Friday, December 31, 2010

ഒരു പുതുവര്‍ഷ ഓര്‍മ

മൊയ്തീനും ജോണും കുമാരനും ബാക്കി എല്ലാവരും വല്യ ഉത്സാഹത്തിലാണ്. അടയാടിക്കുട്ടന്‍ എത്തിയിട്ടില്ല. ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അവനാണ്. ഇന്നലെ മൂന്ന് മുശുമന്‍ കൊഴിനെ മസാല പുരട്ടി അവന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കിടത്തിയതാണ്. പോരാത്തതിനു ബീഫ് കറിയും ചിക്കന്‍ പൊരിച്ചതും പൊറോട്ടയും. അവസാനം നാലു മണിയോടെ എല്ലാം ജീപ്പില്‍ കയറ്റി അടയാടി എത്തി. ഞങ്ങള്‍ ഏഴ്വര്‍ സംഘം അങ്ങനെ ഡിസംബര്‍ മുപ്പത്തി ഒന്ന് വൈകുന്നേരം യാത്ര തിരിച്ചു.

കുലുക്കി കുത്തിയാല്‍ നുര പൊന്തുന്ന വെള്ളം വാങ്ങാന്‍ വേണ്ടി കേരളത്തിലെ കള്ളന്മാര്‍ക്ക് നികുതി എന്ന പേരില്‍ പൈസ കൊടുക്കാതിരിക്കാന്‍, കേരളത്തിലുള്ള, കേരളത്തിന്റെ ഭാഗമല്ലാത്ത സ്ഥലത്ത് പോയി, കുടിക്കാന്‍ വേണ്ടതിലും അതികം വെള്ളം വാങ്ങി കൂട്ടി ജീപ്പ് മുന്നോട്ടു കുതിച്ചു. അടുത്ത സ്റ്റോപ്പ്‌ വയനാട് ചുരം കയറുന്നതിനു മുന്‍പ് അടിവാരത്തില്‍ ആയിരുന്നു. കുമാരന്‍ മുളങ്കുയലില്‍ അവിടെ മാത്രം കിട്ടുന്ന എന്തോ ഒരു സാധനം തേടി പോയി. ഞങ്ങള്‍ പകുതി പേരും വിങ്ങി പൊട്ടാറായി നില്ക്കുന്ന അവരവരുടെ സ്വന്തം ടാങ്ക് വഴിയരികില്‍ ഒയിച്ച്‌ തീര്‍ത്തു.

സൊറ പറഞ്ഞും, അന്യോനം വാരിയും യാത്ര തുടര്‍ന്നു. ഇന്നും കണ്ടാല്‍ കൊതി തീരാത്ത വയനാടന്‍ ചുരം. നിലാ വെട്ടത് അവളുടെ സൌന്ദര്യം നുകര്‍ന്ന് ഏകദേശം രാത്രി പത്തു മണിയോടെ ഞങ്ങള്‍ മാനന്തവാടിയിലെത്തി. സ്റ്റാര്‍ ഹോട്ടലോന്നും ബുക്ക്‌ ചെയ്യാത്തത് കൊണ്ടു റോഡ്‌ സൈഡില്‍ കണ്ട സ്കൂള്‍ ഗ്രൌണ്ടിലേക്ക് ജീപ്പ് കയറ്റി.

നല്ല വിശാലമായ സ്ഥലം, പോരാത്തതിനു ഒരു സിമന്റു തറ കുറച്ചു ഉയരത്തില്‍ കെട്ടിയിട്ടുണ്ട്. സ്റ്റേജ് ആണെന്ന് തോന്നുന്നു. എല്ലാവരും ചേര്‍ന്നു കത്തിക്കാനുള്ള വിറകും മാറ്റും ശേഖരിച്ചു തീ കൂട്ടി. മരക്കഷണം രണ്ടു സൈഡിലും വച്ചു കെട്ടി, മസാല പുരട്ടിയ മുശുമന്‍ കോഴിയെ കമ്പിക്കുള്ളില്‍ കുത്തി തിരുകി ചുടലും തുടങ്ങി, കോഴി വേവുന്നതിനു മുമ്പ് തന്നെ എല്ലാവരും അതിനെ വയറ്റിലാക്കി...

