Thursday, October 6, 2011

ഐപാഡ് വരുത്തിയ പാട്


വര്‍ഷങ്ങള്‍ ഒരുപാടായി ഈ കമ്പ്യൂട്ടറില്‍ കുത്തി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. പക്ഷെ ഇത് വരെ ആപ്പിളില്‍ തൊട്ട് കളിച്ചിട്ടില്ല. ഒന്നുകില്‍ ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല അല്ലെങ്കില്‍ എല്ലാറ്റിലും കൈയിട്ട് വാരിക്കളിക്കണ്ട എന്ന് വിചാരിച്ചു. ബില്ലൂക്കാന്റെ ജനവാതില്‍ തന്നെ ധാരാളം. അതില്‍ നോക്കി നോക്കി വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല... കണ്ണിന്റെ കാഴ്ച കുറഞ്ഞു... മുടി നരച്ചു... വയസ്സായതല്ല, അത് ഞാന്‍ സമ്മതിക്കില്ല. പിന്നെയെന്തിന് ആപ്പിള്‍. മാക് പല സന്ദര്‍ഭങ്ങളില്‍ എന്നെ ലൈന്‍ അടിക്കാന്‍ നോക്കിയിട്ടുണ്ട്, ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പക്ഷെ മാക് അവസാനം എന്നെ വീഴ്ത്തി. ആപ്പിളില്‍ എനിക്കും കടിക്കേണ്ടി വന്നു. 


പുതിയ ഒരു പ്രൊജക്ടിനു വേണ്ടി ആപ്പിള്‍ ഉണ്ടാക്കിയ ഐപാഡ് ഉപയോഗിക്കണം. ഈശ്വരാ! കൈ വച്ചേ പറ്റു. ഡവലപ്പ് ഒന്നും ചെയ്യേണ്ട എങ്കിലും ടെസ്റ്റിംഗ് ആവശ്യമായ കോണ്‍ഫിഗറേഷന്‍ മുതലായവ ചെയ്യണം. മടിച്ചു മടിച്ചാണെങ്കിലും ഐപാടുമായി ഇടപഴകി. വളരെ പെട്ടെന്ന് തന്നെ അവളെന്നെ കൈയ്യിലെടുത്തു. പുതിയ അനുഭൂതിയായിരുന്നു. എന്തൊരു സാധനം. പ്രേമം അണപൊട്ടി ഒഴുകി. അത് പിന്നെ സ്വന്തമായി അവളുടെ ചേട്ടത്തിയെ (പക്ഷെ കാണാന്‍ ചെറുതാണ്) പൈസ കൊടുത്തു വാങ്ങുന്നത് വരെയെത്തിച്ചു.

ബില്ലൂക്കാന്റെ സാധനങ്ങള്‍ ഇതുവരെ ഈ നിലവാരത്തില്‍ എത്തിയിട്ടില്ല. കോപ്പി അടിച്ചു കൊണ്ട് വരണമെങ്കില്‍ കുറച്ചു സമയം വേണ്ടേ! പണ്ട് ജനവാതില്‍ തൊണ്ണൂറ്റിഎട്ടു കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്, അതിനു കുറച്ചു കാലം മുന്‍പാണ്‌ ഐബിഎം കാരണവരുടെ OS/2 എന്ന സാധനം ആദ്യമായി കണ്ടത്. ബില്ലൂക്ക കുന്ദംകുളം ആന്‍ഡ്‌ കാസര്ഗോഡ് ടീമിനെ കടത്തി വെട്ടിയാണ് ജനവാതില്‍ തൊണ്ണൂറ്റി അഞ്ചും എട്ടുമൊക്കെ ഇറക്കിയത്. ഐഫോണ്‍ പുതിയൊരു അനുഭവമായിരുന്നു. ഉപയോഗിക്കുന്നവന്റെ ഹൃദയ സ്പന്ദനവും രക്ത സമ്മര്‍ദ്ദവും തൊട്ടറിഞ്ഞു രൂപകല്പന ചെയ്ത സാധനം. ആരും പ്രേമിച്ചു പോകും. ഞാനെല്ലാം മറന്നു അനിയത്തിയായ ഐപാഡ്നെയും പ്രണയിച്ചു.

ശ്വാസം എടുക്കാന്‍ തന്നെ മറന്നു പോകുന്ന രീതിയിലുള്ള ജോലിത്തിരക്കായിരുന്നു. എന്നും വളരെ വൈകിയാണ് വീട്ടിലെത്തുന്നത്. വലിയ പ്രോജെക്ടാണ്. ഡെഡ് ലൈന്‍ എന്നറിയപ്പെടുന്ന കൊല്ലുന്ന തിയ്യതിയും തന്നിട്ടുണ്ട്. ഓടിയും കിതച്ചുമൊക്കെ ഒരുവിധം ജോലികള്‍ തീര്‍ത്തു കൊണ്ടിരുന്നു. മകളുടെ ജന്മദിനം അടുത്ത് വരികയാണ്‌. കലണ്ടര്‍ നോക്കി. ശനിയാഴ്ചയാണ് ബര്‍ത്ത്ഡേ വരുന്നത്. ഞങ്ങള്‍ക്ക് വെള്ളിയും ശനിയും അവധിയാണ്. സമാധാനിച്ചു. വെള്ളിയാഴ്ച വേണ്ടതെല്ലാം ചെയ്യാം. അത്യാവശ്യം കുറച്ചു പേരെ വിളിക്കാം എന്ന് കരുതി പേരുകള്‍ മനസ്സില്‍ കുറിച്ചു. അതാ വരുന്നു ഇടിത്തീ! ശനിയാഴ്ച ഉച്ചക്ക് ശേഷം മൂവായിരത്തോളം ഐപാഡ് വേണ്ട സംഭവങ്ങളൊക്കെ ചെയ്തു ഉപയോഗിക്കാന്‍ തയ്യാറാക്കണം. അത്രയും പേരെ അത് എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണത്രേ!

