Thursday, September 15, 2011

പഞ്ചനക്ഷത്രത്തിലെ ദരിദ്രവാസി


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എന്റെ രണ്ടാം ഇന്നിങ്ങ്സിനായി വീണ്ടും അറബി നാട്ടില്‍ തിരിച്ചെത്തി. ആദ്യത്തെ ഇന്നിങ്ങ്സ്‌ പത്ത് വര്‍ഷമായിരുന്നു. ഈ ഇന്നിങ്ങ്സ് എത്രയാണെന്ന് അറിയില്ല. അലകടലിന്‍ അക്കരയില്‍ നാട് വിട്ട് വീണ്ടും ഒരങ്കത്തിന്. വര്‍ഷങ്ങള്‍ പലതായിട്ട് എന്നെയും കുടുംബത്തെയും തീറ്റിപോറ്റിയ നാടാണ്‌. നമ്മുടെ നാട്ടുക്കാര്‍ ഗള്‍ഫിനെപറ്റി എന്തൊക്കെ പറഞ്ഞാലും ആ കടപ്പാട് തീരാത്തതാണ്. ഇവിടുത്തെ ശീതീകരിച്ച മുറിയില്‍ രണ്ടും മൂന്നും തട്ടുള്ള കട്ടിലില്‍ ഉറങ്ങുന്നവന്‍ രാജാവ്‌ തന്നെയാണ്. നാട്ടിലെ കൂവപ്പാലത്തിനു മുകളില്‍ കൊതുക് കൂമ്പാരത്തില്‍ മറുതുണി ഇല്ലാതെ കിടന്നു ഉറങ്ങുന്നവരെയും, റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉറങ്ങുന്നവരെയും വച്ചിട്ടാണ് നമ്മുടെ നാട്ടുകാരും, മന്ത്രിമാരും, ചാനലുകാരും ഇവിടെ ഇങ്ങനെ താമസിക്കുന്നവരെ പറ്റി വേവലാതിപ്പെടുന്നത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പോലെ കാലി പാസ്പോര്‍ട്ടും (പാസ്പോര്‍ട്ട്‌ പുതുക്കിയത് കൊണ്ട് കാലിയാണ്) ബാഗുമായി ആദ്യമായി അബുദാബി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. അന്ന് വിസിറ്റിംഗ് വിസയില്‍ ആയിരുന്നു. ഇന്ന് ജോലി വിസയെന്ന വ്യത്യാസം മാത്രം. വിമാനത്താവളത്തിന് പുറത്തു ആഗമന സ്ഥലത്ത് എന്റെ പേരും ബോര്‍ഡില്‍ എഴുതിപിടിച്ച് ഒരു പാകിസ്ഥാനി നില്പുണ്ട്. കുറച്ചു അഹങ്കാരം തോന്നി. നമ്മുടെ പേരും എഴുതി പിടിച്ച് നില്‍ക്കാ എന്നൊക്കെ പറഞ്ഞാല്‍... ഹ്..മ്..! വണ്ടിയില്‍ കയറി വന്നവനോട് കുശലം പറഞ്ഞു. കക്ഷി പെഷാവാരുകാരനാണ്. പെട്ടെന്ന് തന്നെ വളരെ അടുത്തിടപഴകി സംസാരിച്ചു. വണ്ടി ഒരു ഭീമാകാരന്‍ കെട്ടിടത്തില്‍ ചെന്ന് നിന്നു.