സമയം പതിനൊന്നര കഴിഞ്ഞപ്പോള്‍ റോഡില്‍ നിന്നും ഉച്ചത്തില്‍ ടപ്പാം കുത്ത് പാട്ട് കേട്ടു. എല്ലാവരും അങ്ങോട്ട്‌ തിരിച്ചു... അവിടെയുള്ളവര്‍ വലിയ സ്പീക്കരൊക്കെ വച്ചു പാട്ടും ഡാന്‍സും കളിച്ചു പുതു വര്‍ഷത്തെ വരവേല്‍ക്കുന്നു... അവരുടെ കൂടെ പുതു വര്‍ഷത്തെ വരവേറ്റു പതിരാവോളം അവരുടെ കൂടെ കൂടി...

പിറ്റേന്ന് സൂര്യനുദിച്ചപ്പോള്‍ തന്നെ എഴുന്നേറ്റു. പല്ല്, കുളി, പിന്നെ നമ്പര്‍ ടു! മൈതാനത്തോട് ചേര്‍ന്നു തിങ്ങി നിറഞ്ഞിരിക്കുന്ന മരക്കൂട്ടതിനപ്പുറം നദിയാണ്‌. അത് കബിനി നദിയാണെന്ന് ഇന്നാണ് അറിയുന്നത്. ഒരുവന്റെ രണ്ടാം നമ്പര്‍ മരത്തിനു മുകളില്‍ ഇരുന്നായിരുന്നു. നാട്ടില്‍ അവന്റെ ശീലം അങ്ങനെയത്രെ! താല്കാലിക പരിപാടിയൊക്കെ കഴിഞ്ഞു തിരുനെല്ലിയിലേക്ക് പുറപ്പെട്ടു. കുറച്ചു ദൂരം ഓടിയപ്പോള്‍ തന്നെ കാടു തുടങ്ങി, മാനുകളേയും കുരങ്ങന്‍സിനെയും കണ്ടു തുടങ്ങിയപ്പോള്‍ ഞാനും ജോണും ജീപിനു മുകളില്‍ ഇരുന്നായി യാത്ര.

വണ്ടി നിര്‍ത്തിയത് തിരുനെല്ലി ക്ഷേത്രത്തിലായിരുന്നു. ഞങ്ങള്‍ നേരെ പാപനാശിനി ലക്ഷ്യമാക്കി നടന്നു. ഒരു വലിയ മലയുടെ മുകളില്‍ നിന്നും ഒഴുകി വരുന്ന നീരരുവിയാണ് പാപനാശിനി. അവിടെ ബലിയര്‍പ്പണം, പിന്നെ ചെയ്തു പോയ പാപങ്ങള്‍ കഴുകാന്‍ ഒന്ന് വെള്ളത്തില്‍ മുങ്ങുക തുടങ്ങിയ ചടങ്ങുകള്‍ നടക്കാറുണ്ട്. ഞങ്ങള്‍ മല മുകളിലേക്ക് വച്ചു പിടിച്ചു. ബ്രഹ്മഗിരി മലമുകളില്‍ നിന്നാണ് പാപനാശിനിയുടെ ഉത്ഭവം. അത് പല ഔഷദ ഗുണങ്ങളും അടങ്ങിയ മരങ്ങളുടെ വേരുകളിലൂടെയും, വള്ളികളുടെയും, മറ്റു പല ഔഷദ ചെടികളുടെ ഇലകളില്‍ കൂടിയും ഒഴുകി വരുന്ന പ്രകൃതിയുടെ മരുന്നാണ്.

