന്നാണ് വേറൊരുത്തന്‍ അവന്റെ പടക്കത്തിന് തിരി കൊടുക്കാന്‍ പോകുന്നത്. കുട്ടികള്‍ക്ക് വിവരമില്ല! പക്ഷെ മുതിര്ന്നവര്‍ക്കോ? റോഡുകളെല്ലാം യുദ്ധഭൂമി പോലെ വിജനം. മുന്നോട്ടു പോകുന്തോറും ഇടതു നിന്നും വലതു നിന്നും ആക്രമണങ്ങള്‍. എല്ലാറ്റിനെയും അതി ജീവിച്ചു ഞങ്ങള്‍ ഓഫീസിലെത്തി... ഡിം ഡിം ട്ടെ ട്ടെ ... ടാടടടട ടാടട്ടാട്ടട്ട ... അതാ അവിടെയും പൊട്ടിച്ചു തകര്‍ക്കുന്നു! യാത്ര ചെയ്ത ഇരുപതു മിനുട്ട് ഒരു രണ്ടു ലക്ഷം രൂപ പോട്ടിയിട്ടുണ്ടാവും!

ആരാണ് പറഞ്ഞത് മുന്നൂറ് മില്യണ്‍ ജനങ്ങള്‍ വിശപ്പ്, നിരക്ഷരത്വം, അസുഖം എന്നിവയുടെ ഇരകളാണെന്ന്? ആരാണ് പറഞ്ഞത് അമ്പത്തിയൊന്നു ശതമാനം കുട്ടികള്‍ക്ക് പുഷ്ടിയില്ലെന്ന്? ഈ പറയുന്നവരെയൊക്കെ വിളിച്ചു കാണിച്ചു കൊടുക്കൂ, നമ്മള്‍ രാജ്യത്തു ഉടനീളം എത്ര കോടികളാണ് രണ്ടു ദിവസം കൊണ്ട് പൊട്ടിച്ചു തീര്‍ക്കുന്നതെന്ന്!

ഓഫീസിലിരുന്നു ഇത് പോസ്റ്റ്‌ ചെയ്യുന്നെരവും നിലക്കാത്ത പൊട്ടലുകള്‍ കേട്ടു കൊണ്ടിരിക്കുന്നു... ഇത് രാത്രി പന്ത്രണ്ടു മണിക്കേ അവസാനിക്കൂ... ദിവസവും മിനിമം പത്തു മണിക്കൂര്‍ കാന്നുന്ന കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ടപ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നിയില്ല. അങ്ങനെ ഇതൊന്നു കാച്ചിയതാ! ഹാപ്പി ദിവാലി...

***

ഫ്ലാഷ് ന്യൂസ്‌ (നവംബര്‍ 6, 2010 11:05 AM)

അയല്‍ക്കാരുടെ ബോംബും വെടിവയ്പും ‍സഹിക്കാന്‍ വയ്യാതെ സമീര്‍ എന്നയാള്‍ ചെന്നയില്‍ നിന്നും നാട്ടിലേക്കു ഇന്നലെ രാത്രി വണ്ടി കയറി. രാവിലെ അയാള്‍ വീട്ടിലെത്തി സുഖമായി ഉറങ്ങാന്‍ പോകുകയാണ്...
 
 
ഫ്ലാഷ് ന്യൂസ്‌ (നവംബര്‍ 6, 2010 11:14 AM)
 
ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ബൈക്കില്‍ പോയ രണ്ടു ചെറുപ്പക്കാര്‍ ബോംബേറില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ബൈക്ക് ടേണ്‍ ചെയ്തു കയറിയപ്പോള്‍ മുകളില്‍ നിന്നും ഒരു 'കുരുവി' എന്ന് പണ്ട് നമ്മള്‍ വിളിച്ചിരുന്ന പടക്കം ബൈക്കിന്റെ മുന്നിലെ ടയര്‍ തൊട്ടു തൊട്ടില്ല എന്നാ രീതിയില്‍ പൊട്ടിത്തെറിച്ചു. ഓടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റ്‌ ഉള്ളതിനാല്‍ വലുതായി അറിഞ്ഞില്ല. പക്ഷെ പിന്നിലുള്ള ആളുടെ ചെവി വീണ്ടും പ്രവര്‍ത്തിക്കാന്‍ ഒരു മിനിറ്റ് വേണ്ടി വന്നു. രണ്ടു സെക്കന്റ്‌ മുന്നോട്ടയിരുന്നെങ്കില്‍ രണ്ടു പേരുടെയും തലയിലോ അല്ലെങ്കില്‍ 'ഇരിക്കുന്ന ഗാപിലോ' വീണു ....... ദൈവം കാത്തു!
***
 
സമീര്‍
ചെന്നൈ, 05 ഒക്ടോബര്‍ 2010

No comments:

Post a Comment