Wednesday, December 7, 2011

ഒരു പകല്‍ കൊലപാതകത്തിന്‍റെ കഥ


ആലോചിക്കുന്തോറും മനസ്സില്‍ വൈര്യാഗ്യം കൂടി കൂടി വന്നു. എത്രയോ ദിവസങ്ങളായി സമാധാനമായി ഉറങ്ങിയിട്ട്. സമയം വളരെ വൈകിയിരിക്കുന്നു. ബാല്‍ക്കണിയില്‍ ഒരേ ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. ഉറക്കം കണ്ണില്‍ തൂങ്ങിയാടുന്നുണ്ടെങ്കിലും കിടക്കാന്‍ വയ്യ. ആകെ ഒരു നീറ്റല്‍. സമയം പുലര്‍ച്ചെ നാലു മണിയോട് അടുത്തിരിക്കുന്നു. രാവിലെ ഏഴു മണിക്ക് ഓഫീസിലേക്കുള്ള വാന്‍ വരുമെന്നോര്‍ത്ത് മുറിയിലേക്ക് കയറി.

എന്നത്തേയും പോലെ ഉറക്കച്ചടവോടെ വാനില്‍ കയറി ഇരുന്നു. ചിന്തകള്‍ വീണ്ടും തലപൊക്കി. എത്ര സുന്ദരമായ ജീവിതമായിരുന്നു. എവിടെ നോന്നോ കയറി വന്നു പതിയെ പതിയെ കൂടെ കൂടി, മെല്ലെ മെല്ലെ എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു. ചിന്തകള്‍ നീണ്ടുപോയി. ഉറക്ക ചടവ് കാരണം അറിയാതെ വാനില്‍ ഉറങ്ങിപ്പോയി. ഒരു മണിക്കൂറോളം എടുത്തു ഓഫീസിലെത്താന്‍. ദിവസങ്ങള്‍ പലതായിട്ട് ഇതാണെന്‍റെ അവസ്ഥ, അവസാന തീരുമാനത്തില്‍ എത്തിയെ മതിയാവൂ!

ഒഴിവാക്കാന്‍ പല തവണ ശ്രമിച്ചതാണ്. പക്ഷെ ഒരു ബാധ പോലെ ചുറ്റി വരിഞ്ഞിരിക്കയാണ്. എല്ലാ അടവുകളും പരീക്ഷിച്ച് പരാജയപ്പെട്ട സ്ഥിതിക്ക് അറ്റകൈ പ്രയോഗം തന്നെ വേണ്ടി വരും എന്ന് മനസ്സിലായി. ഇങ്ങനെ പോയാല്‍ ഞാന്‍ ഒരു വഴിക്കാകും. വളരെ അടുത്ത ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്തു. എങ്ങനെയാ അവതരിപ്പിക്കുക എന്നൊരു അങ്കലാപ്പായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവന്‍ തന്നെ മിടുക്കന്‍. അല്‍പ്പം ജാള്യതയോടെ കാര്യങ്ങള്‍ അവനോടു വിശദമായി ചര്‍ച്ച ചെയ്തു. കുറെ തര്‍ക്കിച്ച ശേഷം അവന്‍ ഒരു ഫോണ്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു. “വിളിച്ചു കൊട്ടേഷന്‍ കൊടുത്തേക്ക്, വേറെ ഒന്നും നോക്കാനില്ല, ബാക്കി അവനായികൊള്ളും”

ഫോണ്‍ വച്ച ശേഷം അല്പം സമാധാനം തോന്നി. അവന്‍ തന്ന നമ്പര്‍ എടുത്തു ഫോണെടുത്തു കുത്തി. കാര്യങ്ങള്‍ വീണ്ടും പറഞ്ഞു. സുഹൃത്ത്‌ വിളിച്ചു വിവരം പറഞ്ഞു എന്നും, കാര്യം പുഷ്പം പോലെ തീര്‍ത്തു തരാം എന്നും പറഞ്ഞു. കാശിന്‍റെ കാര്യവും ഒരു തീരുമാനത്തിലെത്തി. എന്തായാലും ശല്യം ഒഴിയട്ടെ. കാശ് പോയാലും മനസ്സമാധാനം കിട്ടുമല്ലോ! വെള്ളിയാഴ്ച വൈകുന്നേരം വന്നു വേണ്ടത് പോലെ ചെയ്യാം എന്ന് പറഞ്ഞു ഉറപ്പിച്ചു. സംഭവം തീര്‍ത്തതിനു ശേഷം! തല വീണ്ടും വെവലാതിപ്പെടാന്‍ തുടങ്ങി.

അങ്ങനെ കാത്തിരുന്ന വെള്ളിയാഴ്ച വന്നെത്തി. അതുവരെ സഹിച്ചു പിടിച്ചു എല്ലാം ഒതുക്കി കഴിഞ്ഞതാണ്. എല്ലാറ്റിനും കൂടി അനുഭവിക്കാന്‍ പോകുന്നേ ഉള്ളൂ എന്ന് മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു തരം പ്രതികാര ദാഹത്തോടെ മുറുമുറുത്തു. പറഞ്ഞ സമയത്ത് തന്നെ ആള് ഫ്ലാടിന് താഴെ വന്നു. കൂടെ ഒരാളെ കൂടി കണ്ടു. കണ്ടാല്‍ തന്നെ ഒരു തരം... കറുത്ത് തടിച്ചുരുണ്ട ഒരാള്‍, സഹായിയാണെന്ന് പറഞ്ഞു. കയ്യില്‍ ഒരാളെ കൊള്ളുന്ന വലിപ്പത്തില്‍ ഒരു ബാഗുമുണ്ട്.

