Saturday, September 24, 2011

പഞ്ചനക്ഷത്രത്തിലെ ദരിദ്രവാസി (രണ്ടാം ഭാഗം)


പിറ്റേന്ന് ലീവായതിനാല്‍ നേരെ അബുദാബി ബസ്‌ സ്റ്റാന്‍ഡില്‍ പോയി, ദുബൈയിക്ക് ബസ്‌ കയറാന്‍. രണ്ടര കിലോ മീറ്റര്‍ നീളത്തില്‍ ആളുകള്‍ വരി നില്‍ക്കുന്നത് കണ്ടു ഒന്ന് ഞെട്ടി. നാളെ ന്യൂ ഇയര്‍ ആണ്. എല്ലാവരും ദുഫായിക്ക് വച്ച് പിടിക്കുകയാണെന്നു തോന്നുന്നു. ദുബായില്‍ ഇറങ്ങിയപ്പോള്‍ സമാധാനം തോന്നി. സ്വന്തം നാട്ടിലെത്തിയത്‌ പോലത്തെ ആശ്വാസം. ഓരോരുത്തനെയും മൊബൈലില്‍ കുത്തി വിളിച്ചു. പറ്റുന്നവരെയൊക്കെ കണ്ടു. ഒരു ചങ്ങാതിയുടെ കൊടുത്താലും അടച്ചാലും തീരാത്ത കടം തരുന്ന കാര്‍ഡ്‌ ഉരസി കൊട്ട്, സൂട്ട്, ഷര്‍ട്ട്‌, ടൈ ഇത്യാതി സാധനങ്ങള്‍ വാങ്ങി കൂട്ടി.

ന്യൂഇയര്‍ ആഘോഷിച്ച് പിറ്റേന്ന് തിരിച്ചു പിടിച്ചു. ബസ്സിനു അഞ്ചു കിലോമീറ്റര്‍ വരി ഉണ്ടായിരുന്നു. വീണ്ടും അഞ്ചു നക്ഷത്രത്തില്‍ തിരിച്ചെത്തി. ലോബിയിലുരുന്ന്‍ ആത്മാവിന് തിരി കൊളുത്തി. ട്രിന്‍... ടിടിന്‍... ടിട്രി... ടിന്‍... പണ്ടത്തെ ദൂരദര്‍ശനെ വെല്ലുവിളിക്കുന്ന സംഗീതം. “ഫ്രീ” ആയി കിട്ടുന്നു ഗാവയും ഒരു ഈത്തപ്പഴവും കഴിച്ച് റൂമിലേക്ക്‌ കയറി.

അടുത്ത ദിവസം മുതല്‍ “ഫ്രീ” പ്രാതല്‍ മുടക്കമില്ലാതെ കഴിച്ചു തുടങ്ങി. കാലത്ത് ഏഴു മണിക്ക് തന്നെ ഇത്രയും വലിച്ചു കയറ്റുന്നത് ആദ്യമായിട്ടാണ്. കുറച്ചു ദിവസങ്ങള്‍ കഴിച്ചപ്പോള്‍ അറിയാതെ രണ്ട് കഷണം പുട്ടും കടലയും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു പോയി. മടുത്തു, അതെ ഹാഷ് ബ്രൌണ്‍ പോട്ടാട്ടോ, ഗ്രില്‍ മഷ്റൂം, വൈറ്റ് ഓട്ട്സ്, പാന്‍ കേക്ക്, പിന്നെ ഫ്രൂട്ട്സ്... “ഇന്ത്യന്‍ ഫുഡ്‌” എന്ന് കണ്ടു നോക്കിയപ്പോള്‍, ചെന്നയില്‍ കണ്ടു മടുത്ത റൈസ് പുഡിംഗ് (കുലുത്ത ചോറ്), സാമ്പാര്‍, ഉണങ്ങിയ വട. നമ്മളെ പറയിപ്പിക്കാന്‍. കണ്ടാല്‍ തോന്നും ഇന്ത്യയില്‍ ആകെ ഇതൊക്കയെ കിട്ടുമെന്ന്! നല്ല പൂരിയും മുട്ട റോസ്റ്റും, വെള്ളപ്പവും ബാജിയും, പുട്ടും കടലയും..ഹ് മ്...

ട്രിന്‍... ടിട്ടിന്‍... ട്രിന്‍... ലോഞ്ചില്‍ മനം മടുപ്പിക്കുന്ന മ്യൂസിക്‌ കേട്ട് കുറെ സമയം ഇരുന്നു. സുഹൃത്ത് വണ്ടിയുമായി പുറത്തു വന്നു മിസ്സ്‌ കാള്‍ തന്നു. അവന്‍ എല്ലാ ആഴ്ച്ചയും ഷാര്‍ജയില്‍ പോകും. ശനിയാഴ്ച തിരിച്ചു അബുദാബിയില്‍ വരും. അവന്‍റെ കൂടെ ഞാന്‍ ദുബായിക്ക് പിടിക്കും. എന്‍റെ കയ്യിലെ വലിയ രണ്ട് പൊതി കണ്ടു എന്താണെന്ന് അന്യേഷിച്ചു. അത് വലിയ കഥയാണെന്ന് പറഞ്ഞു ഞാന്‍ വണ്ടിയില്‍ കയറിയിരുന്നു.

