Tuesday, December 14, 2010

പൊറോട്ട... മൈദ... പിന്നെ മസിലും...

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉമ്മാന്റെ കുടുംബത്തിലുള്ള ഒരേ ക്ലാസ്സില്‍ പഠിക്കുന്നതും, പത്താം തരം പഠിക്കുന്നതും, പത്താം തരത്തിന് (തൊട്ടിട്ടു) മേലെ വേറെ പഠിക്കാന്‍ ഒന്നുമില്ല എന്നുള്ളവരും, അതിനു മേലെ പഠിക്കുന്നതുമായ വലിയ ഒരു കുടുംബ ചങ്ങാതിക്കൂട്ടം ആയിരുന്നു ആ സമയത്ത്. അതില്‍ എന്റെയും സമപ്രായക്കാരനായവനും  ബോഡി ബില്‍ഡിംഗ്‌ ഒരു ഹരമായിരുന്നു. ഹോളിവുഡ് സ്വാധീനം. ബോളിവുഡില്‍ ആ സമയത്ത് ഇതൊന്നും അറിയില്ല. നമ്മുടെ ജയനും ഭീമന്‍ രഘുവും എത്രയോ ഭേദം! ഞങ്ങള്‍ എല്ലാവരും ടൌണില്‍ ഉള്ള ഒരു കുടുംബ വീട്ടിലാണ്‌ ഒരുമിച്ചു കൂടാര്. അവര്‍ക്ക് ടൌണ്‍ സെന്റെറില്‍ തന്നെ ഹോട്ടല്‍ ഉണ്ടായിരുന്നു. മിക്കവാറും സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അങ്ങോട്ട്‌ വച്ചു പിടിക്കും. അതുപോലെ വേനലവധി കാലത്തും എല്ലാവരും അവിടെയാണ് കൂടാര്. ഒട്ടു മിക്ക സമയവും ഞങ്ങള്‍ മൂന്ന് നാലു പേര്‍ ഹോട്ടലില്‍ ഉണ്ടാവും. അതാണ് മീറ്റിംഗ് പോയിന്റ്‌. ഇന്നത്തെ പോലെ മൊബൈലില്‍ ഞെക്കിയാല്‍ എവിടെ ആണെന്ന് അറിയാന്‍ അന്ന് പറ്റിലല്ലോ!

ഞങ്ങള്‍ പലതും പരീക്ഷിക്കുമായിരുന്നു, ബോഡി ബില്‍ഡ് ചെയ്യാന്‍. അത് തലക്ക് പിടിച്ചു നടക്കുമ്പോള്‍ ആണ് ഹോട്ടലിലെ പൊരോട്ടക്കാരനെ കൂടുതല്‍ ശ്രദ്ധിച്ചത്. നല്ല ശരീരം, കയ്യൊക്കെ കട്ടക്ക് കട്ട. ഞങ്ങള്‍ മൂപ്പരോട് അതിന്റെ രഹസ്യം ചോദിച്ചു. ആറു മണിക്ക് വരാന്‍ പറഞ്ഞു. വൈകുന്നേരം ആര് മണിക്ക് ഞങ്ങള്‍ ഹാജരായി, മൂപ്പര് പൊറോട്ട പരത്തി കല്ലിലിട്ടു, നല്ല ചൂടുള്ള കല്ല്‌, ഒരടിക്ക് ആറും എട്ടും പൊറോട്ട ചുടാം. തീ നോക്കി മൂപ്പര് കുറച്ചു മടലും ചിരട്ടയും അടുപ്പിലേക്കിട്ടു. ആകെ പുക മയം. ഞങ്ങളുടെ കണ്ണില്‍ വെള്ള ചാട്ടം, ശ്വാസംമുട്ടി കുരച്ചു.