“കുഴപ്പം ഒന്നുമില്ലല്ലോ?” ഞാന്‍ തെല്ല് ടെന്‍ഷന്‍ കയറി ചോദിച്ചു...
“ഒന്നും പേടിക്കണ്ട... ഞങ്ങള്‍ പെട്ടെന്ന് തീര്‍ത്തു തരാം... ബാക്കി പറഞ്ഞ പോലെ ചെയ്‌താല്‍ മതി... ഏതാണ് മുറി?”
ഞാന്‍ രണ്ടു പേരെയും കൂട്ടി ലിഫ്റ്റില്‍ കയറി. നാലാമത്തെ നിലയിലിറങ്ങി ഫ്ലാറ്റ് കാണിച്ചു കൊടുത്തു. താക്കോല്‍ കയ്യില്‍ കൊടുത്തു “കയറിയാല്‍ വലത്തേ മുറി, അടുത്ത മുറിയില്‍ ആരും ഇല്ല. അവര്‍ നാളെയെ വരൂ, ഞാന്‍ താഴെ കാത്തു നില്‍ക്കാം”. ഓരോ മിനുട്ടും മണിക്കൂറായി തോന്നി. തിരി വലിചൂതി. പത്തിരുപത് മിനുട്ട് കഴിഞ്ഞപ്പോള്‍ രണ്ടു പേരും താഴെ വന്നു. താക്കോല്‍ കയ്യില്‍ വച്ചിട്ട് “എല്ലാം ഓക്കെയാണ്” എന്ന് പറഞ്ഞു... “എല്ലാം പറഞ്ഞ പോലെ” കൊടുത്ത കാശു വാങ്ങി കീശയിലുട്ടു കൊണ്ട് ഒന്നുമറിയാത്ത പോലെ അവര്‍ വാനും കൊണ്ട് പറന്നു.

അയാള് പറഞ്ഞ പോലെ കുറച്ചു കഴിഞ്ഞു ഞാന്‍ മെല്ലെ ഫ്ലാറ്റിലേക്ക് കയറി. മെല്ലെ മുറിയുടെ വാതില്‍ അല്പം തുറന്നു. ഒരു തരം ദുര്‍ഗന്ധം വന്നു. പതുക്കെ ഒരു കണ്ണിട്ട് നോക്കി. കിടക്കയില്‍ ചത്ത്‌ മലര്‍ന്നു കിടക്കുന്നു! ഒരുതരം പുന്ജം നിറഞ്ഞ ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു. തലയണയില്‍, വിരിപ്പില്‍ എല്ലാം ചോരപ്പാടുകള്‍! സമാധാനം!

പിന്നെ പെട്ടെന്ന് തന്നെ ജനലും വാതിലും എല്ലാം തുറന്നിട്ടു. ഫാന്‍ ഒന്ന് കൂടി സ്പീട് കൂട്ടി. ദുര്‍ഗണ്ടം പോയാലെ ബാക്കി കാര്യങ്ങള്‍ നടത്താന്‍ പറ്റൂ. കിടക്ക വിരിയും പില്ലോ കവറും പുതപ്പുമെടുത്തു വാഷിംഗ്‌ മഷിനില്‍ കുത്തി നിറച്ചു. താഴെ പോയി ഒരു ചായയൊക്കെ കുടിച്ചു ഒന്ന് റിലാക്സ് ചെയ്തു വീണ്ടും തിരിച്ചു വന്നു. വാക്വം ക്ലീനെര്‍ എടുത്തു പണി തുടങ്ങി. ചത്ത്‌ മലച്ചു കിടക്കുന്ന രക്തദാഹികളെ നോക്കി ഉന്മാദത്തോടെ പാട്ടും പാടി ഞാന്‍ വൃത്തിയാക്കല്‍ പരിപാടി തകര്‍ത്തു.

എന്തൊക്കെ ആയിരുന്നു! അഹങ്കാരികള്‍, രാത്രി കിടന്നു മേലോട്ട് നോക്കിയാല്‍ അപ്പോള്‍ വരും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന് അലറിക്കൊണ്ട് പട്ടാളം മാര്‍ച്ച്‌ ചെയ്ന്ന പോലെ ഒരു വരവാണ്! പിന്നെ കൈയും കാലും കുത്തി ചോരകുടി! ബ്ലാങ്കറ്റ് മൂടി പുതച്ചാലും രക്ഷയില്ല! വയറിനും... മുതുകിനും... കാളരാത്രികള്‍! ബോംബ്‌ വച്ച് നോക്കി.. അതൊക്കെ നിഞ്ഞാല്‍ മനുഷന്മാരെ കൊള്ളാന്‍ മാത്രമേ പാട്ടോ എന്ന് ഒരു വികാരവുമില്ലാതെ പറഞ്ഞു മൂട്ടകള്‍ വീണ്ടും ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന ചോര കുടി തുടര്‍ന്നു. അവസാനമായി രാസായുധം പ്രയോഗിച്ചു. ആര് മാസത്തെ ഗാരണ്ടീ. റിങ്ക ചിക്ക റിങ്ക ചിക്ക റിങ്ക ചിക്ക രേ... ചത്ത്‌ മലച്ചു, അല്ലെങ്കില്‍ അരുംകൊല ചെയ്തു, അതും പട്ടാപകല്‍! ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ സുഖമായുറങ്ങി....

സമീര്‍
അബുദാബി