Thursday, September 1, 2011

അറബിയും ഇഫ്താരും സോഷ്യലിസവും

വ്രതശുദ്ധിയിലൂടെ ആത്മസംസ്കരണത്തിനായി ഒരു റമദാന്‍ കൂടി വന്നെത്തി. ഇനി ഒരു മാസം സുബഹി (സൂര്യോദയത്തിനു ഒരു മണിക്കൂര്‍ മുന്‍പ്) മുതല്‍ മഗരിബ് (സൂര്യാസ്തമയം) വരെ അന്ന പാനീയങ്ങള്‍ക്ക് വിട പറഞ്ഞ്, കൂടുതല്‍ പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ച്, മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച്‌, അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകള്‍ പൊരുത്തപ്പെടാന്‍ പടച്ചവനില്‍ സ്വയം അര്‍പിച്ച്, ബാക്കി പതിനൊന്നു മാസത്തിനും മാതൃകയാക്കാന്‍ ഒരു പുണ്യ മാസം.

ഇത്തവണ എന്റെ റമദാന്‍ മരുഭൂയിലാണ്, ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അറബികളുടെ ഈന്തപ്പന നാട്ടില്‍. ഇത്തവണ ഒരു വ്യത്യാസം, ഈന്തപ്പനയില്‍ വിരിഞ്ഞ ഈത്തപ്പഴം പാകമാക്കാനുള്ള നല്ല കൊടും ചൂടിലാണെന്ന് മാത്രം. കാറിന്‍റെ ബോണറ്റില്‍ മുട്ട പൊട്ടിച്ചിട്ടാല്‍ രണ്ടു സെക്കന്‍റ് കൊണ്ട് ഓംലെറ്റ്‌ കഴിക്കാം. വെള്ളം എത്ര കുടിച്ചാലും മതിയാവാത്ത സമയം. നാട്ടിലായിരുന്നു നല്ലത്, നല്ല കോരിച്ചൊരിയുന്ന മഴയാണ്. പരീക്ഷണമാണ്, എല്ലാ കാലാവസ്ഥയെയും അതിജീവിക്കാന്‍ ശരീരത്തെ സ്വയം പ്രാപ്തമാക്കാനുള്ള പരീക്ഷണം.

എല്ലാ തവണയും പോലെ ആദ്യത്തെ രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പണിമുടക്കുമായി പെരുവയര്‍ അഡ്ജസ്റ്റ് ചെയ്തു. അങ്ങനെയാണ്, ഒന്ന് രണ്ടു ദിവസം പുള്ളി നിലവിളിക്കും, പിന്നെ കരയും, പിന്നെ മോങ്ങും, അത് പിന്നെ തേങ്ങി തേങ്ങി തളര്‍ന്നു നിര്‍ത്തിക്കോളും. ഇത്തവണ ഭാര്യ കൂടെയുള്ളത് കൊണ്ട് നൊസ്റ്റാള്‍ജിയ എന്ന് പറയുന്ന സാദനം ഒന്നും വന്നില്ല. നോമ്പ് തുറയ്ക്കാന്‍ കൊയട, ഇറച്ചി പത്തല്‍, ഉന്നക്കായ എന്നിവ തയ്യാര്‍. വയറിനും സന്തോഷം.

ഓഫീസില്‍ മുടിഞ്ഞ തിരക്കാണ്, ജോലി സമയം വൈകിട്ട് നാലുവരെ ആണെങ്കിലും വീട്ടിലെത്തുമ്പോള്‍ മഗരിബ് ബാങ്ക് വിളിക്കാരാവും. ഒരു ദിവസം മാനേജര്‍ അടക്കം എല്ലാവരും ഓഫീസില്‍ തന്നെയായി. നോമ്പ്തുറ ഹോട്ടലില്‍ നിന്നും വരുത്താം എന്ന് തീരുമാനിച്ചു. പക്ഷെ അപ്പോഴേക്കും കൂടെ ജോലി ചെയ്യുന്ന അറബി പയ്യന്‍ വീട്ടില്‍ വിളിച്ചു നോമ്പുതുറ ഏര്‍പ്പാട് ചെയ്തിരുന്നു. ഓഫീസിലേക്ക് കൊണ്ട് വരുമെന്നാണ് ഞാന്‍ കരുതിയത്‌. പക്ഷെ ഞങ്ങള്‍ എല്ലാവരെയും വീട്ടിലേക്കു ക്ഷണിച്ചു.

ഇത്രയും വര്‍ഷങ്ങള്‍ അറബിയുടെ നാട്ടിലാണെങ്കിലും, ആദ്യമായിട്ടാണ് ഒരു അറബിയുടെ വീട്ടില്‍ ഇഫ്താരിനു പോകുന്നത്. ഞങ്ങള്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. അറബി പയ്യന്‍ വീടിന്റെ ഗേറ്റില്‍ തന്നെ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. പുറമേ നിന്ന് കാണാന്‍ ചെറിയൊരു വീട്. ഇവിടുത്തെ അറബി വീടുകള്‍ എല്ലാം തന്നെ കോട്ടയം അയ്യപ്പാസ് പോലെയാണ്. പുറമേ നിന്ന് കാണാന്‍ ചെറുതാണ്, അകത്തു വിശാലമായ സൌകര്യങ്ങള്‍. ഞങ്ങള്‍ അകത്തു കയറുന്ന സമയത്ത് ബാങ്ക് വിളിച്ചിരുന്നു. പയ്യന്‍റെ ഉപ്പയും ഇക്കക്കയും അകത്തു ഞങ്ങളെ സ്വീകരിച്ചു. വെള്ളവും ഈത്തപ്പഴവും കഴിച്ചു നോമ്പ് തുറന്നതിനു ശേഷം നമസ്കരിക്കാന്‍ എല്ലാവരും അടുത്തുള്ള പള്ളിയിലേക്ക് നടന്നു.