വ്യാഴാഴ്ചയും വളരെ വൈകിയാണ് വീട്ടിലെത്തിയത്. മകളുടെ പിറന്നാള്‍ ആഘോഷ കണക്കൊക്കെ മാറ്റി ചെയ്തു. വെള്ളിയാഴ്ച ഓഫീസില്‍ പോകണം. ഐപാഡ് ശരിയാക്കാന്‍. പിന്നെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും പോകണം. വേണ്ടപ്പെട്ടവരെ വിളിക്കാം എന്നത് മാറ്റി. ശനിയായ്ച്ച ഉച്ചയ്ക്ക് കേക്ക് മുറിച്ചു, ലഞ്ച് കഴിഞ്ഞു ജോലിക്ക് പോകാം എന്ന് കരുതി സമാധാനിച്ചു. വെള്ളിയാഴ്ച തിരിച്ചു വീട്ടിലെത്തുമ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു! മകള്‍ ഉറങ്ങിയിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് മകള്‍ക്ക് ബര്ത്ഡേ ആശംസകള്‍ നേര്‍ന്നു. കേക്ക് വാങ്ങിയിട്ടില്ല, തലേന്ന് വൈകിയത് കാരണം നടന്നില്ല. കേക്കും മറ്റു സാധനങ്ങളും വാങ്ങാന്‍ വേഗം തന്നെ വണ്ടിയുമെടുത്ത്‌ വിട്ടു. ഷോപ്പിംഗ്‌ മാളില്‍ നിന്ന് തിരക്ക് പിടിച്ചു വേണ്ടതെല്ലാം ട്രോള്ളിയില്‍ വാരിയെടിതിട്ടു തിരിച്ചു കാഷ് കൌണ്ടറിലേക്ക് നടക്കുമ്പോള്‍ ബെല്ലടിച്ചു! സകലതും തകര്‍ത്ത ബെല്ല്! എല്ലാവരുടെയും ക്ഷണിക്കാത്ത അതിഥി! മൊബൈല്‍ ഫോണ്‍!!! സ്ക്രീനില്‍ തെളിഞ്ഞു... ബോസ്സ്! മാനേജര്‍...! ഉടനെ ഓഫീസിലെത്താന്‍... ഉച്ചയ്ക്ക് ശേഷം വന്നാല്‍ പോരെ എന്ന് ചോദിച്ചു! അതിന്റെ ആവശ്യം വരില്ല എന്ന് മറുപടി!

എല്ലാം വാങ്ങി വീട്ടിലേക്കു വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ മകളെ ഡ്രെസ്സൊക്കെ മാറ്റിക്കൊടുക്കാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. വീട്ടിലെത്തിയപാടെ മകള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കേക്ക് മുറിച്ചു. കൂടുതല്‍ ഒന്നും മിണ്ടാനും പറയാനും നിന്നില്ല. നേരെ ഓഫീസിലേക്ക് വിട്ടു. കൊണ്ട് പോയ നാലഞ്ചു കഷണം കേക്ക് മാനേജരുടെ ടാബിളില്‍ വച്ച് കൊടുത്തു. എന്താണെന്നു ചോദിക്കാന്‍ മൂപ്പിലാണ് സമയം ഇല്ലായിരുന്നു!


ഐ-പാഡില്‍ കുത്തി കുത്തി സമയം പോയതറിഞ്ഞില്ല. മനസ്സില്‍ നിറയെ ഈ ദിവസം ഇങ്ങനെ തീര്‍ന്നതിന്റെ ചിന്തകള്‍ ആയിരുന്നു. രാത്രി പതിനൊന്നു മണിക്ക് ബോസ്സിനോട് യാത്ര പറഞ്ഞു. കൊണ്ട്കൊടുത്ത കേക്കിനു നന്ദി പറഞ്ഞു. മകളുടെ ബര്‍ത്ത്ഡേയാണെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരന്റെ മുഖം മങ്ങി, കുറെ സോറി പറഞ്ഞു. എന്ത് പറയാന്‍! അദ്ദേഹത്തെയും കുറ്റം പറയാന്‍ പറ്റില്ല. 

വീട്ടിലെത്തിയപ്പോള്‍ മകള്‍ ഉറങ്ങിയിട്ടില്ലായിരുന്നു, മടിയില്‍ ഇരുത്തി രണ്ടു പിടി ബിരിയാണി വാരി കൊടുത്തപ്പോള്‍ സന്തോഷം തോന്നി. പിറ്റേന്ന് അവള്‍ക്കും ഒരു ഐ-പാഡ് കൊണ്ട് കൊടുത്തു. അവള്‍ അതിനെ തലങ്ങനെയും വിലങ്ങനെയും കുത്തി നോവിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. ആപ്പിളില്‍ തൊട്ട പലരുടെയും ചരിത്രങ്ങളില്‍ ഒന്ന് കൂടി എഴുതി ചേര്‍ക്കാം. ഐ-പാഡില്‍ മുങ്ങിയ ബര്‍ത്ത്ഡേ... അത് വരുത്തിയ ഒരു മുറിപ്പാട്...


സമീര്‍
അബുദാബി

വാല്‍കഷണം: 
ഇത് എഴുതി തീര്‍ന്നപ്പോള്‍ ന്യൂസ്‌ കണ്ടു, സ്റ്റീവ് ജോബ്സ് അന്തരിച്ചു..!