Thursday, August 30, 2012

ഡിഗ്രി എന്ന ശെയ്താന്‍

വലിയ കോളേജ് കുമാരനൊക്കെ ആവണമെങ്കില്‍ ഇമ്മിണി ബലിയ മാര്‍ക്കൊക്കെ വേണമെന്ന് ഒരുവിധം പത്താം തരം പാസ്സായി കഴിഞ്ഞപ്പോളാണ് അറിയുന്നത്. അതും പത്താം കമ്പനിയില്‍  കാരംസ്‌ കളിച്ചിരിക്കുമ്പോ അത് വഴി പോയ മാഷ് പറഞ്ഞ്! കഷ്ടപ്പെട്ട് പഠിച്ചവര്‍ ഗവണ്മെന്റ് കോളേജില്‍ പോയി രക്ഷപെട്ടോട്ടെ എന്ന് കരുതി ഞാന്‍ പാരലല്‍ കോളേജില്‍ പോയി രണ്ടു വര്‍ഷം പ്രി-ഡിഗ്രി എന്ന സാധനം പഠിച്ചു. ഗള്‍ഫില്‍ നിന്നും വന്ന ഉപ്പയാണ് പറഞ്ഞത് കമ്പ്യൂട്ടര്‍ എന്ന സാധനം പഠിക്കണമെന്ന്. അങ്ങനെ പ്രി-ഡിഗ്രി എന്നാ സാധനവും ഒരു വിധം ഒപ്പിച്ചെടുത്തു. കമ്പ്യൂട്ടര്‍ എന്ന മഹാത്ഭുതം പഠിക്കാന്‍ ഒരു കൊല്ലം വീണ്ടും വേണ്ടി വന്നു. തുടക്കത്തില്‍ ചെറുക്കന് പാളിയെങ്കിലും, കയ്യും മനസ്സും തലയും കൂടി സാധനത്തെ ഒരുവിധം കൈയ്യിലാക്കി. പിന്നെയും കൂടുതല്‍ അറിയാനുള്ള ആര്‍ത്തിയായിരുന്നു.

പഠിപ്പ് കഴിഞ്ഞപ്പോള്‍ ഈ സാധനത്തെ പറഞ്ഞ് അനുസരിപ്പിക്കാനുള്ള ഭാഷയായ ‘സി’ പഠിക്കണമെന്ന ആഗ്രഹവുമായി ഒരു സിംഹത്തിന്‍റെ മുന്നില്‍ ചെന്നു. ഇത്രയും ബല്യ സംഭവം പാസ്സായ നീ എന്തിന് പഠിക്കണം! ഞാന്‍ പഠിച്ച സാധനം അന്ന് ഇന്ത്യയില്‍ രണ്ടു ശതമാനം പേരെ വിജയിക്കാരുള്ളൂ! നീ ഇവിടെ പഠിപ്പിക്കൂ എന്നായി സിംഹം. എട്ടും പൊട്ടും തിരിയാത്ത ചെക്കന്‍ അന്ന് മുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. “കുട്ടികളെ”, എല്ലാം എന്നേക്കാള്‍ പൊക്കവും തടിയും അതിനൊത്ത വിവരവും ഉള്ള ഘടാഘടിയന്മാര്‍, പഠിപ്പിച്ചു തുടങ്ങി.

രണ്ടു മൂന്ന് കൊല്ലം പഠിപ്പിച്ച് തകര്‍ത്തു. അതിനിടെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ചേക്കേറിക്കൊണ്ടിരുന്നു. കമ്പ്യൂട്ടര്‍ശാസ്ത്രത്തിന്‍റെ ക്ലച്ചും ഗിയറും എന്‍ജിന്‍ അടക്കം പുല്ലാണ് എന്ന രീതിയില്‍ ആയിരുന്നു. മെല്ലെ മെല്ലെ ആ ചത്ത സാധനത്തെ നമ്മള്‍ പറയുന്നത് ചെയ്യിക്കാന്‍ വേണ്ടി അവറ്റകളുടെ ഭാഷയില്‍ എഴുത്ത് തുടങ്ങി. സായിപ്പ് അതിനു “പ്രോഗ്രാമിംഗ്” എന്നാണ്ടോക്കെയാ പറയുന്നേ. കൂടെ പഠിച്ച സുഹൃത്തും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.

