Tuesday, January 11, 2011

എയര്‍ സര്‍ക്കസ്

തലയ്ക്ക് മീതെ ഒരു ഇരമ്പല്‍ കേട്ടു. വിമാനം പറന്നിറങ്ങാന്‍ പോകുന്നു. വൈകുന്നേരം ചായ സമയത്ത് ഓഫീസിന്റെ ട്ടെരസ്സിലിരുന്നു ക്വു ആയി ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്ന വിമാനങ്ങളെ നോക്കി ഇരിക്കാറുണ്ട്. ആര്‍ക്കും എത്ര കണ്ടാലും മതിവരാത്ത, ഇന്നും അതിശയം തോന്നുന്ന മനുഷ്യന്റെ സൃഷ്ടി!

ചെറുപ്പത്തില്‍ ആ ഇരമ്പല്‍ കേട്ടാല്‍ വീടിനുള്ളില്‍ ഏതു കോണിലായാലും പുറത്തേക്കോടി, വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരചില്ലകള്‍ക്കിടയിലൂടെയും, പീറ്റ തെങ്ങിന്റെ ഓലകള്‍ക്കിടയിലൂടെയും അങ്ങ് ദൂരെ ഒരു ചെറു പൊട്ട് പോലെ പോകുന്ന വിമാനത്തെ ആവേശത്തോടെയും ആഘോഷതോടെയുമാണ് കണ്ടു നില്കാര്, കണ്ണില്‍ നിന്നു മറയുന്നത് വരെ, അന്നതൊരു അപൂര്‍വ കാഴ്ചയാണ്. ഇന്നതിനെ ഓട്ടോറിക്ഷ പോകുന്ന ലാഘവത്തോടെയാണ് കാണുന്നത്.

ഈ അടുത്ത കാലത്തായി ഒരുപാടു വിമാന ദുരന്തങ്ങള്‍ കേള്‍ക്കുന്നു. പലതും വളരെ ഭീകരമായ ദുരന്തങ്ങള്‍, തീരാ നഷ്ടങ്ങള്‍. ചെറുതെങ്കിലും ഞെട്ടിപ്പിക്കുന്ന ഒരനുഭവം എനിക്കുമുണ്ടായി. എന്തൊക്കെ പറഞ്ഞാലും നിലം തൊടാതെ ആയിരക്കണക്കിനു അടി ഉയരത്തില്‍ പായുന്ന സാധനമല്ലേ... ബ്രേക്ക്‌ ചവിട്ടി നിര്‍ത്താനോ, അല്ലെങ്കില്‍ ഒന്ന് വളച്ചു സൈഡില്‍ നിര്‍ത്താന്‍ ഒന്നും പറ്റാത്ത സാധനം അല്ലേ! എന്തെങ്കിലും പറ്റിയാല്‍ പറ്റിയത് തന്നെ... പടച്ചവന്‍ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ...

ദുബായില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയായിരുന്നു. വെക്കേഷന്‍ ടൈം ആയതിനാല്‍ കൂടുതലും ഫാമിലിയും കുട്ടികളും ആയിട്ടാണ് പലരും നാട്ടിലേക്കു പോകുന്നത്. ലഗേജ് യന്ജവും ഇമിഗ്രാഷന്‍ യാഗവും കഴിഞ്ഞു വിമാനത്തിലെത്തി. കുട്ടികളുടെ ഒച്ചപാടും ബഹളത്തിനുമിടയില്‍ വിമാനം പോങ്ങിയതറിഞ്ഞില്ല. പാതിരയായതിനാല്‍ ഞാന്‍ മെല്ലെ ഉറക്കത്തിലേക്കു വീഴാന്‍ തുടങ്ങിയിരുന്നു. മഹാരാജാവിന്റെ പാവപ്പെട്ടവനുള്ള കാളവണ്ടി ആയതിനാല്‍ ഫ്രിഡ്ജില്‍ വച്ച നല്ല ചൂട് വടയും, ഒരു കഷണം ഫ്രെഷായ ഉണക്ക ബ്രഡും തന്നിരുന്നു! കഴിച്ചില്ല, അല്ലെങ്കില്‍ കണ്ടപ്പോള്‍ കഴിക്കാന്‍ തോന്നിയില്ല.

ഏകദേശം ഒന്നേ കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഉറക്കത്തിലേക്കു വഴുതി വീഴാന്‍ പോകുമ്പോളാണ് ഏവരെയും ഞെട്ടിച്ചു കൊണ്ടു ക്യാപ്റ്റന്‍ ഉച്ചഭാഷിണിയിലൂടെ ഇടിവെട്ടുപോലെ വിളിച്ചു പറഞ്ഞത്... ചെവിയില്‍ കൂടി കയറി അടിവയറിനെ വരെ നടുക്കിയത്. "സാങ്കേതിക കാരണങ്ങളാല്‍ വിമാനം ദുബായിലേക്ക് തിരിക്കുന്നു... പേടിക്കാനൊന്നും ഇല്ല!". അപ്പോള്‍ തന്നെ ഞാന്‍ ജനാലയില്‍ കൂടി താഴോട്ട് നോക്കി. കടലിന്റെ മേലെ തന്നെ ആണോ ഉള്ളത്? അഥവാ വീണാല്‍...