ഫോര്‍ആംസ് ആന്‍ഡ്‌ ട്രൈസെപ്സ്

"ഇതാ നോക്കിക്കോ" എന്ന് പറഞ്ഞു മൂപ്പര് ചൂടുള്ള വെന്ത ആറ് പൊറോട്ട അട്ടി അട്ടിയായി ചട്ടകം കൊണ്ട് തൂക്കി പൊറോട്ട അടിക്കുന്ന മേശമേല്‍ ഇട്ടു. പട്ടേ... പട്ടേ... ഒന്ന് കറക്കി വീണ്ടും പട്ടേ... പട്ടേ..., രണ്ടു കയ്യും കൊണ്ട് ആറ് പൊറോട്ടയും വട്ടത്തില്‍ ചുറ്റിച്ചു കൊണ്ട് ശക്തിയായി അടിച്ചു. പിന്നെ അതെടുത്തു കുത്തനെ വച്ചു രണ്ടടി. അതാ റബ്ബര്‍ ഷീറ്റ് പോലത്തെ പൊറോട്ട നല്ല ചീള് ചീളായി അടര്‍ത്തി എടുക്കാന്‍ പറ്റുന്ന രൂപത്തില്‍ ഉടഞ്ഞു നുറുങ്ങിയിരിക്കുന്നു. ഇതെല്ലാം പത്തു നിമിഷത്തില്‍ കഴിഞ്ഞു. "പാഠം ഒന്ന്, തുടങ്ങിക്കോ" മൂപ്പര് പറഞ്ഞു.

അടുത്ത സെറ്റ് പൊറോട്ട വെന്തപ്പോള്‍ നാലെണ്ണം വീതം അട്ടിയിട്ടു തന്നു... "ഞാന്‍ അടിച്ച പോലെ അടിച്ചോ!"... നെഞ്ച് വിരിച്ചു ശ്വാസം ഉള്ളിലെക്കെടുത്തു അടിച്ചു. "ആ.....", കൈ വെള്ള രണ്ടും ചുവന്നു തുടുത്തു, പൊള്ളി, നല്ല ചൂട്. "വെള്ളത്തില്‍ കൈ മുക്കിക്കോ", മൂപ്പര് തന്നെ അതും അടിച്ചിട്ടു. "ചൂട് പോയാല്‍ അടിച്ചാ ശരിയാവൂല..." ഉസ്താദ് മൊഴിഞ്ഞു. ദിവസങ്ങള്‍ വേണ്ടി വന്നു. പതുക്കെ പതുക്കെ അടിയുടെ റിതം വന്നു തുടങ്ങി. ഒരടി, ഒരു തിരി, പിന്നെ അടി, തിരി... രസമായിരുന്നു. കൈ വെള്ള മുതല്‍ ഷോല്ഡറിന് വരെയുള്ള പ്രയോഗം. കൂടാതെ മസിലില്‍ അടുക്കുകള്‍ വരാന്‍ പൊറോട്ട ബോള്‍ നെയ്‌ പുരട്ടി വീശി ചുരുട്ടി കെട്ടലും തുടങ്ങി. ഇരുന്നൂറും മുന്നുരും പൊറോട്ട അടിച്ചു കഴിയുമ്പോള്‍ മസിലുകള്‍ ചോദിക്കാന്‍ തുടങ്ങി... ഇന്നത്തേക്ക് പോരെ മോനെ...

ഷോല്ഡര്‍, ചെസ്റ്റ്, ആന്‍ഡ്‌ ബൈസെപ്സ്....