ഒരു ദിവസം ഞങ്ങള്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടു. ഈ സാധനത്തിന്‍റെ ഭാഷ എഴുത്തുകാരെ സിഗ്ഗപ്പൂരിലേക്ക് ഇമ്പോര്‍ട്ട് ചെയ്യുന്നു. ബാന്ഗ്ലൂരില്‍ പോയി അഭിമുഗ സംഭാഷണം നടത്തണം. എന്‍റെയും സുഹൃത്തിന്റെയും ഉള്ളില്‍ സിന്ഗപൂര്‍ മോഹം തല പൊക്കി. രണ്ടും കല്പിച്ച് ഞങ്ങള്‍ ബാന്ഗ്ലൂരിലേക്ക് വച്ച് പിടിച്ചു. അതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത മനുഷ്യകൊലങ്ങള്‍ ആയിരുന്നു അഭിമുഗ സംഭാഷണം നടത്തിയത്. അവന്മാര് ഇംഗ്ലീഷ് പറഞ്ഞപ്പോ സത്യമായിട്ടും ഒന്‍പതാം ക്ലാസ്സിലെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഇംഗ്ലീഷ് മാഷെ ഓര്‍മ്മ വന്നു. “നിങ്ങള്‍ എന്നെ ഓര്‍ക്കും” എന്ന് മാഷ് പറഞ്ഞത് ബാക്കിലെ ബെഞ്ചില്‍ ഇരുന്ന് ഒന്നും ആറും കളിച്ച ഞങ്ങള്‍ ഇടത്തെ ചെവിയില്‍ കൂടി കേട്ട് വലത്തേ ചെവിയില്‍ കൂടി വിട്ടത് ഓര്‍മ്മ വന്നു.

അഭിമുഗ സംഭാഷണം പുരോഗമിച്ചു, അവര്‍ പറഞ്ഞത് പകുതി എനിക്ക് മനസ്സിലായില്ല! ഞാന്‍ പറഞ്ഞത് അവര്‍ക്കും തീരെ മനസ്സിലായില്ല! മാഷുടെ വിഗ്ഗ് മുടിയും സോടാക്കുപ്പി കണ്ണടയും എന്നെ നോക്കി കൊഞ്ഞനം കാട്ടി. ഇങ്ങേരെന്താണ് പറയുന്നത് എന്ന് അന്ന് കളിയാക്കിയതിന്റെ ഫലം! അതിനിടയില്‍ അവര്‍ കണ്ടു പിടിച്ചു! ഞമ്മക്ക് ഡിഗ്രീ എന്ന കാണാപ്പു ഇല്ലാന്ന്. ഹ എന്തൊരു കൂത്ത്‌... ഞാന്‍ നന്നായിട്ട് കമ്പ്യൂട്ടര്‍ ഭാഷഎഴുതിതരാം... ആനയാക്കാം... കുതിരയാക്കാം... പലതും പറഞ്ഞു നോക്കി... അതൊന്നും പറ്റില്ലത്രേ!

പണ്ടാരം ഡിഗ്രീ എന്ന സാധനം എന്തിനാണാവോ? അല്ലെങ്കില്‍ തന്നെ സ്കൂളിലും പാരലല്‍ കോളേജിലുമായി പാനിപ്പത്ത് യുദ്ധവും, പല കാണാപ്പുമാരുടെയും ഭരണ പരിഷ്ക്കാരവും, സംസ്ക്കാരവും, ചരിതവുമൊക്കെ പഠിച്ചു തല പുന്നാക്കിയത് പോരാഞ്ഞ്! ഇന്ത്യന്‍ പതാകയിലെ അശോക ചക്രം മന്നിലാണോ, പൊന്നിലാണോ, ഇരുമ്പില്‍ ആണോ ഉണ്ടാക്കിയത്, അതോ താനെ പൊട്ടി മുളച്ചതാണോ എന്ന് ഇന്നും ഗവേഷണം പുരോഗമിക്കുമ്പോള്‍ ആണ് ഒരു ഡിഗ്രിയുടെ കുറവ്. ഡാര്‍വിന്‍ എന്നയാള്‍ പറഞ്ഞത് ഇന്ന് തെറ്റാണെന്നാ പറയുന്നേ! അന്ന് അയാളുടെ കുറിപ്പ് പഠിക്കാത്തതിന് ടീച്ചര്‍ എന്നെ കൊണ്ട് നൂറു പ്രാവശ്യം ഇരട്ട വര ബുക്കില്‍ എഴുതിച്ചത് കൊണ്ട് മഷിയും കടലാസും വെറുതെ നഷ്ടപെടുത്തി!