"പേടിക്കാനൊന്നും ഇല്ല" എന്ന് ക്യാപ്റ്റന്‍ പറഞ്ഞെങ്കിലും, എല്ലാവരും പരിഭ്രാന്തരായി. കുറച്ചു മുമ്പ് മരത്തില്‍ കയറു കെട്ടി ഊഞ്ഞാല്‍ ആടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമൊക്കെ കേട്ടിരുന്നു! ഒന്നിന് മുട്ടുന്നുണ്ടോ എന്നൊരു സംശയം. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, ലോക സുന്ദരിപ്പട്ടത്തിനു നടക്കുന്ന എയര്‍ പെണ്ണുങ്ങളോട് കാരണം ചോദിച്ചും വീര്‍പ്പടക്കി അങ്ങനെ ഇരുന്നു. ഞാന്‍ സമയം നോക്കി, ഒന്നേ കാല്‍ മണിക്കൂര്‍ പറന്നു കഴിഞ്ഞു. തിരിച്ചു ദുബായിലെത്താന്‍ വീണ്ടും ഒന്നേ കാല്‍ മണിക്കൂര്‍ വേണം. അതിന്റെ കൂടെ കുറച്ചു കൂടി ഓടിയാല്‍ അങ്ങ് നാട്ടിലെത്തില്ലേ? അപ്പോള്‍ സംഗതി സീരിയസ് ആയിരിക്കും, അല്ലെങ്കില്‍ ക്യാപ്റ്റന്‍ തിരിച്ചു വിടില്ല... അപ്പോള്‍ പിന്നെ ഒമാനില്‍ ഇറക്കിക്കൂടെ? ചിന്തകള്‍ എന്നെ അലട്ടികൊണ്ടിരുന്നു... മതിയായ വിശദീകരണം കിട്ടിയില്ല...

അങ്ങനെ വിമാനം ആകാശത്ത് നിന്നു വളച്ചു ദുബായിലേക്ക് തിരിച്ചു. എല്ലാവരും ശ്വാസം അടക്കിപിടിച്ചും പ്രാര്‍ത്ഥിച്ചും അടങ്ങിയിരുന്നു. കുട്ടികളെല്ലാം ഉറങ്ങിയിരുന്നു. വലിയവരുടെ ആകാംശയോടെയുള്ള അടക്കം പറച്ചില്‍ മാത്രം. "തീര്‍ന്നു കിട്ടി എന്ന തോന്നുന്നേ" വിമാനത്തിന്റെ ഏതോ ഒരു ഭാഗത്ത്‌ നിന്നും വലിയ ഒരു ഞരക്കം വന്നപ്പോള്‍ അടുത്തിരിക്കുന്നവന്റെ ഉള്ളില്‍ നിന്നും വന്നതാണ്‌.

സംഭവം മുക്കിയും മൂളിയും ഒരു വിധം ദുബായിലെ റണ്‍വേയില്‍ ഇറങ്ങി. മൊത്തം യാത്രക്കാരെയും കുലിക്കിയാണ് ലാന്‍ഡ്‌ ച്യ്തത്. എല്ലാവരോടും വിമാനത്തില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞു. ഉടന്‍ തന്നെ ശരിയാക്കി തിരിച്ചു പറക്കാം എന്ന് പറഞ്ഞു. എന്തായാലും നിലത്തിരങ്ങിയതിന്റെ ആശ്വാസം എല്ലാ മുഖത്തും കണ്ടു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു. എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ എഴുന്നേറ്റു... അന്വേഷിക്കാന്‍ പോയി. നുള്ളും നുറുങ്ങും മാത്രമേ കിട്ടിയുള്ളൂ. ഞാന്‍ കോക്പിറ്റിന്റെ അടുത്ത് വരെ പോയി.

ഒരു ഏമാന്‍ തടഞ്ഞു. സാറിനോട് കാര്യം പറയാന്‍ പറഞ്ഞു. എസി ഓഫ് ചെയ്ത കാരണം കുട്ടികളൊക്കെ കരച്ചില്‍ തുടങ്ങിയിരുന്നു. വലിയവര്‍ക്കും പുകച്ചില്‍ തുടങ്ങിയിരുന്നു. എത്ര സമയമാണ് ഇങ്ങനെ ഇരിക്കുക? ഞങ്ങളെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ മാറ്റാന്‍ ആവശ്യപെട്ടു.