"നാളെ സ്കൂള്‍ ഇല്ലല്ലോ... പണ്ട്രണ്ടു മണിക്ക് വാ... പുതിയ നമ്പര്‍ കാണിച്ചു തരാം..." മസിലുണ്ടാക്കുന്ന കാര്യമല്ലേ, ഞങ്ങള്‍ പറഞ്ഞ സമയത്ത് തന്നെ എത്തി. പൊറോട്ട മേശയില്‍ മൈദ കൂട്ടിയിരിക്കുന്നു. അതിന്റെ നടുക്ക് ചോറില്‍ സാംബാര്‍ ഒയിക്കാനെന്ന പോലെ കുഴി കുത്തിയിരിക്കുന്നു. അതില്‍ ഉപ്പു വെള്ളം കുറെ ഒഴിച്ചു. "കണ്ടു പഠിച്ചോ" എന്ന് പറഞ്ഞു മൂപ്പരുടെ കൈ കണ്ടം കിളക്കുന്ന പടന്ന പോലെ മൈദയ്ക്കുള്ളില്‍ കുത്തി മറിഞ്ഞു. പത്തിരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈദയും വെള്ളവും ചേര്‍ന്നു ഒരു നാലഞ്ചു ഫുട്ബോള്‍ ചേര്‍ത്ത് വച്ചലുള്ള വലിപ്പത്തില്‍ വലിയൊരു ഗോളം. "ഇനി ഇതിനെ വലിച്ചു നീട്ടി കീറി ചുരുട്ടി മടക്കി കുത്തി.... ടയിട്ടാക്കി കൊണ്ടുവരണം" ഒരു ബോക്സരുടെ ലാഘവത്തോടെ അതിനെ തിരിച്ചും മറിച്ചും മുഷ്ടി ചുരുട്ടി കുത്തിക്കൊണ്ടു മൂപ്പര് പറഞ്ഞു.

പിന്നെടങ്ങോട്ടു ശരിക്കും വിയര്‍ക്കേണ്ടി വന്നു. പത്തു മുതല്‍ പതിനഞ്ചു കിലോ വരെ ഉള്ള മൈദ ചുരുട്ടി കൂട്ടല്‍ ചില്ലറ പണി ഒന്നും അല്ല. പക്ഷെ ഫലം കണ്ടു. ചുമലും പുറവും വയറും കൈയും ശരിക്കും വിവരമറിഞ്ഞു. എന്തായാലും രണ്ടു കാര്യം, പൊറോട്ട ചുടലും പഠിച്ചു, ബോഡി ബില്ടിങ്ങും ആയി.

എന്നോട് പലരും ചോദിച്ചു "ഏതു ജിമ്മിലാണ് പോകുന്നത് എന്ന്", ഞാന്‍ പുഞ്ചിരിയോടെ മറുപടി കൊടുക്കും, "ഞാനോ ജിമ്മിലോ?, ഇത് നാച്ചുരലാ .. ഹി ഹി ഹി...". ഇപ്പോള്‍ ഇത് വായിക്കുന്ന നിങ്ങല്കെ ഈ രഹസ്യം അറിയൂ, ആരോടും പറയരുതേ....

സമീര്‍
ചെന്നൈ

8 comments:

 1. porottaaah ennu kettappole ente karanathu adicha polaaa thonniyee (Baabu Nabooori style)

  ReplyDelete
 2. എന്നിട്ടിപ്പോ ചെന്നയില്‍ പൊറോട്ട അടിയാണോ :)

  ReplyDelete
 3. ന്റമ്മോ ..കൊള്ളാം ഈ ബോഡി ബില്‍ഡിംഗ് .......!!!

  നാളെ തന്നെ പോയി ഏതെന്കിലും ഹോട്ടലില്‍ പാര്‍ട്ട്‌ ടൈം ബോഡി ബില്‍ഡിംഗ് ജോലി കിട്ടുമോ എന്ന് നോക്കട്ടെ .......

  ReplyDelete
 4. പൊറോട്ട ഉണ്ടാക്കിയാല്‍ രണ്ടുണ്ട് കാര്യം ..കഴിക്കെം ചെയ്യാം ,മസിലും പെരുപ്പിക്കാം ..

  ReplyDelete
 5. അതൊക്കെ തിന്നവന്മാരെ സമ്മതിക്കണം :)

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക് നന്ദി...
  ഒഴാക്കന്‍ - ഇപ്പോഴത്തെ പണിയും ഒരു പൊറോട്ട അടിയൊക്കെ തന്നെ ... :)
  ഫൈസു - വെറുതെ തടി കേടാക്കേണ്ട :)
  ഭായി - സത്യമായിട്ടും സൂപ്പര്‍ പൊറോട്ട ആയിരുന്നു കേട്ടാ :)

  ReplyDelete