പറ്റാവുന്നിടത്തോളം നടന്നു കയറി. തരക്കേടില്ലാതെ വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്ത് തന്നെ തമ്പടിച്ചു. എല്ലാവരും പാപനാശിനിയില്‍ കുളിച്ചു. നല്ല ശുദ്ധ വെള്ളം, കുറെ കോരി കുടിച്ചു. ഞാന്‍ കുറച്ചു മുകളിലായി ജലധാര പോലെ കുറച്ചു ശക്തിയായി വരുന്ന വെള്ളത്തിന്‌ കീഴെ തലവച്ചിരുന്നു. കുറെ സമയം അങ്ങനെ കണ്ണുമടച്ചു ഇരുന്നു. തല മൂര്‍ത്തി മുതല്‍ കാലിന്റെ പെരുവിരല്‍ വരെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം. നല്ല തണുത്ത പരിശുദ്ധമായ ആ തെളിനീരിലെ ഇരിപ്പ് ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു. ഈ ഒരു പുതു വര്‍ഷത്തിലും അങ്ങനെ ഒരു യാത്രയും അവിടെ പോയിരിക്കാനും ഉള്ളിന്റെ ഉള്ളില്‍ വെറുതെ ഒരു മോഹം... തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചു "ഇങ്ങനെ ഒരു നാള്‍ ഇനി ജീവിതത്തില്‍ വരുമോ?" പുതുവത്സരാശംസകള്‍...


സമീര്‍ | Sameer

Tuesday, December 14, 2010

പൊറോട്ട... മൈദ... പിന്നെ മസിലും...

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉമ്മാന്റെ കുടുംബത്തിലുള്ള ഒരേ ക്ലാസ്സില്‍ പഠിക്കുന്നതും, പത്താം തരം പഠിക്കുന്നതും, പത്താം തരത്തിന് (തൊട്ടിട്ടു) മേലെ വേറെ പഠിക്കാന്‍ ഒന്നുമില്ല എന്നുള്ളവരും, അതിനു മേലെ പഠിക്കുന്നതുമായ വലിയ ഒരു കുടുംബ ചങ്ങാതിക്കൂട്ടം ആയിരുന്നു ആ സമയത്ത്. അതില്‍ എന്റെയും സമപ്രായക്കാരനായവനും  ബോഡി ബില്‍ഡിംഗ്‌ ഒരു ഹരമായിരുന്നു. ഹോളിവുഡ് സ്വാധീനം. ബോളിവുഡില്‍ ആ സമയത്ത് ഇതൊന്നും അറിയില്ല. നമ്മുടെ ജയനും ഭീമന്‍ രഘുവും എത്രയോ ഭേദം! ഞങ്ങള്‍ എല്ലാവരും ടൌണില്‍ ഉള്ള ഒരു കുടുംബ വീട്ടിലാണ്‌ ഒരുമിച്ചു കൂടാര്. അവര്‍ക്ക് ടൌണ്‍ സെന്റെറില്‍ തന്നെ ഹോട്ടല്‍ ഉണ്ടായിരുന്നു. മിക്കവാറും സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അങ്ങോട്ട്‌ വച്ചു പിടിക്കും. അതുപോലെ വേനലവധി കാലത്തും എല്ലാവരും അവിടെയാണ് കൂടാര്. ഒട്ടു മിക്ക സമയവും ഞങ്ങള്‍ മൂന്ന് നാലു പേര്‍ ഹോട്ടലില്‍ ഉണ്ടാവും. അതാണ് മീറ്റിംഗ് പോയിന്റ്‌. ഇന്നത്തെ പോലെ മൊബൈലില്‍ ഞെക്കിയാല്‍ എവിടെ ആണെന്ന് അറിയാന്‍ അന്ന് പറ്റിലല്ലോ!