ബാഗും തൂക്കി വിശാലമായ കവാടം കടക്കുമ്പോള്‍ മതിലില്‍ ഒട്ടിച്ചിരിക്കുന്ന അഞ്ചു നക്ഷത്രങ്ങള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. റിസപ്ഷനില്‍ ഇരിക്കുന്ന അറബി പയ്യന്‍ പാസ്പോര്‍ട്ട്‌ വാങ്ങി കമ്പ്യൂട്ടറില്‍ തപ്പി. അവന്‍ ഫോണില്‍ തിരക്കിലായപ്പോള്‍ നമ്മുടെ സ്വന്തം ആലപ്പുഴക്കാരന്‍ എന്നെ ഏറ്റെടുത്തു. പരിചയപ്പെട്ടു. അവന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. റൂമും ബ്രക്ക്ഫാസ്റ്റും ഫ്രീയാണ്, കൂടാതെ സിറ്റിയിലേക്ക് വാഹനസൗകര്യം. മുപ്പതു ദിവസത്തേക്ക് താമസം ഒക്കെ. ബാക്കി വേണ്ട എല്ലാ കാര്യങ്ങള്‍ക്കും ഒന്നുകില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരസുക അല്ലെങ്കില്‍ അഞ്ഞൂറ് ദിര്‍ഹംസ് അഡ്വാന്‍സ്‌ കൊടുക്കുക, ബാക്കി ബില്ല് വരുന്നത് പോലെ. ഓട്ട കീശയില്‍ കഷ്ടിച്ച് ഇരുപതു ദിര്‍ഹംസ് കാണും! അതും രണ്ട് വര്‍ഷം മുന്‍പേ വിട്ടു പോയപ്പോള്‍ ബാക്കി വന്നത്. തല്‍കാലം വേറെ സര്‍വീസ് ഒന്നും വേണ്ട എന്ന് പറഞ്ഞു.

നടന്നു നടന്ന് നടന്നു നടന്ന്, ദൂരം കൂടുതലാ, റൂമിലെത്തി. ബാഗും കൊണ്ട് കൂടെ വന്നവന്‍ സലുട്ടടിച്ചു ചുമച്ചു തല ചൊറിഞ്ഞു. ഞാന്‍ മൈന്‍ഡ്‌ ചെയ്യാന്‍ പോയില്ല. മിസ്റ്റര്‍ ബീനിനെ പോലെ കീശയില്‍ വിക്സും ഇല്ല! നേരെ കുളിക്കാന്‍ കയറി. ഓഫീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യണം. ബാത്ത്റൂമില്‍ കയറിയപ്പോള്‍ വെള്ള ടവല്‍ മയം. രണ്ടു ചെറുത്‌, രണ്ട് മീഡിയം, രണ്ടിന് ഇരിക്കുന്നതിന്‍റെ വലതു രണ്ട്, പിന്നെ പുതച്ചു ഉറങ്ങാന്‍ പറ്റുന്ന സൈസ് മൂന്ന്. ഓരോന്നെടുത്തു ഓരോ അവയവങ്ങള്‍ക് പ്രയോഗിച്ചു, പിന്നെന്തിനാണാവോ?

ഓഫീസിലൊന്നു മുഖം കാണിച്ചു, എന്‍റെ വില പിടിച്ച ഒപ്പൊക്കെ കൊടുത്ത് ഉച്ചക്ക് തന്നെ ഇറങ്ങി. വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഡ്രൈവര്‍ തിരിച്ചു നക്ഷത്രത്തില്‍ വിട്ട് തന്നു. ഹോംസിക്ക്‌ എന്നാ രോഗം വരണ്ട എന്ന് കരുതി അഞ്ചു മണിക്കുള്ള ഹോട്ടല്‍ വാന്‍ സര്‍വീസില്‍ ടൌണിലേക്ക് തിരിച്ചു. വേറെ ഒരാളും വണ്ടിയില്‍ ഇല്ലായിരുന്നു. ഞാനും ഡ്രൈവറും മാത്രം. അവനോടു സംസാരിച്ച് മറിനമാള്‍ എത്തിയത് അറിഞ്ഞില്ല. ആദ്യം തന്നെ മണി എക്സ്ചേഞ്ച് കണ്ടു പിടിച്ചു. കയ്യിലുള്ള ഉറുപ്പിക മുഴുവനും കൊടുത്ത്, കിട്ടിയത് ഇരുനൂറ്റി അമ്പതു ദിര്‍ഹം. എന്തായാലും ഗ്രാന്‍ഡ്‌ ചിക്കന്‍ ബര്‍ഗര്‍ തന്നെ അടിച്ചു മാറി വിശപ്പടക്കി.