സംഭവം സീരിയസ് തന്നെയാണ്. എന്ജിന് കാര്യമായ പ്രശ്നമുണ്ട്. രണ്ടു മൂന്ന് മണിക്കൂര്‍ വേണ്ടി വരും. ഞാന്‍ തിരിച്ചു എന്റെ സീട്ടിനടുത്ത് എത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ നോക്കി. ആരോ ചോദിച്ചു “എന്താ പ്രശ്നം എന്നറിഞ്ഞോ? അവരെന്താണ് പറഞ്ഞത്?”... എന്റെ മറുപടി വന്നത് ഇങ്ങനെ... "ഇപ്പം ശരിയാക്കിത്തരാം... മൊയ്തീനെ ഞ്ഞ് ആ ചെറിയ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തേ... പണ്ട് ഞാനങ്ങു താമരശ്ശേരി ചുരം... ഒരിത്തിരീം കൂടി സ്പീഡ്‌ ഇന്ടെകി മറ്റേതും കൂടി അങ്ങ് പോയേനെ... " കേട്ടവരെല്ലാം ടെന്‍ഷന്‍ മറന്നു പൊട്ടിച്ചിരിച്ചു...

മൂന്ന് മണിക്കൂര്‍ ലോഞ്ചില്‍ കാത്തിരുന്നു. വീടിലേക്ക് വിളിച്ചപ്പോള്‍ ഉപ്പ എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വരാന്‍ വേണ്ടി ഇറങ്ങുന്നു. അടുത്ത ഒരു അറിയിപ്പ് എന്നില്‍ നിന്ന് കിട്ടിയാല്‍ അതിനു അഡ്ജസ്റ്റ് ചെയ്തു ഇറങ്ങാന്‍ പറഞ്ഞു. സംഭവം പറഞ്ഞ പോലെ അത്ര നിസ്സരമാല്ലെന്നു മനസ്സിയായി. പല പുലികളെയും കൊണ്ട് പോന്നുന്നത് കണ്ടു. പക്ഷെ ശരിയാവുന്നില്ല പോലും! അവസാനം ഒരു വെള്ളപ്പുലിയെ കുവൈത്തില്‍ നിന്നും ഇറക്കി. വെള്ളക്കാരന്‍ പത്തു മിനിറ്റ് കൊണ്ട് കാര്യം തീര്‍ത്തു. ഞാനങ്ങു യുറോപ്പില്‍ എത്ര താമരശ്ശേരി ചുരം കണ്ടതാ എന്ന ഭാവം! അങ്ങനെ വീണ്ടും എല്ലാവരെയും കയറ്റി നമ്മുടെ എയര്‍ വണ്ടി അടുത്ത സര്‍ക്കസ്സിനായി പറന്നുയര്‍ന്നു...


സമീര്‍ |  Sameer

4 comments:

 1. ഒരു ചെറിയ സ്ക്രൂ ഇങ്ങേടുക്ക് സമീരേ...ഞാനൊരു കമെന്റ്റ്‌ ഇടട്ടെ ...!!

  ReplyDelete
 2. നൂറോ ഇരുനൂറോ ലാഭം നോക്കി നമ്മുടെ സ്വന്തം വിമനത്തില്‍ കയറുന്നവനെ ആദ്യം തല്ലണം. ഈ ശടകങ്ങള്‍ ആളെ കൊല്ലാനുള്ളതാ മാഷെ. കുറെ കിളവികളെ മുഖത്ത് പുട്ടിയും തേച്ചു എഴുന്നെള്ളിച്ചോളും.

  ReplyDelete
 3. സമീര്‍ നല്ല രസത്തോടെ വായിച്ചു..ആദ്യം കുറച്ച് പേടിച്ചെങ്കിലും ഇതെഴുതാന്‍ ആള്‍ ബാക്കിയുണ്ടല്ലോ എന്ന് കരുതിയപ്പോള്‍ ആശ്വാസം ആയി..ഒരിക്കല്‍ കോഴിക്കോട്ടെ എയര്‍ പോര്‍ട്ടില്‍ ഇറങ്ങേണ്ട ഞങ്ങളുടെ വിമാനം ഏകദേശം അരമണിക്കൂറോളം ലാണ്ടു ചെയ്യാനാവാതെ (മഴയോ,മേഘമോ കാരണം) വട്ടം ചുറ്റി.ഇതേ ഒരവസ്ഥയില്‍ ഞാനും അകപ്പെട്ടിരുന്നു..പടച്ചവന്റെ അനുഗ്രഹം കാരണം ഒന്നും സംഭവിച്ചില്ല..

  ReplyDelete
 4. Kalaki Dasettaa

  ReplyDelete