Monday, February 10, 2014

ന്നാലും ന്‍റെ ബീരാനിക്കാ...

ബീരാനിക്ക, പ്രവാസ ലോകത്തേക്ക് വളരെക്കാലം മുന്‍പേ തന്നെ ചേക്കേറിയതാണ്. മറ്റു പ്രവാസികളെ പോലെ തന്നെ പൈസ ഉണ്ടാക്കാന്‍ തന്നെയാണ് ഇവിടെയെത്തിയത്. നല്ലവനാണ്, പക്ഷെ പൈസയാണ് ആളുകളെ ചീത്തയാക്കുന്നത്‌ എന്നാണ് ബീരാനിക്കാന്‍റെ വാദം. അത് കൊണ്ട് തന്നെ തന്‍റെ ഉള്ളിലെ ഫ്രോഡ് അവസരം കിട്ടുമ്പോള്‍ തല പൊക്കുന്നത് ബീരാനിക്കാന്‍റെയും കണ്ട്രോളില്‍ അല്ല. ആളെ പറ്റിക്കാന്‍ പടച്ചോനും അറിഞ്ഞു കൊണ്ട് ബീരാനിക്കാനെ അനുഗ്രഹിച്ചു കൊണ്ടിരുന്നു. “ഞമ്മള് പൈസ ണ്ടാക്കാനാണ് ഇങ്ങട് ബന്നെക്കണേ... അയ്നക്കൊണ്ട് ജ്ജ് ഒന്നും മിണ്ടണ്ട...” എന്നും പറഞ്ഞു കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ ബീരാനിക്കയും...

ഒരു വെള്ളിയായ്ച്ച രാവിലെ പതിവ് സുലൈമാനി നുണഞ്ഞിരിക്കുമ്പോള്‍ ബീരാനിക്കാനെ മൊബൈല്‍ കണ്ണിറുക്കി വിളിച്ചു. ഒരു സായിപ്പാണ്‌ കസ്റ്റമര്‍, ബീരാനിക്കാന്‍റെ “ഇലക്ട്രോണിക് സര്‍വീസ്” വേണം. നല്ല റാഹത്തായി വെള്ളിയാഴ്ച്ച ബിരിയാണിയും ചെറിയ മയക്കവും കഴിഞ്ഞ് ബീരാനിക്ക സായിപ്പിന്‍റെ ഫ്ലാറ്റില്‍ എത്തി. നാല്‍പ്പതിനോട് അടുത്ത് പ്രായമുള്ള സായിപ്പും അത്ര തന്നെ പ്രായമുള്ള മദാമ്മയും. ചെറിയ ഒരു ഇലക്ട്രോണിക് നന്നാക്കേണ്ട പണിയെ ഉള്ളൂ. ബീരാനിക്ക മൂഡ്‌ ഓഫ്‌ ആയി. പോയാലും പോയാലും അമ്പത് ഉലുവ!

ബീരാനിക്ക പെട്ടെന്ന് പണി തീര്‍ത്തു പോകാനുള്ള തിരക്കിലായിരുന്നു. സ്ക്രു ഡ്രൈവര്‍ ഇലക്ട്രോണിക് പണി തുടങ്ങിയ സമയത്ത് തന്നെ ബീരാനിക്കാന്‍റെ നാവ് പതിവ് പോലെ വാചാലമായി. തല ഒരു സൈഡ് ചെരിച്ചു മുയന്ത് രീതിയില്‍ നിഷ്കളങ്കമായ ചിരിയോടെ തനതു മംഗ്ലീഷില്‍ ബീരാനിക്ക നിര്‍ത്താതെ സംസാരിച്ചു. ആരും വീണു പോകും, ഇഷ്ടപ്പെട്ടു പോകും, പടച്ചോന്‍ അറിഞ്ഞോ അറിയാതെയോ കൊടുത്ത അനുഗ്രഹം! പത്തു മിനുട്ട് കൊണ്ട് സായിപ്പ് ബീരാനിക്കാന്‍റെ പോക്കറ്റില്‍.