പിറ്റേന്ന് കാലത്ത് അഞ്ചര മണിക്ക് തന്നെ എഴുന്നേറ്റു. ഡ്രൈവര്‍ കൃത്യം ഏഴരയ്ക്ക് വരും. എട്ടു മണിക്ക് മുന്‍പേ റിപ്പോര്‍ട്ട്‌ ചെയ്യണം. വയറ്റില്‍ തീ കത്തുന്നു. നല്ല വിശപ്പ്‌. കുളിച്ച്, കൊട്ടും സൂട്ടുമൊക്കെ മാറി. റിസപ്ഷനില്‍ പോയി “ഫ്രീ” പ്രാതല്‍ എവിടെ കിട്ടുമെന്ന് അന്യേഷിച്ചു. വഴി പറഞ്ഞ പോലെ നടന്ന്‍ നടന്ന്‍ നടന്ന്‍ രണ്ടാമത്തെ നലയില്‍ തപ്പി, കണ്ടില്ല, ഷാര്‍ജയിലെ പോലെ സൈന്‍ ബോഡോന്നും എഴുതി വയ്ക്കാറില്ല എന്ന് തോന്നുന്നു. കുറെ കൂടി മുന്നോട്ടു നടന്നു. ഒരു റസ്റ്റ്‌റന്‍റ് കണ്ടു, പക്ഷെ തുറന്നിട്ടില്ല. വീണ്ടും നടന്നു, ഒരു ഷോപ്പിംഗ്‌ ഹാള്‍ കണ്ടു.

ചോദിക്കാന്‍ ഒരു മനുഷ്യനെയും കാണുന്നില്ല. കുറെ വട്ടം കറങ്ങി നടന്നു. അവസാനം ഒരു മനുഷ്യ ജീവിയെ കണ്ടു. വഴി പറഞ്ഞു തന്നു. പറഞ്ഞ പോലെ വച്ച് പിടിച്ചു. മൊത്തത്തില്‍ രണ്ടു കിലോമീറ്റര്‍ നടന്നു കാണും. ഇത് ഹോട്ടലോ അതോ ഒരു ചെറിയ സിറ്റിയോ? എന്റെ നാട്ടിന്റെ പകുതി സ്ഥലത്തോളം വരുമെന്ന് തോന്നുന്നു. അവസാനം പറഞ്ഞ പേരുള്ള വിശാലമായ റസ്റ്റ്‌റന്‍റ് കണ്ടെത്തി. ആര്‍ത്തിയോടെ കയറുമ്പോള്‍ മൊബൈല്‍ അടിച്ചു, ഡ്രൈവര്‍ ആണ്, സമയം ഏഴര! ഒരു നെടുവീര്‍പ്പിട്ടു... കരിയുന്ന വയറുമായി തിരിച്ചു മെയിന്‍ ഗേറ്റ് ലക്ഷ്യമാക്കി നടന്നു...
നക്ഷത്രമെണ്ണല്‍ തുടരും...


4 comments:

 1. സമീര്‍,
  ആശംസകള്‍ , രചന നന്നായിരിക്കുന്നു.ഒരിടത്ത് പോലും ദുര്‍മേദസ്സ് കണ്ടില്ല. ബ്ലോഗ്‌ ലോകത്ത് വരുന്നവരെല്ലാം വായിക്കുന്നതിനെല്ലാം കൊള്ളാം, വീണ്ടും എഴുതൂ, എന്നൊക്കെ ഒപ്പിട്ടു പോകാറുണ്ട്. ഞാനും ചവറ് കള്‍ക്ക് മറുപടി കൊടുത്തിട്ടുണ്ട്. ഇനി കുറച്ചുനാള്‍ നല്ലതിന് മാത്രം മറുപടി കൊടുക്കാമെന്നു തീരുമാനിച്ചു.
  http://www.mukhakkannada.blogspot.com/

  ReplyDelete
 2. പുതിയ അനുഭവങ്ങളുമായി പുതിയ ജോലിയുമായി ഇനിയങ്ങോട്ട് നാള്‍ക്ക് നാള്‍ പുരോഗതിയിലാവട്ടെ.. ആശംസകള്‍

  ReplyDelete
 3. ആശംസകള്‍ ......സസ്നേഹം

  ReplyDelete