Thursday, November 18, 2010

ഞാനും ഒരു സ്ഥാനാര്‍ഥി

എട്ടാം തരം പഠിക്കുന്നു. രാഷ്ട്രിയത്തിന്റെ അക്ഷരമാല അറിഞ്ഞു കൂടാ, പക്ഷെ ഞാന്‍ ആണ് ക്ലാസ്സിലെ SFI സ്ഥാനാര്‍ഥി. വലിയ വിവരം ഒന്നും ഇല്ലെങ്കിലും കമ്മ്യൂണിസം മാര്കിസം എന്നിവയോട് ഒരു ഇതായിരുന്നു. കുടുംബക്കാരില്‍ അത്യാവശ്യം ഈ ഇത് ഉള്ളവര്‍ ഉണ്ടെങ്കിലും പൊതുവേ കൈപ്പത്തിയും പിന്നെ പച്ചയും ആണ് എല്ലാവരും. എനിക്ക് ഓട്ടോമാറ്റിക്കായി "ഇസം" വന്നതാണെന്ന് തോന്നുന്നു. വീട്ടിലും കുടുംബത്തിലും ആര്‍ക്കും രാഷ്ട്രിയം വലിയ താല്പര്യമൊന്നും ഇല്ല, അതെപറ്റി ജീവിതത്തില്‍ ഇന്നേ വരെ വീട്ടില്‍ ആരെങ്കിലും തല കുത്തി നിന്നു ചര്‍ച്ച ചെയ്യുന്നതും കേട്ടിട്ടില്ല.

KSU, MSF എന്നിവര്‍ക്കാണ് സ്കൂളില്‍ മുന്‍‌തൂക്കം. സ്കൂളില്‍ സമരം ഉണ്ടാവുന്ന സമയത്ത് ഞാനും ചിലപ്പോള്‍ ചെറിയ ക്ലാസ്സിലെ കുട്ടികളെ ഇറക്കി വിടാനൊക്കെ പോയിട്ടുണ്ട്. ഒരു തവണ SFI സമരം പ്രഖ്യാപിച്ചപ്പോള്‍ KSU എതിര്‍ത്ത്. അന്ന് രണ്ടു കൂട്ടരും പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ ചില്ലറ കയ്യാങ്കളി ഒക്കെ നടന്നു. കൂടുതല്‍ സമരം ചെയ്യുന്നവരെ ആണ് പൊതുവേ ഞങ്ങള്‍ക്ക് ഇഷ്ടം. പ്രത്യേകിച്ച് അടുത്തുള്ള സി ക്ലാസ്സ്‌ തിയേറ്ററില്‍ സിനിമ മാറിയിട്ടുണ്ടെങ്കില്‍. അവിടെ ഒരാഴ്ചയില്‍ മൂന്ന് പടങ്ങളൊക്കെ കളിക്കാറുണ്ട്. സിനിമ മാറിയിട്ടുണ്ടെങ്കില്‍ അന്ന് സമരം ഉണ്ടാകുന്നതും സ്വപ്നം കണ്ടാണ്‌ സ്കൂളില്‍ പോകാറ്. സമരമുള്ള ദിവസം ഞങ്ങള്‍ തന്നെ ബെല്ലടിച്ചു സ്കൂള്‍ വിട്ടു സഹായിക്കാറുണ്ട്.

