ആമുഖം

എഴുതുമെന്നു ഒരിക്കലും കരുതിയതല്ല. ഇപ്പോള്‍ എഴുതുന്നതും ശരിയായ രീതിയിലാകണമെന്നില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ എന്നുമെന്നും പച്ചയായിരിക്കുന്ന, ഓര്‍ത്തോര്‍ത്തിരിക്കാന്‍ സുഖമുള്ള ചില ഓര്‍മ്മകള്‍ ഒരു ഉറ്റ സുഹൃത്തിനോടൊത്ത് അയവിറക്കുംപോലെ കുത്തിക്കുറിക്കുകയാണ്.

ബ്ലോഗ്‌ എന്നത് ഒരുപാടു കാലമായി കേള്‍ക്കുന്നു. ടെക്നിക്കല്‍ ബ്ലോഗുകള്‍ മാത്രമേ ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ. എന്‍റെ ഒരു സുഹൃത്തിന്‍റെ മലയാളം ബ്ലോഗ്‌ വായിച്ചപ്പോള്‍ ഒന്ന് എഴുതി നോക്കാം എന്ന് തോന്നി. അങ്ങനെ ഞാനും “എന്റെ ജാലകം” എന്ന ഈ ബ്ലോഗ്‌ തുടങ്ങി. തുടങ്ങിയപ്പോയാണ് മലയാളത്തില്‍ ഇത്രയേറെ ബ്ലോഗുകള്‍ ഉള്ള കാര്യം ശ്രദ്ധയില്‍ പെടുന്നത്. ഒരുപാടു നല്ല ബ്ലോഗന്മാരെയും അവരുടെ സൃഷ്ടികളും ഈ ബ്ലോഗുകള്‍ വഴി അറിയാനും പരിചയപ്പെടാനും സാധിച്ചു.

ഈ എഴുത്ത് എത്രത്തോളം പോകും എന്നറിയില്ല. ഓര്‍മകളുടെ ഉറവ വറ്റുന്നത് വരെ എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായി. കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ മലയാള ഭാഷ അന്യം നിന്ന് പോകുകയാണോ എന്നു പോലും തോന്നിപ്പോയി. ബ്ലോഗെഴുതാന്‍ തുടങ്ങിയതിനു ശേഷം എന്‍റെ മലയാളി സഹപ്രവര്‍ത്തകരോട് അതെ പറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. അഭിപ്രായം അറിയുവാന്‍ വേണ്ടി "ബ്ലോഗ്‌ വായിച്ചോ" എന്ന് ചോദിച്ചപ്പോഴാണ് അതില്‍ മൂന്ന് പേര്‍ക്ക് മലയാളം വായിക്കാനെ അറിയില്ലെന്ന് മനസ്സിലായത്. തെറ്റുകൂടാതെ സംസാരിക്കും. മൂന്ന് പേരും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിനു പുറത്താണ്. ഇങ്ങിനെയുള്ള അനേകായിരം പേര്‍ ഉണ്ടായിരിക്കാം. എന്‍റെ പ്രവാസജീവിതത്തില്‍ നമ്മുടെ ഭാഷ വായിക്കാനറിയാത്ത ഒട്ടേറെ മലയാളികളെ കണ്ടിട്ടുണ്ട്.

കുട്ടികളെ ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കണം എന്നാണ് എന്റയും അഭിപ്രായം. കാരണം കേരളമെന്ന വട്ടം വിട്ടു മറുനാടില്‍ ഭാഗ്യം തേടിപ്പോയി ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടിയവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പെടും. സാങ്കേതിക പരിജ്ഞാനം ഉണ്ടായിട്ടും ആശയ വിനിമയത്തില്‍, പ്രത്യേകിച്ചു ഇംഗ്ലീഷ് ഉപയോഗിച്ചുള്ള ആശയ വിനിമയത്തില്‍ പിന്നോട്ടയതിനാല്‍ അവസരങ്ങള്‍ നഷ്ടപെട്ട ഒരുപാടു പേരെ അറിയാം. അതുകൊണ്ട് ഇംഗ്ലീഷ് എന്തായാലും വേണം. അക്കൂട്ടത്തില്‍ നമ്മുടെ മാതൃഭാഷ കൂടി ഭംഗിയായി കൈകാര്യം ചെയ്യാന്‍ നമ്മുടെ മക്കളെ പഠിപ്പിക്കണമെന്ന് വിനീതമായ ഒരു അഭ്യര്‍ത്ഥന മാത്രമേ ഈയുള്ളവനുള്ളൂ.

സായിപ്പിന്‍റെ നാട്ടിലുള്ള ഒരു മലയാളി സുഹൃത്ത്‌ ഇങ്ങിനെ എഴുതി, "ബ്ലോഗുകള്‍ വായിക്കാറുണ്ട്. അതോടൊപ്പം തന്നെ രണ്ടു കുട്ടികള്‍ക്കും വായിച്ചു കൊടുക്കുകയും വിവരിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്" കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. മഹാന്മാരായ കവികളുടെയും സാഹിത്യകാരന്മാരുടേയും കൂടെ മലയാള ബ്ലോഗെഴുത്തുകാരും ചേര്‍ന്ന് നമ്മുടെ മാതൃഭാഷയെ പരിപോഷിപ്പിക്കും എന്ന വിശ്വാസത്തോടെ....

സമീര്‍