രണ്ടാഴ്ച കഴിഞ്ഞു. ഇടുന്ന ഷര്‍ട്ടും ട്രൌസറും ബാക്കി സപ്പോര്‍ട്ടിംഗ് സാധനങ്ങള്‍ ഒന്നും അലക്കിയിട്ടില്ല. പഞ്ചനക്ഷത്രത്തിലെ അലക്കല്‍ ഇസ്തരി വില നിലവാരപട്ടിക കണ്ടപ്പോള്‍ തല കറങ്ങി. ഒരു പാന്‍റും ഷര്‍ട്ടും അലക്കി ചൂടുപെട്ടി വച്ചുരസാന്‍ അറുപത് ദിര്‍ഹംസിന് മേലെ വരും. സൂട്ട് എണ്‍പത് ദിര്‍ഹംസ്. ഒരു മാസം അവിടുത്തെ ലാന്‍ഡ്‌റയില്‍ കൊടുത്താല്‍ നാട്ടിലെ പുര വിറ്റ് കാശു കൊടുക്കേണ്ടി വരും. റൂം ക്ലീന്‍ ചെയ്യാന്‍ വരുന്നവര്‍, ഞാനിതുവരെ കണ്ടിട്ടില്ല... അവര്‍ എന്നെയും, എനിക്ക് അറിയത്തില്ല എന്ന് കരുതി ഡ്രോയരില്‍ നിന്നും ലാന്‍ഡറി പേപ്പറും പ്ലാസ്റ്റിക്ക് കവറും എന്നും കിടക്കയുടെ മുകളില്‍ വയ്ക്കും. “എനിക്ക് വീട് വില്‍ക്കാന്‍ മനസ്സില്ല” എന്ന് പറഞ്ഞു ഞാന്‍ അത് തിരികെ വയ്ക്കും. ഹ! എന്നോടാ കളി... അതാണ് കയ്യിലെ വലിയ കെട്ടിന്‍റെ ചരിത്രം. ഏതെങ്കിലും സാധാരണ ലാന്‍ഡറിയില്‍ രണ്ടോ മൂന്നോ ദിര്‍ഹംസ് കൊടുത്തു അലക്കി ചൂടുപെട്ടി ഉരസാന്‍ കെട്ടിയെടുത്ത് കയ്യില്‍ പിടിച്ചതാണ്...

അങ്ങനെ തട്ടിയും മുട്ടിയും ദിവസങ്ങള്‍ തള്ളി നീക്കി. റോബോട്ടിക് “ഗുഡ് മോര്‍ണിംഗ്”... “ഗുഡ് ഈവനിംഗ്” കേട്ട് മടുത്തു. കിട്ടുന്ന അവസരങ്ങളില്‍ സിറ്റിയിലേക്ക് പോകുന്ന ഫ്രീ ഷട്ടില്‍ സര്‍വീസ് ഉപയോഗിച്ചു. മിക്കവാറും ഒറ്റയ്ക്കേ ഉണ്ടാകാറുള്ളൂ. കുറച്ചു ആശ്വാസം കിട്ടുന്നത് അങ്ങനെയാണ്. ഡ്രൈവറായി കൂടെ വരുന്ന മലയാളി, ഹിന്ദി, നേപാളി, ഫിലിപ്പിന്‍, ശ്രിലങ്കന്‍ എന്നിവരോട് കുശലം പറയാന്‍ കിട്ടുന്ന അല്‍പ സമയം. വീക്ക്‌ലി ഒഴിയാതെ ദുബായിക്ക് വച്ച് പിടിച്ചു, മറ്റൊരാശ്വാസം. എങ്ങനെയാണാവോ ആളുകള്‍ ഇങ്ങനെ ശ്വാസംമുട്ടി ഇതിനുള്ളില്‍ കഴിഞ്ഞു കൂടുന്നത്.

രാത്രി ഭക്ഷണം ആയിരുന്നു മറ്റൊരു പ്രശ്നം. പഞ്ചനില്‍ നിന്ന് ഒരു മാസം കഴിച്ചാല്‍ ഞാന്‍ വേറെ ആരുടെയെങ്കിലും ആധാരം കൂടി കടം വാങ്ങേണ്ടി വരും. എന്റെ പുരയിടം മാത്രം മതിയാകില്ല. വൈകീട്ട് ഓഫീസില്‍ നിന്ന് ഇറങ്ങുന്നത് വളരെ വൈകിയാണ്. പഞ്ചനിലേക്ക് പോകുന്ന വഴിക്ക് നമ്മുടെ നാട്ടുകാരന്റെ കഫ്ടീറിയയില്‍ നിന്നും പൊറോട്ട സാന്റ്വിച്ചോ കുബ്ബുസോ കഴിക്കും. അഞ്ചെട്ടു ദിര്‍ഹംസ് കൊണ്ട് കാര്യം തീരും.

അങ്ങനെ ചെക്കൌട്ട് ദിവസം വന്നു, എല്ലാം വാരിക്കെട്ടി ബാഗിലാക്കി ആലപ്പുഴക്കാരനോടും മറ്റു പരിജയക്കാരോടും സലാം പറഞ്ഞു പുറത്തേക്കിറങ്ങി. മതിലില്‍ പതിച്ച അഞ്ചു നക്ഷത്രത്തെ നോക്കി ഞാനൊന്നു ചിരിച്ചു, ഹഹഹ! പക്ഷെ പഞ്ചന്‍ ചിരിച്ചില്ല. എന്നെ പറ്റിക്കാന്‍ പറ്റാത്തത് കാരണമാവാം! ഞാനാരാ ദരിദ്രവാസി...!


സമീര്‍
അബുദാബി

No comments:

Post a Comment