ഞങ്ങള്‍ പലതും പരീക്ഷിക്കുമായിരുന്നു, ബോഡി ബില്‍ഡ് ചെയ്യാന്‍. അത് തലക്ക് പിടിച്ചു നടക്കുമ്പോള്‍ ആണ് ഹോട്ടലിലെ പൊരോട്ടക്കാരനെ കൂടുതല്‍ ശ്രദ്ധിച്ചത്. നല്ല ശരീരം, കയ്യൊക്കെ കട്ടക്ക് കട്ട. ഞങ്ങള്‍ മൂപ്പരോട് അതിന്റെ രഹസ്യം ചോദിച്ചു. ആറു മണിക്ക് വരാന്‍ പറഞ്ഞു. വൈകുന്നേരം ആര് മണിക്ക് ഞങ്ങള്‍ ഹാജരായി, മൂപ്പര് പൊറോട്ട പരത്തി കല്ലിലിട്ടു, നല്ല ചൂടുള്ള കല്ല്‌, ഒരടിക്ക് ആറും എട്ടും പൊറോട്ട ചുടാം. തീ നോക്കി മൂപ്പര് കുറച്ചു മടലും ചിരട്ടയും അടുപ്പിലേക്കിട്ടു. ആകെ പുക മയം. ഞങ്ങളുടെ കണ്ണില്‍ വെള്ള ചാട്ടം, ശ്വാസംമുട്ടി കുരച്ചു.

ഫോര്‍ആംസ് ആന്‍ഡ്‌ ട്രൈസെപ്സ്

"ഇതാ നോക്കിക്കോ" എന്ന് പറഞ്ഞു മൂപ്പര് ചൂടുള്ള വെന്ത ആറ് പൊറോട്ട അട്ടി അട്ടിയായി ചട്ടകം കൊണ്ട് തൂക്കി പൊറോട്ട അടിക്കുന്ന മേശമേല്‍ ഇട്ടു. പട്ടേ... പട്ടേ... ഒന്ന് കറക്കി വീണ്ടും പട്ടേ... പട്ടേ..., രണ്ടു കയ്യും കൊണ്ട് ആറ് പൊറോട്ടയും വട്ടത്തില്‍ ചുറ്റിച്ചു കൊണ്ട് ശക്തിയായി അടിച്ചു. പിന്നെ അതെടുത്തു കുത്തനെ വച്ചു രണ്ടടി. അതാ റബ്ബര്‍ ഷീറ്റ് പോലത്തെ പൊറോട്ട നല്ല ചീള് ചീളായി അടര്‍ത്തി എടുക്കാന്‍ പറ്റുന്ന രൂപത്തില്‍ ഉടഞ്ഞു നുറുങ്ങിയിരിക്കുന്നു. ഇതെല്ലാം പത്തു നിമിഷത്തില്‍ കഴിഞ്ഞു. "പാഠം ഒന്ന്, തുടങ്ങിക്കോ" മൂപ്പര് പറഞ്ഞു.

അടുത്ത സെറ്റ് പൊറോട്ട വെന്തപ്പോള്‍ നാലെണ്ണം വീതം അട്ടിയിട്ടു തന്നു... "ഞാന്‍ അടിച്ച പോലെ അടിച്ചോ!"... നെഞ്ച് വിരിച്ചു ശ്വാസം ഉള്ളിലെക്കെടുത്തു അടിച്ചു. "ആ.....", കൈ വെള്ള രണ്ടും ചുവന്നു തുടുത്തു, പൊള്ളി, നല്ല ചൂട്. "വെള്ളത്തില്‍ കൈ മുക്കിക്കോ", മൂപ്പര് തന്നെ അതും അടിച്ചിട്ടു. "ചൂട് പോയാല്‍ അടിച്ചാ ശരിയാവൂല..." ഉസ്താദ് മൊഴിഞ്ഞു. ദിവസങ്ങള്‍ വേണ്ടി വന്നു. പതുക്കെ പതുക്കെ അടിയുടെ റിതം വന്നു തുടങ്ങി. ഒരടി, ഒരു തിരി, പിന്നെ അടി, തിരി... രസമായിരുന്നു. കൈ വെള്ള മുതല്‍ ഷോല്ഡറിന് വരെയുള്ള പ്രയോഗം. കൂടാതെ മസിലില്‍ അടുക്കുകള്‍ വരാന്‍ പൊറോട്ട ബോള്‍ നെയ്‌ പുരട്ടി വീശി ചുരുട്ടി കെട്ടലും തുടങ്ങി. ഇരുന്നൂറും മുന്നുരും പൊറോട്ട അടിച്ചു കഴിയുമ്പോള്‍ മസിലുകള്‍ ചോദിക്കാന്‍ തുടങ്ങി... ഇന്നത്തേക്ക് പോരെ മോനെ...