എല്ലാം ശരിയാക്കി ബീരാനിക്ക പൈസയും വാങ്ങി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതാ വരുന്നു... സായിപ്പിന്‍റെ നാവില്‍ നിന്ന് ശേയ്താന്‍ ഇറങ്ങി ബീരാനിക്കാന്‍റെ വലത്തേ തോളില്‍ കയറി ഇരുന്നു. മദാമ്മയുടെ മുടിയുടെ രൂപത്തില്‍. ബീരാനിക്കാന്‍റെ ലോക വിവരത്തെ കുറിച്ച് ഇമ്പ്രസ്സ് ആയ സായിപ്പ് മദാമ്മയെ അലട്ടുന്ന പ്രശ്നം പങ്കുവച്ചു. മദാമ്മയുടെ മുടി വല്ലാതെ കൊഴിയുന്നു. കുറെ മുടി പോയി. മദാമ്മയ്ക്ക് വിഷാദം. സായിപ്പിന്‍റെ മുടി ഇപ്പോഴും ചക ചക. ബീരാനിക്കാന്‍റെ തലച്ചോറിലെ ഫ്രോഡ് എല്ലാ സെല്ലുകളും കത്തിച്ചു ബീരാനിക്കാനെ കൊണ്ട് തല ചൊറിയിച്ചു.

“യു വേര്‍ ടാല്കിംഗ് എബൌട്ട്‌ ആയുര്‍വേദ ആന്‍ഡ്‌ ഓള്‍....” സായിപ്പ് ബീരാനിക്കാന്‍റെ പച്ചമരുന്ന് പരിഞാനത്തില്‍ വല്ല സോലുഷനും ഉണ്ടോന്ന് ആരാഞ്ഞു. വലത്തെ തോളിരുന്ന്‍ ശെയ്താന്‍ പറഞ്ഞു “ഉണ്ട് ബീരാനേ ഉണ്ട്... അങ്ങ് കൊടുക്ക്‌...”. ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെക്കള്‍ വേഗത്തില്‍ മസ്തിഷ്ക്കത്തില്‍ കണക്കുകൂട്ടി ബീരാനിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “ദിസ്‌ നോട്ട് പ്രോബ്ലം... എന്‍റെ കയ്യില്‍ പറ്റിയ മരുന്നുണ്ട്, നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണ്‌... എത്തിക്കാം”. മദാമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ പൂത്തിരി വിരിഞ്ഞു.

സായിപ്പിനെയും മദാമ്മയേയും നിരാശപ്പെടുത്താതെ ബീരാനിക്ക രാത്രിക്ക് രാത്രി തന്നെ മദാമ്മയുടെ തലമുടി പരിപോഷിപ്പിക്കാനുള്ള എണ്ണ അഥവാ ഹെയര്‍ ഓയില്‍ എത്തിച്ചു കൊടുത്തു. സായിപ്പ് പൈസ എടുത്തു... പക്ഷെ ബീരാനിക്ക വാങ്ങാന്‍ തയ്യാറായില്ല. നിങ്ങള്‍ ഉപയോഗിച്ച് നോക്ക്, എന്നിട്ട് മതി. കൂടാതെ “ഹൌ ടു യൂസ് ദിസ്‌” ക്ലാസ്സ്‌ ഫ്രീ. തലമുടിയില്‍ അല്ല തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് തല കഴുകുക. പോകാന്‍ എഴുന്നേറ്റ ബീരാനിക്കാന്‍റെ കീശയില്‍ സായിപ്പ് ഒരു അമ്പത് ഡോളര്‍ തിരുകിവച്ചു. സന്തോഷത്തോടെ ബീരാനിക്ക തിരിച്ചു പോന്നു. അതോടൊപ്പം തന്നെ അങ്ങനെ ഒരു കാര്യം നടന്നതും മറന്നു.

ആഴ്ച്ചകള്‍ കഴിഞ്ഞ്. ബീരനിക്കാന്‍റെ മൊബൈല്‍ കണ്ണിറുക്കി, മൊബൈലില്‍ നോക്കിയ ബീരാനിക്ക സായിപ്പിന്‍റെ നമ്പര്‍ തന്നെ നോക്കി പല്ലിളിക്കുന്നത് കണ്ടു. “തലമുടി ബന്നാലും ബന്നില്ലേലും ഞമ്മള കയ്യില് മരുന്നുണ്ട് മോനെ” എന്ന് പറഞ്ഞു ബീരാനിക്ക നീട്ടിയ ഒരു ഹലോ പറഞ്ഞു. “ഹലോ, താങ്ക്യു സോ മച്ച്...” സന്തോഷം തുളുമ്പുന്ന സ്വരത്തില്‍ സായിപ്പ് പറഞ്ഞു. മദാമ്മയുടെ തലമുടി നല്ല വിത്യാസം ഉണ്ട്. “യുവര്‍ സൊലൂഷന്‍” വളരെ ഫലപ്രദമാണ്. സാധനം ഇനിയും വേണം. ശേയ്താന്‍ രണ്ടെണ്ണം ഫോണില്‍ നിന്നിറങ്ങി ബീരാനിക്കാന്‍റെ ഇടതും വലതും കയറിയിരുന്നു. ബീരാനിക്കാനിലെ ഫ്രോഡ് തലപൊക്കി നിന്നു. “അതിപ്പോ കിട്ടാനില്ല സര്‍, ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ നിന്നു വരുത്തിയതാ... ബുദ്ധിമുട്ടാണ്...”. നിരാശനായ സായിപ്പു തലങ്ങനെയും വലങ്ങനെയും താണ് കേണപേക്ഷിച്ചു.