എന്റെ കൂടെ ഇരിക്കുന്ന അടുത്ത സുഹൃത്താണ്‌ MSF സ്ഥാനാര്‍ഥി. പെണ്‍കുട്ടികളെ ഒക്കെ പഹയന്‍ കയ്യിലെടുത്തു വച്ചിട്ടുണ്ട്. അന്നേ ഒരു മൂശാന്‍ താടി ഒക്കെ വച്ചു ചുവന്ന ചുണ്ടില്‍ മനോഹരമായ ചിരിയും വച്ചു ആള്‍കാരെ കയ്യിലെടുക്കാന്‍ മിടുക്കന്‍. എനിക്കാണെങ്കില്‍ ആള്‍ക്കാരെ അഭിമുഖരിക്കാന്‍ നാണമാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് (കള്ളമല്ല). മിട്ടായി കൊടുത്തും, പഞ്ചാര അടിച്ചും വോട്ടു പിടുത്തം തകൃതിയായി നടന്നു. ഞാനും എനിക്ക് പിന്തുണ നല്‍കുന്ന രണ്ടു മൂന്ന് പേരും കിണഞ്ഞു വോട്ടു പിടുത്തം നടത്തി. പോരാത്തതിനു ഒന്‍പതിലും പത്തിലും ഉള്ള വലിയ സഖാക്കളൊക്കെ വന്നു പ്രസഖങ്ങള്‍ ഒക്കെ നടത്തി.

അങ്ങനെ വോട്ടു ദിവസം വന്നു. സ്കൂളിനു പുറത്തു വലിയ ആള്‍കൂട്ടം തന്നെ ഉണ്ട്. എല്ലാ പാര്‍ട്ടിക്കാരുടെയും ആളുകള്‍ എത്തിയിട്ടുണ്ട്. കണ്ടാല്‍ തോന്നും ഇന്ത്യയുടെ പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കുകയാണെന്ന്. മൈക്കില്‍ കൂടി സ്ഥനാര്ത്തികളുടെ വിവരം വിളിച്ചു പറയുന്നു... എട്ടാം തരം SFI സ്ഥാനാര്‍ഥി സമീര്‍... മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ പുളകം കൊണ്ടു. സ്കൂളിനകതും പുറത്തും എന്റെ പേരെത്തിയിരിക്കുന്നു.

വോട്ടിംഗ് തുടങ്ങി, ക്ലാസ്സിലെ കുട്ടികളോടൊക്കെ ഞാനും എന്റെ എതിരാളിയും കണ്ണ്, തല, കൈ എന്നിവ ഉപയോഗിച്ച് പരമാവധി വോട്ടുപിടുത്തം നടത്തുന്നുണ്ട്. എല്ലാവരും വോട്ടു ചെയ്തു കഴിഞ്ഞു. ഏകദേശം എനിക്ക് വോട്ടു ചെയ്തെന്നു പറഞ്ഞവരുടെ എണ്ണം എടുത്തു നോക്കിയപ്പോള്‍ ഇജ്ജോടിജ്ജു പോരാട്ടം തന്നെയാണ്. ഉച്ചയ്ക്ക് വോട്ട് എണ്ണാന്‍ തുടങ്ങി...

പത്താം തരം ... സ്ഥാനാര്‍ഥി... പതിനാല് വോട്ടിനു ജയിച്ചിരിക്കുന്നു. മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു. പുറത്തു നില്‍കുന്നവര്‍ (കുട്ടികളല്ല) വമ്പിച്ച കയ്യടിയും മറ്റേ പാര്‍ട്ടിക്കാരെ കൂവിയും റിസള്‍ട്ട്‌ ആഘോഷിച്ചു. എന്റെ എതിരാളി സ്നേഹിതന്‍ നഖവും കടിച്ചു നില്പുണ്ട്. എനിക്ക് യാതൊരു കൂസലും ഇല്ലായിരുന്നു. എട്ടാം തരം ... നാല്പത്തിനാല് വോട്ടുകള്‍ക് ജയിച്ചിരിക്കുന്നു. ചതിയന്മാര്‍! എല്ലാവരും കൂടി എന്നെ തോല്‍പ്പിച്ചു! എന്റെ ചെവിയിലെ ചിപ്പി പറന്നു. അമ്മാതിരി കൂവലായിരുന്നു കിട്ടിയത്. അകെ കിട്ടിയത് ഏഴു വോട്ടു. അതില്‍ തന്നെ ഒന്ന് എന്റെ സ്വന്തം! ഞാന്‍ ക്ലാസ്സിലെ എല്ലാത്തിനെയും ഒന്ന് നോക്കി, ചിലര്‍ക്ക് പറ്റിച്ചേ എന്ന മട്ട്, ചിലര്‍ തല താഴ്ത്തി...