ഷോല്ഡര്‍, ചെസ്റ്റ്, ആന്‍ഡ്‌ ബൈസെപ്സ്....

"നാളെ സ്കൂള്‍ ഇല്ലല്ലോ... പണ്ട്രണ്ടു മണിക്ക് വാ... പുതിയ നമ്പര്‍ കാണിച്ചു തരാം..." മസിലുണ്ടാക്കുന്ന കാര്യമല്ലേ, ഞങ്ങള്‍ പറഞ്ഞ സമയത്ത് തന്നെ എത്തി. പൊറോട്ട മേശയില്‍ മൈദ കൂട്ടിയിരിക്കുന്നു. അതിന്റെ നടുക്ക് ചോറില്‍ സാംബാര്‍ ഒയിക്കാനെന്ന പോലെ കുഴി കുത്തിയിരിക്കുന്നു. അതില്‍ ഉപ്പു വെള്ളം കുറെ ഒഴിച്ചു. "കണ്ടു പഠിച്ചോ" എന്ന് പറഞ്ഞു മൂപ്പരുടെ കൈ കണ്ടം കിളക്കുന്ന പടന്ന പോലെ മൈദയ്ക്കുള്ളില്‍ കുത്തി മറിഞ്ഞു. പത്തിരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈദയും വെള്ളവും ചേര്‍ന്നു ഒരു നാലഞ്ചു ഫുട്ബോള്‍ ചേര്‍ത്ത് വച്ചലുള്ള വലിപ്പത്തില്‍ വലിയൊരു ഗോളം. "ഇനി ഇതിനെ വലിച്ചു നീട്ടി കീറി ചുരുട്ടി മടക്കി കുത്തി.... ടയിട്ടാക്കി കൊണ്ടുവരണം" ഒരു ബോക്സരുടെ ലാഘവത്തോടെ അതിനെ തിരിച്ചും മറിച്ചും മുഷ്ടി ചുരുട്ടി കുത്തിക്കൊണ്ടു മൂപ്പര് പറഞ്ഞു.

പിന്നെടങ്ങോട്ടു ശരിക്കും വിയര്‍ക്കേണ്ടി വന്നു. പത്തു മുതല്‍ പതിനഞ്ചു കിലോ വരെ ഉള്ള മൈദ ചുരുട്ടി കൂട്ടല്‍ ചില്ലറ പണി ഒന്നും അല്ല. പക്ഷെ ഫലം കണ്ടു. ചുമലും പുറവും വയറും കൈയും ശരിക്കും വിവരമറിഞ്ഞു. എന്തായാലും രണ്ടു കാര്യം, പൊറോട്ട ചുടലും പഠിച്ചു, ബോഡി ബില്ടിങ്ങും ആയി.

എന്നോട് പലരും ചോദിച്ചു "ഏതു ജിമ്മിലാണ് പോകുന്നത് എന്ന്", ഞാന്‍ പുഞ്ചിരിയോടെ മറുപടി കൊടുക്കും, "ഞാനോ ജിമ്മിലോ?, ഇത് നാച്ചുരലാ .. ഹി ഹി ഹി...". ഇപ്പോള്‍ ഇത് വായിക്കുന്ന നിങ്ങല്കെ ഈ രഹസ്യം അറിയൂ, ആരോടും പറയരുതേ....