“ഒരു വഴിയുണ്ട്... കുറച്ചു ചിലവു വരും” ഏതോ ഒരു മഹാകാര്യം അല്ലെങ്കില്‍ താന്‍ വലിയ ഒരു ഉപകാരമാണ് ചെയ്യാന്‍ പോകുന്നത് എന്നാ രീതിയില്‍ ബീരാനിക്ക തുടര്‍ന്നു. “നാട്ടില്‍ നിന്നു എന്‍റെ കസിന്‍ വരുന്നുണ്ട്... അവനോടു കൊണ്ട് വരാന്‍ പറയാം... കുറച്ച് റിസ്കാണ്... എയര്‍പോര്‍ട്ടില്‍ ഒക്കെ വലിയ പ്രശ്നമാ... എത്ര വേണം?”. ബീരാനിക്കാന്‍റെ സന്മനസ്സില്‍ സായിപ്പ് കരഞ്ഞുപോയി. “ഒരു അഞ്ചു ബോട്ടില്‍ തല്‍ക്കാലം എത്തിച്ചു തരണം, വൈഫ്‌ അവളുടെ കസിനും വേണമെന്ന് പറഞ്ഞു...” ബീരാനിക്ക മേല്‍പ്പോട്ടു നോക്കി പടച്ചോനോട് ഒരു നന്ദി പറഞ്ഞുകൊണ്ട് കാച്ചി... “ഒരു ബോട്ടില്‍ കൊണ്ട് വരാന്‍ ഏകദേശം മുന്നൂര് ഡോളര്‍ ചിലവാകും... ഓക്കേ ആണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ എത്തിച്ചു തരാം”... സായിപ്പ് ഓകെ.

ബീരാനിക്ക നാട്ടില്‍ നിന്നും വരുന്ന അനുജനോട് അഞ്ചു ബോട്ടില്‍ സാധനം എത്തിക്കാന്‍ പറഞ്ഞു. ഇവിടെ ഡബിള്‍ പൈസയാകും! അവിടെയും ബുദ്ധി! എത്തിച്ച സാധനം കയ്യോടെ വാങ്ങി ബീരാനിക്ക തന്‍റെ സ്വന്തം ബോട്ടിലില്‍ പായ്ക്ക് ചെയ്തു. അഞ്ചു കുപ്പിയുള്ളത് ആറു കുപ്പിയാക്കി. സാധനം സായിപ്പിന് എത്തിച്ചു കൊടുത്തു. അഞ്ചു ബോട്ടിലും, ഒന്ന് ഫ്രീയും! ആയിരത്തി അഞ്ഞൂറ് ഡോളറും പോക്കറ്റിലിട്ടു ബീരാനിക്ക നേരെ ട്രാവല്‍ ഏജന്‍സിയില്‍ പോയി  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. നാട്ടിലേക്കു പോകാനുള്ള എല്ലാ ആക്രി സാധനങ്ങളും വാങ്ങി. മേലോട്ട് നോക്കി നീണ്ട നെടുവീര്‍പിട്ടു പറഞ്ഞു... “ന്നാലും എന്‍റെ പടച്ചോനെ! ഞാനൊന്നു നാട്ടില്‍ പോകണം എന്ന് ബിജാരിച്ചപ്പെക്കും നീ ഞമ്മക്ക് ബയി കാണിച്ചാന്നല്ല, ശുക്ര്‍...”

ന്നാലും ന്‍റെ ബീരാനിക്കാ... താങ്ങുന്നതിനു ഒരു കണക്കില്ലേന്ന്!!! അതിനും മറുപടിയുണ്ട് “ഞമ്മള് ഇബ്ട രാവും പകലും പണിടത് കിട്ടനത് ആയിരത്തി അഞ്ഞൂറും രണ്ടായിരവും... ഓന്‍റെ തൊലി ബെലുത്തായത് (വൈറ്റ്) കൊണ്ട് ഓന് മുപ്പതായിരോം അമ്പതായിരോം കിട്ടണ്... അങ്ങനെ ഉള്ളോന്‍റെട്തുന്നു ഞമ്മക്ക് കിട്ടാന്‍ ഓരോ ബയി... അത്രള്ളൂ....” ദാറ്റ്‌’സ് ബീരാനിക്ക!


സമീർ | Sameer