സുഹൃത്തിന്‍റെ കയ്യില്‍ ഈ പറഞ്ഞ ഇണ്ടാസ് ഉണ്ടായിരുന്നു. അവന്‍റെ കാര്യം ഒക്കെയാണ്. അവനും പറഞ്ഞു ഡിഗ്രിയുടെ കാര്യമാണ് ചോദിച്ചതെന്ന്. ആ കുന്ത്രാണ്ടം വേണമത്രേ അങ്ങോട്ട്‌ പോകാന്‍ അനുവാദം കിട്ടാന്‍.........., തിരിച്ചു വന്നപ്പോള്‍ ഡിഗ്രി എന്ന പണ്ടാരം ചെയ്യാന്‍ തീരുമാനിച്ചു. സമയമായപ്പോള്‍ നിര്‍മ്മായ കര്‍മ്മണാ ശ്രീയുടെ “ഡിസ്ടന്‍സ് എഡുക്കേഷന്‍” എന്ന തപാല്‍ വഴി പഠനത്തിന് ചേര്‍ന്നു. ഞായറാഴ്ചകളില്‍ ഒരു ഒറിജിനല്‍ കോളേജില്‍ ക്ലാസ്സുമുണ്ട്. ജോലിയും കഴിഞ്ഞു മിനിമം രാത്രി പതിനൊന്നിന് വീട്ടിലെത്തി ബാക്കി പഠിത്തമൊക്കെയായി അങ്ങനെ മുന്നോട്ടുപോയി...

അതിനിടെ സുഹൃത്ത്‌ സിന്ഗ്ഗപ്പൂരില്‍ പോയി സെറ്റില്‍ ചെയ്തിരിന്നു. പരൂക്ഷയുടെ സമയമായപ്പോള്‍ തിരക്കോട് തിരക്ക്. നൂറു കൂട്ടം കാര്യങ്ങള്‍. സാധനത്തെ മെരുക്കാനുള്ള പുതിയ ഭാഷ പഠിക്കണം, അതില്‍ പുതിയ സംഭവങ്ങള്‍ എഴുതണം... ഒന്നോ രണ്ടോ പരൂക്ഷയെ എഴുതാന്‍ പറ്റിയുള്ളൂ. ഗള്‍ഫില്‍ നിന്നും ഉപ്പ വിളിച്ചു. എനിക്ക് അവിടത്തേക്കു സന്ദര്‍ശന വിസ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു. കയറിക്കോള്ലാന്‍, ഉപ്പൂപ്പമാര് കണ്ടു പിടിച്ച ദുബായിലേക്ക്! സിങ്ങപ്പൂര്‍ സുഹൃത്തിനോട്‌ കുറച്ചു സിങ്ങപ്പൂര്‍ ഡോളര്‍ കടം വാങ്ങി ബിമന ടിക്കറ്റ്‌ എടുത്ത് ഞാന്‍ ദുബായിലേക്ക് പറന്നു.

അസ്സലാമു അലയ്ക്കും, വാ അലൈക്കും ഉസ്സലാം! ഗഫൂര്‍ ക ദോസ്ത്‌. ആദ്യത്തെ അഭിമുഗ സംഭാഷണം. ചോദ്യം. സാധനത്തിന്റെ ഭാഷ ഏതാ അറിയുന്നെ? ഒന്ന് എഴുതിക്കോ! ഞാന്‍ നല്ല പച്ച വെള്ളം പോലെ എഴുതി തകര്‍ത്തു കൊടുത്തു. മാഷാ അല്ലാഹ്! മാഷാ അല്ലാഹ്! ഡിഗ്രിയോ വേറെ ഇണ്ടാസ് ഒന്നും ചോദിച്ചില്ല. നാട്ടില്‍ പോയ്ക്കോ... ജോലി വിസ ഉടനെ അയച്ചു തരാം.ഒരു മാസം നാട്ടില്‍ ആര് മാസം പണി എടുത്താല്‍ കിട്ടുന്ന ശമ്പളം! വെറുതെ അല്ല ഉപ്പൂപ്പമാര് ഈ മരുഭൂമി കണ്ടു പിടിച്ചത്. ഞമ്മ പോലുള്ള ആള്‍ക്ക് ഇത് തന്നെ ശരണം. സന്തോഷമായി.... ഡിഗ്രീ എന്ന ശേയ്താനോട് പോയി തുലയാന്‍ പറഞ്ഞു... ഹല്ല പിന്നെ!!!

 -----------------------------------------------------------------------------------

ഈ പോസ്റ്റ്‌ കമ്പ്യൂട്ടര്‍ എന്ന വിസ്മയം പഠിപ്പിച്ച് തന്ന എന്‍റെ കമ്പ്യൂട്ടര്‍ കളരി ഗുരുക്കന്മാരായ ചന്ദ്രശേഖരന്‍ മാഷിനും ഷാജി സാറിനും, കൂടെ ഗള്‍ഫിലെ ഇമ്മിണി അറിവില്‍ നിന്നും എന്നെ കമ്പ്യൂട്ടര്‍ എന്ന ലോകത്തേക്ക് തിരിച്ചു വിട്ട ഉപ്പാക്കും.


സമീര്‍
അബുദാബി