സമീര്‍
ചെന്നൈ

Wednesday, December 1, 2010

എന്റെ ഞാവല്‍ മരം

റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഇറങ്ങി. ട്രെയിന്‍ വരാന്‍ ഇനിയും പത്തു പതിനഞ്ചു മിനിട്ടുണ്ട്. ആത്മാവിനു തിരി കൊളുത്താന്‍ വേണ്ടി ഇരു-നാല്‍ ചക്രങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. മഴ പെയ്തു അടങ്ങിയിരിന്നു... രാത്രിയുടെ കുളിരില്‍, കണ്ടാല്‍ തീവണ്ടിയുടെ എഞ്ജിന്‍ ആണെന്ന് തോന്നുന്ന രീതിയില്‍ പുക മേല്‍പ്പോട്ടുയര്‍ത്തി ആത്മാവിന് ശാന്തി കൊടുക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ പരതി, എന്റെ ഞാവല്‍ മരത്തെ...

ഓര്‍മ്മ വച്ചു ഏകദേശം കണ്ണ് കൊണ്ടു അളന്നു മുറിച്ചു നോക്കിയപ്പോള്‍ മരം നിന്ന ഭാഗവും പാര്‍ക്കിംഗ് ഏരിയ ആണ്. ഇരുട്ടായതിനാല്‍ ശരിക്കും കാണാന്‍ വയ്യ. പക്ഷെ പൊടി പിടിച്ച ഓര്‍മ്മയില്‍ എനിക്ക നേര്ക്ക മരം ശരിക്ക് കാണാം. ഇപ്പോള്‍ നില്കുന്നത് ഏകദേശം മരത്തിന്റെ താഴെ തന്നെയാണ്. മരത്തിന്നു പകരം കുറെ ഇരു ചക്രങ്ങള്‍.

ഓര്‍മ്മയുടെ പുസ്തകതാളുകളില്‍ കണ്ടു...ചെരിപ്പില്ലാത്ത കാലുകള്‍, ഇടതു കാല്‍ മുന്നോട്ടു വച്ചു, വലതു കാല്‍ പിന്നോട്ട് വച്ചു, ബാലന്‍സ് ചെയ്തു, ഇടത്തെ കൈ വിരല്‍ മേലെ ചൂണ്ടി ഉന്നം പിടിച്ചു, വലത്തേ കൈ ചുയറ്റി കൊണ്ടു ശക്തിയായി എറിഞ്ഞു. കല്ല്‌ റോക്കറ്റ് പോലെ മുപ്പതു നാപ്പതടി ഉയരത്തിലുള്ള നേര്ക്ക കുലയ്കു തന്നെ കൊണ്ടു. തുരു തുരെ വീണു. വായിലെ കുരു തുപ്പി വീണു കിടക്കുന്ന നേര്‍ക്കകള്‍ പെറുക്കി പുള്ളി ലുന്ഗി താളം മടക്കി കെട്ടി നിറച്ചു. ചിലതൊക്കെ തഞ്ഞു പോയി, അത്രയും ഉയരത്തില്‍ നിന്നു വീണതല്ലേ.

വീട്ടില്‍ നിന്നു ഒന്നര കിലോമീറ്റരെ സ്റ്റെഷനിലെക്കുള്ളൂ. പോരാത്തതിനു അത് വഴിയാണ് രണ്ടു സിനിമ തിയെറ്റരിലും പോകേണ്ടത്. നേര്ക്ക ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വല്യ പിരിശാന്. അതങ്ങനെ നാവിലിട്ട് നക്കി നുനച്ചു നാവും ചുണ്ടുമൊക്കെ നീല കളരാക്കി നൊട്ടി നുണയും. സ്കൂളില്ലാത്ത ദിവസം ഞങ്ങള്‍ രാവിലെ തന്നെ മരത്തിനു ഹാജര്‍ കൊടുക്കും. വീണു കിടക്കുന്നതെല്ല്ലം പെറുക്കി, കുറെ തിന്നും, മുണ്ട് മടക്കി തലത്തിലും അല്ലെങ്കില്‍ ട്രൌസറില്‍, പിന്നെ സഞ്ചിയിലുമൊക്കെ വാരിക്കൂട്ടും.