എന്തായാലും തോല്‍വിക്ക് നല്ല കയ്പുണ്ടായിരുന്നു. ഭാവി രാഷ്ട്രിയ നേതാക്കള്‍ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉണ്ടാക്കാനാണ് സ്കൂള്‍ മുതലേ ഈ വോട്ടെടുപ്പ് എന്നത് ശരിക്കും മനസ്സിലായി. ചങ്ങാതിയെ അഭിനന്ദിച്ചു... പിറ്റേന്ന് അവനെ ക്ലാസ്സ്‌ ലീഡര്‍ ആയി ക്ലാസ്സ്‌ ടീച്ചര്‍ പ്രഖ്യാപിച്ചു...

എന്നാലും ആളില്ലാത്ത പിരീഡില്‍ ഒച്ച ഉണ്ടാക്കുന്നവരുടെ പേരെഴുതാന്‍ ക്ലാസ്സ്‌ ടീച്ചര്‍ എന്നെ ആണ് എല്പിക്കാര്... കിട്ടുന്ന അവസരങ്ങള്‍ ഞാനും മുതലാക്കി, എനിക്ക് വോട്ടു ചെയ്യാത്ത ആരെങ്കിലും ഒന്ന് അനങ്ങിയാല്‍ "മിണ്ടിയാല്‍ പൊറോട്ട" എന്ന രീതിയില്‍ ഞാന്‍ വെള്ള കടലാസ്സില്‍ പേരെഴുതി വയ്കും, ടീച്ചര് വന്നാല്‍ അവര്‍ക്ക് ചൂരല്‍ കൊണ്ടു കൈ വെള്ളയില്‍ രണ്ടു പൊരിച്ച അടി... ഹി ഹി ഹി... ഓരോ വോട്ടിനും പകരം ഞങ്ങള്‍ ചോദിക്കും!

സമീര്‍
ചെന്നൈ, 18 നവംബര്‍ 2010

7 comments:

 1. പെട്ടീ പെട്ടീ ബാല്ലറ്റ് പെട്ടീ
  പെട്ടി തുറന്നപ്പോള്‍ സമീര്‍ പൊട്ടീ

  ReplyDelete
 2. സമീര്‍.....നീ ആളു പുലി ആയിരുന്നു അല്ലെ അന്നൊക്കെ ??????..

  ReplyDelete
 3. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരം സ്ഥാനാർത്ഥികളായിരുന്നു മൂന്ന് വർഷവും. പ്രസന്നൻ കെ.എസ്.യു സ്ഥാനാർത്ഥി(ചിലപ്പോളൊക്കെ കെ.എസ്.യു-എ.ബി.വി.പി.സഖ്യം) പ്ര....പ് എസ്.എഫ്.ഐ സ്ഥാനാർത്ഥി. മൂന്ന് വർഷവും പ്രസന്നൻ ജയിച്ചു. പ്ര....പ് തോറ്റു.

  ReplyDelete
 4. സമീറിന്റെ തിരഞ്ഞെടുപ്പ് ഓര്മ നന്നായി .എന്റെ സ്കൂള്‍ ജീവിതവും ഒരു തെരഞ്ഞെടുപ്പും ഓര്‍മിപ്പിച്ചു ..

  ReplyDelete
 5. ഹ ..ഹ ...രസിച്ചു ..ഓരോ വോട്ടിനും പകരം ഞങ്ങള്
  ചോദിക്കും ...ആശംസകള്‍...

  ReplyDelete
 6. എല്ലാ പാർട്ടിക്കാരുടെയും സമരത്തിനു പിന്നിൽ നടക്കുന്നവരെ കണ്ടിട്ടുണ്ടോ? അവരെ സൂക്ഷിക്കുക,

  ReplyDelete
 7. nice memories.. it made me to reach my college days in SARBTM Govt (Muchukunnu) and participation in college election in 1994.

  Regards

  ReplyDelete