പോകുന്ന വഴിക്ക് കൂടെയുള്ള മലയാളി സുഹൃത്ത്‌ സ്ട്രീറ്റ്‌ ബോര്‍ഡ്‌ കാണിച്ചു തന്നു. അറബിയുടെ പേരിന്റെ അറ്റത്തുള്ള അതേ പേര്. ആ ഏരിയ തന്നെ അറിയപ്പെടുന്നത് ഇവരുടെ കുടുംബനാമത്തിലാണ്. ചില്ലറ അറബിയല്ല, ഒരു ഗവര്‍ണ്ണമെന്‍റ് സ്ഥാപനത്തിന്‍റെ മുദീര്‍, അതായതു തലപ്പത്ത്‌ ഇരിക്കുന്ന ആളാണെന്നര്‍ത്ഥം. പള്ളിയില്‍നിന്നും ഞങ്ങള്‍ തിരിച്ചു അറബിയുടെ വീട്ടിലെത്തി. പയ്യനും ചേട്ടനും, പിന്നെ ഒരു വേലക്കാരനും ചേര്‍ന്ന് ബിരിയാണിയും അലീസയും മറ്റും നിലത്ത് മജ്‌ലിസില്‍ നിരത്തി.

കണ്ടാല്‍ വലിയ പ്രായം തോന്നാത്ത അറബിയെ ഞാന്‍ നിരീക്ഷിച്ചു. ശാന്തമായ മുഖം. സൌമ്യമായ സംസാരം. നടപ്പിലും ഇരിപ്പിലും എല്ലാം കുലീനത. ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് അദ്ദേഹം മജ്ളിസില്‍ ചമ്രപടിയിട്ടു ഇരുന്നു. എല്ലാവരും വട്ടത്തില്‍ ഇരുന്നു. എന്റെ കണ്ണ് എന്നെ നോക്കി ചിരിക്കുന്ന നല്ല സുറുമ മീന്‍ ചുട്ടതിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആണ് ഞാനത് ശ്രദ്ധിച്ചത്. അറബിയുടെ തൊട്ടടുത്ത് ഇരിക്കുന്നത് വേലക്കാരനാണ്. അദ്ദേഹം അയാള്‍ക്ക് വിളംബികൊടുക്കുന്നു. അപ്പോള്‍ രണ്ടു പേര്‍ കൂടി കടന്നു വന്നു. രണ്ടു പഠാനികള്‍. രണ്ടു പേരും വിയര്‍ത്തു മുഷിഞ്ഞിട്ടാണ് വരവ്. തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ ആണെന്ന് തോന്നുന്നു. അറബി അവരോടും കൂടെ ഇരിക്കാന്‍ കൈകൊണ്ടു ആന്ഗ്യം കാണിച്ചു.

അറബികളുടെ ആതിഥ്യ മര്യാദയെപറ്റി ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷെ നേരിട്ടു കാണുന്നത് ആദ്യമായാണ്. ഇത്രയും വലിയ ഒരു അറബി തന്‍റെ കൂലി പറ്റുന്നവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുക, അവര്‍ക്ക് സെര്‍വ് ചെയ്യുക. സോഷ്യലിസം എന്ന വാക്ക് ഉണ്ടാക്കിയവന്‍ തന്നെ നാണിച്ചു പോകും. ഇതൊന്നും ഘോരഘോരം പ്രസന്ഗിക്കാതെ, തലയണ ആക്കേണ്ട പുസ്തകങ്ങള്‍ ഉണ്ടാകുന്നതു മുന്‍പേ തന്നെ ശീലിച്ചു പോന്ന ഒരു പാരമ്പര്യ സംസ്കാരം. അല്ലെങ്കിലും സോഷ്യലിസം എന്നത് തലയണ  പുസ്തകത്തില്‍ മാത്രമല്ലേ നമുക്കുള്ളൂ. നമ്മുടെ നാട്ടില്‍ ഈ സോഷ്യലിസം കാണാന്‍ പറ്റുമോ ആവോ.

നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ അദ്ദേഹത്തിന് സലാം പറഞ്ഞു കൈകൊടുത്തു പിരിഞ്ഞു. ഈ സംസ്കാരം അവരുടെ തലമുറകള്‍ കാത്തു സൂക്ഷിക്കട്ടെ എന്ന് മനസ്സില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ അറബിയുടെ ഇഫ്താരും കഴിഞ്ഞ്, സോഷ്യലിസത്തെ കുറിച്ച് ഘോരഘോരം ചിന്തിച്ച്, ഞാന്‍ വീട്ടിലേക്കു വണ്ടി തിരിച്ചു.

 
 
സമീര്‍
അബുദാബി

3 comments:

  1. നല്ല അനുഭവം..

    അറബികളെപറ്റി വല്ല ഉഡായിപ്പുകളൂം എഴുതൂ. അപ്പോൾ ഇവിടെ കമന്റ് നിറയും :)

    ReplyDelete
  2. Yes, they are good in that, we mallus would need many years to look into it.

    ReplyDelete