നേര്ക്ക ഏറു ഭയങ്കര രിസ്കായിരുന്നു. മരത്തിനു ഒരു വശത്ത് റെയില്‍വേ കൊട്ടെസുകളാണ്. മറു വശത്ത് പ്ലാറ്റ്ഫോം, പിന്നെ ഒരു വശം വഴി. ട്രെയിന്‍ പോകുന്നപോലെ ഒരു ഭാഗത്ത്‌ നിന്നും മാത്രമേ എറിയാന്‍ പറ്റൂ, അല്ലെങ്കില്‍ ആരുടെയെങ്ങിലും മേത്ത് കൊണ്ടു അവര് ഞങ്ങളെ എറിഞ്ഞു തീര്‍ക്കും.

ആ ഞായറാഴ്ചയും എറിഞ്ഞു തകര്‍ത്തു. രാവിലെ തുടങ്ങിയ യജ്ഞം. രണ്ട് സഞ്ചി നിറയെ നേര്ക്ക കിട്ടിയിട്ടുണ്ട്. വീട്ടിലെത്തി ചോറൊന്നും തിന്നാന്‍ നിന്നില്ല, കോടിപ്പാത്തു പോയി മൂലയ്ക്കുള്ള കാലി തക്കാളിപ്പെട്ടിയും എടുത്തു കുട്ടികള്‍ കളിയ്ക്കാന്‍ കൂടുന്ന സ്ഥലത്ത് പോയി. തക്കാളിപെട്ടി വച്ചു, അതിനു മേലെ കടലാസ് വിരിച്ചു ഞങ്ങളുടെ സീസണല്‍ പെട്ടി കട തുടങ്ങി. അഞ്ചു പൈസയ്ക്ക് രണ്ടു, പത്തു പൈസയ്ക്ക് അഞ്ചു, ഇരുപതു പൈസയ്ക്ക് പതിനഞ്ചു, ഇരുപത്തി അഞ്ചു പൈസക്ക് ഇരുപത്തി അഞ്ചു.  വൈകുന്നേരത്തോടെ സംഭവം കഴിഞ്ഞു. നാലഞ്ചു രൂപ കീശയില്‍. നല്ല ചൂടപ്പം പോലെ വിറ്റു. അല്ല പിന്നെ, രണ്ടു പുതിയ പടമാണ് കാണേണ്ടത്. പൈസ വേണ്ടേ? സിനിമ ടിക്കെട്ടിന്റെ കാശായി. ഇനി അടുത്തായ്ച്ച നോക്കിയാല്‍ മതി. ചില്ലറയൊക്കെ എണ്ണി തിട്ടപെടുത്തി ഞാനും ചങ്ങായിം കൂറ് വച്ചു.

കാതടുപ്പിക്കുന്ന ചിന്നം വിളി കേട്ടു ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു. ട്രെയിന്‍ എത്തിയിരിക്കുന്നു. ആത്മാവിന് കൊടുത്ത തിരി ചവിട്ടി കെടുത്തി, എന്റെ നേര്ക്ക മരമിരുന്ന സ്ഥലത്തേക്ക് നോക്കി... എനിക്ക് സിനിമ കാണാന്‍ പൈസ തന്നിരുന്ന മരം ഇന്നവിടെ ഇല്ല, എത്ര പേര്‍ക്കറിയാം അങ്ങനെ ഒരു ഞാവല്‍ മരം അവിടെ ഉണ്ടായിരുന്നത്, എത്ര പേര്‍ക്കറിയാം ആ മരം എനിക്ക് പൈസ തന്നത് ... ഒരു ചെറിയ നെടുവീര്‍പ്പിട്ടു, പ്ലാറ്റ്ഫോം-ലേക്ക് നടന്നു...

 
അന്ന്‍ എണ്ണി തിട്ടപെടുത്തിയ നാണയ തുട്ടുകളുടെ ഓര്‍മയ്ക്ക്....

 സമീര്‍